ദൈവം പകിട കളിക്കാറില്ല.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ബ്ലാക്ക് ഹോൾസ്.
സംഭവചക്രവാളം.
ഫോട്ടോൺ റിങ്ങ്.
സിംഗുലാരിറ്റി.
ബൗണ്ടറി ഓഫ് നോ റിട്ടേൺ.
ഗ്രാവിറ്റി.
വേം ഹോൾസ്.
ടൈം ട്രാവൽ.
ക്വാണ്ടം പരികല്പന.
ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി.

മുകളിൽ എഴുതിയ ഹെവി വെയ്റ്റ് വാക്കുകൾക്കുള്ള പ്രത്യേകത ഈ വാക്കുകൾ പറയുന്നവനും കേൾക്കുന്നവനും ഇതേപ്പറ്റി വലിയ ധാരണയൊന്നും ഉണ്ടാകണമെന്നില്ല എന്നതാണ്. മറ്റൊരു സവിശേഷത കൂടിയുണ്ട് ഈ വാക്കുകൾക്ക്. ഈ വാക്കുകൾ നിർലോഭം ഉപയോഗിക്കുന്ന ആളുകൾക്ക് ആ വാക്കുകളുടെ ഹെവി വെയ്റ്റ് ചാർത്തി കിട്ടും എന്നതാണ്. കേൾക്കുന്ന ജനം പരസ്പരം പറയും. ഇയാൾ ഭയങ്കര വിവരമുള്ള മനുഷ്യനാണല്ലോ. മലയാളികൾ നിത്യജീവിതത്തിൽ സർവ്വസാധാരണം ഉപയോഗിക്കുന്ന ഫിസിക്സ് പദങ്ങൾ പ്രധാനമായും രണ്ടെണ്ണമാണ്. പോസറ്റീവ് എനർജി. നെഗറ്റീവ് എനർജി. വലിയ അർത്ഥമൊന്നുമില്ലെങ്കിലും എന്താണ് ആ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നതെന്ന് പറയുന്നവനും കേൾക്കുന്നവനും അറിയാം. അത് മതി കമൂണിക്കേഷന് .

ഇത്രക്കും ആമുഖമായി പറയാൻ കാരണം ജൂൺ 19 ന് എറണാകുളത്ത് നടന്ന സജിറ്റേറ്റിയസ് 2022 എന്ന സെമിനാറിലെ ഡോ: സാബു ജോസിൻ്റെ പ്രഭാഷണമാണ്.
ദൈവം പകിട കളിക്കാറില്ല എന്ന ഐൻസ്റ്റീൻ്റെ പ്രസിദ്ധ വാചകത്തെ മുൻനിർത്തി അദ്ദേഹം ഈയിടെ വാർത്തകളിൽ ഇടം പിടിച്ച ബ്ലാക്ക് ഹോളിനെപ്പറ്റി അഭിപ്രായപ്പെടുന്നു ::യായിരുന്നു. സജിറ്റേറിയസ് അഥവാ ധനു നക്ഷത്ര രാശിയിലെ ഭയാനകമായ വലുപ്പമുള്ള ഒരു ബ്ലാക് ഹോളിനെപ്പറ്റി.

അർത്ഥം കൃത്യമായി മനസ്സിലാക്കിയവർ ഫിസിക്സിലെ വാക്കുകൾ പ്രയോഗിക്കുമ്പോൾ അത് കേട്ടിരിക്കുന്നത് ഒരനുഭവമാണ്. ഡോ.സാബു ജോസിൻ്റെ പ്രഭാഷണത്തിൻ്റെ സവിശേഷത അതാണ്. അതു തന്നെയാണ് ശ്രീ.വൈശാഖൻ തമ്പിയുടെയും ഒരു സ്ഥിരം കേൾവിക്കാരനായി മാറാൻ കാരണം. സാബു ജോസിനോടൊപ്പം ഒരുപാടു പേരെ കാണാൻ കഴിഞ്ഞ ഒരു പ്ലാറ്റ്ഫോമായിരുന്നു ഞായറാഴ്ച ചാനൽ 13.8 ഒരുക്കി തന്നത്.
ഏറ്റവും ശ്രദ്ധേയം മൈത്രേയനും ടി.ജെ. ജോസഫ് മാഷും സദസ്സുമായി സംവദിച്ച നിമിഷങ്ങൾ തന്നെ. അതിൻ്റെ ഒരു ഭാഗമാകാൻ കഴിഞ്ഞു എന്നതിൻ്റെ സന്തോഷവുമുണ്ട്.


ലിംഗനീതിയുമായി ബന്ധപ്പെട്ടായിരുന്നു ഡോ: കെ.എം ഷീബ സംസാരിച്ചത്.
കാലടി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എന്ന നിലയിലുള്ള അനുഭവങ്ങൾ കൂടി ചേർന്നതായിരുന്നു ആ പ്രഭാഷണം. നിയമാധ്യാപികയായ ഡോ: ബിന്ദുമോൾ
“വാടക ഗർഭപാത്ര”ത്തിൻ്റെ നിയമപ്രശ്നങ്ങളെക്കുറിച്ചും അഡ്വ: ആശ ഉണ്ണിത്താൻ നീതി എന്ന അതിപ്രധാന മനുഷ്യാവകാശത്തെ കുറിച്ചും സംസാരിച്ചു.

ആരു ഭരിക്കുന്നത് എന്നത് വിഷമയല്ല ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്യുന്നു എന്നാണ് യുക്തിവാദി സംഘം നേതാവു കൂടിയായ അഡ്വ:കെ എൻ അനിൽകുമാർ ആ വിഷയം വിശദീകരിച്ചു കൊണ്ടു പറഞ്ഞത്. ജോഡി ജോർജും ഡോ: ആരിഫ് ഹുസൈനും, അവർ പതിവായി പറയാറുള്ള കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ വിഷയങ്ങളിലാണ് ഊന്നിയത്.

മറ്റ് രണ്ട് പ്രഭാഷണങ്ങളെ കൂടി സൂചിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഒന്ന് ശ്രീ മൃദുൽ ശിവദാസിൻ്റെ ഫ്രീ സ്പീച്ചിനെ കുറിച്ചുള്ളത്. പ്രഭാഷണത്തിൽ പതിവുപോലെ കാൾ സാഗനും, ഷെർമറും പിങ്കറും വന്നു. ഒപ്പം പുതുതായി റോസാ ലക്സംബർഗ്ഗും. മറ്റൊന്ന് ലിയാഖത്തിൻ്റേതാണ്. മതം വിട്ട മുസ്ലീമിനെ കുറിച്ച്, അതായത് മൂർത്തദ്ദിനെയും ഉമ്മത്തിനെയും കുറിച്ച് പ്രത്യേകിച്ചും നീതിമാനായ ഖലീഫാഉമറിൻ്റെ ഭരണകാലത്ത് മൂർത്തദിൻ്റെ അവസ്ഥയെക്കുറിച്ച് . അതെന്തായിരുന്നെന്ന്
കേട്ടപ്പോൾ “നീതിമാന്മാരല്ലാത്തവർ ഭരിക്കുമ്പോൾ ഇത്രക്കല്ലെ ഉണ്ടാകുന്നുള്ളൂ” എന്ന് തോന്നിപ്പോയി.


സജീവൻ അന്തിക്കാട്

സ്വതന്ത്രചിന്തകൻ, പ്രഭാഷകൻ

 2,364 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo