ആറാട്ടുപുഴ വേലായുധപണിക്കർ – കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല വ്യക്തി പ്രഭാവം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കേരള നവോത്ഥാന ചരിത്രത്തിൽ, ആദ്യകാല മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനി ആയിരുന്നു മധ്യതിരുവിതാംകൂർ കേന്ദ്രീകരിച്ചു പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കർ. കേരള നവോത്ഥാന ചരിത്ര പ്രതിപാദ്യങ്ങളിൽ പലപ്പോഴും അദ്ദേഹം അനുസ്മരിക്ക പെടാതെ പോയിട്ടുണ്ട്. പണിക്കരുടെ പോരാട്ടങ്ങളുടേയും അതിസാഹസികതയുടേയും ചരിത്രങ്ങൾ മധ്യ തിരുവിതാംകൂർ ഭാഗങ്ങളിൽ വാമൊഴി കഥകളായും മറ്റും ഇന്നും പ്രചാരത്തിലുണ്ട്.

കേരള ചരിത്രത്തിൽ ആദ്യത്തെ കർഷക സമരം, മിശ്രവിവാഹങ്ങൾക്കായുള്ള പ്രോത്സാഹനം, അവർണ്ണരുടെ ആദ്യത്തെ ശിവ ക്ഷേത്ര നിർമ്മാണം തുടങ്ങി പല മുന്നേറ്റങ്ങൾക്കും ബീജാവാപം നടത്തിയത് ആറാട്ടുപുഴ വേലായുധ പണിക്കർ ആയിരുന്നു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ 1825ൽ, ആലപ്പുഴ തുറമുഖം വഴി കടൽ വ്യാപാരം നടത്തിയിരുന്ന സമ്പന്നമായ കല്ലശ്ശേരി എന്ന ഈഴവ കുടുംബത്തിലായിരുന്നു വേലായുധ പണിക്കരുടെ ജനനം. സ്വന്തമായി ബോട്ടും രണ്ട് ആനകളും കുതിരകളും മറ്റും സവാരിക്ക് മാത്രമായി ഈ കുടുംബത്തിന് ഉണ്ടായിരുന്നു. ജാതി ശ്രേണിയിൽ അവർണ നിരയിൽ പെടുത്തപ്പെട്ട ജന വിഭാഗങ്ങളിൽ ഈ വിധം സമ്പത്തും പ്രതാപവും മുറ്റി നിന്നിരുന്ന കുടുംബക്കാർ തിരുവിതാംകൂറിൽ വേറെയും ഉണ്ടായിരുന്നു. മാവേലിക്കരയിലുള്ള ആലുമൂട്ടിൽ എന്ന ചാന്നാർ കുടുംബം അത്തരത്തിൽ ഒരു കുടുംബമാണ്. ഈ ധനാഢ്യതയിലും പ്രതാപത്തിലും മുഴുകി സ്വൈര്യ ജീവിതം നയിച്ചു പോകുവാനല്ല പണിക്കർ ശ്രമിച്ചത്, മറിച്ചു അന്നത്തെ സാമൂഹിക വ്യവസ്ഥയിൽ ജാതീയമായ ക്രൂരതകൾ കൊണ്ട് അവശരായ സമുദായങ്ങൾക്ക്‌ സമൂഹത്തിൽ അത്മാഭിമാനത്തോടെയും അടിസ്ഥാന സൗകര്യങ്ങളോടെയും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകികൊണ്ടുള്ള സാഹസികവും ധാർമികവുമായ ജീവിത സരണിയെ സ്വമനസാലെ വരിക്കുകയാണ് ചെയ്തത്.

അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ തെക്കൻ തിരുവിതാംകൂറിൽ അയ്യാ വൈകുണ്ഠർ സമത്വ സമാജം സ്ഥാപിച്ചു ‘ജോലിക്ക് കൂലി ‘ മുതലായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. അയ്യാ വൈകുണ്ഠരെ പോലെ ആറാട്ടുപുഴ ഒരു ആത്മീയ ആചാര്യനായിരുന്നില്ല. ആത്മീയ പാശത്താൽ ബന്ധിച്ചു ജനങ്ങളെ ഒറ്റക്കെട്ടായി സമരങ്ങൾക്ക് അണിനിരത്തുവാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. ആജാനബാഹുവും, സുഭഗനും പ്രതാപശാലിയുമായിരുന്ന അദ്ദേഹത്തിന്റെ നിശ്ചയ ദാർഷ്ട്ര്യത്തിന്റേയും ധീരതയുടെയും കീഴിൽ മധ്യ തിരുവിതാംകൂറിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നു. ചിലതൊക്കെ ഒറ്റയാൾ പോരാട്ടങ്ങളുമായിരുന്നു. അച്ചിപ്പുടവ സമരം സവർണ ശ്രേണിയിൽ ഉൾപ്പെടുത്തപ്പെട്ട സമുദായങ്ങൾക്ക്‌ മാത്രമേ മുട്ടിനു കീഴോട്ട് കണങ്കാൽ വരെ വസ്ത്രം ധരിക്കുവാനും അച്ചിപ്പുടവ ധരിക്കുവാനും അക്കാലത്തു അവകാശമുണ്ടായിരുന്നുള്ളു. എന്നാൽ ഈ പുടവ നെയ്യുന്നവരിൽ അധികവും ഈഴവ സമുദായങ്ങളിൽ പെട്ടവരായിരുന്നു. നെയ്യുന്നവർക്കു അത് ധരിക്കുവാൻ അവകാശമില്ല. കായംകുളത്തിനു സമീപത്തുള്ള പത്തിയൂരിൽ അച്ചിപ്പുടവയും ധരിച്ചു ഒരു ഈഴവതരുണി പാടവരമ്പത്തുകൂടി നടന്നത് അക്കാലത്തു സവർണ മേലങ്കിയണിഞ്ഞവർക്ക് ഒട്ടും സഹിക്കത്തക്കതല്ലായിരുന്നു എന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ?ഇതു കണ്ട് ഹാലിളകിയവർ ആ സ്ത്രീയുടെ പുടവ വലിച്ച് കീറി മർദ്ദിച്ചു ചേറിൽ ചേർത്ത് ചവിട്ടി മെതിച്ചു.വേലായുധപണിക്കർ സംഭവം അറിഞ്ഞ മാത്രയിൽ പത്തിയൂരിൽ എത്തി ആ സ്ത്രീയെ കയ്യേറ്റം ചെയ്തവരെ അതേ നാണയത്തിൽ തന്നെ കൈകാര്യം ചെയ്തു, മാപ്പും പറയിച്ചു. അങ്ങനെ പത്തിയൂർ സംഭവത്തിന്‌ പരിഹാരമായി.

എന്നാൽ ഒരു ശാശ്വത പരിഹാരമാണല്ലോ ആവശ്യം അതുകൊണ്ട് പത്തിയൂർ അല്ല മറ്റെവിടെയും അച്ചിപ്പുടവ ധരിച്ചു മറ്റു ജാതിയിൽ ഉള്ളവർക്കും നടക്കണം.അതിനുവേണ്ടി കാർത്തികപ്പള്ളി പ്രദേശമാകെ വ്യാപിപ്പിച്ചു കൊണ്ടുള്ള ഒരു നിസ്സഹകരണ സമരം അദ്ദേഹം സംഘടിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങൾ നടത്തി കിട്ടാത്ത പക്ഷം സവർണരുടെ കൃഷിയിടങ്ങളിൽ കീഴാളർ എന്ന് മുദ്രകുത്തപ്പെട്ടവരാരും പണിയെടുക്കുകയില്ല എന്നതായിരുന്നു സമരക്കാരുടെ പക്ഷം. ജന്മിമാർക്കു ഓർക്കാപ്പുറത്തു കിട്ടുന്ന വലിയ പ്രഹരമായിരുന്നു അത്. ഒടുവിൽ സമരക്കാരുടെ ആവശ്യങ്ങൾ പലതും അംഗീകരിച്ചു കൊണ്ട് സമരം ഒത്തുതീർപ്പാക്കി. കേരള ചരിത്രത്തിൽ ആദ്യത്തെ പണിമുടക്ക് വേലായുധ പണിക്കരുടെ നേതൃത്വത്തിൽ വെന്നിക്കൊടി പാറിച്ചു. അവർണ്ണരുടെ ആദ്യത്തെ ശിവ ക്ഷേത്രം ശ്രീ നാരായണ ഗുരു അരുവിപ്പുറത്തു ശിവ പ്രതിഷ്ഠ നടത്തുന്നതിന് 35 വർഷം മുൻപ് ആറാട്ടുപുഴയിൽ വേലായുധ പണിക്കർ മംഗലത്തു എന്നപേരിൽ ഒരു ശിവ ക്ഷേത്രം പണികഴിപ്പിച്ചു. ശിവാലയ നിർമ്മിതിക്ക് ഒരു മുന്നൊരുക്കം എന്നവണ്ണം അദ്ദേഹം ഗോകർണം, ചിദംബരം മുതലായ ശിവ ക്ഷേത്രങ്ങൾ സന്ദര്ശിച്ചു പൂജാ വിധികളെ കുറിച്ചും പ്രതിഷ്ഠ കർമ്മങ്ങളെ കുറിച്ചും പഠിച്ചിരുന്നു. അക്കൂട്ടത്തിൽ വൈക്കം ക്ഷേത്രത്തിൽ പൂണുനൂൽ ധരിച്ചു ചെന്ന് അവിടെ ഉള്ള ഒരു തന്ത്രിയിൽ നിന്നും പ്രതിഷ്ഠ കർമ്മങ്ങളെല്ലാം ഗ്രഹിച്ചു. എല്ലാം പഠിപ്പിച്ചു കഴിഞ്ഞു ഇനിയെന്തെങ്കിലും അറിയണമോ എന്ന് തന്ത്രി ചോദിച്ചപ്പോൾ പണിക്കർ ഒരു സംശയം ഉണ്ടെന്ന് പറഞ്ഞു. “ഒരു അവർണനു ഈ വിദ്യ പഠിപ്പിച്ചാൽ എന്തൊക്കെ പരിഹാരകർമ്മങ്ങളാണ് നടത്തേണ്ടത്? “ചെയ്യേണ്ട പരിഹാര കർമ്മങ്ങളെ കുറിച്ച് തന്ത്രി പറഞ്ഞു. അതിന് എത്രപണം ചിലവാകും എന്നായി പണിക്കരുടെ അടുത്ത ചോദ്യം. അതിലേക്കു വേണ്ടി വരുന്ന പണം എത്രയാണെന്നും തന്ത്രി പറഞ്ഞു. ഉടനെ ആറാട്ടുപുഴ വേലായുധ പണിക്കർ തന്റെ കയ്യിലുണ്ടായിരുന്ന പണക്കിഴി തന്ത്രിയെ ഏൽപ്പിച്ചിട്ടു, പറഞ്ഞതിലും കൂടുതൽ പണമുണ്ട് വേണ്ടത് ചെയ്യുവാനും താനൊരു അവർണനാണെന്നും സധൈര്യം പറഞ്ഞു.

വൈക്കം സത്യാഗ്രഹം നടക്കുന്നതിനു ഏതാനും ദശകങ്ങൾക്ക് മുൻപാണ് ഈ സംഭവം. 1853ൽ മംഗലത്തു ശിവ ക്ഷേത്രം നിർമ്മിച്ചു അവിടെ മാവേലിക്കര മറ്റത്തു വിശ്വനാഥൻ ഗുരുക്കളെ കൊണ്ട് പ്രതിഷ്ഠ ചെയ്യിപ്പിച്ചു. പണിക്കരോട് നേരിട്ടു ചെന്ന് ഏറ്റുമുട്ടാൻ ധൈര്യം ഇല്ലാത്തതുകൊണ്ട് ഈ പ്രവൃത്തിയോട് കടുത്ത എതിർപ്പുള്ളവരെല്ലാം അവരുടെ അമർഷം കടിച്ചമർത്തി, ചിലർ കരഞ്ഞു തീർത്തു. അതിന് ശേഷം 1855ൽ ചേർത്തലയിലെ ചെറുവാരണത് രണ്ടാമത്തെ ശിവ പ്രതിഷ്ഠ പണിക്കരുടെ നേതൃത്വത്തിൽ നിർവ്വഹിക്കപ്പെട്ടു. ഇതിനെതിരെ തിരുവിതാംകൂർ ദിവാന് പരാതി നൽകിയെങ്കിലും ഇതിന് രണ്ട് വർഷം മുൻപ് നടത്തിയ മംഗലത്തെ ശിവ ക്ഷേത്രത്തെ കുറിച്ച് പരാതി ഒന്നും വരാഞ്ഞതിനാൽ പരാതി തള്ളി പോയി. പന്തളം മൂക്കുത്തി അണിയുന്നു സവർണ വനിതകൾക്ക് മാത്രമേ അന്ന് മൂക്കുത്തി ധരിക്കുവാൻ അവകാശമുണ്ടായിരുന്നുള്ളു. പന്തളത്തു അവർണ വിഭാഗത്തിൽ നിന്ന് ഒരു വനിത മൂക്കുത്തി ധരിച്ചതിന്റെ പേരിൽ പരസ്യമായി അപമാനിക്കപ്പെട്ടു. സംഭവം അറിഞ്ഞു വേലായുധ പണിക്കർ ഒരു കിഴി നിറയെ മൂക്കുത്തിയുമായി പന്തളത്തു വന്നു പ്രസ്തുത ഭാഗത്തെ മുഴുവൻ അവർണ സ്ത്രീകളെയും മൂക്കുത്തി ധരിപ്പിച്ചു. അവർക്കു നേരെ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട് ഏതാനും ദിവസം അവിടെ തങ്ങുകയും ചെയ്തു. മിശ്ര വിവാഹങ്ങൾക്ക് പ്രോത്സാഹനം ജാതിയും ജാതിയിൽ ഉപജാതിയുമായി അയിത്തവും ആചാരങ്ങളും അനവധിയുണ്ടായിരുന്ന കാലഘട്ടത്തിൽ ജാതി നശീകരണത്തിനു വേണ്ടി അദ്ദേഹം മിശ്ര വിവാഹങ്ങൾ സംഘടിപ്പിച്ചു. സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ആയിരുന്നു അതിന്റെ ആരംഭം. സഹോദരിയെ അന്യ ജാതിയിൽ പെട്ട ഒരാൾക്ക് വിവാഹം ചെയ്തു കൊടുത്തു. സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഉണ്ടായ കലഹം ഇടപ്പള്ളി സ്വരൂപത്തിലെ അന്നത്തെ തമ്പുരാന്റെ മകൻ രാമൻ മേനോൻ പല്ലക്കിൽ സഞ്ചരിക്കുന്ന പാതയിൽ കൂടി വേലായുധ പണിക്കരും അനുയായികളും എതിർ ദിശയിൽ നിന്ന് വരുകയായിരുന്നു. അന്നത്തെ വ്യവസ്ഥിതി അനുസരിച്ചു നാടുവാഴി എഴുന്നള്ളുമ്പോൾ അവർണർ ആ പാതയിൽ നിന്നും ഓടി ഒളിച്ചുകൊള്ളണം. വേലായുധപണിക്കർക്കു ഓടി ശീലമില്ലാത്തതുകൊണ്ടു ആ പാതയിൽകൂടി തന്നെ നടന്നു. ഈ ധിക്കാരം പൊറുക്കാനാകാതെ പല്ലക്കിൽ നിന്ന് രാമൻ മേനോൻ ചാടി ഇറങ്ങി പണിക്കർക്ക് നേരെ ആക്രോശിച്ചു. ഒടുവിൽ വേലായുധ പണിക്കരുടെ പ്രഹരമേറ്റു തമ്പുരാൻ അവശനായി പിന്മാറി.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട് ഇപ്പോഴത്തെ അവസ്ഥ

ഈ മർദ്ദനത്തിന്റെ പേരിൽ ഒരു കൊല്ലത്തെ ജയിൽ വാസത്തിനു പണിക്കർ ശിക്ഷിക്കപ്പെട്ടു. ജയിൽ മോചിതനാകുന്ന ദിവസം ഒരു വൻപിച്ച ജനാവലി അദ്ദേഹത്തെ എതിരേൽക്കുവാൻ ജയിൽ പരിസരത്ത് തടിച്ചുകൂടിയിരുന്നു. അവർണ്ണരുടെ ഇടയിലെ ആദ്യത്തെ കഥകളി യോഗം ആരംഭിക്കുന്നത് വേലായുധ പണിക്കരാണ്. മാത്രമല്ല വേഷ വിധാനത്തിലും ഭവന നിർമ്മാണത്തിലുമായി അവർണ്ണർക്ക് നിഷേധിക്ക പെട്ടിരുന്ന അവകാശങ്ങൾ ഒക്കെ അദ്ദേഹം നിശ്ചയ ദാർഷ്ട്ര്യം കൊണ്ടും കൈയ്യൂക്ക് കൊണ്ടും നേടിയെടുത്തു. കേരള നവോത്ഥാന ചരിത്രത്തിലെ രക്തസാക്ഷി ആറാട്ടുപുഴ വേലായുധ പണിക്കരുടെ ഇത്തരത്തിലുള്ള പ്രവൃത്തികൾ എല്ലാം യാഥാസ്ഥിതികരിലും മാടമ്പിമാരിലും എത്രത്തോളം അമര്ഷമുണ്ടാക്കി എന്നുള്ളത് ഊഹിക്കാമല്ലോ? ഒരിക്കൽ തിരുവനന്തപുരത്തേക്ക് മുറജപത്തിനു വന്ന തരണനല്ലൂർ തന്ത്രിയുടെ സാളഗ്രാമവും മറ്റും കായംകുളത്തു വച്ചു അപഹരിക്കപ്പെട്ടു. അപഹരിച്ചവരെ കണ്ടുപിടിക്കാൻ മഹാരാജാവ് നിയോഗിച്ചവർക്കു സാധിക്കാതെ വന്നു. രാജാവ് പിന്നീട് ധൗത്യം ഏൽപ്പിച്ചത് പണിക്കരെ ആയിരുന്നു. അദ്ദേഹം നഷ്ടപ്പെട്ടവ വീണ്ടെടുത്ത് നൽകി. അതിന്റെ പേരിൽ വേലായുധ പണിക്കർക്ക് രാജാവ് വീര ശൃംഖല നൽകി ആദരിച്ചു. അതുകൊണ്ട് തന്നെ പണിക്കരെ എങ്ങനെയും ഇല്ലാതാക്കണം എന്ന് വിചാരിച്ചിരുന്നവർക്കു രാജാവിനെയും മറ്റും സ്വാധീനിച്ചു എന്തെങ്കിലും ചെയ്യാമെന്നുള്ളത് പ്രതീക്ഷ ഇല്ലാതാക്കി. ഒടുക്കം ചതിച്ചു കൊല്ലുവാൻ തന്നെ തീരുമാനിച്ചു.

ഒരു കേസിന്റെ ആവശ്യത്തിന് കൊല്ലത്തേക്ക് സ്വന്തം ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു വേലായുധ പണിക്കർ. അർദ്ധരാത്രിയിൽ കായംകുളം കായലിൽ എത്തിയ ബോട്ടിനരികിൽ ഒരു തണ്ടു വള്ളത്തിൽ കുറച്ചുപേർ എത്തി ചേർന്നു. അത്യാവശ്യമായി പണിക്കരെ കാണണം എന്ന് തുഴക്കാരോട് ആവശ്യപ്പെട്ടു ബോട്ടു നിർത്തിച്ചു. പണിക്കരും മറ്റു അനുയായികളും ഉറക്കത്തിലായിരുന്നു. വന്ന ആളെ വിശ്വസിച്ചു തുഴക്കാരൻ ബോട്ടിനകത്തു പ്രവേശിപ്പിച്ചു. ഏതാനും നാൾ മുൻപ് മുസ്ലീം മതം സ്വീകരിച്ച കിട്ടൻ എന്ന യുവാവായിരുന്നു അത്. പണിക്കരോട് വിരോധം ഉള്ളവർ വിലയ്‌ക്കെടുത്ത വാടക കൊലയാളി. ഉറക്കത്തിലായിരുന്ന പണിക്കരെ കത്തികൊണ്ട് ആഞ്ഞു കുത്തി കൊലപ്പെടുത്തി തൽക്ഷണം തന്നെ കിട്ടൻ കായലിൽ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. 1874 ജനുവരി 3നു ആ പുരുഷ കേസരി രക്തസാക്ഷിയായി. കൊലയാളി നാട്ടിൽ തിരിച്ചു വന്നില്ല. കൊല്ലം ഡിവിഷനിൽ പേഷ്കാർ രാമൻ നായർ കേസ്‌ രജിസ്റ്റർ ചെയ്തു വിചാരണ നടത്തിയെങ്കിലും പ്രതികളെ കണ്ടു കിട്ടാത്തതുകൊണ്ട് ആരും ശിക്ഷിക്കപ്പെട്ടില്ല.

രവി ശങ്കർ

 1,184 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo