മതരഹിതർക്ക് സാമ്പത്തിക സംവരണം നൽകണം . ഹൈകോടതിയുടെ ചരിത്ര വിധി.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

  പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന സർക്കാരിന് മത രഹിതർക്ക് ഇ ഡബ്ല്യു എസ് (EWS= സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം.) ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മതരഹിത സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നയം രൂപീകരിക്കാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. നയം വേഗത്തിൽ രൂപീകരിക്കണമെന്ന് കേരള ഹൈക്കോടതി വെള്ളിയാഴ്ച സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

"പുരോഗമനപരമെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ ഏതെങ്കിലും സമുദായത്തിലോ ജാതിയിലോ ഉൾപ്പെടുന്നില്ല എന്ന കാരണത്താൽ അവർക്ക് ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കാനാവില്ല. അതിനാൽ, മതരഹിത സർട്ടിഫിക്കറ്റ് നൽകുന്നതിന് സർക്കാർ നയവും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിക്കേണ്ടതുണ്ട്. മതവിശ്വാസികളല്ലെന്ന് പ്രഖ്യാപിച്ച ഹർ ജിക്കാരെപ്പോലുള്ളവർക്ക് ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സർക്കാർ എത്രയും വേഗം സ്വീകരിക്കണം,” കോടതി ഉത്തരവിൽ പറഞ്ഞു.

പ്ലസ് ടു പാസായ ശേഷം, കോളേജ് പ്രവേശനം തേടുന്ന മത രഹിതരായ ഒരു സംഘം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കോളേജ് പ്രവേശനത്തിനായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുവേണ്ടിയുള്ള സംവരണ വിഭാഗത്തിൽ (EWS) തങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിച്ചു കൊണ്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.

 ഭരണഘടനയുടെ 103-ാം ഭേദഗതി(103rd amendment) പ്രകാരം എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങളിൽ പെടാത്ത ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് സംവരണം നൽകാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. അതനുസരിച്ച് മതവിശ്വാസികളല്ലെന്ന് പ്രഖ്യാപിക്കുകയും ജനറൽ വിഭാഗത്തിൽ പെടുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുൻപ് മതരഹിത സർട്ടിഫിക്കറ്റ് നൽകിയിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 എന്നാൽ,മുന്നാക്ക സമുദായ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പിന്നീട് ഒരു പട്ടിക പുറത്തിറക്കുകയുണ്ടായി. അതിൽ ജാതിയും സമുദായവും പ്രഖ്യാപിച്ച വ്യക്തികളെ മാത്രമാണ് ഉൾപ്പെടുത്തിയത്. അതിനു ശേഷം മതവിശ്വാസികളല്ലെന്ന് സ്വയം പ്രഖ്യാപിച്ചവരെ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ-തൊഴിൽ ആവശ്യങ്ങൾക്കായി ഇ.ഡബ്ല്യു.എസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നായിരുന്നു വാദം.

“അതിനാൽ, മതേതര വിഭാഗത്തിൽ പെടുന്ന EWS-ൽ നിന്നുള്ള അപേക്ഷകർക്ക് SC/ST/OBC വിഭാഗങ്ങൾ ഒഴികെയുള്ള മറ്റ് EWS സമുദായങ്ങൾക്ക് 10% സംവരണം നിഷേധിക്കപ്പെട്ടിരിക്കുന്നു,” ഹർജിയിൽ പറയുന്നു.
ഇഡബ്ല്യുഎസ് സംവരണത്തിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 16 എന്നിവ ലംഘിച്ചുവെന്ന് ഹരജിക്കാർ വാദിച്ചു.

 ഇക്കാരണത്താൽ, ഇ.ഡബ്ല്യു.എസിനുള്ള സംവരണം പ്രയോജനപ്പെടുത്തുന്നതിന് ഇ.ഡബ്ല്യു.എസിൽ പെട്ട മത രഹിതരെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അവർ കോടതിയെ സമീപിച്ചു.

ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്ത്, സ്വയം മതവിശ്വാസികളല്ലെന്ന് പ്രഖ്യാപിക്കാൻ ബോധപൂർവമായ തിരഞ്ഞെടുപ്പ് നടത്തുന്ന വ്യക്തികളെ അഭിനന്ദിക്കണമെന്ന് ജസ്റ്റിസ് അരുൺ മുൻ വാദം കേൾക്കുമ്പോൾ അഭിപ്രായപ്പെട്ടു.

“ഇത് ഒരു കൂട്ടം വ്യക്തികളുടെ ബോധപൂർവമായ തീരുമാനമാണ്, അവർ ഒരു സമുദായത്തിലും ചേരുന്നില്ല. അവർ മതരഹിതരായതിനാൽ അവർ ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരായി മുദ്രകുത്തപ്പെടാൻ ആഗ്രഹിക്കുന്നതുമില്ല. ഇത്തരം ഒരു നിലപാട് സ്വീകരിച്ച അവർക്ക് പ്രതിഫലം നൽകണമെന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ ഭരണ ഘടന പറയുന്നത് നമ്മൾ ഒരു മതേതര രാജ്യ മാണെന്നാണ്. അവർ മതേതരത്വം തെരഞ്ഞെടുത്തു. മത രഹിതരായി.”( I think they should be rewarded for taking such a stance. Our Constitution says we are a secular country and they have chosen to be secular, non-religious) ജഡ്ജി വാക്കാൽ പറഞ്ഞത് ഇങ്ങനെയാണ്.

സാമ്പത്തിക സംവരണം തേടാൻ കഴിയുന്ന തരത്തിൽ ഹർജിക്കാർക്ക് മത രഹിത സർട്ടിഫിക്കറ്റുകൾ നൽകാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു..

 അഭിഭാഷകരായ മധു രാധാകൃഷ്ണൻ, എംഡി ജോസഫ്, നെൽസൺ ജോസഫ്, ദീപക് അശോക് കുമാർ എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.

വരുന്ന ഓണ അവധിക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കും.

     കേരളാ ഹൈക്കോടതിയുടെ ചരിത്ര വിധിയാണിത്. മത രഹിതർക്കും മത രഹിത സമൂഹത്തിനും ഏറെ ആശ്വാസം പകരുന്ന വിധി.ഇന്ത്യ ഒരു മതേതര രാജ്യമായിരുന്നിട്ടും മത രഹിതർ ഇവിടെ എക്കാലത്തും അവഗണിക്ക പെടുകയായിരുന്നു. മത ജാതി സംഘങ്ങളെ മാത്രം പ്രീണിപ്പിച്ചു കൊണ്ടുള്ള സർക്കാരുകളാണ് ഇവിടെയുള്ളതും. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ എല്ലാവർ ക്കും അവകാശപ്പെട്ടതാണ്.

അതിനു വേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തലായിരിക്കട്ടെ ഈ ചരിത്ര വിധി.

അശോകൻ മണ്ണൂർകോണം

 655 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo