ഗാന്ധിയുടെ അവസാനദിവസം.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

വിഷ്ണുരാമകൃഷ്ണ കർക്കറെ (1948 ജനുവരി 30-ന് വൈകുന്നേരം ബിർലാ ഹൌസിൽ ഗോഡ്സേയോടൊപ്പം ഉണ്ടായിരുന്നയാൾ) പൊലീസിന് കൊടുത്ത കുറ്റമൊഴിയിൽ നിന്ന്: “അവിടെ വാട്ടർടാപ്പിനടുത്ത് ഞങ്ങൾ നിന്നപ്പോൾ ആപ്തെ പറഞ്ഞു: ഇത്തവണ, ഒരു തെറ്റു വരുത്താൻ നാം ആഗ്രഹിക്കുന്നില്ല. കൈത്തോക്കിന്റെ ഉന്നത്തെക്കുറിച്ചും അതു ശരിയായി പ്രവർത്തിക്കുമെന്നും നമുക്കു തീർച്ച വേണം. നമുക്കു വേണ്ടത്ര വെടിയുണ്ടകളുണ്ട്, നോക്ക്. ഇങ്ങനെ പറഞ്ഞിട്ട്, അയാൾ കോട്ടിന്റെ പോക്കറ്റ് തുറന്നു കാണിച്ചു. പറഞ്ഞതു ശരിയായിരുന്നു. പോക്കറ്റിനുള്ളിൽ വളരെ വെടിയുണ്ടകൾ ഞാൻ കണ്ടു. അതുകൊണ്ട് വെടിവയ്പിന്റെ ഒരു പരീക്ഷണം നടത്താൻ പറ്റുന്ന സ്ഥലം തേടിപ്പോകാൻ ഞങ്ങൾ മൂന്നുപേരും കൂടി നിശ്ചയിച്ചു. പക്ഷേ, ഞങ്ങൾ പോയ ഓരോ സ്ഥലവും ആളുകൾ നിറഞ്ഞിരിക്കുന്നതായിട്ടാണു കണ്ടത്. അഭയാർത്ഥികൾ ഡൽഹിയിലെല്ലായിടത്തും വ്യാപിച്ചിരുന്നു. ഒടുക്കം, വെടിവെക്കാൻ മുമ്പു ഞങ്ങൾ പോയ സ്ഥലത്തേക്കുതന്നെ പോകാൻ തീരുമാനിച്ചു. ബിർളാ ക്ഷേത്രത്തിനു തൊട്ടു പിന്നിലായിരുന്നു ആ സ്ഥലം. വെടിവെക്കേണ്ട സമയം വരുമ്പോൾ ഗാന്ധിജി ഇരിക്കുകയായിരിക്കുമോ നിൽക്കുകയായിരിക്കുമോ എന്നു ഞങ്ങൾക്ക് സങ്കൽപ്പിക്കേണ്ടിയിരുന്നു. എങ്ങനെയായിരിക്കുമെന്നു ഞങ്ങൾക്കറിവില്ല. അതൊരാകസ്മിക കാര്യമാണ്. അതിനാൽ രണ്ടുതരത്തിലും ഞങ്ങൾക്കു പരീക്ഷണം നടത്തേണ്ടിയിരുന്നു. അതനുസരിച്ച് മറ്റു വൃക്ഷങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന ഒരു കരിങ്ങാലി മരം ആപ്തെ തിരഞ്ഞെടുത്തു. ഗാന്ധിജി ഇരിക്കുമ്പോൾ എത്ര ഉയരമുണ്ടാവുമെന്ന് അനുമാനിക്കാൻ വേണ്ടി അയാൾ ആ മരത്തിന്റെ മുമ്പിൽ ഇരുന്നു. അയാളുടെ തലയുടെ നേർക്കു മരത്തിൽ കത്തികൊണ്ടു ചില അടയാളങ്ങൾ ഉണ്ടാക്കി. ശരി, അയാൾ നാഥുറാമിനോടു പറഞ്ഞു, ഇത് ഗാന്ധിജിയുടെ തലയാണെന്നു കരുതുക, ഇത് ശരീരമാണെന്നും. ഇനി ഉന്നം നോക്കുക. നാഥുറാം ഇരുപത് ഇരുപത്തഞ്ചടി അകന്നു മാറി. അവിടെനിന്ന് , അയാൾ ലക്ഷ്യത്തിലേക്ക് വെടിവെച്ചു. ഒന്നിനു പിറകെ ഒന്നായി, നാലു തവണ. അയാൾ ലക്ഷ്യത്തിൽച്ചെന്നു നോക്കി. അതു കൃത്യമാണെന്നു കണ്ടു. ആ മരത്തിനടുത്തുചെന്ന് ഗാന്ധിയുടെ തലയെന്നു നിർണയിച്ച് അടയാളപ്പെടുത്തിയ സ്ഥലത്തു നോക്കി. വെടിയുണ്ടകളെല്ലാം അവിടെയുണ്ടായിരുന്നു. ശരി, അതു കൃത്യമാണ്.”

ഇതേസമയം ന്യൂഡൽഹിയിലെ ബിർലാഹൌസിൽ: ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളും ആരംഭിച്ചിരുന്ന രീതിയിൽത്തന്നെയാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതത്തിലെ അവസാന ദിവസവും ആരംഭിച്ചത്. അരുണോദയത്തിനു മുമ്പ് നിശാന്തതമസ്സിലെ പ്രാർത്ഥനയോടെ വൈക്കോൽക്കിടക്കയിൽ ചമ്രം പടിഞ്ഞ്, തണുത്ത മാർബിൾഭിത്തിയിൽ പുറംചാരി ഇരുന്ന് ഗാന്ധിയും അദ്ദേഹത്തിന്റെ വിചിത്രമായ ചെറുസംഘത്തിലെ അംഗങ്ങളും ഒത്തൊരുമിച്ചു ഹിന്ദുമതത്തിലെ പരമോൽകൃഷ്ടമായ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ അവസാനമായി ഉരുവിട്ടു. ആ വെള്ളിയാഴ്ചത്തെ അവരുടെ പ്രഭാതപാരായണത്തിൽ, ഗീതയിലെ പതിനെട്ട് അധ്യായങ്ങളിൽ ആദ്യത്തെ ഒന്നും രണ്ടുമാണ് ഉൾക്കൊണ്ടിരുന്നത്. ഗാന്ധിയുടെ ഉച്ചവും മൃദുലവുമായ സ്വരം അനുയായികളുടെ ശബ്ദത്തോട് ഇണങ്ങിച്ചേർന്നു പരിചിതമായ ആ പദ്യങ്ങൾ ആലപിച്ചു. ജാതസ്യ ഹി ധ്രുവോ മൃത്യുർധ്രുവം ജന്മമൃതസ്യ ചതസ്മാദ പരിഹാര്യേർഥേന ത്വം ശോചിതുമർഹസി (ജനിച്ചവനു മരണവും മരിച്ചവനു ജനനവും നിശ്ചയമാകുന്നു. അതിനാൽ നിവൃത്തിയില്ലാത്ത ഈ കാര്യത്തിൽ നീ വ്യസനിച്ചിട്ടു ഫലമില്ല.) എഴുത്തുമേശയായി ഉപയോഗിച്ചിരുന്ന, കാലിനു നീളം കുറച്ച മേശയ്ക്കരികിൽ, ഇരിപ്പുറപ്പിച്ച അദ്ദേഹം മനുവിനോടു പറഞ്ഞു, തനിക്കുവേണ്ടി അവൾ ഒരു സ്തുതിഗീതത്തിന്റെ രണ്ടു വരികൾ ആ ദിവസം മുഴുവൻ ഉരുവിടണമെന്ന്.’തളർന്നാലും ഇല്ലെങ്കിലും ഹേ മനുഷ്യാ, വിശ്രമിക്കരുത്.’ അതായിരുന്നു ആ വരികൾ.

വിഷ്ണുരാമകൃഷ്ണ കർക്കറെയുടെ കുറ്റമൊഴി: ”തലേന്നാൾ വൈകിട്ടു സമ്മതിച്ചിരുന്നതുപോലെ, ആപ്തയും കാർക്കറയും പഴയ ഡൽഹി റെയിൽവേസ്റ്റേഷനിലെ ആറാം നമ്പർ വിശ്രമമുറിയിൽ രാവിലെ ഏഴുമണി കഴിഞ്ഞപ്പോൾ തിരിച്ചെത്തി, ഗോഡ്സെ നേരത്തേതന്നെ ഉണർന്നു കഴിഞ്ഞതായി അവർ കണ്ടു. തോക്ക് അകത്തു കടത്താനും കൃത്യം നിർവഹിക്കാനും സുരക്ഷിതവും സുനിശ്ചിതവുമായ മാർഗ്ഗം കണ്ടെത്തേണ്ടതാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.ഞങ്ങൾ കുറെ സമയം ചർച്ചചെയ്തു. തെരുവുകളിൽ സഞ്ചരിക്കാൻ മുസ്ലിം സ്ത്രീകൾ സാധാരണ അണിയുന്ന വേഷമായ പർദ ധരിച്ചാലോ എന്ന നിർദേശമുണ്ടായി. മുസ്ലിങ്ങളുടെ സംരക്ഷകനായതുകൊണ്ട് ഗാന്ധിജിയുടെ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ ധാരാളം മുസ്ലിം സ്ത്രീകൾ ചെല്ലാറുണ്ട്. കൂടാതെ, അദ്ദേഹത്തോട് ഏറ്റവും അടുത്തു ചെന്നിരിക്കാറുള്ളത് സ്ത്രീകളാണ്. അതിനാൽ നാഥുറാമിനും വളരെ അടുത്തു നിന്നു വെടിവയ്ക്കാനും പറ്റും. ഈ ആശയം ഞങ്ങളെ വളരെ ഉത്സാഹശാലികളാക്കി. കമ്പോളത്തിൽ പോയി കണ്ടതിൽ വെച്ച് ഏറ്റവും വലിയ പർദ വാങ്ങി വിശ്രമമുറിയിൽ കൊണ്ടുവന്നു. നാഥുറാം അത് അണിഞ്ഞു നോക്കിയപ്പോൾത്തന്നെ ഈ പദ്ധതി നടപ്പില്ലെന്നു വ്യക്തമായി. ഒടുവിൽ ആപ്തെ പറഞ്ഞു: ശരി, നാഥുറാം, ചിലപ്പോൾ ഏറ്റവും ലഘുവായ കാര്യങ്ങളായിരിക്കും ഏറ്റവും നല്ലത്. അക്കാലത്ത് ആളുകൾ ധാരാളമായി ധരിച്ചിരുന്ന ചാര നിറത്തിലുള്ള സൈനിക വേഷം നാഥുറാമിനെ അണിയിക്കണമെന്ന് അയാൾ പറഞ്ഞു. പാൻറ്സിന്റെ വശങ്ങളിലേക്ക് ഇറങ്ങിക്കിടന്ന അയവുള്ള ഉടുപ്പാണിതിനുള്ളത്. അപ്പോൾ ഇടുപ്പിലെ കൈത്തോക്കു മുഴച്ചു നില്ക്കുന്നതു കാണാതെ അതു മറച്ചുകൊള്ളും. ഏതാണ്ടൊരു നൈരാശ്യത്തോടെ അതാണേറ്റവും നല്ല ആശയമെന്നു ഞങ്ങൾ തീർച്ചപ്പെടുത്തി, അതിൻ പ്രകാരം, കമ്പോളത്തിൽ പോയി നാഥുറാമിനുള്ള വേഷങ്ങൾ വാങ്ങിച്ചു. ചട്ടമനുസരിച്ച്, ആ വിശ്രമമുറി ഞങ്ങൾ ഒഴിഞ്ഞുകൊടുക്കേണ്ട സമയമായിരുന്നു. നാഥുറാം കൈത്തോക്കെടുത്തു സൂക്ഷ്മതയോടെ ഏഴു വെടിയുണ്ടകൾ അതിൽ നിറച്ച് അരയിൽ തിരുകി. എന്നിട്ടു ഞങ്ങൾ അവിടെനിന്നിറങ്ങി.പോകാറാകുന്നതുവരെ സമയം ചെലവഴിക്കാനായി ഞങ്ങൾ റയിൽവേസ്റ്റേഷനിലെ വെയിറ്റിങ് റൂമിലേക്കാണു പോയത്. അവിടെ കുറെ നേരമിരുന്നപ്പോൾ ഞങ്ങൾക്കു പുറപ്പെടേണ്ട സമയമായി. ആദ്യം ബിർളാക്ഷേത്രത്തിലേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചു. അവിടത്തെ ദേവതകളെ ദർശനം കഴിച്ചു പ്രാർത്ഥിക്കാൻ ആപ്തയ്ക്കും എനിക്കും പ്രത്യേകിച്ചും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, നാഥുറാമിന് അതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. ഞങ്ങൾ വെടിവെച്ചു പരിശീലനം നടത്തിയ വനത്തിനു സമീപത്തായി, ക്ഷേത്രത്തിനു പിന്നിലുള്ള ഉദ്യാനത്തിൽ, ഞങ്ങൾ തിരിച്ചെത്തുന്നതുവരെ അയാൾ ചുറ്റി നടന്നു.ഞങ്ങൾ മൂവരും ആ ഉദ്യാനത്തിൽ പല മിനിട്ടു സമയം ചുറ്റിനടന്നു. അവസാനം, ആപ്ത വാച്ചു നോക്കി. 4.30 ആയി. ‘നാഥുറാം, സമയമായി.’ അയാൾ പറഞ്ഞു.നാഥുറാം ആപ്തയുടെ വാച്ചിലേക്കു നോക്കി. പിന്നെ അയാൾ രണ്ടു സഹപ്രവർത്തകരെയും നോക്കി. ഇരുകൈത്തലങ്ങളും കൂട്ടിച്ചേർത്തു നെഞ്ചോടു ചേർത്തുപിടിച്ചു തൊഴുതുകൊണ്ടു തല കുനിച്ച് അയാൾ പറഞ്ഞു: “നമസ്തെ, നമുക്കെന്നെങ്കിലും എങ്ങനെയെങ്കിലും വീണ്ടും ഒരുമിച്ചുചേരാൻകഴിയുമോ എന്നു നമുക്കറിയില്ല.” അയാൾ ക്ഷേത്രത്തിന്റെ പടികളിറങ്ങി ആൾക്കൂട്ടത്തിനിടയിലൂടെ ഒരു കുതിരവണ്ടി തേടിപ്പോയപ്പോൾ കാർക്കറെയുടെ നോട്ടം അയാളെ പിന്തുടർന്നു. ഒരു കുതിരവണ്ടി കണ്ടുപിടിച്ച് അയാളതിൽ കയറി. പിന്തിരിഞ്ഞുനോക്കാതെ, ഗാന്ധിജി പ്രാർത്ഥനകൾ നടത്തുന്ന ബിർളാഹൗസിനെ ലക്ഷ്യമാക്കി പുറപ്പെട്ടു.”

അതേസമയം ബിർളാഹൌസിൽ: മനുവിനോട് ആവർത്തിച്ചുരുവിടാൻ രാവിലെ നിർദേശിച്ച പ്രാർത്ഥനാഗീതത്തിലെ, ‘ഹേ, മനുഷ്യാ വിശ്രമിക്കരുത്’ എന്ന അനുശാസനം കർശനമായി പാലിച്ചുകൊണ്ടാണ് ജനുവരി 30-ാം തീയതി വെള്ളിയാഴ്ച മഹാത്മാഗാന്ധി ജീവിച്ചത്. അനുചരസംഘത്തെ ആഹ്ളാദിപ്പിച്ചുകൊണ്ട്, ഉപവാസത്തിനുശേഷം അന്നാദ്യമായി പരസഹായമില്ലാതെ അദ്ദേഹം നടന്നു. തൂക്കം അര പൗണ്ടു വർധിച്ചതായി സൂചിപ്പിച്ചത് ആ കൃശശരീരത്തിലേക്കു ശക്തി തിരിച്ചെത്തുന്നതിനു തെളിവായിരുന്നു. ഗാന്ധിയെ സംബന്ധിച്ചിടത്തോളം, പിന്നെയും ദൈവം തന്റെ മുമ്പിൽ മഹത്തായ യത്നങ്ങൾ പ്രതിഷ്ഠിക്കുന്നുവെന്നതിനു തെളിവായിരുന്നു അത്. ഉച്ചവിശ്രമത്തിനുശേഷം അദ്ദേഹം പന്ത്രണ്ടോളം അഭിമുഖസംഭാഷണങ്ങൾ നടത്തി. അതിലേറ്റവും അവസാനത്തേത് ഏറ്റവും ക്ലേശകരവുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പഴക്കമുള്ളവരും ഏറ്റവും വിശ്വസ്തരുമായ അനുയായികളിലൊരാളും ഗാന്ധിയുടെ കോൺഗ്രസ്സിനെ വാർത്തെടുത്തവരിൽ ഒരാളുമായ വല്ലഭഭായി പട്ടേലായിരുന്നു സംവാദകൻ. കർക്കശമനസ്കനും യാഥാർത്ഥ്യവാദിയുമായ പട്ടേലും സോഷ്യലിസ്റ്റ് ആദർശവാദിയായ നെഹ്റുവും തമ്മിൽ അനിവാര്യമായ അഭിപ്രായസംഘട്ടനം അവസാനമായി പൊട്ടിപ്പുറപ്പെട്ടു. നെഹ്റു ഗവണ്മെന്റിൽനിന്നു രാജിവെച്ചുകൊണ്ടുള്ള പട്ടേലിന്റെ കത്തിന്റെ ഒരു പ്രതി ഗാന്ധിയുടെ ചെറിയ എഴുത്തുമേശയുടെ പുറത്തുണ്ടായിരുന്നു. അവരുടെ വഴക്ക് ഗാന്ധിയുടെ ഉപവാസത്തിനുമുമ്പു നടന്ന സംഭാഷണത്തിൽ ഗാന്ധിയും മൗണ്ട്ബാറ്റൻ പ്രഭുവും ചർച്ചചെയ്യുകയുണ്ടായി. രാജി വെക്കാൻ പട്ടേലിനെ അനുവദിക്കരുതെന്ന് ഗവർണർ ജനറൽ ഗാന്ധിയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ‘അദ്ദേഹത്തെ വിടാൻ അങ്ങേക്കു സാധ്യമല്ല. നെഹ്റുവിനെ വിടാനും സാധ്യമല്ല. ഇന്ത്യയ്ക്ക് അവരെ രണ്ടുപേരെയും ആവശ്യമുണ്ട്. ഒരുമിച്ചു പ്രവർത്തിക്കാൻ അവർ പഠിക്കേണ്ടിയിരിക്കുന്നു.’ മൗണ്ട്ബാറ്റൻ പറഞ്ഞു. ഗാന്ധി അതിനോടു യോജിച്ചു. രാജിക്കത്തു തിരിച്ചെടുക്കേണ്ടതാണെന്ന് അദ്ദേഹം പട്ടേലിനെ ബോധ്യപ്പെടുത്തി. അവർ മൂന്നുപേരും, താനും പട്ടേലും നെഹ്റുവും, മുൻകാലങ്ങളിൽ, സ്വാതന്ത്ര്യസമരത്തിലെ നിർണായക നിമിഷങ്ങളിൽ, ചെയ്തിരുന്നതുപോലെ വീണ്ടും ഒരുമിച്ചിരുന്ന് ചർച്ചചെയ്തു പ്രശ്നം പരിഹരിക്കണമെന്ന് ഗാന്ധി നിർദേശിച്ചു. അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, വൈകിട്ടത്തെ ഭക്ഷണമായ ആട്ടിൻപാലും പഴച്ചാറും ഓറഞ്ചും കൊണ്ടുചെന്നു. ലളിതമായ ആ ഭക്ഷണത്തിനുശേഷം ചർക്ക കൊണ്ടുചെല്ലാൻ അദ്ദേഹം ആവശ്യപ്പെട്ടു. പട്ടേലുമായി സജീവമായ സംഭാഷണം തുടർന്നുകൊണ്ടുതന്നെ അദ്ദേഹം ചർക്ക തിരിക്കാൻ തുടങ്ങി. ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിനാളുകൾക്ക് അദ്ദേഹത്തിന്റെ പ്രതീകമായിരുന്നുവല്ലോ ആ ഉപകരണം. ‘അധ്വാനിക്കാതെ നേടുന്ന ഭക്ഷണം മോഷ്ടിക്കപ്പെട്ടതാണ്’ എന്ന തത്ത്വത്തോട് ആ ജീവിതത്തിലെ അന്ത്യനിമിഷങ്ങളിൽപ്പോലും അദ്ദേഹം വിശ്വസ്തത പുലർത്തി. ഘാതകർ, ഗാന്ധി ചർക്ക തിരിച്ചുകൊണ്ടിരുന്ന മുറിക്കു പുറത്തുള്ള പൂന്തോട്ടത്തിൽ ചുറ്റി നടക്കാൻ ആരംഭിച്ചിരുന്നു.

നാഥുറാം പുറപ്പെട്ട് അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ആപ്തയും കാർക്കയും മറ്റൊരു കുതിരവണ്ടി പിടിച്ച് ബർളാ ഹൗസിലേക്കു തിരിച്ചു. വിഷ്ണുരാമകൃഷ്ണ കർക്കറെയുടെ കുറ്റമൊഴി: “ബിർളാ ഹൗസിലേക്കു കടക്കുന്നതിൽ യാതൊരു പ്രശ്നവുമുണ്ടായില്ലെന്നുള്ളത് ഞങ്ങൾക്ക് അദ്ഭുതവും ആശ്വാസവും നൽകി. കാവൽക്കാരുടെ സംഖ്യ വർധിപ്പിച്ചിരുന്നു. പക്ഷേ, അകത്തേക്കു ചെല്ലുന്നവരുടെ കൈവശം ആയുധങ്ങളുണ്ടോ എന്ന് ആരും പരിശോധിച്ചിരുന്നില്ല. ഞങ്ങൾക്കാശ്വാസമായി. നാഥുറാം സുരക്ഷിതമായി അകത്തു കടന്നിട്ടുണ്ടെന്നു ഞങ്ങൾ മനസ്സിലാക്കി. ഞങ്ങൾ പൂന്തോട്ടത്തിലേക്കു ചെന്നു. ജനക്കൂട്ടത്തിനിടയിൽ നാഥുറാം നില്ക്കുന്നതു കണ്ടു. അയാൾ ഗൗരവവും ഊർജിതവുമുള്ളവനായി കാണപ്പെട്ടു. ഞങ്ങൾ പക്ഷേ, പരസ്പരം സംസാരിച്ചില്ല. പുൽത്തകിടിയിൽ ജനങ്ങൾ ചിന്നിച്ചിതറി നിൽക്കുകയായിരുന്നു. അഞ്ചുമണിയാവുകയും പ്രാർത്ഥനയ്ക്കുള്ള സമയം അടുക്കുകയും ചെയ്തപ്പോൾ ആളുകൾ ഒരുമിച്ചു കൂടാൻ തടങ്ങി. ഞങ്ങൾ നാഥുറാമിന്റെ ഇരുവശത്തുമായി സ്ഥാനം പിടിച്ചു. ഞങ്ങളുടെ രഹസ്യം പുറത്താകാതിരിക്കാൻവേണ്ടി, ഞങ്ങൾ സംസാരിക്കുകയോ അയാളെ നോക്കുകയോ ചെയ്യാതെ നിന്നു. അയാൾ അത്രമേൽ ഏകാഗ്രമനസ്കനായിരുന്നതിനാൽ ഞങ്ങളെയും ഞങ്ങളവിടെയുണ്ടെന്ന കാര്യവും മറന്നിരിക്കുകയാണെന്നു തോന്നി. ജനക്കൂട്ടത്തിനഭിമുഖമായ ചെറിയ പ്രാർത്ഥനാവേദിയിൽ ഗാന്ധി ഇരുന്നു കഴിയുമ്പോൾ അദ്ദേഹത്തെ വധിക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി. അതിനുവലത്തുഭാഗത്തായി ജനക്കൂട്ടത്തിന്റെ സഹവലയത്തിന്റെ അരികിൽ വേദിയിലേക്ക് അഭിമുഖമായി ഞങ്ങൾ സ്ഥാനംപിടിച്ചു. ഏതാണ്ടു 35 അടി അകലെ നിന്ന് കൃത്യമായി നിറയൊഴിക്കണമെന്നാണതിന്റെ അർത്ഥം. അകലം നോക്കിയപ്പോൾ ഞാൻ മൗനമായി സന്ദേഹിച്ചു. നാഥുറാമിന് ഇതു ചെയ്യാൻ കഴിയുമോ? അയാൾ പരിശീലനം നേടിയവനോ പ്രത്യേകമായി നല്ല വെടിക്കാരനോ അല്ല. അയാൾ പരിഭ്രമിക്കുമോ, ഉന്നം തെറ്റുമോ എന്നൊക്കെ ഞാൻ ശങ്കിച്ചു. ഞാൻ നാഥുറാമിനെ നോക്കി. അയാൾ തൻകാര്യത്തിൽ മാത്രം ശ്രദ്ധിച്ചു പ്രകടമായ ശാന്തതയോടെ, മുന്നിലേക്കുതന്നെ നോക്കി ഇരിക്കയായിരുന്നു. ഞാനെന്റെ വാച്ചിൽ നോക്കി. ഗാന്ധിജി വൈകിയിരിക്കുന്നു. എന്താണതെന്നു ഞാനത്ഭുതപ്പെടാൻ തുടങ്ങി. എനിക്കല്പം പരിഭ്രമവും ഉണ്ടായി.” പട്ടേലുമായുള്ള സംഭാഷണത്തിൽ അദ്ദേഹത്തിന്റെ ശബ്ദം അത്രമേൽ ഗൗരവപൂർണമായിരുന്നതിനാൽ സമയം ഓർമിപ്പിക്കാൻ വേണ്ടി തടസ്സപ്പെടുത്താൻ മനുവോ ആഭയോ ധൈര്യപ്പെട്ടില്ല. ഒടുവിൽ, മനു വാച്ചിനുനേർക്ക് ആംഗ്യം കാണിച്ച് അദ്ദേഹത്തിന്റെശ്രദ്ധ ആകർഷിച്ചു. ഗാന്ധി, തന്റെ പഴയ ഇംഗർസോൾ വാച്ചിൽ നോക്കിയിട്ട് വൈക്കോൽക്കിടക്കയിൽ നിന്നു പിടഞ്ഞെഴുന്നേറ്റു. “ഓ! നിങ്ങളെന്നെ സ്വതന്ത്രനാക്കണം. ദൈവയോഗത്തിനു ഞാൻ പോകേണ്ട സമയമായി” അദ്ദേഹം പട്ടേലിലോടു പറഞ്ഞു. പതിവുപോലെ മനു ഗാന്ധിയുടെ കണ്ണടയും കോളാമ്പിയും പ്രസംഗം എഴുതിയ നോട്ടുബുക്കും കൈയിലെടുത്തു. ‘ഊന്നുവടികൾ’ എന്ന നിലയിൽ പരിചിതമായ പങ്കു വഹിക്കാൻ മനുവും ആഭയും അദ്ദേഹത്തിന്റെ ഇരുവശത്തും നിന്നു. അവരുടെ തോളത്തു പിടിച്ചുകൊണ്ട് ഗാന്ധി അവസാനത്തെ യാത്ര ആരംഭിച്ചു.

പുൽത്തകിടിയിലൂടെ നടക്കുമ്പോൾ ആദ്യന്തം, സമയം വൈകാനനുവദിച്ചതിന് അദ്ദേഹം പെൺകുട്ടികളെ ശകാരിക്കുകയായിരുന്നു.“നിങ്ങളാണെന്റെ വാച്ചുകൾ, ഞാനെന്തിനു വാച്ചു നോക്കണം? ഇങ്ങനെ വൈകുന്നത് എനിക്കു തീരെ ഇഷ്ടമല്ല. പ്രാർത്ഥനയ്ക്ക് ഒരു മിനിട്ടു വൈകുന്നതുപോലും എനിക്കു സഹിക്കാൻ കഴിയില്ല.” അദ്ദേഹം പറഞ്ഞു. ജനക്കൂട്ടം കാത്തിരിക്കുന്ന പ്രാർത്ഥനാമൈതാനത്തേക്കുള്ള നാലു ചെങ്കൽ പടികൾക്കടുത്തെത്തുമ്പോഴും അദ്ദേഹം അവരോടു സംസാരിക്കുകയായിരുന്നു. പരസഹായം കൂടാതെ ഗാന്ധി പടികൾ കയറി. അദ്ദേഹം മുകളിലത്തെ പടിയിലെത്തിയപ്പോൾ, പിന്നിൽ നിന്നും ജനക്കൂട്ടത്തിന്റെ മൃദുവായ മർമരശബ്ദം കാർക്കറെ കേട്ടു: “ബാപ്പുജി”. ”ഞാൻ തിരിഞ്ഞുനോക്കി. നാഥുറാമും വലത്തോട്ടു പകുതി തിരിഞ്ഞു. പെട്ടെന്ന്, ജനങ്ങൾ ഇരുവശത്തേക്കും ഒതുങ്ങുന്നതും അങ്ങനെ ജനക്കൂട്ടത്തിനിടയിൽ സ്വയം ഉണ്ടായ ചെറിയ മാർഗത്തിലൂടെ ഗാന്ധിജി ഞങ്ങളുടെ നേർക്കു നടന്നുവരുന്നതും കണ്ടു. നാഥുറാമിന്റെ കൈകൾ കീശകളിലായിരുന്നു. സ്വതന്ത്രമായ ഒരു കൈ അയാൾ പുറത്തെടുത്തു. ആയുധമുള്ള കൈ കീശയിൽത്തന്നെ വെച്ചു.മിന്നൽ വേഗത്തിൽ അയാൾ കണക്കുകൂട്ടി. അദ്ദേഹത്തെ കൊല്ലാനുള്ള സമയം ഇതാണ്. ദൈവദത്തമായ ഒരവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് അയാൾ കരുതി. പ്രാർത്ഥനാവേദിയിൽ ഇരിപ്പുറപ്പിച്ചുകഴിഞ്ഞ് ഗാന്ധിയെ വെടിവെക്കുന്നതിനെക്കാൾ വളരെ കൂടുതൽ സൗകര്യമുള്ള അവസരം. മനുഷ്യർ ഒഴിഞ്ഞുനിന്നു സൃഷ്ടിച്ച ചെറിയ ഇടനാഴിയിലേക്കു രണ്ടു ചുവടു വയ്ക്കുകയേ വേണ്ടൂ എന്നയാൾ മനസ്സിലാക്കി. രണ്ടു ചുവട്. മൂന്നു സെക്കന്റ്. അപ്പോൾ, കൊല നിഷ്പ്രയാസമാണ്. യാന്ത്രികമായ കാര്യം. പ്രവർത്തനം ആരംഭിക്കുന്നതിനു വേണ്ട ഇച്ഛാശക്തിയിലേക്കു സ്വയം നീങ്ങുക മാത്രമായിരുന്നു ബുദ്ധിമുട്ടുള്ള കാര്യം. വധം അനിവാര്യമാക്കുന്ന ഒരു ചുവടുവയ്പ്.” ‘കാക്കിവേഷമണിഞ്ഞ ഒരു തടിച്ച ചെറുപ്പക്കാരൻ’ ആ ചുവടുവെക്കുന്നത് മനു കണ്ടു. ഗാന്ധിയും പരിവാരവും നീങ്ങുന്ന ഇടനാഴിയുടെ അരികിലേക്ക് അതയാളെ എത്തിച്ചു. കാർക്കറയുടെ കണ്ണുകൾ നാഥുറാമിലായിരുന്നു: ”അയാൾ കൈത്തോക്കെടുത്ത് രണ്ടു കൈത്തലങ്ങൾക്കും ഇടയിലാക്കി. രാജ്യത്തിന് പ്രയോജനകരമായ വല്ല സേവനവും ഗാന്ധി ചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കായി അദ്ദേഹത്തെ വന്ദിക്കാൻ അയാൾ തീരുമാനിച്ചു. ഗാന്ധി ഞങ്ങളിൽ നിന്നു മൂന്നു ചുവട് അകലെയെത്തിയപ്പോൾ നാഥുറാം ഇടനാഴിയിലേക്കു കടന്നു. കൈത്തോക്ക് കൈത്തലങ്ങൾക്കിടയ്ക്ക് മറച്ചു പിടിച്ചിരുന്നു. അരയോളം കുനിഞ്ഞ് അയാൾ പറഞ്ഞു. ‘നമസ്തേ ഗാന്ധിജി’ ” ഗാന്ധിയുടെ പാദം ചുംബിക്കാൻ അയാൾ തുടങ്ങുകയാണെന്ന് മനു വിചാരിച്ചു. മാറിനില്ക്കണമെന്നു സൂചിപ്പിച്ചുകൊണ്ട് അവൾ പതുക്കെ ഒരു കൈ നീട്ടി ചലിപ്പിച്ചു. സഹോദരാ, ബാപ്പു ഇപ്പോൾത്തന്നെ പത്തു മിനിട്ട് വൈകിപ്പോയി. അവൾ പതുക്കെ പറഞ്ഞു. ആ നിമിഷം, നാഥുറാമിന്റെ ഇടത്തുകൈ ഒറ്റക്കുതിപ്പിൽ അവളെ ശക്തിയായി തള്ളിമാറ്റി, വലതുകൈയിൽ കറുത്ത ബെറ്റ കൈത്തോക്ക് തെളിഞ്ഞുകാണായി. നാഥുറാം മൂന്നു തവണ കാഞ്ചി വലിച്ചു. മൂന്നു വെടിപൊട്ടലുകൾ ആ പ്രാർത്ഥനാമൈതാനത്തെ ശാന്തതയെ ശിഥിലമാക്കി. നാഥുറാം ഗോഡ്സെ പരാജയപ്പെട്ടില്ല. അയാളുടെ നേർക്ക് നടന്നടുത്തുകൊണ്ടിരുന്ന ആ ശുഷ്കശരീരത്തിന്റെ നെഞ്ചിൽത്തന്നെ ആ മൂന്നു വെടിയുണ്ടകളും തുളഞ്ഞുകയറി. നാഥുറാം തട്ടിത്തെറിപ്പിച്ച നോട്ടുബുക്കും കോളാമ്പിയും കൈയ്ക്കലാക്കാൻ പരതുകയായിരുന്ന മനു വെടിയൊച്ചകൾ കേട്ടു. അവൾ തല പൊക്കി നോക്കി. കൈ തൊഴുതുപിടിച്ച, അവളുടെ പ്രിയപ്പെട്ട ബാപ്പു പ്രാർത്ഥനാവേദിയിലേക്ക് ഒരവസാന ചുവടുകൂടി വയ്ക്കാൻ മുന്നോട്ടായുന്നതായി അവൾ കണ്ടു. തിളങ്ങുന്ന വെള്ള ഖദർ തുണിയിൽ രക്തത്തിന്റെ നിറം പരക്കുന്നതവൾ കണ്ടു. “ഹേ, രാമാ-ഹാ, ദൈവമേ!” എന്നദ്ദേഹം ഉച്ചരിച്ചു. അടുത്ത നിമിഷത്തിൽ നിർജീവമായ ഒരു ചെറിയ ഭാണ്ഡംപോലെ അവളുടെയടുത്ത് അദ്ദേഹം പതുക്കെ നിലത്ത് വീണു. ഘാതകനെ അഭിവാദനം ചെയ്തുകൊണ്ട് ആ കൈകൾ അപ്പോഴും അഞ്ജലീബദ്ധമായിരുന്നു. രക്തത്തിൽ കുതിർന്ന ആ ഉടുതുണിയുടെ മടക്കുകളിൽ, എട്ടു ഷില്ലിങ് വിലയുള്ള ആ ഇംഗർ സോൾ വാച്ച് മനു കണ്ടു. 5 മണി കഴിഞ്ഞ് 17 മിനിട്ടായിരുന്നു അതിലപ്പോൾ.

പി സി അഷറഫ്

ചരിത്രാന്വേഷികൾ

(കടപ്പാട്: Freedom at Midnight)

 816 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo