ഇടമറുക് – ഇരുൾ അകറ്റിയ നക്ഷത്രം.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഞാൻ രണരേഖ എന്ന സാംസ്ക്കാരികമാസിക 1978 ലാണ് ആരംഭിക്കുന്നതു്. അന്നു അതിന്റെ കോംപ്ളിമെന്ററി കോപ്പി കേരളത്തിലെ നൂറോളം പ്രമുഖ സാംസ്ക്കാരിക സാഹിത്യ നായകന്മാർക്ക് അയച്ചുകൊടുക്കുകപതിവായിരുന്നു. അക്കൂട്ടത്തിൽ ഒരു കോപ്പി ഇടമറുകിനും അയച്ചിരുന്നു. അന്നു മാസികയിൽ ജാതി ചിന്തക്കും ദൈവ വിശ്വാസങ്ങൾക്കും എതിരായ ലേഖനങ്ങൾ എഴുതുയും അതെ വിഷയത്തിൽ മറ്റുള്ളവരുടെ ലേഖനങ്ങൾ . കൊടുക്കുകയുംചെയ്തിരുന്നു . ആ സമയത്തു ആരോപണങ്ങൾക്ക് മറുപടി എന്ന പേരിൽ സൈക്ലോസ്റ്റയിൽ ചെയ്ത ഒ ലഘുലേഖ എനിക്ക് അദ്ദേഹം അയച്ചു തന്നിരുന്നു. ഞാനന്നു യുക്തിവാദ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ബന്ധപ്പെട്ടവരെ അന്വേഷിക്കുന്ന കാലമായിരുന്നു. ഞങ്ങളുടെ ചങ്ങാത്തം അങ്ങനെ വളരാൻ തുടങ്ങി.

ഇടമറുക് പല പ്രമുഖപ്രസിദ്ധീകരണങ്ങളിലും സ്ഥിരം കോളമായെഴുതിയിരുന്ന ” തീനാളങ്ങൾ ” എന്ന പംക്തി രണരേഖയിൽ ആരംഭിച്ചു. പ്രൊഫഷണൽ ജേർണലിസ്റ്റ് ആയ അദ്ദേഹം പ്രതിഫലം പറ്റാതെയായിരുന്നു എനിക്ക് ലേഖനങ്ങൾ അയച്ചു തന്നിരുന്നതു്. ഈ പംക്തിയിലൂടെ ഇടമറുകിന്റെ പല പ്രധാനപുസ്തകങ്ങളിലെ പല പ്രധാന അദ്ധ്യായങ്ങളും വിവാദമായ പല പ്രധാന ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്തു കൊല്ലത്തു വരുമ്പോൾ ഇടമറുക് ജയിലിലായിരുന്നപ്പോൾ അദ്ദേഹത്തെ സഹായിച്ച സി.പി.ഐയുടെ പാർട്ടി സ്കൂൾ പ്രിൻസിപ്പലും മാർക്സിറ്റ് താത്വികനുമായിരുന്ന വി. ജോർജിനെ കാണാൻ ഇടമറുക് വരുമായിരുന്നു.

അക്കാലത്തു തീരഭൂമി എന്ന വലുതല്ലാത്ത ഒരു ദിനപ്പത്രത്തിന്റെ പത്രാധിപരുടെ ജോലിയിലായിരുന്നു ഞാൻ. അതിന്റെ എഡിറ്റിംഗും കമ്പോസിംഗും പ്രിന്റിംഗും നടത്തിയിരുന്നതു് കോട്ടയത്തു ഒരു പ്രസ്സിൽ വെച്ചായിരുന്നു. പ്രധാന വിതരണം കൊല്ലത്തും കോട്ടയത്തുമായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാനതിൽ നിന്നും രാജിവെച്ചു. വീണ്ടും രണരേഖ തുടങ്ങാൻ തീരുമാനിച്ചു. രണരേഖയുടെ ഉപദേശകസമിതി ചെയർമാനായിരിക്കണമെന്നും ഒരു പംക്തി കൈകാര്യം ചെയ്യണമെന്നും ഞാൻ ഇടമറുകിനോടഭ്യർഥിച്ചു. അദ്ദേഹം അതു് സമ്മതിച്ചു. അതോടെ രണരേഖ പൂർണമായും യുക്തിവാദ മാസികയായി പരിവർത്തനം ചെയ്തു.

എന്റെ അധ്യാപകൻ കൂടിയായിരുന്ന ജോർജ്എന്റെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നതു്. ഇടമറുക് വരുമ്പോൾ ഞാനും ചെല്ലുമായിരുന്നു.പിൽക്കാലത്തു കേരള ശബ്ദത്തിൽ വരുമ്പോൾ സംഘടനാ കാര്യങ്ങൾ സംസാരിക്കാനും മറ്റുമായി അദ്ദേഹം പലവട്ടം എൻറ വീട്ടിൽ വന്നിട്ടുണ്ടു. കേരള ശബ്ദം സ്വതന്ത്ര രാഷ്ട്രീയ വാരികയുടെ ഡൽഹി ബ്യൂറോ ചീഫായിരുന്ന ഇടമറുക്. ശബ്ദത്തിന്റെ ഉടമ ആർ. കൃഷ്ണസ്വാമി റെഡ്യാരായിരുന്നു. റെഡ്യാർ തനി ഈശ്വര ഭക്തനും ഇടമറുക് തനി നിരീശ്വരനും. എങ്കിലും അദ്ദേഹം മരിക്കുന്നത് വരെ ആ നല്ല ബന്ധം തുടർന്നിരുന്നു. റെഡ്യാരുടെ മരണാനന്തരം ശബ്ദത്തിന്റെ ഉടമ മരുമകൻ കൂടിയായ ഡോ.ബി.എ. രാജാകൃഷ്ണനായിരുന്നു അദ്ദേഹവുമായും ഒരു നല്ല ബന്ധമായിരുന്നു ഇടമറുകിനുണ്ടായിരുന്നതു്. ഒരു പ്രത്യേക ഘട്ടത്തിൽ ശബ്ദത്തിന്റെ മൂന്നാം പേജിൽ നിന്നും മാനേജ്മെന്റ്പത്രാധിപന്മാരുടെ പേരുകൾ എടുത്തു മാറ്റിയപ്പോൾ ഡൽഹി ബ്യൂറോ ചീഫായ ഇടമറുകിന്റെ പേരു് മാത്രം നിലനിർത്തിയിരുന്നു.

ഇടമറുകിനെ ശബ്ദം വിശേഷിപ്പിച്ചിരുന്നതു് സാഹസികനായ പത്രപ്രവർത്തകൻ എന്നാ യിരുന്നു. ഒരു കാലത്തു ചമ്പൽക്കാട്ടിലെ കൊള്ളക്കാരിയായ ഫുലാൻ ദേവി
ഏവരുടെയും ഒരുപേടിസ്വപ്നമായിരുന്നു. ആ ഫൂലാന്റെ സംഭവ ബഹുലമായ റിപ്പോർട്ട്‌ സ്ഥലം സന്ദർശിച്ചു തയ്യാറാക്കി ശബ്ദത്തിൽ കൊടുത്തത് ഇടമറുകായിരുന്നു.ബാബ്റി മസ്ജിദ്തകർക്കുമ്പോൾഇടമറുക് സംഭവ സ്ഥലത്തുണ്ടായിരുന്നു. അന്നു ജീവനും കൊണ്ടുരക്ഷപെടാൻകഴിഞ്ഞതു ഇടമറുകിനു താടിയുണ്ടായിരുന്നതു് കൊണ്ടാണെന്നു ഇടമറുക് പറഞ്ഞതായി ഭാരതീയ യുക്തിവാദി സംഘത്തിന്റെ ഒരു ഇടമറുക്അനുസ്മരണസമ്മേളനത്തിൽ ഡോ. ബി.എ.രാജാകൃഷ്ണൻ അഭിപ്രായപ്പെടുന്നു ::യുണ്ടായി. അന്ധവിശ്വാസങ്ങൾക്കും മനുഷ്യദൈവങ്ങൾക്കുംവർഗീയതക്കുമെതിരായ റിപ്പോർട്ടുകളായിരുന്നു ഇടമറുക് കേരള ശബ്ദത്തിൽ തയ്യാറാക്കിയതിൽ ഏറെയും. നായനാരുടെയും ഈയെമ്മസ്സിന്റെയും എ.കെ.ആന്റണിയുടെയും അഭിമുഖങ്ങൾ തയ്യാറാക്കി ഇടമറുക് ശബ്ദത്തിൽ കൊടുത്തിരുന്നു. മരണം വരെ 20 വർഷക്കാലം ഇടമറുക് കേരള ശബ്ദത്തിൽ പ്രവർത്തിച്ചിരുന്നു.

1985ലാണ് കേരള യുക്തിവാദി സംഘം രണ്ടായി മാറുന്നതു്.
വ്യക്തി ജീവിതത്തിൽ മതനിഷേധവും മതസന്ധിയും ഒരുമിച്ചു ആകാമെന്നും,
മതവും marxist രാഷ്ട്രീയവും തമ്മിൽ ബാന്ധവമാകാമെന്നും ഒരൂ കൂട്ടരും പാടില്ലെന്നു മറ്റൊരു കൂട്ടരും വാദിച്ചു. പാടില്ലെന്ന പക്ഷത്തിലായിരുന്നു ഇടമറുക്.

അടുത്ത കാലത്ത് വന്ന ചിലർ ചികിൽസാ രീതിയിലെ ചില അശാസ്ത്രീയതകളെക്കുറിച്ചും മാർക്സിസം മതേതര അന്ധവിശ്വാസമാണെന്നു പറഞ്ഞും ഇതു ഒരു ജ്ഞാനോദയ വിപ്ലവ പ്രഖ്യാപനമാണെണു അവകാശപ്പെട്ടും വന്നിരുന്നു. എന്നാൽ 85 കാലഘട്ടത്തിൽ തന്നെ ഇടമറുക്ഈവിഷയങ്ങൾഅവതരിപ്പിച്ചിരുന്നു. കണ്ണൂർക്കാരൻ പ്രകൃതി ചികിൽസകൻ പ്രൊഫസർ ഉൽപ്പലാഷന്റെ പ്രകൃതി ചികിൽ സാ തട്ടിപ്പുകളും സി.ആർ. വർമ്മയുടെ തട്ടി പ്പുകളുംഇടമറുക് വെളിച്ചത്ത്കൊണ്ടു വന്നിരുന്നു. അതുപോലെ ബ്രഹ്മാനന്ദശിവയോഗിയുടെയും അതു പോലുള്ള യോഗികളുടെയും തട്ടിപ്പക ഇടമറുക് പുറത്തു കൊണ്ടുവന്നിട്ടുണ്ടു 1985 ലെ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ മതത്തിൽ നിന്നും മാർക്സിസത്തിൽ നിന്നും യുക്തിവാദികൾ മുന്നോട്ട് എന്നായിരുന്നു.

അക്കാലത്തു ഇടമറുകും ഈയെമ്മസും തമ്മിലുള്ള സംവാദം പ്രസിദ്ധമായിരുന്നു. രണ്ടു കൂട്ടരും ലേഖനങ്ങളും പുസ്തകളും പരസ്പരംമറുപടികളായിഎഴുതുകയുണ്ടായി
യുക്തിവാദികൾ ഇത്രയും കാലം പ്രവർത്തിച്ചിട്ടും എന്തുകൊണ്ടു കേരളത്തിൽ അധികാരത്തിൽ വന്നില്ല എന്നൊരു ചോദ്യം ഇഎംഎസ് ഇടമറുകിനോടു ഉയർത്തുകയുണ്ടായി. അന്നു ഇടമറുക് ഈയെമ്മസ്സിനോട് തിരിച്ചു ‘ ചോദിച്ചതു് നാരായണഗുരു എന്തു് കൊണ്ടു കേരളത്തിൽ മുഖ്യമന്ത്രി ആയില്ല? എന്നായിരുന്നു.

ഇടമറുക് 170 ൽ പരം ഗ്രന്ഥങ്ങളുടെ കർത്താവാണ്. അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങളാണ് ഖുർ-ആൻ – വിമർശന പഠനം, യുക്തിവാദ രാഷ്ട്രം, കൃസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല , ലോകമതങ്ങളെക്കുറിച്ചള്ള പരമ്പര , കൊടുങ്കാറ്റുയർത്തിയ കാലം തുടങ്ങിയവ.

സാൽമൻ റുഷ്ദി എഴുതിയ സാത്താനിക് വേഴ്സസ്പോലെയാണ് മുസ്ലീം പുരുഷ മേധാവിത്വത്തിനെതിരെ എഴുതിയ തസ്ലിമ നസ്റീന്റെ കഥകളും. രണ്ടും യാഥാർത്ഥ്യവും സങ്കല്ലവും കെട്ടുപിണഞ്ഞ ഡയറക്ട് അല്ലാത്ത കഥകളാണ്. അതു് ഇൻഡയറക്ടായി ആയി പറയുന്ന രചനയായിരുന്നിട്ടും അവർക്ക് രാജ്യം വിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ഇടമറുക് ഖുറാനെ ഡയറക്ടായിവിമർശിച്ചു ഗ്രന്ഥമെഴുതാൻ ധൈര്യം കാണിച്ചതു്.

ക്രിസ്തുവിനെയും കൃഷ്ണനെയും കുറിച്ചുള്ള ഗ്രന്ഥത്തിൽ രണ്ടു കൂട്ടരുടെയും അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു. ബൈബിൾ കഥകൾക്ക മുമ്പുള്ള വൈഷ്ണവ കഥകളിൽ നിന്നാണ് ക്രിസ്തുവിന്റെ ജനനമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. രണ്ടിന്റെയും അടിവേരുകളിൽ ബുദ്ധ പാഠങ്ങൾ കാണുന്നു. ശക്തനായ ചരിത്രകാരനെ നമുക്ക് ഈ ഗ്രന്ഥത്തിൽ കാണാവുന്നതാണ്. യുക്തിവാദ രാഷ്ട്രം. അതൊരു സിദ്ധാന്തമാണ്. നാം യുക്തിവാദം ഒരു ചിന്താപദ്ധതിയായി കാണുമ്പോൾ ഇടമറുക് അതൊരു നവരാഷ്ട്ര നിർമാണത്തിനുള്ള സിദ്ധാന്തമായി രൂപം കൊടുത്തിരിക്കുന്നു.

കൊടുങ്കാറ്റുയർത്തിയ കാലം

യുക്തിവാദി സംഘത്തിന്റെനായകനായിരുന്ന പവനൻ ദീർഘകാലം മുന്നിൽ നിന്നു പ്രവർത്തിച്ചിട്ടും ആത്മകഥ എഴുതിയപ്പോൾ ഒരദ്ധ്യായത്തിൽ നിർത്തിയെങ്കിൽ ഇടമറുകിന്റെ ആത്മകഥ മുഴുവൻ യുക്തിവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ് അഞ്ഞൂറിൽപ്പരം പേജ് വരുന്ന ആ ഗ്രന്ഥം 1970 വരെയുള്ള യുക്തിവാദ പ്രസ്ഥാനത്തിന്റെ ഒരു ചരിത്രം കൂടിയാണ്. അതുപോലെ ശ്രദ്ധേയമായ ഒരു വർക്കാണ് കോവൂരിന്റെ സമ്പൂർണ കൃതികൾ. പ്രൊഫ. എ.ടി. കോവൂർ എഴുതിയ എല്ലാ ലേഖനങ്ങളുടെയും പരിഭാഷ. ഈ ഗ്രന്ഥം കേരളത്തിൽ അനവധി പേരെ യുക്തിവാദത്തിലേക്കു കൊണ്ടുവന്നിട്ടുണ്ടു. കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായിരുന്ന ജനയുഗം വാരികയിലാണ് ഇടമറുക് ഈ കുറിപ്പുകൾ പരിഭാഷ ചെയ്തു കൊടുത്തിരുന്നത്. മിശ്രവിവാഹിതനായ ഇടമറുക് മക്കക്ക് ജാതിയും മതവും ഇല്ലാതെ വളർത്തുകയും മരണാനന്തരം കണ്ണകളും ശരീരവും മെഡിക്കൽ കോളേജിനു ദാനം ചെയ്തു കൊണ്ടു ജീവിതം തന്നെ സന്ദേശമാക്കി മാറ്റുകയും ചെയ്തു.

ഇടമറുകിന്റെ മരണ വാർത്ത അറിഞ്ഞ പ്രധാനപത്രങ്ങൾ ( മനോരമ്മ, മാതൃഭൂമി, കേ കൗമുദി ) പിറ്റേ ദിവസം എഡിറ്റോറിയൽ എഴുതി എന്നതു് അദ്ദേഹത്തിന്റെ സംഭാവന എത്രവലുതായിരുന്നുവെന്ന്ചൂണ്ടിക്കാണിക്കുന്നതാണ്.

ഇടമറുകിന്റെ മരണാനന്തരം ഭാരതീയ യുക്തിവാദിസംഘം കേരളത്തിന്റെ ഇതര ജില്ലകളിൽ വർഷംതോറും അനുസ്മരണ സമ്മേളനങ്ങൾനടത്തുണ്ടു .കഴിഞ്ഞവർഷവും കൊല്ലത്തും കോട്ടയത്തും പയ്യന്നൂരും പ്രമുഖരെപങ്കെടുപ്പിച്ചുനടത്തുകയുണ്ടായി.
അദ്ദേഹത്തിന്റെ ചിന്തകൾ എന്നും സമൂഹത്തിന് വഴി കാട്ടിയായിരിക്കും.

ശ്രീനി പട്ടത്താനം

ജനറൽ സെക്രട്ടറി, ഭാരതീയ യുക്തിവാദി സംഘം

 4,274 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo