പള്ളികളാകുന്ന അമ്പലങ്ങളൂം അമ്പലങ്ങളാകുന്ന പള്ളികളും.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

"എന്തുകൊണ്ടാണ് നിങ്ങൾ യുനെസ്കോ പൈതൃക പട്ടികയിൽ ഉള്ള "ആയ സോഫിയ" (കേരളത്തിൽ ഹാഗിയ സോഫിയഎന്നറിയപ്പെടുന്ന പള്ളിയുടെ ടർക്കിഷ് പേര്) ഒരു മുസ്ലിം പള്ളിയാക്കിയത്? ഇന്ത്യയിൽ ഞാൻ വരുന്ന സംസ്ഥാനത്ത് പോലും ഇത് എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടാക്കിയെന്നോ"? ഇസ്താൻബൂൾ സന്ദർശനവേളയിൽ ഞാൻ ഞങ്ങളുടെ ഗൈഡിനോട് ചോദിച്ചു. ഞങ്ങളുടെ ഗൈഡ് നിരീശ്വരവാദിയായ ഒരു തുർക്കി പെൺകുട്ടിയായിരുന്നു. അതറിഞ്ഞത് കൊണ്ടാണ് ഇത്രയും സ്വാതന്ത്ര്യത്തോടെ ഞാൻ ഇത് ചോദിച്ചത്. മതവിശ്വാസിയായ ഗൈഡ് ആയിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ മൗനം പാലിച്ചേനെ.

“നോക്കൂ, ഈ പള്ളിയുടെ മുൻപിൽ ബ്ലൂ മോസ്ക് എന്നറിയപ്പെടുന്ന ഒരു കൂറ്റൻ മുസ്ലിം പള്ളിയുണ്ട്, ഏതാണ്ട് പതിനായിരത്തോളം പേർക്ക് ഒരേ സമയം അവിടെ നിസ്കരിക്കാം. കുറച്ച് പിറകോട്ട് പോയാൽ സുലൈമാനിയ പള്ളിയുണ്ട് അവിടെയും അത്രയും ആളുകൾക്ക് നിസ്കരിക്കാം. ഗ്രീസിലെ ഓരോ നാലുപേർക്കും ഒരു ക്രിസ്ത്യൻ പള്ളിയുള്ളത് പോലെ, ടർക്കിയിൽ ധാരാളം മുസ്ലിം പള്ളികളുണ്ട്, ഇസ്താൻബൂളിൽ മാത്രം ഏതാണ്ട് രണ്ടായിരത്തോളം പള്ളികൾ വരും. അതിൽ നിന്ന് ഒരു കാര്യം നമുക്ക് മനസിലാക്കേണ്ടത്, ഇത് മുസ്ലിം പള്ളി ആക്കിയത് നിസ്കരിക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ടല്ല. ഇനി അത് വിശ്വാസം ആകുന്നില്ലെങ്കിൽ നമുക്ക് ആയ സോഫിയ പള്ളിയുടെ അകത്ത് പോയി നോക്കാം. ഇപ്പോൾ വെള്ളിയാഴ്ച ഉച്ച സമയം ആയത് കൊണ്ട് വേറെ പള്ളികൾ എല്ലാം നിസ്കാരത്തിനു അടച്ചിട്ടിരിക്കുന്ന സമയമാണ്, പക്ഷെ ഈ പള്ളി അടച്ചിട്ടില്ല, കാരണം ഇത് ഇപ്പോഴും പ്രായോഗികമായി ഒരു മ്യൂസിയം തന്നെയാണ്.”

ഇതും പറഞ്ഞു ഞങ്ങളെ അവർ പള്ളിയുടെ അകത്തേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നമസ്കാര സമയത്ത് പള്ളിയുടെ അകത്ത് ഏതാണ്ട് രണ്ടായിരത്തോളം ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. ഏതാണ്ട് പത്ത് പേരോളം പള്ളിയിൽ നിസ്കരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ടൂറിസ്റ്റുകളുടെ ഫോട്ടോയും വിഡിയോയും എടുക്കാനുള്ള തിരക്കിൽ ഒരു ചന്തയിൽ പോയ അത്ര ബഹളം അതിനകത്ത് കേൾക്കാമായിരുന്നു.

“ഇത് മുസ്ലിം പള്ളിയാക്കിയത് മതപരമായ കാര്യത്തിനല്ല, മറിച്ച് ഒരു രാഷ്ട്രീയകാരണത്തിനാണ്. രാജ്യവികസനം എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി അധികാരത്തിലേറിയ ആളാണ്‌, ഇപ്പോഴത്തെ തുർക്കി പ്രസിഡന്റ്, എർദോഗാൻ ഇരുപത് വർഷത്തോളമായി ടർക്കി ഭരിക്കാൻ തുടങ്ങിയിട്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തന്നെ തുർക്കി ഒരു മുസ്ലിം രാജ്യമായി മാറണം എന്നാണ്. സിറിയയിലെ മുസ്ലിം അഭയാർത്ഥികൾക്ക് അഭയം കൊടുക്കുന്നതും, അമേരിക്കൻ വിരുദ്ധ നിലപടുകൾ എടുക്കുന്നതും ഒക്കെ അദ്ദേഹം ഈ കാഴ്ചപ്പാട് വച്ചാണ്. അദ്ദേഹം അനേകം വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നത് ശരിയാണ്, പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയം മതേതര നിലപാട് ഉണ്ടായിരുന്ന ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ്തഫ കമൽ പാഷയുടെ മതേതരത്വത്തിന് നേർ എതിരാണ്. പക്ഷെ മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ഇരുപതു വർഷമായി ടർക്കിഷ് കറൻസിയായ ടർക്കിഷ് ലിറയുടെ മൂല്യം അന്താരാഷ്ട്ര തലത്തിൽ വലിയ തോതിൽ ഇടിയുകയും അത് വലിയ തോതിൽ ടർക്കിയിൽ തൊഴിലില്ലായ്മയ്ക്ക് വിലക്കയറ്റത്തിനും ഒക്കെ കാരണമാവുകയും ചെയ്തു. അതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ച് ആളുകളുടെ വോട്ട് കിട്ടാൻ ടർക്കി പോലൊരു രാജ്യത്ത് മതത്തേക്കാൾ വലിയ ഒരു മാർഗമില്ല” ഗൈഡ് പറഞ്ഞു.

തുർക്കിയിലെ തന്നെ കപ്പഡോക്കിയയിൽ വച്ച് ഞങ്ങളുടെ കാറിന്റെ ഡ്രൈവർ എർദോഗനെ കുറിച്ച് വാചാലനായതും, തുർക്കിയിയിലെ മെട്രോ ഉൾപ്പെടെ ഇന്നുള്ള ഏതാണ്ട് എല്ലാ വികസനപ്രവർത്തനങ്ങളും അദ്ദേഹം നടത്തിയത് ആണെന്ന് പറഞ്ഞതും, അമേരിക്കയെ വരെ തോൽപിക്കാൻ കഴിവുള്ളതാണ് ടർക്കിഷ് സൈന്യം എന്നൊക്കെ ആവേശത്തോടെ പറഞ്ഞതും ഒക്കെ ഇന്ത്യയിലെ ഒരു സംഘപരിവാർ പ്രവർത്തകനെ ഓർപ്പിച്ചിരുന്നു.

“ഇത് മുസ്ലിം പള്ളിയാക്കിയത് മതപരമായ കാര്യത്തിനല്ല, മറിച്ച് ഒരു രാഷ്ട്രീയകാരണത്തിനാണ്. രാജ്യവികസനം എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി അധികാരത്തിലേറിയ ആളാണ്‌, ഇപ്പോഴത്തെ തുർക്കി പ്രസിഡന്റ്, എർദോഗാൻ ഇരുപത് വർഷത്തോളമായി ടർക്കി ഭരിക്കാൻ തുടങ്ങിയിട്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തന്നെ തുർക്കി ഒരു മുസ്ലിം രാജ്യമായി മാറണം എന്നാണ്.

“പക്ഷെ നിങ്ങൾ അതിർത്തി പങ്കിടുന്ന ഗ്രീക്കുകാർ പണിത ബിസ്സന്റീൻ മാതൃകയിലുള്ള ക്രിസ്ത്യൻ പള്ളി എങ്ങിനെയാണ് നിങ്ങൾക്ക് മുസ്ലിം പള്ളിയായി ഉപയോഗിക്കാൻ സാധിക്കുക? ഗ്രീക്കുകാർക്ക് ഇതിൽ എതിർപ്പൊന്നുമില്ലേ? ” ഞാൻ ഗൈഡിനോട് വീണ്ടും ചോദിച്ചു.

“അതിനെ കുറിച്ച് പറയുന്നതിന് മുൻപ് ഞാൻ കുറച്ച് കാഴ്ചകൾ കാണിച്ചു തരാം” എന്നും പറഞ്ഞു ഗൈഡ് ആയ സോഫിയ പള്ളിയുടെ പിറകിലേക്ക് കൊണ്ടുപോയി.

“ഈ ആംഗിളിൽ നിന്ന് നോക്കിയാൽ നിങ്ങൾക് ആയ സോഫിയ പള്ളിയുടെ മൂന്നു കാലഘട്ടങ്ങൾ കാണാൻ സാധിക്കും. നമ്മളുടെ തൊട്ടു മുൻപിൽ ഗ്രീക്ക് മാതൃകയിൽ ഉള്ള കുറെ തൂണുകൾ കാണാം. ഇത് പഴയ ഗ്രീക്ക് ദേവാലയമായിരുന്നു. ആയിരക്കണക്കിന് ദേവന്മാർ ഉള്ള ഗ്രീക്കുകാരുടെ ഏതോ ദേവനോ ദേവിക്കോ വേണ്ടിയുള്ള ഗ്രീക്ക് ദേവാലയതിന്റെ മുകളിൽ ആ ദേവാലയത്തിന്റെ തൂണുകൾ ഒക്കെ ഉപയോഗിച്ചാണ് AD 325 ൽ കോൺസ്റന്റൈൻ ചക്രവർത്തി ആദ്യത്തെ “ആയ സോഫിയ” ചർച്ച് പണിയുന്നത്. അത് തീപിടുത്തത്തിൽ നശിച്ച ശേഷം പിന്നീട് ഇന്ന് കാണുന്ന തരത്തിൽ ഇഷ്ടികകൾ ഉപയോഗിച്ച് വലിയ ഒരു പള്ളിയാക്കി പണിതു. ഒരു തേര് തെളിക്കൽ മത്സരത്തിൽ ചക്രവർത്തിയായ ജസ്റ്റീനിയന്റെ സമയത്ത് നടന്ന ഒരു കലാപത്തിൽ ഏതാണ്ട് മുപ്പതിനായിരത്തോളം ആളുകളെ ചക്രവർത്തി തീവച്ച് കൊന്നതിന്റെ പാപം തീർക്കാൻ വേണ്ടിയാണു ഈ പള്ളി ഇത്ര വിപുലമായി പണിഞ്ഞത് എന്നാണ് ചരിത്രം. ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത് ഇസ്താൻബൂൾ ആക്കിയപ്പോൾ ഈ പള്ളി പൊളിച്ചു പൊളിച്ച് മുസ്ലിം പള്ളി ആക്കുന്നതിനു പകരം പ്രാർത്ഥന നടത്തുന്ന ദിശ ജറുസലേമിൽ നിന്ന് മെക്കയിലേക്ക് കുറച്ച് ചരിച്ച് വച്ച് ഇതൊരു മുസ്ലിം ദേവാലയമാക്കി. പക്ഷെ ശരിക്കും ഇതിന്റെ ഉടമസ്ഥത അവകാശപ്പെടാൻ കഴിയുന്നത് പഴയ ഗ്രീക്ക് മത വിശ്വാസികൾക്കാണ്, ഇനി അവർ എന്ത് പൊളിച്ചാണ് അവരുടെ അമ്പലം പണിതത് എന്നത് ഇന്നൊരു വിഷയം അല്ലാത്തത് പണ്ട് അമ്പലം പണിത ഗ്രീക്ക് പാഗൻ മതം ഇന്നില്ലാത്തത് കൊണ്ട് മാത്രമാണ്, അല്ലെങ്കിൽ അവരും ഇതിൽ അവകാശവാദം ഉന്നയിച്ചേനെ. മ്യൂസിയം ആയ സമയത്ത് ഇതിന്റെ ക്രിസ്ത്യൻ പള്ളി ആയിരുന്നപ്പോൾ ഉണ്ടായിരുന്ന ക്രിസ്തുവിന്റെ ചിത്രങ്ങളും മറിയത്തിന്റെ മൊസൈക് ചിത്രങ്ങളും, ഇസ്ലാമിലെ മനോഹരമായ കാലിഗ്രഫിയും എല്ലാം ഒരേ കെട്ടിടത്തിൽ മനോഹരമായി ഒരേ സമയത്ത് കാണാമായിരുന്നു. ഇപ്പോൾ മുസ്ലിം പള്ളി ആക്കിയപ്പോൾ ഇതിലുണ്ടായിരുന്ന മേരിയുടെ ചിത്രം എല്ലാം വെള്ളത്തുണി കൊണ്ട് മറച്ചിരിക്കുകയാണ്. എന്തൊരു വൃത്തികേടാണെന്നു നോക്കൂ..” മുകളിൽ വെള്ള തുണി കൊണ്ട് മറച്ച മൊസൈക് ചിത്രങ്ങൾ കാണിച്ചു കൊണ്ട് ഗൈഡ് പറഞ്ഞു. ഗ്രീക്ക് അമ്പലത്തിലെ തൂണുകളുടെ പിറകിൽ ചർച്ച് പണിത ഇഷ്ടികകളും, അതിൽ പിന്നീട് ഓട്ടോമൻ സാമ്രാജ്യം കൂട്ടിച്ചേർത്ത മിനാരങ്ങളും ഒറ്റ നോട്ടത്തിൽ കാണാവുന്ന ഒരു കാഴ്ച ആയിരുന്നത്.

ആയ സൊഫീയ മുസ്ലിം പള്ളിയാക്കിയത് രാഷ്ട്രീയ കാരണങ്ങൾക്കാണ് എന്ന് എനിക്കറിയാമായിരുന്നു എങ്കിലും അതൊരു ഗ്രീക്ക് ദേവാലയമായിരുന്നു എന്നത് എനിക്ക് പുതിയ അറിവായിരുന്നു. ഗ്രീസിലെ ഏതെൻസിൽ ഉള്ള ഏറ്റവും വലിയ ആകർഷണമായ പാർഥിനോൻ എന്ന കൂറ്റൻ ദേവാലയവും അഞ്ചാം നൂറ്റാണ്ടിൽ “ആയ സൊഫീയ” എന്ന പേരിൽ തന്നെ ഒരു ഗ്രീക്ക് ഓർത്തഡോൿസ് പള്ളിയാക്കി മാറ്റിയിരുന്നു കാര്യം വായിച്ചത് ഞാൻ ഓർമിച്ചു, പിന്നീട് ഗ്രീക്ക് ഭരിച്ച ഓട്ടോമൻ സാമ്രാജ്യം ഈ പള്ളി ഒരു വെടിമരുന്നു ശാലയ്ക്കായി ഉപയോഗിച്ചു. ഗ്രീസിൽ ഒരു മുസ്ലിം പള്ളി പോലുമില്ല എന്നും ഈയടുത്താണ് ആതൻസിൽ പ്രാർത്ഥനയ്ക്ക് ഒരു മുസ്ലിം പള്ളി തുറന്നത് എന്നും ഗ്രീസിലെ ഗൈഡ് പറഞ്ഞിരുന്നു. തങ്ങളെ നൂറ്റാണ്ടുകളോളം ഭരിച്ച ഓട്ടോമൻ സാമ്രാജ്യത്തോടുള്ള അരിശം ചില മുസ്ലിം പള്ളികൾ XXX റേറ്റഡ് ആയ adult സിനിമകൾ പ്രദർശിപ്പിക്കുന്ന സിനമശാലകൾ ആക്കി മാറ്റിക്കൊണ്ടാണ് ഗ്രീക്കുകാർ തീർത്തത് (പള്ളി കുറച്ചു ദൂരെയായി പോയി അല്ലെങ്കിൽ അവിടെ ഒരു സിനിമ കാണണം എന്നെനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു) . അതെൻസിലെ ആദ്യത്തെ മുസ്ലിം പള്ളി ഒരു മ്യൂസിയം ആയി മാറ്റിയിരുന്നു, അവിടെ ഞങ്ങൾ സന്ദർശിക്കുന്ന സമയത്ത് അവിടെ ഈസ്റ്റർ പ്രാർത്ഥന നടക്കുകയായിരുന്നു.

ഏതാണ്ട് ഇന്ത്യ പാക്കിസ്ഥാൻ പോലെയാണ് ഗ്രീസും തുർക്കിയും, രണ്ടിടത്തും വളരെ നല്ല ആളുകളാണ്, പക്ഷേ ഗ്രീസിൽ തുർക്കിയെ കുറിച്ചും ടർക്കിയിൽ ഗ്രീസിനെ കുറിച്ചും ഒന്നും പറയരുത്. ഇന്ത്യയും പാകിസ്‌ഥാനും ചെയ്തത് പോലെ തുർക്കിയിലെ ക്രിസ്ത്യാനികളെ ഗ്രീസിലേക്കും ഗ്രീസിലെ മുസ്ലിങ്ങളെ തുർക്കിയിലേക്കും മാറ്റുക പോലുമുണ്ടായിട്ടുണ്ട്. ഇന്ത്യ പാക്കിസ്ഥാൻ വിഭജന സമയത്ത് ഉണ്ടായ അത്ര വലിയ മരണങ്ങൾ ഉണ്ടായ ഒരു വലിയ സംഭവമായിരുന്നില്ലെങ്കിൽ പോലും.

ഗ്രീസും തുർക്കിക്കിയും സന്ദർശിച്ചതിൽ നിന്ന് എനിക്ക് മനസിലായത് ലളിതമായ ചില കാര്യങ്ങളാണ്.

ഒന്ന്. ആധുനിക നവോഥാന, ജനാധിപത്യ സമ്പ്രദായങ്ങൾ വരുന്ന കാലഘട്ടത്തിനു മുൻപ്, സാമ്പത്തികമായും സാംസ്കാരികമായും മുന്നോക്കം നിൽക്കുന്ന ഒരു ജനത ഗ്രീസിലെ പാർഥിനോൻ പോലെ അവരുടെ പ്രശസ്തി വിളിച്ചോതുന്ന വലിയ കെട്ടിടങ്ങളും ആരാധനാലയങ്ങളും പണിയും. പുറത്തു നിന്ന് വരുന്ന അക്രമകാരികൾ ഈ നാട് പിടിച്ചെടുക്കുമ്പോൾ അവർ അവിടെയുള്ള സമ്പത്ത് കൊള്ളയടിക്കുകയും, കൊണ്ടുപോകാൻ കഴിയാത്ത വലിയ കെട്ടിടങ്ങൾ തങ്ങളുടെ വിശ്വാസ സംഹിതയിലേക്ക് മാറ്റും, അല്ലെങ്കിൽ ആ കെട്ടിടങ്ങൾ പൊളിച്ച് അവരുടെ മത സാംസ്‌കാരിക പാരമ്പര്യം കാണിക്കുന്ന മറ്റു കെട്ടിടങ്ങളായി മറ്റും. ഇത് തുടർന്നുകൊണ്ടേയിരിക്കും. സ്‌പെയിനിലെ കൊർഡോബയിലെ വലിയ മുസ്ലിം പള്ളി ക്രിസ്ത്യാനികൾ പിടിച്ചെടുത്തപ്പോൾ ഒരു ചർച്ച് ആക്കി മാറ്റി, ഇപ്പോൾ അതൊരു മ്യൂസിയം ആണെന്ന് തോന്നുന്നു.

രണ്ട്. ആധുനിക കാലത്ത് വരുന്ന ഭരണാധികാരികളിൽ , നെഹ്‌റുവിനെ പോലെയും മുസ്തഫ കമാൽ പാഷയെയും പോലെ മതേതര മൂല്യങ്ങൾ ഉള്ളവർ ഈ കെട്ടിടങ്ങൾ ഒന്നുകിൽ മ്യൂസിയങ്ങൾ ആകും അല്ലെങ്കിൽ ഇവയെ അതിന്റെ പാട്ടിനു വിട്ട് തങ്ങളുടെ രാജ്യം ആധുനികവത്കരിക്കാൻ വേണ്ടി, സാങ്കേതിത വിദ്യയും വിദ്യഭ്യാസവും ഒക്കെ പഠിപ്പിക്കുന്ന കോളേജുകൾ സ്ഥാപിക്കാനും, പാലങ്ങളും ഫാക്ടറികളും മറ്റും സ്ഥാപിക്കാനും അവർ സമയവും ഊർജവും ചിലവഴിച്ച് രാജ്യത്തെ പ്രജകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കും. (കമാൽ പാഷ മതേതരവാദിയായിരുന്നു, പക്ഷെ വലിയ ദേശീയവാദിയായിരുന്നു, ഒരേ ഭാഷ സംസാരിക്കുന്ന, ഒരേ സ്ക്രിപ്റ്റിൽ എഴുതുന്ന, ഒരേ പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്ന ഒരു തുർക്കി സ്വപ്നം കണ്ട ഒരാളായിരുന്നു കമാൽ പാഷ, നെഹ്‌റു പക്ഷെ, പല ഭാഷകൾ സംസാരിക്കുന്ന, പല സംസ്കാരങ്ങളുള്ള ഇന്ത്യയെയാണ് സ്വപ്നം കണ്ടത്, അതുകൊണ്ട് നെഹ്രുവുമായുള്ള താരതമ്യം ലഘുവായി കാണണം.)

മൂന്ന് : കുറെ കഴിയുമ്പോൾ മോദിയെ പോലെയും എർദോഗനെ പോലെയും ഉള്ള, സാമ്പത്തിക സാങ്കേതിക കാര്യങ്ങളെ കുറിച്ച് വലിയ ധാരണയില്ലാത്തവർ അധികാരത്തിൽ വരാൻ വേണ്ടിയും, അധികാരത്തിൽ നിലനിൽക്കാൻ വേണ്ടിയും, സ്വന്തം കഴിവുകേട് മറച്ചു വയ്ക്കാനും മതത്തെ രാഷ്ട്രീയപരമായി ഉപയോഗിക്കുകയും ചെയ്യും. സ്വന്തം രാജ്യത്തിൻറെ കറൻസിയുടെ മൂല്യം താഴേക്ക് പോകുന്നത് ജനങ്ങൾ അറിയാതിരിക്കാൻ അതിനേക്കാൾ വലിയ മാർഗമില്ല. ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ നിന്ന് കുടിയേറിയവരുടെ പിൻഗാമികൾ എന്ന് പറയപ്പെടുന്ന സിംഹള ബുദ്ധന്മാരും, തമിഴ്‌നാട്ടിൽ നിന്നുളളവരുടെ പിൻഗാമികളായ ഹിന്ദു തമിഴന്മാരും തമിഴ് മുസ്ലിങ്ങളും തമ്മിൽ നടന്ന വംശീയ കലാപത്തിന്റെ ബാക്കി പത്രം ശ്രീലങ്കയിലെ സാമ്പത്തിക തകർച്ച തന്നെയാണ്.

നാല് : വളരെ പഴയ പല കെട്ടിടത്തിന്റെ അടിവാരം തോണ്ടി നോക്കിയാലും നമ്മൾ കരുതുന്നതിനേക്കാൾ പഴയ ഒരു വസ്തു കണ്ടെത്തുമെന്ന് എനിക്കുറപ്പാണ്. മരം പോലുള്ള വസ്തുക്കൾ കൊണ്ടുള്ള നിർമിതികൾ ജീർണിച്ച പോകുന്നത് കൊണ്ട് അത് കഴിഞ്ഞു പണിത കല്ലുകൊണ്ടുള്ള വസ്തുക്കൾ നമ്മൾക്ക് കാണപ്പെടുന്നു എന്നുമാത്രം. ഉദാഹരണത്തിന്, ഇന്ത്യയിലെ പഴയ പള്ളികളുടെ അടിയിൽ അമ്പലത്തിന്റെയും, അമ്പലങ്ങളുടെ അടിയിൽ ജൈന ബുദ്ധ ക്ഷേത്രങ്ങളുടെയും, അതിന്റെ അടിയിൽ ഒരു പക്ഷെ നമ്മുക്ക് ഇന്ന് പരിചയമില്ലാത്ത പ്രകൃതിയെ ആരാധിച്ചിരുന്ന മറ്റൊരു മതത്തിന്റെയോ വിശ്വാസത്തിന്റെയോ അവശിഷ്ടമോ ഉണ്ടാകാം. അതെല്ലാം നമ്മുടെ ചരിത്രത്തിന്റെ ഭാഗമായി മാത്രം കാണേണ്ടതാണ്. അതിനെ പേരിൽ തല്ലു പിടിക്കേണ്ടത് സ്വന്തം കഴിവ് പറഞ്ഞു , ഭരണനേട്ടങ്ങൾ പറഞ്ഞു വോട്ട് പിടിക്കാൻ കഴിയാത്ത ഭരണാധികാരികൾക്ക് മാത്രമാണ്. ഇത്തരം ഭരണാധികാരികൾ ജനക്കൂട്ടത്തെ പഴയ കെട്ടിടങ്ങളുടെ അടിവാരം തോണ്ടാൻ പറഞ്ഞു വിടും. പള്ളിയിലെ കിണറിൽ ശിവലിംഗമുണ്ടോ, ചർച്ച് പള്ളിയാക്കാമോ എന്നൊക്കെ റിസേർച് ചെയ്യും.

ഈ ആധുനിക കാലത്ത് എന്തെല്ലാം കാര്യങ്ങളെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാൻ കിടക്കുന്നു. എനിക്ക് തന്നെ വിശദമായി എഴുതണമെന്നു കരുതുന്ന അനേകം വിഷയങ്ങളുണ്ട്. തോറിയം കൊണ്ട് വളരെ സുരക്ഷിതമായി വൈദുതി ഉല്പാദിപ്പിക്കുന്ന അടുത്ത തലമുറ ന്യൂക്ലിയർ പവർ പ്ലാന്റുകളെ കുറിച്ച്, യീൽഡ് കുറഞ്ഞ C3 പ്രകാശസംശ്ലേഷണം നടത്തുന്ന നെല്ലിനെ ജനിതകമാറ്റം വരുത്തി C4 ടൈപ്പ് പ്രകാശസംശ്ലേഷണം നടത്തിച്ച് കേരളം പോലെ ഭൂവിസ്തൃതി കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതൽ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനെ കുറിച്ച്, എയിറോപോണിക്സ്, ഹൈഡ്രോപോണിക്സ് തുടങ്ങിയ നിർമിത ബുദ്ധിയുപയോഗിച്ച് കൂടുതൽ ഫലങ്ങൾ ഉല്പാദിപ്പിക്കുന്ന കൃഷി രീതികളെ കുറിച്ച്, ഒറ്റ രക്ത തുള്ളിയിൽ നിന്ന് അനേകം ടെസ്റ്റുകൾ വളരെ ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാൻ കഴിയുന്ന ലാബ് ഓൺ എ ചിപ്പ് എന്ന പദ്ധതിയെ കുറിച്ച്, അവയവങ്ങൾ 3D പ്രിൻറർ ഉപയോഗിച്ച് നിർമിച്ചെടുക്കുന്നതിനെ കുറിച്ച്,കാർബൺ നാനോ ട്യൂബുകൾ ഉപയോഗിച്ച് ഉള്ള സോളാർ പാലനുകൾ ഉപയോഗിച്ച് വിദൂര ഗ്രാമങ്ങളെ വൈദുതവത്കരിക്കുന്നതിനെ കുറിച്ച്, അധ്യാപകരില്ലാതെ പഠിപ്പിക്കുന്ന ഖാൻ അക്കദമി പോലുള്ള ഓൺലൈൻ മാർഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന വിദ്യാഭ്യാസ പരീക്ഷണങ്ങളെ കുറിച്ച്, മനുഷ്യൻ ആവർത്തിച്ച് ചെയ്യുന്ന പ്രവർത്തികൾ റോബോട്ടുകൾ ഉപയോഗിച്ച് ചെയ്തു മനുഷ്യന്റെ സമയം പുതിയ കണ്ടുപിടുത്തങ്ങൾക്ക് കൂടുതൽ ഉപയോഗിക്കേണ്ടതിനെ കുറിച്ച്, ഒന്ന് മുതൽ അനന്തം വരെയുള്ള സഖ്യകൾ കൂട്ടി നോക്കിയാൽ -1/12 കിട്ടുമെന്ന രാമാനുജന്റെ ഫോർമുലയെ കുറിച്ച്, മനുഷ്യരുടെ പല തരത്തിലുള്ള ബയാസുകളെ കുറിച്ചും, രാഷ്ട്രീയത്തിലെ ബയാസുകൾ എങ്ങിനെയാണ് വികസനത്തെ പ്രതികൂലമായി ബാധികുനത്തെ എന്നതിനെ കുറിച്ച് എല്ലാം എഴുതണമെന്നുണ്ട്.

പക്ഷെ അന്നന്നത്തെ വാർത്തകൾ വായിച്ച് എഴുതി വരുമ്പോൾ പിസി ജോർജ് പറഞ്ഞ ലവ് ജിഹാദിനെ കുറിച്ച്, ബിജെപി പള്ളികിണറിൽ ശിവലിംഗം തപ്പി നടക്കുന്നതിനെ കുറിച്ച് , സമ്മാനം വാങ്ങാൻ വന്ന കൊച്ചു പെൺക്കുട്ടിയുടെ മുഖത്തെ ലജ്ജ മുസ്ല്യാർ സൂക്ഷ്മ ദൃഷ്ടിയിലൂടെ കണ്ടെത്തിയതിനെ കുറിച്ച് ഒക്കെയാണ് എഴുതേണ്ടി വരുന്നത്. എന്തൊരു കഷ്ടമാണ്.

പിന്നോട്ട് നോക്കി മുന്നോട്ട് നടക്കാൻ ശ്രമിച്ച ഒരു സമൂഹവും ഗതി പിടിച്ച ചരിത്രമില്ല.

നോട്ട് : ഇതെല്ലം കഴിഞ്ഞു അമേരിക്കയിൽ വന്നപ്പോൾ വേറൊരു തമാശ. ഗോമതിയുടെ ഡാൻസ് ടീച്ചറുടെ ഒരു ശിഷ്യയുടെ അരങ്ങേറ്റത്തിന് പെൻസിൽവാനിയയിൽ പോയതാണ്. ഒരു ചിന്മയ മിഷൻ ക്ഷേത്രമാണ്. കണ്ടിട്ട് ഒരു അമ്പലം പോലെ തോന്നുന്നില്ല. പിന്നെ നോക്കിയപ്പോൾ ഒരു പഴയ ഗ്രീക്ക് ഓർത്തഡോൿസ് ക്രിസ്ത്യൻ പള്ളി വരുമാനം ഇല്ലാതെ വന്നപ്പോൾ ചിന്മയ മിഷന് വിറ്റതാണ്. നൂറോ ഇരുന്നൂറോ വർഷങ്ങൾ കഴിഞ്ഞു നമ്മുടെ നാട്ടിലെ പോലെ ഇതൊരു വർഗീയ കലാപത്തിന് കരണമാകില്ല എന്ന് ആശിക്കാം.

നോട്ട് : എഴുതാൻ മറന്നുപോയ ഒരു കാര്യം കൂടിയുണ്ട്, തുർക്കിയിലെ കോടതിയാണ് തുർക്കിയുടെ രാഷ്ട്രപിതാവായ കമാൽ പാഷ പണ്ട് ആയ സോഫിയ മ്യൂസിയം ആക്കിയത് നിയമ വിരുദ്ധമാണെന്ന് വിധിച്ചതും മുസ്ലിം പള്ളി ആക്കാനുള്ള വഴി തുറന്നു കൊടുത്തതും. ഇന്ത്യയിലെ സുപ്രീം കോടതിയെ ഓർമ വരുന്നുണ്ടോ? ഭരിക്കുന്നവരുടെ കാൽ നക്കുന്ന കോടതികൾ എല്ലായിടത്തും ഉണ്ട്.

നസീർ ഹുസൈൻ കിഴക്കേടത്ത്‌

 1,430 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo