ചാപ്പ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഏതെങ്കിലും ഒരു “ഗോത്ര”ത്തോട് ചേർന്നു നിന്നുകൊണ്ട് മാത്രമേ വ്യക്തികൾക്ക് അസ്തിത്വവും നിലനിൽപ്പും ഉള്ളൂ എന്ന ഒരു മിഥ്യ ധാരണ നമ്മുടെ പൊതുബോധമായി നില കൊള്ളുന്നുണ്ട്.

അതിനാൽ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ നയങ്ങളോടൊ നിലപാടുകളോടൊ ആശയങ്ങളോടൊ നേരിയ ഒരു വിയോജിപ്പ് പ്രകടിപ്പിച്ചാൽ പ്രതിരോധമായി ആദ്യം പ്രത്യക്ഷപ്പെടുക ഒരു ചാപ്പയായിരിക്കും. വിമർശിക്കപ്പെടുന്ന ഗോത്രത്തിന്റെ ശത്രുപക്ഷത്തെ ഗോത്രവുമായി ബന്ധിപ്പിക്കുന്ന ചാപ്പ. ഇത് ഗോത്ര കാല പാരമ്പര്യ ശീലങ്ങളില് ഒന്നാണ്. കുലം കുത്തി, വർഗ്ഗ ശത്രു , സ്വഗോത്രവിരോധി .. എന്നിങ്ങനെ തുടങ്ങി ആധുനിക കാലത്തെ സംഘി , കമ്മി ,കൊങ്ങി, സുഡാപ്പീ , സ്വത്വവാദി, എന്ന നിലയില് ചാപ്പകുത്ത് പ്രതിരോധ രീതി ഇന്നും സാർവ്വത്രികം.

എന്റെ മതവിരുദ്ധ ജീവിതത്തിൽ ഓർത്ത് ചിരിക്കാവുന്ന നിരവധി ചാപ്പകുത്തുകള്ക്ക് ഇര യാകേണ്ടി വന്നിട്ടുണ്ട്. കടുത്ത എതിരാളികളിൽനിന്നു മാത്രമല്ല അടുത്ത കൂട്ടാളികളിൽനിന്നു വരെ വിചിത്രമായ ചാപ്പ അനുഭവങ്ങള് ഉണ്ട് ഓർക്കാൻ . ഓർമ്മയില് വരുന്ന ആദ്യത്തെ ചാപ്പ “ഖുർ ആനിൽ മൂത്രമൊഴിച്ച കടുത്ത മുസ്ലിം വിരോധി” എന്നതായിരുന്നു. 80 കളിലെ ശരീയത് വിവാദകാലത്ത് ഞാൻ മാതൃഭൂമിയിലും ദേശാഭിമാനീയിലും മറ്റും ശരീ അത്തിനെതിരെ ലേഖനങ്ങള് എഴുതിയിരുന്നു. അതിനോടുള്ള ഓ അബ്ദുറഹിമന്റെ ഒരു പ്രബോധനം പ്രതികരണത്തിലാണ് എന്നെ ഇപ്രകാരം പരിചയപ്പെടുത്തിയത്. അതായത് ഞാന് കടുത്ത മുസ്ലിം വിരോധിയായ ഒരാളാണ് അതിനാല് ഞാന് പറയുന്നതൊന്നും ആധികാരികമായി എടുക്കേണ്ടതില്ല എന്നു .
മുസ്ലിം വിരോധി എന്ന ചാപ്പ ദീർഘകാലാടിസ്ഥാനത്തില് തന്നെ എന്റെ നെറ്റിയില് സ്ഥാനം പിടിച്ചത് സ്വാഭാവികം. ഇസ്ലാമിനെയും കുർ ആനെയും പ്രവാചകനെയുമൊക്കെ നിരന്തരമായി വിമർശിക്കുകയും ഇന്ത്യന് രാഷ്ട്രീയത്തില് സംഘി ഒരു പ്രബല യാഥാർഥ്യമാവുകയും ചെയ്ത സന്ദർഭത്തില് മുസ്ലിം വിരോധത്തോടൊപ്പം സംഘി ചാപ്പയും ചേര്ന്നു.

സംഘികളുടെ ഒരു മാധ്യമത്തിലും അബദ്ധത്തില് പോലും തല കാണിക്കാതിരിക്കാന് ഏറെ ബദ്ധശ്രദ്ധ കാണിച്ചു വന്ന എനിക്ക്- സംഘി കളിൽനിന്നുള്ള പല പ്രലോഭനങ്ങളെയും നിർദാക്ഷിണ്യം തള്ളിക്കളഞ്ഞ എനിക്ക്- “സംഘികളുടെ എച്ചില് നക്കി” എന്ന ചാപ്പയും കിട്ടി. ഈയടുത്ത് ബൈബിളിനെ ചെറുതായി വിമർശിച്ചു. ഉടന് വന്നു സുഡാപ്പി ചാപ്പ. ഒരു സുവിശേഷക്കാരി ജിഹാദി എന്നു പോലും വിളിച്ചു.

കേരള യുക്തിവാദി സംഘം എന്ന എന്റെ മാതൃ സംഘടനയിൽ കമ്യൂണിസ്റ്റ് പുറം തൊഴുത്തില് നിന്ന് പ്രസ്തുത സംഘടനയെ മോചിപ്പിക്കണമെന്നും കമ്യൂണിസ്റ്റുകാരല്ലാത്ത സ്വതന്ത്ര ചിന്തകരെയും ശാസ്ത്രപ്രചാരകരെയും സംഘടനയുടെ വേദികളിൽ പങ്കെടുപ്പിക്കണമെന്നും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കതീതമായി യുക്തിവാദവും സ്വതന്ത്ര ചിന്തയും സ്വതന്ത്രമായി നിലനിൽ ക്കണമെന്നും നിലപാടു പറഞ്ഞതിന്റെ പേരിൽ ആ സംഘടന വിട്ടു പുറത്തു വരേണ്ടി വന്നു. സംസ്ഥാന തലത്തില് സാധ്യമാകാതെ വന്ന കാര്യങ്ങള് മേല് പറഞ്ഞ നിലപാടനുസരിച്ച് എന്റെ ജില്ലയില് സ്വതന്ത്രമായി നടപ്പിലാക്കാന് ശ്രമിച്ചപ്പോള് ഞാനും ജില്ലാ കമ്മിറ്റിയും മൊത്തം സംഘടനയില് നിന്നും പുറത്താക്കപ്പെട്ടു. 2012 ലെ സ്വതന്ത്രലോകം ദേശീയ സെമിനാറിന്റെ പശ്ചാത്തലം അതാണ്. കമ്യൂണിസ്റ്റുകാരല്ലാത്ത വിശ്വനാഥൻ ഡോക്ടറേയും ബാബു ഗോഗീനേനിയെയും രവിചന്ദ്രനെയുമൊക്കെ പങ്കെടുപ്പിച്ച് വലിയ സെമിനാർ നടത്തുന്നതിന് സംഘടന എതിരായിരുന്നു. അതായത് യുക്തിവാദി പ്രസഥനത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പുറം തൊഴുത്തില് നിന്നും മോചിപ്പിക്കാന് ശ്രമിച്ചതിന്റെ പേരില് സംഘടനയില് നിന്നു പുറത്താക്കപ്പട്ട ആളാണിപ്പോള് സംഘി ഗവർണർക്കെതിരെ ഒരു പരാമർശം നടത്തിയതിന്റെ പേരില് “കമ്മി”യായും “പിണുവിന്റെ ചന്തിനക്കി” യായും ഒക്കെ ചാപ്പ കുത്തപ്പെടുന്നത് എന്നർഥം !

കമമുണിസ്റ്റുകാരില് നിന്നും “വർഗ്ഗശത്രു” കടുത്ത കമ്യൂണിസ്റ്റ് വിരോധി തുടങ്ങിയ ചാപ്പകള് പല സന്ദർഭത്തില് സന്തോഷപൂർവ്വം ഏറ്റു വാങ്ങിയ അനുഭവവുമുണ്ട്.
യുക്തിവാദി സംഘടനയുമായി അഭിപ്രായവ്യത്യാസം ഉണ്ടായ വേളയില് അതിന്റെ ചില നേതാക്കളില് നിന്നുപോലും മുസ്ലിം വിരോധി എന്നും മുസ്ലിം വർഗീയ വാദി എന്നും പരസ്പരവിരുദ്ധമായ ചാപ്പകളും കിട്ടീട്ടുണ്ട് . ഇതൊക്കെ വിചിത്രമായ അനുഭവങ്ങളാണ്.

2012 ലെ സ്വതന്തറ ലോകം സെമിനാറിലെ മുഖ്യ പ്രഭാഷകൻ 2013 ലെ അതേ സെമിനാറില് അവതരിപ്പിച്ച വിഷയം അല്പം സ്ത്രീവിരുദ്ധത കല ർന്ന തായിപ്പോയി എന്ന ഒരു വിമര്ശനം വന്ന വേളയിൽ അതി വിചിത്രമായ മറ്റൊരു ചാപ്പ കൂടെ ഏറ്റു വാങ്ങേണ്ടി വന്നു. “പെരുന്തച്ചൻ ” ! . ഈ ചാപ്പ മാത്രമാണ് മനസ്സില് അല്പം വേദനയുണ്ടാക്കിയത്. മറ്റെല്ലാം കോമഡികളായി ആസ്വദിക്കുക മാത്രമേ ചെയ്തുള്ളൂ. ആശയപരമായ നേരിയ വിയോജിപ്പുകളെ പോലും ഗോത്രവി രോധ ത്തിന്റെ ചാപ്പയോടെ മാത്രമേ പ്രതിരോധിക്കപ്പട്ടുള്ളൂ എന്നതൊക്കെ അനുഭവങ്ങളിലെ കോമഡികളാണ്. അതും സ്വതന്ത്ര ചിന്തകര് എന്ന ബാനറും പിടിച്ചു നടക്കുന്ന സുഹൃത്തുക്കളില് നിന്നു പോലും .
എന്നാല് എന്റെ സ്വതന്ത്ര ചിന്ത ഇങ്ങനെയല്ല എന്നു ഉറക്കെ പറയാനാണ് ഞാന് ഈ കുറിപ്പിടുന്നത്. എനിക്ക് തല്ക്കാലം ഒരു ഗോത്രത്തിന്റെയും തണലില് നിൽക്കാന് താല്പര്യമില്ല. ആത്മബോധവും പൌരബോധവും ഉള്ള ഒരു സ്വതന്ത്ര വ്യക്തി മാത്രമായിരിക്കാനാണ് താല്പര്യം. എനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങള് ആര് ചെയ്തതായാലും ശരിയെന്ന് പറയും. ശരിയല്ലാത്ത കാര്യം ആരായാലും അത് ശരിയല്ല എന്നും പറയും. . സ്വത്വ വൃത്തത്തിനുള്ളില് മാത്രമേ സാമൂഹ്യ അസ്ഥിത്വം സാധ്യമാകൂ എന്ന പൊതുബോധം മാറ്റപ്പെടേണ്ടതാണ്; മഹാ ഭൂരിപക്ഷത്തിനും അത് അസാധ്യമാണെങ്കിലും. സ്വതന്ത്ര ചിന്ത എന്നാൽ ഇത്തരം പൊതു ബോധങ്ങളെ മറി കടക്കാനുള്ള പരിശ്രമം തന്നെയാകണം.

ഇ. എ. ജബാർ

സ്വതന്ത്രചിന്തകൻ, പ്രഭഷകൻ

 2,427 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo