ആധുനിക വൈദ്യശാസ്ത്രത്തിന് എല്ലാ രോഗങ്ങളും പരിഹരിക്കാനാവുമോ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സ്ഥിരം ചോദ്യമാണ്. ഇല്ല എന്ന് തന്നെയാണ് ഉത്തരം. ചില രോഗങ്ങളുടെ കാര്യത്തില്‍ രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനം പോലും ഉണ്ടായിക്കൊള്ളണമെന്നില്ല.
9 വയസ്സുള്ള ജോസഫ് മെയ്സ്റ്റര്‍ എന്ന ബാലന് റാബീസ് ഇഞ്ചക്ഷന് എടുക്കുമ്പോള്‍ ശാസ്ത്രത്തിലുള്ള ‘ട്രസ്റ്റ്’ മാത്രമായിരുന്നു ലൂയി പാസ്ച്ചറുടെ കൈമുതല്‍. അന്ന് പാസ്ചര്‍ എടുത്തത് നൂറു ശതമാനം റിസ്ക് ആണ്. ജോസഫിന് അപകടം സംഭവിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ശിഷ്ട ജീവിതം പാസ്ച്ചര്‍ ജയിലില്‍ കഴിയേണ്ടി വന്നേനെ. ഒരു കെമിസ്റ്റ് ആയിരുന്ന പാസ്ചര്‍ ഫിസിഷ്യന്‍റെ ജോലി ചെയ്യുന്നത് നിയമവിരുദ്ധമായിരുന്നു.

പറക്കുമ്പോള്‍ ഒരു സമയത്ത് ഒരാള്‍ മാത്രമേ വിമാനത്തില്‍ പോകാവൂ എന്നായിരുന്നു റൈറ്റ് സഹോദരന്മാരോടുള്ള അവരുടെ അച്ഛന്‍റെ അഭ്യര്‍ത്ഥന. ഒരു മിലിറ്ററി ക്യാപ്റ്റന്‍ അടക്കം അവരോടൊപ്പം പറന്ന 11 പേര്‍ മരണപ്പെട്ടിട്ടുമുണ്ട്. ആകാശ പരീക്ഷണങ്ങളില്‍ റൈറ്റ് സഹോദരര്‍ക്ക് പലവട്ടം അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പക്ഷെ 45 ആം വയസ്സില്‍ വില്‍ബര്‍ റൈറ്റ് ടെഫോയിഡിന് കീഴടങ്ങി. 1912 ല്‍. അന്ന് ടൈഫോയിഡ് പിടിപെട്ടാല്‍ 20 ശതമാനം വരെ ആളുകള്‍ മരണപ്പെട്ടിരുന്നു. ഇന്നത് ഒരു ശതമാനമാണ്.

ഒട്ടും സാധ്യതയില്ലാത്തിടത്ത് ഒരു ശതമാനം പോലും വലുതാണല്ലോ. അങ്ങനെ മുന്നേറിയിട്ടാണ് ഇന്ന് പല സാഹചര്യങ്ങളിലും 100 ശതമാനം മനുഷ്യരെയും രക്ഷപ്പെടുത്താന്‍ കഴിയുന്നത്. ആധുനിക വൈദ്യ ശാസ്ത്രത്തില്‍ പൊതുവെ തത്വങ്ങളെക്കാള്‍ അധികം കണ്ടെത്തലുകളാണ്. അവയില്‍ ഭൂരിപക്ഷവും അവരുടേതല്ല താനും. ഫിസിക്സ്, കെമിസ്ടി, ജീവശാസ്ത്രം എന്നീ ഭൌതീക ശാസ്ത്രങ്ങളുടെും അവയുടെ നൂറു കണക്കായ ഉപശാഖകളുടെയും തത്വങ്ങളോ കണ്ടെത്തലുകളോ രോഗചികിത്സക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. ഗണിത രീതികളും ആധുനിക വൈദ്യശാസ്ത്രം വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. നിരന്തരം തിരുത്തപ്പെടുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ ഏറ്റവും വലിയ മികവ് ആര്‍ട്ടിമീസിയ എന്ന ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആര്‍ട്ടിമൈസിന്‍ എന്ന രാസവസ്തു മലേറിയ രോഗത്തിന് ഫലപ്രദമാണെന്നത് ഇത്തരത്തിലുള്ള ഒരു കണ്ടെത്തലാണ്. അതിനാണ് ‘റ്റുയുയു’ എന്ന ചൈനീസ് സയന്‍റിസ്റ്റിന് 2015 ല്‍ നോബല്‍ സമ്മാനം ലഭിച്ചത്. ഒരു ഗവേഷക സംഘം ചൈനീസ് പാരമ്പര്യവൈദ്യത്തിലെ നൂറുകണക്കിന് ഔഷധ ചേരുവകളില്‍ “ആധുനിക ശാസ്ത്രത്തിന്‍റെ രീതി” അനുസരിച്ച് നടത്തിയ സുദീര്‍ഘമായ പരിശോധനകളുടെയും പഠനങ്ങളുടെയും ഫലമായിരുന്നു ഇത്.

ഇന്നും ഇത് ചെയ്യുന്നില്ല എന്നതാണ് മറ്റ് വൈദ്യശാഖകളുടെ ഏറ്റവും വലിയ പരിമിതിയും. രോഗനിര്‍ണ്ണയത്തിന് ആധുനിക ശാസ്ത്രത്തിന്‍റെ രീതികള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ടെങ്കിലും രോഗ ചികിത്സയില്‍ സമാന്തരവൈദ്യങ്ങള്‍ ആധുനിക ശാസ്ത്രത്തെ മൊത്തമായി പടിക്കു പുറത്തു നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടാണല്ലോ അവക്ക് “Alternative/സമാന്തരം” ആയി നിലനില്‍ക്കാന്‍ കഴിയുന്നത്.

ആകാശത്തിലുള്ള ഗോളങ്ങളാണ് മനുഷ്യന്‍റെ വിധി നിര്‍ണ്ണയിക്കുന്നത് എന്നത് ഒരു സിദ്ധാന്തമാണ്. ഇതിനുമേലാണ് ജ്യോതിഷം എന്ന ജ്ഞാനപദ്ധതി നിര്‍മ്മിച്ചിട്ടുള്ളത്. ഈ തത്വം ഇന്നുവരെ ആരെങ്കിലും പരീക്ഷിക്കുകയോ തെളിയിക്കുകയോ വിശദീകരിക്കുകയോ ചെയ്തതായി അറിയില്ല.

ജീവശക്തിയാണ് മനുഷ്യശരീരത്തെ ആരോഗ്യപൂര്‍ണ്ണമായി നിലനിര്‍ത്തുന്നത്, സിമിലിയ സിമിലിബസ് കുറാന്തര്‍, ഒരു വസ്തു നേര്‍പ്പിക്കുമ്പോള്‍ രോഗം ഉണ്ടാക്കാനുള്ള അതിന്‍റെ ശേഷി ഇല്ലാതാവുകയും രോഗം ഭേദപ്പെടുത്താനുള്ള ശേഷി വര്‍ധിക്കുകയും ചെയ്യും തുടങ്ങിയ തത്വങ്ങളില്‍ അധിഷ്ടിതമാണ് ഹോമിയോപതി ആയുര്‍വേദമാകട്ടെ ത്രിദോഷം, പഞ്ചഭൂതം, പഞ്ചേന്ദ്രിയങ്ങള്‍ തുടങ്ങിയ സിദ്ധാന്തങ്ങളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നു.
ഈ തത്വങ്ങളൊന്നും തന്നെ ആധുനിക ശാസ്ത്രത്തിന്‍റെ രീതിയനുസരിച്ച് പരിശോധിക്കാനോ തെളിയിക്കാനോ വിശദീകരിക്കാന്‍ പോലുമോ കഴിയുന്നവയല്ല.
അഞ്ച് ഇന്ദ്രിയങ്ങളുടെ കാലമൊക്കെ എന്നേ കഴിഞ്ഞു. അവയുടെ എണ്ണം 2 ഡസന്‍ എത്താനായിട്ടുണ്ട്. ആകാശവും ഭൂമിയും അഗ്നിയും ജലവും ഒന്നുമല്ല പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ഘടകങ്ങള്‍ എന്ന് ഇന്നെല്ലാവര്‍ക്കും അറിയാം.

തെളിയിക്കുക എന്ന് പറഞ്ഞാല്‍ ആധുനിക ശാസ്ത്രത്തിന്‍റെ രീതി ഉപയോഗിച്ച് പരിശോധിച്ചു ശരിയാണെന്ന് ബോധ്യപ്പെടുക എന്നാണ്. ഒരു കാര്യം ശരിയാണോ എന്ന് പരിശോധിക്കാന്‍ അതല്ലാതെ രണ്ടു മാര്‍ഗങ്ങളെ ഉള്ളു. ഒന്നുകില്‍ കണ്ണുമടച്ച് വിശ്വസിക്കുക അല്ലെങ്കില്‍ “കാകതാലീയ ന്യായം” ഉപയോഗിക്കുക…. പനമ്പഴം വീണത് കാക്ക വന്നിരുന്നതുകൊണ്ടാണെന്നും അത് പഴുത്തതുകൊണ്ടല്ല എന്നും പറഞ്ഞ് പറഞ്ഞ് സമര്‍ത്ഥിക്കുക.

വിക്കിപീഡിയയില്‍ 200 ഓളം സമാന്തര ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവയൊക്കെ തെളിവുകളോ, പരിശോധനാ സാധ്യതയോ (Falsifiability) ആവര്‍ത്തനക്ഷമതയോ ( Repeatability) ഇല്ലാത്ത ഏതെങ്കിലും തത്വങ്ങളില്‍ അധിഷ്ടിതമാണ്. ബയോളജിക്കലി പ്ലാസിബിള്‍ അല്ലാത്തതും ടെസ്റ്റ് ചെയ്തിട്ടില്ലാത്തവയും, ടെസ്റ്റ് ചെയ്യാന്‍ പറ്റാത്തവയും എന്നാണ് വിക്കിപീഡിയ ഇവയെ വിശേഷിപ്പിക്കുന്നത്.
ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക സൌകര്യങ്ങളും ആധുനിക ശാസ്ത്രത്തിന്‍റെ രീതിശാസ്ത്രം ഉപയോഗിച്ച് കര്‍ശനമായ പരിശോധനകള്‍ക്കു വിധേയമായി നിര്‍മ്മിച്ചിട്ടുള്ളതാണ്.

അതുകൊണ്ടാണ് വിമാന അപകടമോ, തീവണ്ടി അപകടമോ, വാഹനാപകടങ്ങളോ സംഭവിക്കുമ്പോഴും വ്യാവസായിക ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും, ബഹിരാകാശ ദൌത്യങ്ങള്‍ പരാജയപ്പെടുമ്പോഴും, ആധുനിക വൈദ്യത്തിന്‍റെ പ്രയോഗത്തില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോഴും ഒക്കെ കര്‍ശനവും ശാസ്ത്രീയവും ആയ അന്വേഷണങ്ങള്‍ നടത്തുന്നത്. ഈ പരിശോധനയുടെ ഫലമായാണ് ആധുനീക ശാസ്ത്രം നാള്‍ക്കുനാള്‍ മെച്ചപ്പെടുന്നത്.

നൂറുകണക്കിന് ബഹിരാകാശ ദൌത്യങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. അനവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. പക്ഷെ പൊതുവെ വിജയിച്ചവയുടെ കഥകള്‍ മാത്രമേ നാം കേള്‍ക്കുന്നുള്ളു. ശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ ഇത്തരം പരാജയങ്ങള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട്. അവയായിരിക്കും വിജയങ്ങളെക്കാള്‍ കൂടുതല്‍.

ബന്ധപ്പെട്ടവര്‍ ശാസ്ത്രം നിഷ്കര്‍ഷിച്ച രീതി കര്‍ശനമായി പിന്‍പറ്റിയിട്ടുണ്ടോ എന്നും അവര്‍ക്കാര്‍ക്കെങ്കിലും അതില്‍ പിഴവുകള്‍ പറ്റിയിട്ടുണ്ടോ എന്നും വീഴ്ചകള്‍ വരുത്തിയിട്ടുണ്ടോ എന്നുമൊക്കെ പരിശോധിക്കാന്‍ കഴിയും. മനപൂര്‍വ്വമായ തെറ്റുകളോ, അലംഭാവമോ സംഭവിച്ചിട്ടുണ്ടെങ്കില്‍ കണ്ടെത്താനും കഴിയും.
ചലഞ്ചര്‍ ദൌത്യം പരാജയപ്പെട്ടതിന് കാരണം ഷട്ടിലിന്‍റെ സോളിഡ് റോക്കറ്റ് ബൂസ്റ്ററില്‍ ഉപയോഗിച്ചിരുന്ന അത്രയൊന്നും പ്രാധാന്യമില്ലാത്ത രണ്ട് O-Ring സീലുകളിലെ പിഴവായിരുന്നു. വിക്ഷേപണ സമയത്ത് ഉണ്ടാകുന്ന ഉയര്‍ന്ന താപത്തെ പ്രതിരോധിക്കാന്‍ വേണ്ടി വിക്ഷേപണത്തറയില്‍ സൃഷ്ടിക്കുന്ന വളരെ താഴ്ന്ന താപനിലയില്‍ ഈ റിങ്ങുകളുടെ ഇലാസ്തികത ചെറിയ അളവില്‍ കുറയുകയും സീലുകള്‍ പ്രവര്‍ത്തനക്ഷമമാകാതെ ഇരിക്കുകയും ചെയ്തു.

നൂറുകണക്കിന് ബഹിരാകാശ ദൌത്യങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. അനവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. പക്ഷെ പൊതുവെ വിജയിച്ചവയുടെ കഥകള്‍ മാത്രമേ നാം കേള്‍ക്കുന്നുള്ളു. ശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ ഇത്തരം പരാജയങ്ങള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട്. അവയായിരിക്കും വിജയങ്ങളെക്കാള്‍ കൂടുതല്‍.

ആധുനിക വൈദ്യശാസ്ത്രം ഉപയോഗിച്ചുള്ള ചികിത്സയില്‍ ഒരു രോഗി മരണപ്പെട്ടാല്‍ അവിടെ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഇന്ന് സാധ്യമാണ്.
എന്നാല്‍ ഹൃദയമോ, കരളോ ഒക്കെ മാറ്റിവെക്കുമ്പോഴുണ്ടാകുന്ന അപകടത്തെയും പരാജയത്തെയും ഇങ്ങനെ തന്നെ കാണാനാവില്ല. കാരണം അവിടെ വിജയസാധ്യത കുറവാണ്. അപ്രതീക്ഷിതമായ കോംപ്ലിക്കേഷനുകളും സംഭവിക്കാം. ഹൃദയം മാറ്റിവെക്കലില്‍ ഒരു വര്‍ഷത്തിലേറെയുള്ള അതിജീവനത്തിന്‍റെ നിരക്ക് 90 ശതമാനം വരെയും മൂന്നു വര്‍ഷത്തിലേറെയുള്ളത് 75 ശതമാനം വരെയും ആണെന്നാണ് ഇപ്പോഴത്തെ മതിപ്പ്.

ഒരു കാലത്ത് പ്രസവത്തോട് അനുബന്ധിച്ചുണ്ടാകുന്ന മരണങ്ങളും ഉയര്‍ന്ന് നിരക്കില്‍ ആയിരുന്നു. ഇന്നു പക്ഷെ പ്രസവസംബന്ധമായുണ്ടാകുന്ന മരണത്തെ ഒരു വീഴ്ചയായാണ് പൊതുവെ കാണുന്നത്. ചികിത്സാ പിഴവുമൂലം മരണം സംഭവിച്ചു എന്നുതന്നെയാവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക. പിഴവു പറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താനാവും എന്ന വസ്തുത അവര്‍ക്ക് പ്രശ്നമല്ല.

2017 ല്‍ ഒരു ലക്ഷം പ്രസവങ്ങളി‍ല്‍ 211 മാതൃമരണങ്ങളാണ് ലോകത്ത് സംഭവിച്ചിരുന്നത്. ഇന്ത്യയില്‍ ഇത് 113 ആയിരുന്നു. കേരളത്തില്‍ ഒരു ലക്ഷത്തിന് 30 ഉം. 1990 ല്‍ ലോക ശരാശരി 385 ആയിരുന്നു. 1935 കാലത്ത് ബ്രിട്ടനില്‍ ഇത് 400 നും 500 നും ഇടയിലായിരുന്നു.
ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യ മുംതസ് മഹല്‍ മരണപ്പെടുന്നത് പ്രസവത്തോട് അനുബന്ധിച്ചാണ്. അവരുടെ 38 ആമത്തെ വയസ്സില്‍, 14 ആമത്തെ പ്രസവത്തില്‍.

അതിവിദൂരമല്ലാത്ത ഭാവിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശാസ്ത്രക്രിയ പരാജയപ്പെടുമ്പോഴും ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ആശുപത്രി ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.


ഏലിയാസ് കെ.പി.

ശാസ്ത്ര ലേഖകൻ

 2,218 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo