ഗോശാലകള്‍ പോലെ നായ് ശാലകള്‍ ഉണ്ടാക്കുക. തെരുവുനായ്ക്കളെ ഒന്നുപോലും വിടാതെ പിടികൂടി വന്ധ്യം കരിച്ച് അവിടെ സംരക്ഷിക്കുക.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

1,47,000 പേര്‍ക്ക് (ഒരു ലക്ഷത്തി നാല്‍പത്തി ഏഴായിരം) ആണ് ഈ വര്‍ഷം തെരുവുനായ്ക്കളുടെ കടി ഏറ്റത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 8 ലക്ഷം പേര്‍ക്കും.

കേരളത്തില്‍ ആകെ 2.5 ലക്ഷം തെരുവു നായ്ക്കള്‍ ഉണ്ട്.

ഈ വര്‍ഷം പേയിളകി മരിച്ചത് ഇരുപത് പേര്‍. അതില്‍ 15 പേര്‍ വാക്സിന്‍ എടുത്തില്ല എന്നതാണ് പ്രബുദ്ധകേരളത്തില്‍ പേയിളകിയ നായയുടെ കടിയേക്കാളും അപകടകരമായി തോന്നുന്നത്.

പേപ്പട്ടി കടിച്ചാല്‍ വാക്സിനെടുക്കരുത് എന്നാണല്ലോ കേരളത്തിന്‍റെ സ്വന്തം പ്രകൃതി ചികിത്സകന്‍റെ പ്രബോധനം. വൈറസ് ഒരു മിഥ്യയാണെന്നും.

Prevention of Cruelties to Animals Act അനുസരിച്ച് നായ്ക്കളെ കൊല്ലുന്നത് പോയിട്ട് കടിക്കാന്‍ വരുന്നവയെ അടിച്ചോടിക്കുന്നത് പോലും കുറ്റകരമാണെന്നാണ് മനസ്സിലായത്. ഓടി രക്ഷപ്പെടുക. അല്ലെങ്കില്‍ നിന്ന് കടികൊള്ളുക. അത്രതന്നെ. അവയെ വന്ധ്യം കരിക്കാന്‍ മാത്രമാണ് നിയമമുള്ളത്.

ലോകത്താകെ ഒരു വര്‍ഷം 8000 കോടിയോളം വളര്‍ത്തു ജീവികളെ ഭക്ഷണത്തിനായി കശാപ്പു ചെയ്യുന്നുണ്ടെന്നാണ് Our World In Data യുടെ കണക്ക്. കടലില്‍ നിന്ന് വേട്ടയാടുന്ന 30 കോടി ടണ്‍ ഇതിനു പുറമേ ആണ്.

മിസോറം, നാഗലാന്റ്, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ നായ്ക്കളുടെ ഇറച്ചി മനുഷ്യര്‍ ഭക്ഷിക്കുന്നുണ്ട്.

ലോകത്തില്‍ ദക്ഷിണ കൊറിയ, ചൈന, സ്വറ്റ്‌സർലന്റ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലും മനുഷ്യര്‍ നായയുടെ മാംസം കഴിക്കുന്നുണ്ടെന്നും ഗൂഗിള്‍.

“രുചി” എന്നത് ഒരു ശീലമാണ്. അത് ഓരോ ആളിലും ഏറിയും കുറഞ്ഞും വ്യത്യസ്തമായിരിക്കും. രുചിയും ആഗോളീകരിക്കപ്പെടുന്നുണ്ട്.

കങ്കാരു ആസ്ട്രേലിയയുടെ ദേശീയ മൃഗമാണ്. ശക്തമായ സംരക്ഷണ നിയമങ്ങള്‍ മൂലം അവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പരിസ്ഥിതിക്കും മറ്റു ജീവികള്‍ക്കും മനുഷ്യനും ഒക്കെ ഭീഷണിയായി. ഇപ്പോള്‍ അവര്‍ കള്ളിംഗ് നടത്തുകയാണ്. വര്‍ഷം 30 ലക്ഷം വീതം.

ഈ മാംസം വിപണനം ചെയ്യുകയാണ്. 50 ശതമാനത്തോളം കയറ്റു മതി ചെയ്യുന്നു. വാര്‍ഷീക വരുമാനം 28 കോടി ഡോളര്‍.
കങ്കണോമിക്സ് (Kanganomics) എന്നാണ് ഇത് അറിയപ്പെടുന്നത്.

കങ്കാരുവിനെ കൊല്ലുന്നത് വളരെ ക്രൂരമായ ഒരേര്‍പ്പാടാണ്. അമ്മ മരണപെട്ടുകഴിഞ്ഞാല്‍ പൌച്ചിനുള്ളില്‍ കുഞ്ഞ് ഉണ്ടെങ്കില്‍ അതിന് അതിജീവിക്കാനാവില്ല. അതിനെയും കൊന്നുകളയണം.

ഇന്ത്യയുടെ രണ്ടര ഇരട്ടിയോളം വിസ്തൃതിയുണ്ട് ആസ്ട്രേലിയക്ക്. ജനസംഖ്യ കേരളത്തിനേക്കാളും കുറവ്. 2.6 കോടി. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 3.3 മനുഷ്യര്‍. കേരളത്തില്‍ 900.

ലോകത്തില്‍ പലയിടത്തും മനുഷ്യന് അപകടമാവുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങളെ കള്ളിംഗ് നടത്താറുണ്ട്.

1972 ലെ വന്യമൃഗസംരക്ഷണ നിയമത്തില്‍ സെക്ഷന്‍ 11 പ്രകാരം മനുഷ്യന് അപകടകരമായ ജീവികളെ വേട്ടയാടാന്‍ അനുവദിച്ചിട്ടുണ്ട്.

ആഫ്രിക്കയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന റൈനോസിനെ പോലും വേട്ടയാടാന്‍ അനുവദിക്കാറുണ്ട്. പ്രായമായവയെയും ‘കൂട്ടത്തിന്’ അപകടകാരികളായവയേയും ആണ് വേട്ടയാടുന്നത്. വലിയ തുകക്കാണ് വേട്ടക്കുള്ള അവകാശം ലേലം കൊള്ളുന്നത്. ആ തുക റൈനോകളുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്നു. 2018 ഓടെ ബ്ലാക്ക് റിനോകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്.

ശക്തമായ സംരക്ഷണ നിയമങ്ങളുണ്ടായിട്ടും വംശനാശത്തിനോടടുക്കുന്ന സ്പീഷിസുകളില്‍ ഒന്നാണ് നമ്മുടെ ഈട്ടി മരം. ഒരിടത്ത് വേട്ടയാടി സംരക്ഷിക്കുന്നു. ഇനിയൊരിടത്ത് സംരക്ഷിച്ച് നശിപ്പിക്കുന്നു. സാധാരണ മനുഷ്യര്‍ അത് വളര്‍ത്തുന്നത് കഴിയാവുന്ന വിധത്തിലെല്ലാം ഭരണകൂടം നിരുത്സാഹപ്പെടുത്തുന്നു.

പശുക്കളെ മലവെള്ളത്തിലേക്കു തള്ളി വിടുന്നു എന്നു പറഞ്ഞതുപോലെയാണ്. ഈട്ടി പറമ്പിലെവിടെയെങ്കിലും മുളച്ചാല്‍ കര്‍ഷകര്‍ അത് പറിച്ചു കളയും എന്ന് നിയമം ഉറപ്പു വരുത്തുന്നു.

കേരളത്തില്‍ പന്നികളെ വെടിവെച്ചു കൊല്ലാന്‍ അനുവാദമുണ്ടെന്നറിയുന്നു. തോക്ക് സ്വന്തമായുള്ള ഒരാളെ പോലും എനിക്കറിയില്ല. വാര്‍ത്തകളിലല്ലാതെ കേട്ടിട്ടു പോലും ഇല്ല. കൊന്നുകഴിഞ്ഞാല്‍ ജഡം വിഐപികളുടെ സാന്നിദ്ധ്യത്തില്‍ ആചാരപൂര്‍വ്വം അടക്കം ചെയ്യണം.

മെരുങ്ങിയ ചെന്നായ ആണ് നായ. അതിങ്ങനെ പറ്റം ചേര്‍ന്ന് സ്വതന്ത്രമായി ഏറെക്കാലം അലഞ്ഞുതിരിഞ്ഞാല്‍ വന്യമൃഗ ആക്രമണങ്ങളുടെ രുചി നമ്മുടെ പട്ടണങ്ങളും അറിയാനിടയുണ്ട്.

പേയ് പിടിച്ചുള്ള മരണം എത്ര കഷ്ടമാണ്. കുഞ്ഞുങ്ങളെ ഓര്‍ക്കുമ്പോഴാണ് ഏറെ ഭയം. മുഖത്തും കൈകളിലും ഒക്കെ കടിയേല്‍ക്കാനുള്ള സാധ്യത അവര്‍ക്കാണല്ലോ കൂടുതല്‍. അവിടെ വാക്സിന്‍ ഫലിച്ചുകൊള്ളണമെന്നില്ല. മരണം കാത്തിരിക്കുക മാത്രമാണ് വിധി.

വെയ്സ്റ്റ് വലിച്ചെറിയരുതെന്ന് നായപ്രേമികളും പറയും. അപ്പോള്‍ പിന്നെ തെരുവു നായ്ക്കള്‍ എന്തു തിന്നും.? അവ പട്ടിണികിടന്ന് ചാവില്ലേ. അത് കൊല്ലുന്നതിനേക്കാള്‍ കഷ്ടമല്ലേ?

ഗോശാലകള്‍ പോലെ നായ് ശാലകള്‍ ഉണ്ടാക്കുക. തെരുവുനായ്ക്കളെ ഒന്നുപോലും വിടാതെ പിടികൂടി വന്ധ്യം കരിച്ച് അവിടെ സംരക്ഷിക്കുക.

നായ വളര്‍ത്തുന്നവര്‍ കര്‍ശനമായി അവയെ സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തുക. കോംപൌണ്ട് വാള്‍, കൂട്. വാക്സിനേഷന്‍, ആരോഗ്യസംരക്ഷണം ഇവയെല്ലാം കര്‍ശനമാക്കുക. നായയെ വളര്‍ത്തുന്നവര്‍ ആയുസ്സെത്തി കിടപ്പിലായ നായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും കേട്ടിട്ടുണ്ട്. ഇതിനൊന്നും പറ്റില്ലെങ്കില്‍ പിന്നെ വളര്‍ത്താതിരിക്കുക.

1,47,000 പേരുടെ ചികിത്സക്ക് എന്തു ചിലവു വരുമെന്ന് കണക്കാക്കുക. 20 മനുഷ്യ ജീവന്‍റെ വില അതിനോട് കൂട്ടുക. അല്ലെങ്കില്‍ വാഹനങ്ങളില്‍ മാത്രം സഞ്ചരിക്കുക. കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കുക. കടികൊണ്ട് നരകിച്ച് ചാവാതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക.


ഡോ ഏലിയാസ് കെ പി

സ്വതന്ത്രചിന്തകൻ, എഴുത്തുകാരൻ

 6,615 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo