പ്രപഞ്ചത്തിന്റെ അതിരുകൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ദൃശ്യപ്രപഞ്ചത്തിന്റെ വലുപ്പം നാം കരുതിയിരുന്നതിലും കുറവാണ്. ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാർധം മുൻപ് കണക്കുകൂട്ടിയതിലും 0.7 ശതമാനം കുറവാണ്. പുതിയ കണക്കുകൂട്ടലനുസരിച്ച് ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാർധം 45.34 ബില്യണ്‍ (4534 കോടി) പ്രകാശവർഷമാണ്. ഇതിനു മുൻപുള്ള കണക്കുകൂട്ടലില്‍ നിന്നും 32 കോടി പ്രകാശവർഷം കുറവാണിത്. അങ്ങനെ വരുമ്പോള്‍ ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസം 90.68 ബില്യണ്‍ പ്രകാശവർഷം ആണെന്ന് തിരുത്തി വായിക്കേണ്ടിവരും.

എന്താണ് ദൃശ്യപ്രപഞ്ചം?

മഹാവിസ്‌ഫോടന സിദ്ധാന്തമനുസരിച്ച് പ്രപഞ്ചവികാസം ആരംഭിച്ചതുമുതല്‍ ഇപ്പോള്‍ വരെയുള്ള സമയംകൊണ്ട് പ്രകാശത്തിന് കടന്നെത്താന്‍ കഴിയുന്ന ദൂരപരിധിയില്‍ സ്ഥിതി ചെയ്യുന്നതും ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ കഴിയുന്ന താരാപഥങ്ങളും മറ്റ് ദ്രവ്യങ്ങളുമുൾപ്പെടുന്ന പ്രപഞ്ചത്തിന്റെ ഭാഗമാണ് ദൃശ്യപ്രപഞ്ചം. പ്രപഞ്ചത്തിന്റെ വിതരണം എല്ലാ ദിശയിലും ഒരേ തരത്തിലാണെന്ന് പരിഗണിച്ചാല്‍ ദൃശ്യപ്രപഞ്ചത്തിന്റെ അതിരുകളിലേക്ക് എല്ലാ ദിശയിലും ഒരേ ദൂരമായിരിക്കും. അതായത് ദൃശ്യപ്രപഞ്ചം ഗോളാകാരവും അതിന്റെ കേന്ദ്രം നിരീക്ഷകനുമായിരിക്കും. പ്രപഞ്ചത്തിന്റെ മൊത്തം ആകൃതി ഗോളമോ മറ്റെന്തെങ്കിലുമോ ആയിരിക്കാം. നിരീക്ഷകനെ ആധാരമായി പറയുമ്പോള്‍ ഗോളാകാരമായ ഒരു പരിധിക്കുള്ളിലെ പ്രകാശത്തിനാണ് നിരീക്ഷകന്റെ സമീപം എത്തിച്ചേരാനുള്ള സമയം ലഭിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ ഓരോ സ്ഥാനത്തിനും അതിന്റേതായ ദൃശ്യപരിധിയുണ്ടായിരിക്കും. അവ പരസ്പരം ഉള്ളടക്കങ്ങളെ പങ്കുവയ്ക്കുന്നവയോ അല്ലാത്തവയോ ആകാം.

പ്രപഞ്ചത്തിലുള്ള വസ്തുക്കളില്‍ നിന്ന് തത്വത്തിലെങ്കിലും പ്രകാശം ഭൂമിയിലെത്തിച്ചേരാന്‍ കഴിയുന്ന മേഖലയെയാണ് ദൃശ്യപ്രപഞ്ചം എന്നതുകൊണ്ട് അർഥമാക്കുന്നത്. യഥാർത്ഥത്തില്‍ വസ്തുക്കളില്‍ നിന്നുള്ള പ്രകാശം വിസരണം വഴി പൂർണമായും വ്യതിചലിക്കാതെ ഭൂമിയിലെത്തിയെങ്കില്‍ മാത്രമേ ആ വസ്തു ദൃശ്യമാകൂ. അതുകൊണ്ട് ദൃശ്യപ്രപഞ്ചം എന്ന വാക്കിനേക്കാള്‍ അനുയോജ്യം നിരീക്ഷണയോഗ്യ പ്രപഞ്ചം എന്നു പറയുന്നതാണ്. മഹാവിസ്‌ഫോടനത്തേത്തുടര്ന്ന് 3,80,000 വര്ഷങ്ങള്‍ ശൈശവ പ്രപഞ്ചത്തില്‍ പ്ലാസ്മ നിറഞ്ഞുനിന്നിരുന്നു. അതാര്യമായ പ്ലാസ്മയില്‍ കൂടി പ്രകാശത്തിന് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ന്യൂട്രിനോകള്‍ വഴിയാണ് ഈ കാലഘട്ടത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഭാവിയില്‍ ഈ അവസ്ഥയും ദൃശ്യമായേക്കാം. ചിലപ്പോള്‍ ദൃശ്യപ്രപഞ്ചവും, നിരീക്ഷണയോഗ്യ പ്രപഞ്ചവും വേർതിരിച്ച് സൂചിപ്പിക്കാറുണ്ട്. അവസാനത്തെ വിസരണമായ പ്രപഞ്ചത്തിന്റെ അവസ്ഥ മുതലുള്ള വികിരണങ്ങളുടെ സഞ്ചാരദൈര്ഘ്യമാണ് ദൃശ്യപ്രപഞ്ചത്തിന്. എന്നാല്‍ നിരീക്ഷയോഗ്യ പ്രപഞ്ചം പ്രപഞ്ചവികാസം ആരംഭിച്ചതു മുതലുള്ള പ്രകാശവികിരണങ്ങളെ ഉൾക്കൊള്ളുന്നതാണ്. നിർവചനമനുസരിച്ച് നിരീക്ഷണയോഗ്യ പ്രപഞ്ചത്തിന്റെ വ്യാസാർധം ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാർധത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണെന്ന് പറയാം.

ദൃശ്യപ്രപഞ്ചത്തിന്റെ അളവുകള്‍

ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസം മീറ്റര്‍ സ്‌കെയിലില്‍ അടയാളപ്പെടുത്തിയാല്‍ 8.8×10^26 മീറ്ററാണ്. വ്യാപ്തം 4×10^80 ഘനമീറ്ററും. പ്രപഞ്ചത്തിന്റെ പിണ്ഡത്തേക്കുറിച്ചും ഏകദേശം ധാരണയുണ്ട്. ഗാലക്‌സികളും, നക്ഷത്രാന്തര മാധ്യമവും, നെബുലകളും, വാതക പടലങ്ങളുമെല്ലാമടങ്ങുന്ന സാധാരണ ദ്രവ്യത്തിന്റെ പിണ്ഡം 10^53 കിലോഗ്രാമാണ്. എന്നാല്‍ സാധാരണ ദ്രവ്യത്തിന്റെ ആറ് മടങ്ങ് അധികമുള്ള ശ്യാമദ്രവ്യത്തിന്റെ പിണ്ഡം കണക്കുകൂട്ടിയിട്ടില്ല. പ്രപഞ്ചത്തിന്റെ സാന്ദ്രത ഘനസെന്റിമീറ്ററിന് 9.9×10^-30 ഗ്രാം ആണ്. ശരാശരി താപനില 2.725 കെൽവിനാണ് (-270 ഡിഗ്രി സെൽഷ്യസ്). ദൃശ്യപ്രപഞ്ചത്തിലെ ആകെ ആറ്റങ്ങളുടെ എണ്ണം 10^85 ആണെന്നാണ് കണക്കാക്കുന്നത്. പ്രപഞ്ചത്തിന്റെ ഘടകങ്ങള്‍ പരിശോധിച്ചാല്‍ 68.3 ശതമാനം ഡാര്ക്ക് എനർജി എന്ന ഋണമർദവും, 26.8 ശതമാനം ഡാര്ക്ക് മാറ്റര്‍ എന്ന അദൃശ്യ ദ്രവ്യവും, 4.9 ശതമാനം ബേര്യോണിക് ദ്രവ്യവുമാണ്. ഏറ്റവും പുതിയ കണക്കുകൂട്ടലുകള്‍ അനുസരിച്ച് പ്രപഞ്ചത്തിന്റെ പ്രായം 13.82 +_ 3 ബില്യണ്‍ വർഷമാണ്.

ഏതാണ് ദൃശ്യപ്രപഞ്ചത്തിലെ ഏറ്റവും അകലെയുള്ള വസ്തു?

2011 ജനുവരിയില്‍ സ്ഥിരീകരിച്ച UDFj – 39546284 എന്ന താരാപഥമാണ് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അകലെയുള്ള വസ്തു. 2009 ല്‍ കണ്ടെത്തിയ GRB 090423 എന്ന ഗാമാ റേ ബർസ്റ്റിന്റെ ചുമപ്പു നീക്കം 8.2 ആണ്. പ്രപഞ്ചോല്പത്തിക്കുശേഷം കേവലം 63 കോടി വർഷം കഴിഞ്ഞുണ്ടായ ഒരു സ്‌ഫോടനമായിരുന്നു ഇത്. എല്ലാ മാധ്യമങ്ങളിലും ഈ വാർത്ത പ്രത്യക്ഷപ്പെട്ടിരുന്നു. മഹാവിസ്‌ഫോടനത്തിനു ശേഷം 63 കോടി വർഷങ്ങൾള്‍ കഴിഞ്ഞു സംഭവിച്ചതുകൊണ്ട് ഈ പ്രതിഭാസം ഭൂമിയില്‍ നിന്ന് 13 ബില്യണ്‍ പ്രകാശവർഷം അകലെയാണെന്നാണ് മാധ്യമങ്ങളില്‍ വാര്ത്ത വന്നത്. എന്നാല്‍ വികസിക്കുന്ന പ്രപഞ്ചം എന്ന തത്വം പരിഗണിക്കാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തെറ്റ് സംഭവിച്ചത്. 8.2 എന്ന ചുമപ്പുനീക്കം പ്രദർശിപ്പിക്കുന്ന വസ്തു ഭൂമിയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 30 ബില്യണ്‍ പ്രകാശവർഷമെങ്കിലും അകലെയായിരിക്കും. ആബെല്‍ 2218 ആണ് മറ്റൊരു വിദൂര വസ്തു. ഹബിള്‍ ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയ ഈ താരാപഥം മഹാവിസ്‌ഫോടനത്തിനു ശേഷം 75 കോടി വർഷം കഴിഞ്ഞുണ്ടായതാണ്. 7.1 ചുമപ്പുനീക്കം പ്രദർശിപ്പിക്കുന്ന ഈ ഗാലക്‌സി ഭൂമിയില്‍ നിന്ന് 13 ബില്യണ്‍ പ്രകാശവർഷം അകലെയാണുള്ളത്.

നാം കണക്കുകൂട്ടിയതിലും വേഗതയിലാണ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്.

മഹാവിസ്‌ഫോടനത്തില്‍ കനം കുറഞ്ഞ ദ്രവ്യകണികകള്‍ പ്രകാശവേഗതയില്‍ സഞ്ചരിച്ചിരിക്കണം. ഇങ്ങനെ സഞ്ചരിച്ചിട്ടുള്ള ദ്രവ്യമാണ് നിരീക്ഷണത്തിന് അതിർത്തിയായി നില്ക്കുന്നത്. ഈ അതിർത്തിയെ കണികാ ചക്രവാളം എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഈ സങ്കല്പത്തിന് ഒരു പോരായ്മയുണ്ട്. ഇങ്ങനെ ഒരതിർത്തിയുണ്ടെങ്കില്‍ പ്രപഞ്ചം സ്ഥിരമായിരിക്കും. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നത്. നാം കണക്കുകൂട്ടിയതിലും വേഗതയിലാണ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. അതുകൊണ്ട് കണികാ ചക്രവാളത്തെ പ്രപഞ്ചത്തിന്റെ അതിർത്തിയായി കാണാന്‍ കഴിയില്ല. ദൃശ്യപ്രപഞ്ചത്തിന്റെ അതിർത്തി എന്നു വേണമെങ്കില്‍ പറയാം. നിരീക്ഷകനും ഈ അതിർത്തിയും തമ്മിലുള്ള ദൂരമാണ് പ്ലാങ്ക് ടെലസ്‌ക്കോപ്പിന്റെ സഹായത്തോടെ പുനർനിർണയിച്ചിരിക്കുന്നത്. പ്രപഞ്ചത്തേക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ഈ കണ്ടെത്തലിന് കഴിയുമെന്നാണ് കരുതുന്നത്.

ദൃശ്യപ്രപഞ്ചത്തിന്റെ വലുപ്പത്തേക്കുറിച്ച് നിരവധി കണക്കുകള്‍ മുൻപും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ നിരീക്ഷണ തെളിവുകളെ ആധാരമാക്കിയായിരുന്നില്ല. ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്ധം 13.8 ബില്യണ്‍ പ്രകാശ വര്ഷമമാണ് എന്ന സങ്കല്പമാണ് അതില്‍ പ്രധാനം. ആപേക്ഷികതയുമായി ബന്ധപ്പെടുത്തിയാണ് ഈ വാദം. 13.8 ബില്യണ്‍ വർഷം മുൻപുണ്ടായ പ്രപഞ്ചത്തിന്റെ വ്യാസാർധം 13.8 ബില്യണ്‍ പ്രകാശവർഷം തന്നെ ആയിരിക്കണം. കാരണം പ്രകാശവഗത മറികടക്കാനാവില്ലല്ലോ. എന്നാല്‍ സ്ഥിരവും പരന്നതുമായ ഒരു സ്ഥലകാല ജ്യാമിതിയിലേ ഈ തത്വം പ്രാവർത്തികമാവുകയുള്ളൂ. എന്നാല്‍ സ്‌പേസ് വികസിക്കുന്നതുകൊണ്ട് ഈ നിഗമനം ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല. ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാർധം 15.8 ബില്യണ്‍, 27.6 ബില്യണ്‍, 78 ബില്യണ്‍, 156 ബില്യണ്‍, 180 ബില്യണ്‍ പ്രകാശവർഷങ്ങള്‍ എന്നിങ്ങനെ നിരവധി നിർദേശങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നിരീക്ഷണത്തെളിവുകളുമായി ഒത്തുപോകുന്നില്ല. അതുകൊണ്ടുതന്നെ ശാസ്ത്രലോകം അവയെയും തള്ളിക്കളഞ്ഞു.


സാബു ജോസ്‌

 1,730 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo