ജൂലൈ 20 ദാക്ഷായണി വേലായുധൻ സ്മരണ.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മേൽവസ്ത്രം ധരിച്ച ആദ്യ ദളിത് പെൺകുട്ടി, കൊച്ചിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നു ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ, ഇതേ വിഭാഗത്തിൽ രാജ്യത്തെ ആദ്യമായി ബിരുദം നേടിയ, ഭരണഘടനാനിർമാണ സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും ഏക ദളിത് വനിതയുമായിരുന്നു ദാക്ഷായണി വേലായുധൻ.

ദളിതർക്ക് പൊതുവഴിയിലൂടെ നടക്കാൻ കഴിയാതിരുന്ന കാലത്ത് കടത്തുവഞ്ചിയിൽ കായൽ കടന്നുപോയി പഠിച്ചും, കൊച്ചിയിൽ മാറ് മറച്ചും ചരിത്ര സൃഷ്ടിച്ച ധീരവനിതയായിരുന്നു.

എറണാകുളം ജില്ലയിലെ മുളവുകാട്ട് ജനനം.

എറണാകുളം മഹാരാജാസിൽനിന്നും 1935-ൽ ഒന്നാം ക്ലാസ്സിൽ കെമിസ്ട്രിയിൽ ബിഎസ്സിയും, 1938ൽ മദ്രാസ് സെന്റ് ക്രിസ്റ്റഫർ കോളേജിൽനിന്ന് എൽടിയും പാസായി.

ദളിതയായതിന്റെ പേരിൽമഹാരാജാസിൽ അധ്യാപകരുടെ അവഗണന നേരിട്ട അവർക്ക് സ്കോളർഷിപ്പ് നേടിയിട്ടും ശാസ്ത്രപരീക്ഷണങ്ങൾ കാണിച്ചുകൊടുത്തിരുന്നില്ല. അയിത്ത ജാതിക്കാരിയായതിനാൽ ലാബിലെ പരീക്ഷണങ്ങൾ ദൂരെനിന്ന് നോക്കിനിൽക്കണം. വിദ്യാഭ്യാസയോഗ്യത സവിശേഷമായി പരിഗണിച്ചാണ് ദാക്ഷായണിയെ തൃശൂരിനടുത്ത പെരിങ്ങോട്ടുകര ഹൈസ്കൂളിൽ അധ്യാപികയായി നിയമിച്ചത്. അധ്യാപിക ആയിരുന്നിട്ടും സഹപ്രവർത്തകർ അക്കാലത്ത് അകറ്റിനിർത്തിയിരുന്നു.

1945 ജുലൈ 31ന്, കൊച്ചി നിയമസഭയിലേക്ക് നാമനിർദേശംചെയ്തു. 1946-ൽ ഭരണഘടനാ നിർമാണ സഭയിലേക്ക് പരിഗണിക്കപ്പെട്ടപ്പോൾ പ്രായം 34 ആയിരുന്നു.

1948 നവംബർ 29-ന്, ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്നതിനെ ലക്ഷ്യം വച്ച അനുഛേദം പതിനൊന്നിനെക്കുറിച്ചുള്ള ഭരണഘടനാ സമിതിയിലെ ചർച്ചയിൽ ദാക്ഷായണി തന്റെ വാദമുഖങ്ങൾ നിരത്തുകയുണ്ടായി. പൊതുവിദ്യാഭ്യാസ പരിപാടികളിലൂടെ വിവേചനരഹിതമായ വ്യവസ്ഥകൾ നടപ്പാക്കാൻ ആഹ്വാനം ചെയ്ത ദാക്ഷായണി ജാതി വിവേചനത്തെ അപലപിക്കാനുള്ള പ്രമേയം ഭരണഘടനാ സമിതി അംഗീകരിക്കുകയാണെങ്കിൽ അത് പൊതുസമൂഹത്തിനുള്ള മഹത്തായ സൂചനയാകുമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

1949 നവംബർ 26 ന് ഡോ.ബി ആർ അംബേദ്കർക്കൊപ്പം ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് ഒപ്പുവച്ച 15 വനിതകളിൽ ഒരാളായി.

1946 മുതൽ 1952 വരെ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലും, പ്രൊവിഷണൽ പാർലമെന്റിന്റെ അംഗമായും പ്രവർത്തിച്ചു. പാർലമെന്റിൽ വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും പട്ടികജാതിയിൽപ്പെട്ട ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് പ്രവർത്തിച്ചു.

1971 ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അഞ്ചു സ്ഥാനാർത്ഥികളിൽ അവർ നാലാം സ്ഥാനത്ത് എത്തി. എൽ.ഐ.സിയിൽ ഇൻഫർമേഷൻ ഉദ്യോഗസ്ഥയായി ജോലിനോക്കി ‘മഹിളാജാഗൃതീ പരിഷത്ത്’ എന്ന പേരിൽ ഒരു അഖിലേന്ത്യ ദലിത്‌സംഘടനയുണ്ടാക്കി.

രാജ്യ സഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്ന കെ.കെ. മാധവന്റെ സഹോദരിയാണ്. മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ ഇളയച്ഛനും ആദ്യ പാർലമെന്റിലെ അംഗവുമായിരുന്ന ആർ വേലായുധനായിരുന്നു ഭർത്താവ്. 1940ൽ ഗാന്ധിജിയുടെയും കസ്തൂർബയുടെയും സാന്നിധ്യത്തിൽ ഒരു കുഷ്ഠരോഗിയുടെ കാർമികത്വത്തിൽ ഗാന്ധിജിയുടെ വാർധ ആശ്രമത്തിലായിരുന്നു അവരുടെ വിവാഹം.

 3,622 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo