ജവഹർ ലാൽ നെഹ്‌റു ‘പഥേർ പാഞ്ചലി’ കണ്ടപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് സംഭവിച്ചത്:

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ആധുനിക ഇന്ത്യൻസിനിമയുടെ ഇതിഹാസമാണ് സത്യജിത് റേയുടെ മാസ്റ്റർപീസ് എന്നുപറയാവുന്ന ‘പഥേർ പാഞ്ചലി’.ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ നോവലിനെ ആധാരമാക്കി സത്യജിത് റേ രചിച്ച സിനിമാ മഹാകാവ്യം!

1940ൽ സത്യജിത് റേ ഒരു പരസ്യസ്ഥാപനത്തിൽ ഒഴിവുസമയ ജോലി ചെയ്യുമ്പോഴാണ് പരസ്യക്കമ്പനിയുടെ നിർദ്ദേശം അനുസരിച്ച് പ്രസ്തുത നോവലുമായി ബന്ധപ്പെട്ട് കുട്ടികളുടെ കവർചിത്രം തയ്യാറാക്കാൻ ബന്ദ്യോപാധ്യായയെ സമീപിക്കുന്നത്.

തന്റെ ഉദ്ദേശം അറിയിച്ച റേയോട് നോവലിസ്റ്റ് ആദ്യം ചോദിച്ചത് ”നിങ്ങൾ ആ നോവൽ വായിച്ചിട്ടുണ്ടോ?” എന്നായിരുന്നു.താൻ അത് വായിച്ചിട്ടില്ല എന്ന് പറഞ്ഞ റേയോട് ബന്ദ്യോപാധ്യായ പറഞ്ഞത് ‘എങ്കിൽ അതൊരു ദൈവനിന്ദയാണ്’ എന്നായിരുന്നു.അങ്ങനെയാണ് ‘പഥേർ പാഞ്ചലി’ വായിക്കാൻ റേ പ്രേരിതനാകുന്നത്.ചരിത്രം സൃഷ്‌ടിച്ച ഒരു സിനിമയിലേക്കുള്ള സർഗ്ഗാത്മക ധ്യാനമായിരുന്നു ആ പുസ്തകത്തിന്റെ വായന!

സത്യജിത് റേയുടെ മനസ്സിൽ ‘പഥേർ പാഞ്ചലി’യുടെ സിനിമാ സ്വപ്നങ്ങൾ അനുനിമിഷം വളർന്നു പന്തലിച്ചു.
1950ൽ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ അന്തരിക്കുമ്പോൾ റേ പഥേർ പാഞ്ചാലിക്ക് ഒരു നിർമ്മാതാവിനെ തിരഞ്ഞ് ഓടിനടക്കുകയായിരുന്നു.അന്നോളം ഉണ്ടായിരുന്ന സിനിമാരീതികളിൽ നിന്ന് വ്യത്യസ്‍തമായി സ്റ്റുഡിയോകൾക്ക് പുറത്തേക്ക് സിനിമ ചിത്രീകരിക്കാനായിരുന്നു റേയുടെ ആഗ്രഹം.എന്നാൽ അത് യുക്തിസഹമായി ഒരു നിർമ്മാതാവിനും തോന്നിയില്ല.എന്ന് മാത്രമല്ല സാങ്കേതികമായ കടമ്പകൾ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ കഥകേട്ടവരെല്ലാം പിന്തിരിപ്പിക്കാനും ശ്രമിച്ചു.സർക്കാരിന്റെ ഭാഗത്ത്നിന്നും സഹായത്തിന് ശ്രമിച്ചെങ്കിലും സിനിമയ്ക്ക് നല്കാൻ ഫണ്ട് ഇല്ലെന്നായിരുന്നു പ്രതികരണം.സിനിമയുടെ ഇംഗ്ലീഷ് പേര് ‘The Song of the Little Road’ എന്നാണെന്ന് ചോദിച്ചു മനസ്സിലാക്കിയ അന്നത്തെ ബംഗാൾ മുഖ്യമന്ത്രി വേണമെങ്കിൽ റോഡ് വികസന ഫണ്ടിൽ നിന്ന് തരാമെന്ന് അദ്ദേഹത്തെ പരിഹസിച്ചതായും പറയപ്പെടുന്നു!

ഏതായാലും പിന്നോട്ട് പോകാൻ തയ്യാറാവാഞ്ഞ റേ സിനിമ നിർമ്മിക്കാനുള്ള പണത്തിനുവേണ്ടി തന്റെ വിലപ്പെട്ട പുസ്തകങ്ങളും വസ്തുക്കളും ഭാര്യയുടെ ആഭരണങ്ങളുമൊക്കെ വിറ്റു.ധനസമാഹരണത്തിനൊടുവിൽ രാവും പകലും അദ്ധ്വാനിച്ച് അനവധി പരിമിതികളും വെല്ലുവിളികളും നേരിട്ട് അദ്ദേഹം സിനിമയുടെ ചിത്രീകരണം 1952ൽ ആരംഭിക്കുകയും മൂന്നുവർഷത്തിനൊടുവിൽ സിനിമ റിലീസ് ചെയ്യുകയും ചെയ്തു. ആദ്യത്തെ തണുത്ത പ്രതികരണത്തിനൊടുവിൽ തീയേറ്ററിലേക്ക് ജനം ഇടിച്ചു കയറി.’പഥേർ പാഞ്ചലി’ ബംഗാളിലെങ്ങും പാട്ടായി!

സിനിമയോട് ജനങ്ങൾ കാണിച്ച അനുകൂല പ്രതികരണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സത്യജിത് റേ തന്റെ സിനിമയുമായി ഡൽഹിയിലേക്ക് പോകുകയും പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനു മുന്നിൽ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തു.സിനിമയിൽ ആകൃഷ്ടനായ നെഹ്‌റു അഭിമാന പുളകിതനാകുകയും ‘പഥേർ പാഞ്ചലി’യെ ക്യാൻ ഫിലിം ഫെസ്റ്റിവലിലേക്ക് അയക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയും തന്റെ ലോകസൗഹൃദങ്ങൾ അതിനായി ഉപയോഗിക്കുകയും ചെയ്തു.ഒരു ഇന്ത്യൻ സിനിമയുടെ ലോകവേദിയിലെ പ്രദർശനം എന്ന ചരിത്രപരമായ മുഹൂർത്തമായിരുന്നു അത്.ആ കേളികൊട്ടിന് മുൻപിൽ നിന്നത് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും.’പഥേർ പാഞ്ചലി’ക്ക് അവിടെ ‘ഏറ്റവും മികച്ച മനുഷ്യ കഥാനുഗാഥ’യ്ക്കുള്ള അവാർഡ് ലഭിച്ചത് ഇന്ത്യൻ സിനിമയുടെ അഭിമാനം വാനോളമുയർത്തി.പിന്നെയെല്ലാം ചരിത്രം!

ഏതായാലും പിന്നോട്ട് പോകാൻ തയ്യാറാവാഞ്ഞ റേ സിനിമ നിർമ്മിക്കാനുള്ള പണത്തിനുവേണ്ടി തന്റെ വിലപ്പെട്ട പുസ്തകങ്ങളും വസ്തുക്കളും ഭാര്യയുടെ ആഭരണങ്ങളുമൊക്കെ വിറ്റു.ധനസമാഹരണത്തിനൊടുവിൽ രാവും പകലും അദ്ധ്വാനിച്ച് അനവധി പരിമിതികളും വെല്ലുവിളികളും നേരിട്ട് അദ്ദേഹം സിനിമയുടെ ചിത്രീകരണം 1952ൽ ആരംഭിക്കുകയും മൂന്നുവർഷത്തിനൊടുവിൽ സിനിമ റിലീസ് ചെയ്യുകയും ചെയ്തു.


ഇന്ത്യയ്ക്ക് അകത്തും പുറത്തും എണ്ണമറ്റ പുരസ്കാരങ്ങളും ബഹുമതികളുമാണ് സത്യജിത് റേയ്ക്കും പഥേർ പാഞ്ചലിക്കും കിട്ടിയത് .ബിബിസി തിരഞ്ഞെടുത്ത ലോകത്തെ നൂറു സിനിമകളിൽ ഇടംപിടിച്ച ഒരേയൊരു ഇന്ത്യൻ സിനിമയും പഥേർ പാഞ്ചാലി ആയിരുന്നു.

നെഹ്‌റു ‘പഥേർ പാഞ്ചലി’ എന്ന സിനിമ കാണാനും അതിന്റെ പിന്നിലെ ത്യാഗത്തിന്റെ കഥകൾ അറിയാൻ ഇടവന്നതും ഇന്ത്യൻ സിനിമാ മേഖലയിൽ വലിയ വഴിത്തിരുവളാണ് ഉണ്ടാക്കിയത്.1955ൽ ‘പഥേർ പാഞ്ചലി’ എന്ന സിനിമ കാണുന്നതിനും എത്രയോ മുൻപേ സിനിമയേയും സിനിമാമേഖലയേയും കുറിച്ച് ഗൗരവമായി ചിന്തിച്ച ആളായിരുന്നു നെഹ്‌റു എന്നതും ഓർക്കണം.ആധുനിക ഇന്ത്യയുടെ ശില്പി എന്ന് അടിവരയിട്ട് വിളിക്കാവുന്ന നെഹ്‌റുവിന്റെ ശ്രദ്ധ പതിയാതെപോയ ഒരു മേഖലയും ഉണ്ടായിരുന്നില്ല എന്ന് ചുരുക്കം.

1949ലാണ് ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ Film Enquiry Committee (FEC) എന്നൊരു സമിതി രൂപീകരിച്ചത്. ഇന്ത്യൻ ചലച്ചിത്രലോകത്തിന് സർക്കാറിന്റെ സ്തുത്യർഹമായ പിന്തുണയുടെ തുടക്കമായിരുന്നു അത്.ഓരോ സംസ്ഥാനത്തെയും സിനിമാ വ്യവസായത്തിൽ സർക്കാരിന്റെ അംഗീകാരവും മേൽനോട്ടവും സഹായവും നൽകുന്ന അനവധി നയങ്ങളും മാർഗ്ഗരേഖകളും അതുവഴി ക്രമേണ ആവിഷ്കരിക്കപ്പെട്ടു.സിനിമാലോകത്തിന് സാധാരണക്കാർക്കിടയിൽ കൂടുതൽ പ്രിവിലേജ് കിട്ടാനും ചലച്ചിത്ര ലോകത്ത് ധൈര്യപൂർവ്വം കടന്നുവരാൻ അനവധിപേർക്ക് അത് കരുത്തുമായി.ചലച്ചിത്ര നിർമ്മാണത്തിന് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന Film Finance Corporation (FCC)ഉം ചലച്ചിത്രത്തെക്കുറിച്ച് പഠിക്കാൻ ഐഐടി മാതൃകയിൽ Film and Television Institute of India (FTII)ഉം ഒക്കെ ഉണ്ടാവുന്നത് അവിടെനിന്നാണ്.അതിന് ചുക്കാൻ പിടിച്ച നെഹ്‌റു എന്ന മനുഷ്യനെ ആർക്ക് മറക്കാനാവും.

പഥേർ പാഞ്ചലി ഇന്ത്യൻ സിനിമയ്ക്കും സിനിമയ്ക്ക്വേണ്ടി പ്രവർത്തിക്കാൻ സർക്കാരിനും നൽകിയ പ്രചോദനം വാക്കുകൾക്ക് അതീതമാണ്.
1955ൽ ഇന്ത്യയിൽ ആദ്യമായി ആറുദിവസത്തെ ചലച്ചിത്ര സെമിനാർ സംഘടിപ്പിച്ചുകൊണ്ട് സിനിമാ മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും സാദ്ധ്യതകളും പരിശീലനങ്ങളും ഒക്കെ ചർച്ച ചെയ്യുന്ന വിപുലമായ പരിപാടിക്ക് തുടക്കമിട്ടതും നെഹ്റുവാണ്.അതിനും മൂന്നുവര്ഷങ്ങള്ക്ക് മുൻപ് നെഹ്‌റുവിന്റെ നേതൃത്വത്തിൽ 1952ൽ ഇന്ത്യയിൽ ആദ്യമായി ലോകചലച്ചിത്ര പ്രദർശനം നടത്തിയതും പുതിയ ചരിത്രമായിരുന്നു.
വിഖ്യാതരായ അനവധി ലോകസിനിമാ പ്രവർത്തകരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ഇന്ത്യൻ സിനിമയ്ക്കും അതിനുവേണ്ടി സർക്കാർ രൂപംകൊടുത്ത സമിതികൾക്കും നയപരവും സാങ്കേതികവുമായ നിർദേശങ്ങളും സഹായങ്ങളും ചെയ്യാനും നെഹ്‌റുവിന്റെ അനിഷേധ്യമായ ഇടപെടൽ ഇന്ത്യൻ സിനിമയുടെ വികാസചക്രവാളങ്ങളിലെ പ്രകാശമായിരുന്നു.1955ൽ നെഹ്‌റുവിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് സിനിമാ പണ്ഡിതയായിരുന്ന മാരി സ്റ്റോണിന്റെ ഇടപെടലുകൾ ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് പുതിയ ദിശാവേഗം നല്കാൻ സഹായകമായി എന്നത് അതിന്റെ ചെറിയൊരു ഉദാഹരണം മാത്രം.

മുതിർന്നവരുടെ ചലച്ചിത്രങ്ങളെക്കുറിച്ച് മാത്രമല്ല,ഇന്ത്യയിൽ ആദ്യമായി കുട്ടികൾക്ക് വേണ്ടി ചലച്ചിത്രപ്രദർശനവും കുട്ടികളുടെ ചിത്രങ്ങൾക്കായി ‘ചിൽഡ്രൻസ് ഫിലിം സൊസൈറ്റി’ രൂപീകരിച്ചതും നെഹ്റുവാണ്.കുട്ടികൾ സ്നേഹത്തോടെ വിളിച്ച അവരുടെ ചാച്ചാജി.കുട്ടികളുടെ മാനസിക വികാസത്തെ വിജ്ഞാനപ്രദമായ ചലച്ചിത്രങ്ങളിലൂടെ സാദ്ധ്യമാക്കാമെന്ന് അദ്ദേഹം സ്വപ്നം കാണുകയും അതിന് മുൻകൈ എടുത്ത് പ്രവർത്തിക്കുകയും ചെയ്തു.ചുരുക്കത്തിൽ ഇന്ത്യയുടെ ചലച്ചിത്ര ലോകം നെഹ്‌റുവിന്റെ സംഭവനകളോട് എന്നും കടപ്പെട്ടിരിക്കുന്നു.അദ്ദേഹത്തിന് സിനിമയെക്കുറിച്ചുള്ള സങ്കല്പം സാമൂഹികമനസ്സിനെ നവീകരിക്കാനും ജനാധിപത്യത്തോടും മതേതരത്വത്തോടും ചേർന്നുനിൽക്കാൻ സമൂഹത്തിന് സന്ദേശം നല്കാൻ കഴിയുന്ന ഒരു മാദ്ധ്യമം എന്ന നിലയ്ക്ക് കൂടിയായിരുന്നു.

മേല്പറഞ്ഞതെല്ലാം ഒരു ഭരണാധികാരി ചെയ്യേണ്ടത് മാത്രമല്ലേ എന്ന് നമുക്ക് ഇന്ന് വെറുതെ ചോദിക്കാം.പക്ഷെ അദ്ദേഹം തുടങ്ങിയത് വെറും പൂജ്യത്തിൽ നിന്നായിരുന്നു.ഇന്ത്യയെ അങ്ങനെ പടുത്തുയർത്താൻ അതിന്റെ സമസ്തമേഖലകളെയും കുറിച്ച് സ്വപ്നംകാണാൻ കഴിഞ്ഞ ഒരു പ്രതിഭാശാലിക്ക് മാത്രമേ സാദ്ധ്യമാകൂ.കേംബ്രിഡ്ജ് സർവ്വകലാശാല തങ്ങളുടെ വൈസ് ചാൻസലർ പദവിയിലേക്ക് പരിഗണിച്ച ആ ധിഷണാശാലിയായ ഇൻഡ്യാക്കാരന്റെ പേര് ജവഹർലാൽ നെഹ്‌റു എന്നായിരുന്നു.
1955ലെ ഇന്ത്യയിലെ ആദ്യത്തെ ദേശീയ ചലച്ചിത്ര സെമിനാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് നെഹ്‌റു പറഞ്ഞത് ഇങ്ങനെയാണ് :

”ഇന്ത്യൻ സിനിമകൾക്ക് മഹത്തായ ഒരു ഭാവി, തിളക്കമാർന്ന ഒരു ഭാവി ഞാൻ കാണുന്നു. അധികം താമസിയാതെ, ലോകമെമ്പാടുമുള്ള വീടുകളിൽ ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അവ നമ്മുടെ രാജ്യത്തിന് പണം മാത്രമല്ല, സൗന്ദര്യത്തിനും നന്മയ്ക്കും സത്യത്തിനും പ്രശസ്തി നേടിക്കൊടുക്കും. ലോകത്തിന്റെ ചലച്ചിത്ര കലയ്ക്ക് ഇന്ത്യ വ്യതിരിക്തമായ സംഭാവന നൽകണം, അത് ചെയ്യും, അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്”

നെഹ്‌റുവിന് സിനിമയെക്കുറിച്ച് എത്ര മനാവികോന്മുഖമായ സങ്കല്പങ്ങളും പ്രതീക്ഷയുമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ ഈ വാക്കുകൾ അടയാളപ്പെടുത്തുന്നു.അതിനോട് ഇന്ത്യൻ ചലച്ചിത്ര ലോകം എന്തുമാത്രം നീതി പുലർത്തിയിട്ടുണ്ടെന്നത് സിനിമാപ്രേക്ഷകർ വിലയിരുത്തട്ടെ!

രജീഷ് പാലവിള

 409 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo