വാസ്തു ശാസ്ത്രം എന്ന കപടശാസ്ത്രം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

വാസ്തു ശാസ്ത്രം വാസ്തവമാണെങ്കിൽ ഫ്രാൻസിലും അമേരിക്കയിലും എന്തിന് ഉഗാണ്ടയിലും ഉണ്ടാക്കുന്ന വീടുകൾക്കും ഇത് ബാധകമാകേണ്ടതല്ലേ?
ബ്രിട്ടനിൽ നിന്നോ ആസ്ട്രേലിയയിൽ നിന്നോ നിക്കരാഗ്വയിൽ നിന്നോ വാസ്തു ദോഷം കൊണ്ട് വീടുകൾ പൊളിച്ചു കളയുന്ന വാർത്തകൾ നിങ്ങൾ കേട്ടിട്ടുണ്ടോ?
ഒരു ശാസ്ത്രം ശാസ്ത്രമാവണമെങ്കിൽ അതിന് ഒരു ആഗോള മാനം വേണം. അതായത് അത് കേരളത്തിൽ ശരിയാണെങ്കിൽ അങ്ങ് പോളണ്ടിലും ശരിയായേ പറ്റൂ.

പ്രാചീന ഭാരതത്തിൽ ശാസ്ത്രം എന്നതുകൊണ്ട് വിവക്ഷിച്ചിരുന്നത് ശാസിക്കപ്പെട്ടത് അഥവാ അതാത് വിഷയങ്ങളിലെ പണ്ഡിതന്മാർ കൽപിച്ചിരുന്നത് എന്ന അർത്ഥത്തിൽ മാത്രമാണ്. അങ്ങനെയാണ് പക്ഷിശാസ്ത്രം, ഗൗളീ ശാസ്ത്രം, കൈരേഖാ ശാസ്ത്രം, കാമശാസ്ത്രം എന്നീ ഉടായിപ്പുകളെല്ലാം ശാസ്ത്രമായി മാറിയത്. ഇങ്ങനെയുള്ള കപട വിജ്ഞാന മേഖലകൾക്ക് പുറകിൽ ഒരു ശാസ്ത്രം വരുന്നത് അങ്ങനെയാണ്.

വാസ്തു വിദ്യയും വാസ്തു ശാസ്ത്രവും ഒന്നല്ല.
വാസ്തുവിദ്യ എന്നത് ഓരോ നാടിന്റെയും കാലാവസ്ഥ, ഭൂപ്രകൃതി, ജനങ്ങളുടെ സംസ്കാരം, സാമൂഹ്യ ബന്ധങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള നിർമ്മാണരീതികളാണ്. മഞ്ഞു പെയ്യുന്ന യൂറോപ്യൻ നാടുകളിലും വെയിലും മഴയും ഉള്ള നമ്മുടെ നാട്ടിലും കൂടുതൽ കാലവും ചൂട് അനുഭവിക്കുന്ന മരുഭൂമികളിലും നിർമ്മാണരീതികൾ വ്യത്യസ്തമായിരിക്കും. ഇതിനെ അതാത് മേഖലകളിലെ അതാത് സ്ഥലങ്ങളിലെ വാസ്തുവിദ്യ എന്നു പറയാവുന്നതാണ്.

ഒരു ശാസ്ത്രം ശാസ്ത്രമാവണമെങ്കിൽ അതിന് ഒരു ആഗോള മാനം വേണം. അതായത് അത് കേരളത്തിൽ ശരിയാണെങ്കിൽ അങ്ങ് പോളണ്ടിലും ശരിയായേ പറ്റൂ.

വാസ്തുശാസ്ത്രം എന്ന കപട ശാസ്ത്രത്തിൻറെ തുടക്കം.

കശ്യപമുനി രചിച്ച “കശ്യപ ശിൽപം” എന്ന ഗൃന്ഥത്തിലൂടെയാണ് മത്സ്യ പുരാണം അനുസരിച്ച് വാസ്തുശാസ്ത്രം വികസിപ്പിച്ചെടുത്തത്
അത്രി, വിശ്വകർമ്മാവ്, മയൻ, ബൃഹസ്പതി തുടങ്ങിയ 18 മഹർഷിമാർ ചേർന്നാണ് ഇതുണ്ടാക്കിയതെന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ തന്നെ വിവിധ വാസ്തുശാസ്ത്ര രീതികളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നു. വടക്ക് ഭാഗത്ത് കശ്യപശിൽപവും വിന്ധ്യന് തെക്ക് മയാമതവും കുറെ കൂടി തെക്ക് ഭൃഗുസംഹിത യുമായിരുന്നു നടപ്പിലുണ്ടായിരുന്നത്. വാസ്തുപുരുഷൻ എന്നത് ഒരു വാസ്തുവിന്റെ അല്ലെങ്കിൽ സ്ഥലത്തിന്റെ നാഥനായി പരിഗണിക്കുന്നു. ഐതിഹ്യ പ്രകാരം അന്ധകാരാസുരനെ വധിച്ചപ്പോൾ ശിവന്റെ നെറ്റിയിൽ നിന്ന് വീണ ഒരു തുള്ളി വിയർപ്പിൽ നിന്നാണ് വാസ്തുപുരുഷൻ ഉണ്ടായത്.. മൂന്നു ലോകങ്ങളും വിഴുങ്ങുവാൻ ഉള്ള ശക്തി ഉണ്ടായിരുന്ന വാസ്തുപുരുഷനെ 53 ദേവന്മാരും അസുരന്മാരും ചേർന്നാണ് ഭൂമിയിൽ അമർത്തി നിർത്തിയിരിക്കുന്നത് എന്നാണ് കഥ.

വീടുപണി ചെയ്യുന്നവർ ഒടുവിൽ വാസ്തു പുരുഷനേയും അയാളുടെ മുകളിൽ സ്ഥിതിചെയ്യുന്ന 53 ദേവാസുരന്മാരെയുമെല്ലാം തൃപ്തിപ്പെടുത്തുവാൻ വേണ്ടി കർമങ്ങൾ നടത്തിയിരിക്കണം എന്നാണ് അനുശാസിച്ചു വരുന്നത്.
വടക്ക് കിഴക്ക് ദിശയിൽ തലവെച്ച് കിടക്കുന്ന രൂപമാണ് വാസ്തുപുരുഷന്.പാദങ്ങൾ തെക്കു പടിഞ്ഞാറ് ദിശയിൽ ആണ് ഉണ്ടാവുക.. വാസ്തുപുരുഷന്റെ കേന്ദ്രഭാഗത്ത് ബ്രഹ്മാവും വടക്കു ഭാഗത്ത് കുബേരനും കിഴക്ക് സൂര്യനും പടിഞ്ഞാറ് വരുണനും ആണെന്ന് സങ്കല്പം.

ചില വാസ്തുശാസ്ത്ര നിബന്ധനകൾ

1. പുരയിടം തെക്കു പടിഞ്ഞാറു ഉയർന്നതും വടക്ക്-കിഴക്ക് താഴ്ന്നതും ആവണം.

2. തെക്കുപടിഞ്ഞാറ് ജലാശയം ശുഭകരമല്ല തെക്കുപടിഞ്ഞാറെ മൂലയെ ഇവർ വിളിക്കുന്നത് കന്നിമൂല എന്നാണ് .ഇവിടെയാണ് വാസ്തു ശാസ്ത്ര വിദഗ്ധൻ വീടിന്റെ കുറ്റിയടി ആരംഭിക്കുന്ന ദിശ.

3. കിടപ്പുമുറി തെക്കു പടിഞ്ഞാറും അടുക്കള തെക്ക് കിഴക്കും പൂജാമുറി വടക്കു കിഴക്കും കുളിമുറി വടക്കുപടിഞ്ഞാറും ആയിരിക്കണം പണ്ടെല്ലാം വീടുകളിൽ അറ്റാച്ച്ഡ് കക്കൂസ്, കാർഷെഡ്, പഠനമുറി സ്വീകരണമുറി എന്നിവയൊന്നും ഉണ്ടായിരുന്നില്ല എന്നത് കൂടി ഓർക്കേണ്ടതുണ്ട്.

4. വാതിലുകളുടെയും ജനലുകളുടെയും എണ്ണം ഇരട്ട സംഖ്യ ആയിരിക്കണം.

5. വരാന്തയും പൂമുഖവും വടക്കു കിഴക്ക് ദിശയിലായിരിക്കണം. തെക്കു കിഴക്ക് ഒരുകാരണവശാലും പറ്റില്ല.

ഇതിൽ ചില കാര്യങ്ങൾ സിവിൽ എഞ്ചിനീയർമാരും ആർക്കിട്ടേക്റ്റുകളും അംഗീകരിക്കുന്നുണ്ട് ഉദാഹരണത്തിന് അടുക്കള തെക്ക് കിഴക്ക് ആവുന്നത് കേരളത്തിലെ ചില സ്ഥലങ്ങളിൽ നല്ലതാണ്. രാവിലെ അടുക്കളയിൽ വെളിച്ചം കിട്ടും. തെക്കു പടിഞ്ഞാറൻ കാറ്റു മൂലം വെന്റിലേഷൻ ലഭിക്കും.എന്നാൽ ഇത് എല്ലാ സ്ഥലത്തും പ്രാവർത്തികമല്ല താനും.

പഴയകാലത്ത് വൈദ്യുതി വിളക്കുകൾ കണ്ടു പിടിക്കുന്നതിനു മുമ്പ് അടുക്കളയിൽ വെളിച്ചത്തിന്റെ കുറവ് മറികടക്കാൻ കൂടിയായിരിക്കണം അടുക്കളയുടെ സ്ഥാനം തെക്ക് കിഴക്ക് ആക്കിയത്. അതുപോലെ പണ്ടുകാലത്ത് ഏക്കർ കണക്കിന് സ്ഥലത്തിനുള്ളിൽ എവിടെ വീട് വയ്ക്കണം എന്നതായിരുന്നു പ്രശ്നം. എന്നാൽ ഇന്ന് ഉള്ള 3 സെന്റിൽ ഏറ്റവും നല്ല സൗകര്യം ഉള്ള വീട് എങ്ങനെ വെക്കണം എന്നതാണ് പ്രശ്നം.

എല്ലാ വീട്ടിലും ചെറിയ പ്രശ്നങ്ങൾ കാണും .ആ വീട്ടിൽ താമസിക്കുന്ന മനുഷ്യർ തമ്മിൽ അല്ലെങ്കിൽ അയൽക്കാർ തമ്മിൽ അതുമല്ലെങ്കിൽ ബന്ധുക്കൾ തമ്മിൽ. എന്നാൽ ഇവയുടെ യൊക്കെ കാരണം വീടിന്റെ കിടപ്പ് മൂലമാണെന്നും അതിൽ അല്പം മാറ്റം വരുത്തിയാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഉള്ള മായിക വാഗ്ദാനമാണ് വാസ്തുശാസ്ത്രം എന്ന കപട ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന രീതി. യഥാർത്ഥ ശാസ്ത്രത്തോടും എൻജിനീയറിങ്ങിനോടുമുള്ള വെല്ലു വിളിയായി വാസ്തുശാസ്ത്രം മാറി പോയിരിക്കുന്നു എന്നുമാത്രമല്ല ശാസ്ത്രാവബോധം ഉള്ള പല എഞ്ചിനീയർമാരും ആർക്കിട്ടേക്റ്റുകളും തന്നെ ഇന്ന് ഈ കപട ശാസ്ത്രത്തിന്റെ വക്താക്കളായി മാറിയിരിക്കുന്ന കാഴ്ചയും നാം കണ്ടു കൊണ്ടിരിക്കുന്നു.

പ്രകൃതിക്കിണങ്ങിയതും പ്രാദേശികമായി ലഭ്യമാകുന്നതുമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള വാസ്തുവിദ്യാ രീതികൾ അവലംബിച്ച് വേണം കെട്ടിട്ടങ്ങൾ പണിയാൻ..പക്ഷേ അത് പ്രാകൃതമായ കപട ശാസ്ത്രമായ വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ആവുന്നത് ഇന്ത്യയിൽ മാത്രം വേരോട്ടമുള്ള ഒരു കപട ശാസ്ത്രത്തെ പ്രചരിപ്പിക്കുന്നതിന് സമമായിരിക്കും.

പി. സുനിൽ കുമാർ

 14,385 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo