ഭക്ഷണപദാര്‍ഥങ്ങള്‍ പാഴാക്കുന്നതു മാത്രമല്ല ഇന്ന് പരിസ്ഥിതി നേരിടുന്ന വെല്ലുവിളി

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഭക്ഷ്യ-കാര്‍ഷിക സംഘടന (FAO) നടത്തിയ പഠനത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി ഓരോവര്‍ഷവും 130 കോടി ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പാഴാകുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന ഈ സ്ഥിതിവിവരക്കണക്കിന് ഒരു മറുവശം കൂടിയുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളും ചേര്‍ന്ന് ഒരുവര്‍ഷം ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് തുല്യമാണിത്. കഴിഞ്ഞില്ല, ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ട പൊള്ളുന്ന മറ്റൊരു യാഥാര്‍ഥ്യം കൂടിയുണ്ട്. ഇന്ന് ലോകത്തില്‍ ഏഴുപേരില്‍ ഒരാള്‍വീതം വിശപ്പു സഹിച്ചുകൊണ്ടാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഓരോവര്‍ഷവും അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള 20,000 കുട്ടികള്‍ പട്ടിണികാരണം മരണമടയുന്നുണ്ട്. സൊമാലിയ എന്ന ആഫ്രിക്കന്‍ രാജ്യത്തില്‍ ഇക്കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടെ മരണമടഞ്ഞ 2,60,000 ആളുകളില്‍ 70 ശതമാനവും 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്.

ജീവിതരീതിയിലുള്ള അജഗജ വ്യത്യാസം ഒരു സാമൂഹികതിന്മയിലുപരി പരിസ്ഥിതിയോട് ചെയ്യുന്ന കടുത്ത അപരാധം കൂടിയാണ്. ഇപ്പോഴുള്ള 700 കോടിയില്‍നിന്നും വിഭവദാരിദ്ര്യം അനുഭവിക്കുന്ന 900 കോടി ജനങ്ങളെയായിരിക്കും വരുന്ന 35 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം അഭിമുഖീകരിക്കേണ്ടിവരിക. ആഗോളവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിന്റെ മൂന്നിലൊരു ഭാഗവും പാഴാക്കപ്പെടുകയോ നശിച്ചുപോവുകയോ ആണ് ചെയ്യപ്പെടുന്നത്. ഇത് പരിസ്ഥിതിയെ ഋണാത്മകമായി ബാധിക്കുന്ന നിരവധി പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഭക്ഷണം പാഴാക്കപ്പെടുന്നത് തടയുന്നതിനുള്ള ദൗത്യം ആരംഭിക്കേണ്ടത് വീടുകളില്‍ നിന്നുതന്നെയാണ്. ധനലാഭത്തിലുപരി ഭക്ഷ്യോല്പാദനത്തിന്റെ പേരില്‍ പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം കുറയ്ക്കുന്നതിനും അതു സഹായിക്കും. ഒരു പശുവില്‍നിന്നും ഒരുലിറ്റര്‍ പാല്‍ ഉല്പാദിപ്പിക്കുന്നതിന് 1,000 ലിറ്റര്‍ ശുദ്ധജലമെങ്കിലും വേണം. ഈ ഒരുലിറ്റര്‍ പാല്‍ പാഴാക്കിക്കളയുമ്പോള്‍ പാഴായിപ്പോകുന്നത് 1,000 ലിറ്റര്‍ ശുദ്ധജലമാണെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. അതുകൂടാതെ, കന്നുകാലികളുടെ വിസര്‍ജ്യത്തില്‍നിന്നും അവയുടെ ഭക്ഷ്യവസ്തുക്കളില്‍നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഹരിതഗൃഹ സ്വഭാവമുള്ള വാതകങ്ങളും കന്നുകാലികള്‍ സൃഷ്ടിക്കുന്ന പരിസരമലിനീകരണവും ഇതിനു പുറമെയാണ്. ആകെ കരവിസ്തൃതിയുടെ 25 ശതമാനം ഭാഗമാണ് ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിന് വിനിയോഗിക്കുന്നത്. ഇതിനായി ആകെയുള്ള ശുദ്ധജലത്തിന്റെ 70 ശതമാനവും ആവശ്യമാണ്. ആഗോളവ്യാപകമായി നടക്കുന്ന വനനശീകരണത്തിന്റെ 80 ശതമാനവും ഹരിതഗൃഹ വാതകങ്ങളുടെ ഉത്സര്‍ജനത്തിന്റെ 30 ശതമാനത്തിനും കാരണവും ഭക്ഷ്യോല്പാദനം തന്നെയാണ്. അവിടെയും തീരുന്നില്ല, ജൈവവൈവിധ്യം നഷ്ടപ്പെടുന്നതിനും കരഭൂമി മലിനപ്പെടുന്നതിനും കാരണമാകുന്ന പ്രധാനഘടകവും ഇതുതന്നെയാണ്.


പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളും ഭക്ഷണരീതികളും ഒഴിവാക്കുകയാണ് ഓരോ വ്യക്തിക്കും ആദ്യമായി ചെയ്യാന്‍ കഴിയുന്നത്. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം പരമാവധി കുറയ്ക്കുകയും അവ ഉപയോഗിച്ചിട്ടില്ലാത്ത ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ശീലമാക്കുകയും വേണം. പ്രാദേശികമായി കൃഷിചെയ്യുന്ന പച്ചക്കറികളും ധാന്യങ്ങളും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം. വാഹനങ്ങളില്‍ കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ കേടുവരാതെ സൂക്ഷിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളും വാഹനഗതാഗതം സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവും ഒരുപരിധി വരെയെങ്കിലും കുറയ്ക്കാന്‍ ഇതു സഹായിക്കും.

ഭക്ഷണപദാര്‍ഥങ്ങള്‍ പാഴാക്കുന്നതു മാത്രമല്ല ഇന്ന് പരിസ്ഥിതി നേരിടുന്ന വെല്ലുവിളി. അവ തിരിച്ചറിയുന്നതും പ്രതിവിധികള്‍ അന്വേഷിക്കുന്നതും കേവലമൊരു ദിനാചരണത്തിന്റെ ഭാഗമായി ആഘോഷിച്ച് അവസാനിപ്പിക്കാതെ ജീവിതക്രമത്തിന്റെ ഭാഗമായി പിന്തുടരുന്നതിന് ശാസ്ത്രവിദ്യാഭ്യാസത്തോടൊപ്പം ഉയര്‍ന്ന സാമൂഹികബോധവും ആവശ്യമാണ്.

അല്പം ചരിത്രം

പരിസ്ഥിതി ദിനാചരണത്തിനും ഒരു ചരിത്രമുണ്ട്. 1972 ജൂണ്‍ 5 മുതല്‍ 16 വരെ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ‘മനുഷ്യനും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടത്തിയ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വര്‍ഷത്തില്‍ ഒരുദിവസം ലോക പരിസ്ഥിതിദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഉത്തരാര്‍ധഗോളത്തില്‍ വസന്തകാലവും ദക്ഷിണാര്‍ധഗോളത്തില്‍ മഞ്ഞുകാലവും ആരംഭിക്കുന്ന ജൂണ്‍മാസത്തെ അഞ്ചാമത്തെ ദിവസമാണ് ഇതിനായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് 1973 ജൂണ്‍ 5 മുതല്‍ എല്ലാവര്‍ഷവും ലോക പരിസ്ഥിതിദിനം ആചരിച്ചുവരുന്നു. എന്നാല്‍, എന്താണ് പരിസ്ഥിതിയെന്നോ എന്തിനാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടതെന്നോ മഹാഭൂരിപക്ഷത്തിനും അറിയില്ലെന്നതാണ് വാസ്തവം. പരിസ്ഥിതി സംരക്ഷണമെന്നാല്‍ വനവല്‍ക്കരണമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരും ഇവിടെ കുറവല്ല. വനംവകുപ്പിന്റെയും ചില പരിസ്ഥിതി സംഘടനകളുടെയും പരിസ്ഥിതിദിന സന്ദേശങ്ങളില്‍ ഉപയോഗിക്കുന്ന ‘മരമാണ് മറുപടി’ എന്ന തലവാചകവും ഈ തെറ്റിദ്ധാരണയെ ബലപ്പെടുത്തുന്നുണ്ട്. എന്താണ് പരിസ്ഥിതി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളികളെന്നും അവയെ തരണംചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന് എന്തെല്ലാം ഇടപെടലുകള്‍ നടത്താന്‍ കഴിയുമെന്നും പരിശോധിക്കേണ്ടത് പരിസ്ഥിതിദിനത്തിലെങ്കിലും അനിവാര്യമാണ്.

ജനപ്പെരുപ്പം

ജനസംഖ്യാ വിസ്‌ഫോടനമാണ് ഇന്ന് പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണി. 1990നും 2010നും ഇടയില്‍ ആഗോള ജനസംഖ്യയില്‍ മൂന്നിലൊന്നു ഭാഗത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ മത്സ്യബന്ധനത്തിലുണ്ടായ വര്‍ധനവ് അഞ്ചിലൊന്ന് മാത്രമാണ്. ഇതേ സാഹചര്യം തന്നെയാണ് ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിലുമുണ്ടായിരിക്കുന്നത്. ജനങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും സാമൂഹികവും സാമുദായികവുമായ കീഴ്‌വഴക്കങ്ങളും ഭൂമിശാസ്ത്രപരമായ സവിശേഷതകളും ജനസംഖ്യാ വര്‍ധനവ് ക്രമാതീതമാക്കുന്നുണ്ട്. എണ്ണത്തിലല്ല, ആരോഗ്യവും വിദ്യാഭ്യാസവുമുള്ള പൗരന്മാരുടെ മൂല്യത്തിലാണ് വര്‍ധനവുണ്ടാകേണ്ടതെന്ന തിരിച്ചറിവ് ജനങ്ങളിലെത്തിക്കുന്നതിനും ജനന നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമായും അടിയന്തരഘട്ടങ്ങളില്‍ നിര്‍ബന്ധിതമായും നടപ്പാക്കാന്‍ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ജനസംഖ്യാ വിസ്‌ഫോടനം ഒരു മഹാദുരന്തത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ജനസംഖ്യാ വിസ്‌ഫോടനമാണ് ഇന്ന് പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണി. 1990നും 2010നും ഇടയില്‍ ആഗോള ജനസംഖ്യയില്‍ മൂന്നിലൊന്നു ഭാഗത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ മത്സ്യബന്ധനത്തിലുണ്ടായ വര്‍ധനവ് അഞ്ചിലൊന്ന് മാത്രമാണ്.

ജനസംഖ്യാ വിസ്‌ഫോടനം ഒരു മഹാദുരന്തത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്
കാലാവസ്ഥാ വ്യതിയാനം

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വഴി അന്തരീക്ഷത്തിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകത്തിന്റെ ഹരിതഗൃഹ സ്വഭാവമാണ് ആഗോളതാപനത്തിനും പ്രവചനാതീതമായ കാലാവസ്ഥയ്ക്കും അതേത്തുടര്‍ന്നുണ്ടാകുന്ന നിരവധി പരിസ്ഥിതി ദുരന്തങ്ങള്‍ക്കും കാരണമാകുന്നത്. സൗരചക്രങ്ങള്‍ പോലെയുള്ള സ്വാഭാവികവും മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയാത്തതുമായ കാര്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുണ്ടെങ്കിലും മനുഷ്യന്റെ അനിയന്ത്രിതമായ ഉപഭോഗാസക്തി കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. IPCC (Intergovernmental Panel on Climate Change) പുറത്തിറക്കിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളിലെല്ലാം ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗവും വാഹനപ്പെരുപ്പവും ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകജനസംഖ്യയുടെ 4.6 ശതമാനം മാത്രമുള്ള അമേരിക്കയിലാണ് ആഗോള കാര്‍ബണ്‍ഡയോക്‌സൈഡ് ഉത്സര്‍ജനത്തിന്റെ 25 ശതമാനവും നടക്കുന്നതെന്നറിയുമ്പോഴാണ് ആ നാട്ടിലെ വളരെ ന്യൂനപക്ഷമായ സമ്പന്ന ജനവിഭാഗത്തിന്റെ ജീവിതരീതിയുടെ ആഡംബരം മനസ്സിലാവുന്നത്. അതു മാത്രമല്ല, കാര്‍ബണ്‍ഡയോക്‌സൈഡ് ഉത്സര്‍ജനത്തിന്റെ 25 ശതമാനവും സ്വകാര്യ കാറുകളില്‍ നിന്നാണെന്നു കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. ലോകത്തേറ്റവുമധികം സ്വകാര്യ കാറുകളുള്ളത് അമേരിക്കയിലാണ്. പൊതുവാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുകയും വര്‍ധിച്ച ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നതിന് ഭരണകൂടങ്ങളുടെ ഇടപെടലുകള്‍ ഇവിടെ അനിവാര്യമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം മറ്റ് ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിക്കുക, സൗരോര്‍ജം, കാറ്റ്, തിരമാലയുടെ ശക്തി തുടങ്ങിയ പോംവഴികള്‍ ഊര്‍ജോല്‍പാദന ഉപാധിയായി സ്വീകരിക്കുക എന്നിവയെല്ലാം പരിഹാരനിര്‍ദേശങ്ങളാണ്.

വംശനാശ ഭീഷണി

ഓരോ വര്‍ഷവും ആയിരക്കണക്കിന് ജീവിവര്‍ഗങ്ങളാണ് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നിലനില്‍പിന് വേണ്ടിയുള്ള സമരങ്ങളും അര്‍ഹതയുള്ളവയുടെ അതിജീവനവുമെല്ലാം ജൈവപരിണാമത്തിന്റെ ഘട്ടങ്ങളാണെന്ന് കരുതാമെങ്കിലും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയില്‍ നടക്കുന്ന അത്തരം പ്രക്രിയകള്‍ ഏതാനും ദശാബ്ദങ്ങള്‍കൊണ്ട് സംഭവിക്കുന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ഭയാനകമായ പരിസ്ഥിതി ദുരന്തത്തിന്റെ മുന്നോടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വംശനാശഭീഷണി നേരിടുന്ന സ്പീഷീസുകളെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെങ്കിലും അതിനാവശ്യമായ കഴിവും മാര്‍ഗവും ഉണ്ടോയെന്നും അതിനുവേണ്ടി വകയിരുത്താനുള്ള സാമ്പത്തികശേഷി ഭരണകൂടങ്ങള്‍ക്കുണ്ടോയെന്നും ശ്രദ്ധിക്കണം. ജൈവവൈവിധ്യ മേഖലകള്‍ കണ്ടെത്തുകയും അവയില്‍ നിലനില്‍പിന് ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ തിരിച്ചറിയുകയുമാണ് ആദ്യം ചെയ്യേണ്ടത്. ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ജീവികളെയും അവയുടെ ആവാസവ്യവസ്ഥകളുടെ സവിശേഷതകളും കണ്ടെത്തുകയാണ് അടുത്ത ഘട്ടം. ഇങ്ങനെ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഇത്തരം ഹോട്ട്‌സ്‌പോട്ടുകളില്‍ 45 ശതമാനത്തോളം ജീവികള്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സ്പീഷീസുകളുടെ സംരക്ഷണത്തിന് ഓരോ വര്‍ഷവും 600 കോടി ഡോളറെങ്കിലും ചെലവ് വരും. സാമ്പത്തിക ബാധ്യതയെന്ന യാഥാര്‍ഥ്യത്തിലുപരി ജീവികളുടെ വംശനാശം സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ജൈവിക പ്രത്യാഘാതങ്ങള്‍ പരിണാമവൃക്ഷത്തിന്റെ മുകളിലത്തെ ശ്രേണിയിലുള്ള ആധുനിക മനുഷ്യന്റെ നിലനില്‍പിനെ തന്നെ ചോദ്യംചെയ്യുന്ന തരത്തില്‍ വളരുകയാണിപ്പോള്‍. നിരവധി സ്പീഷീസുകളുടെ സഹകരണത്തിന്റെയും സഹജീവിതത്തിന്റെയും പരിണതഫലമാണ് ഹോമോസാപിയന്‍സിനെ ഇന്നുകാണുന്ന അവസ്ഥയില്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന കാര്യം വിസ്മരിച്ചുകൂടാ.

വനനശീകരണം

സ്പീഷീസുകളുടെ ഉന്മൂലനാശത്തിനു കാരണം വനത്തിലേക്കും സമുദ്രത്തിലേക്കുമുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റമാണ്. ഭൂമിയില്‍ മനുഷ്യനുള്‍പ്പെടെയുള്ള കരജീവികള്‍ ആവിഭവിച്ചത് വനവുമായി ബന്ധപ്പെട്ടാണ്. ഇന്ന് ഭൂമിയുടെ കരവിസ്തൃതിയുടെ അഞ്ചുശതമാനം മാത്രമാണ് വനങ്ങളുള്ളത്. അതാവട്ടെ, ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. വനനശീകരണത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ദരിദ്ര-ചെറുകിട കര്‍ഷകരുടെ ഇടപെടലുകള്‍ വഴിയാണ് സംഭവിക്കുന്നത്. പാര്‍പ്പിടനിര്‍മാണത്തിനും കൃഷിക്കുമായി മരങ്ങള്‍ മുറിക്കേണ്ടിവരുന്നതാണ് ബ്രസീല്‍ പോലെ നിബിഡ വനങ്ങളുള്ള വികസ്വര രാഷ്ട്രങ്ങളില്‍ സംഭവിക്കുന്നത്. ഏഷ്യയിലും തെക്കേ അമേരിക്കയിലും അവശേഷിക്കുന്ന കാടുകളും ഇതേ ഭീഷണി തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, ദാരിദ്ര്യനിര്‍മാജനം, ജനസംഖ്യാ നിയന്ത്രണം എന്നിങ്ങനെയുള്ള കടമ്പകള്‍ കടക്കുമ്പോള്‍ മാത്രമേ വനനശീകരണത്തിന് അറുതിവരുത്താന്‍ കഴിയുകയുള്ളൂ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെ വനവത്കരണത്തിന് മുറവിളികൂട്ടുന്നതും പരിസ്ഥിതിദിനത്തില്‍ പ്ലക്കാര്‍ഡുകളുമായി തെരുവില്‍ ജാഥ നടത്തുന്നതും യാഥാര്‍ഥ്യത്തിന് നേരെ പുറംതിരിഞ്ഞുനില്‍ക്കുന്ന പിന്തിരിപ്പന്‍ നടപടിയാണെന്ന് പറയാതെവയ്യ. അയല്‍ക്കാരന്റെ പുരയിടത്തിലേക്ക് വിത്തുകള്‍ വലിച്ചെറിയുന്നതും പാതയോരങ്ങളില്‍ മരം നട്ടുപിടിപ്പിക്കുന്നതും വനവത്കരണമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇപ്പോഴും നമ്മുടെയെല്ലാം അടുത്തുതന്നെയുണ്ട്. വനനശീകരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് ശാസ്ത്രീയമായ പ്രതിവിധികള്‍ അവലംബിക്കുകയും ചെയ്യാതെ വനവത്കരണത്തിന് വേണ്ടിയുള്ള മുറവിളികള്‍ വനരോദനങ്ങളായി മാത്രമേ അവശേഷിക്കുകയുള്ളൂ. വിറകും തടിയും മാത്രമല്ല, ഔഷധങ്ങളും എണ്ണയും ലാറ്റക്‌സും അരക്കും മെഴുകും ഡൈകളുമൊക്കെയായി ലഭ്യമായിക്കൊണ്ടിരിക്കുന്ന വനസമ്പത്തിന്റെ വാര്‍ഷികമൂല്യം ഏകദേശം 420 ബില്യണ്‍ ഡോളറാണ്. വനങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യവും പ്രാണവായുവിന്റെയും ശുദ്ധജലത്തിന്റെയും ലഭ്യതയില്‍ അവ വഹിക്കുന്ന പങ്കിനും പുറമെയാണിത്. എന്നാല്‍, വളരെ കുറച്ച് ആളുകളില്‍ മാത്രം സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ലോകക്രമത്തില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള പരക്കംപാച്ചിലിനിടയില്‍ മരങ്ങള്‍ മുറിച്ച് പാര്‍പ്പിടങ്ങളും കൃഷിഭൂമിയുമൊരുക്കുന്ന മൂന്നാം ലോകരാഷ്ട്രങ്ങളിലെ ദരിദ്രനാരായണന്മാരെ അടച്ചാക്ഷേപിക്കുന്നതില്‍ അര്‍ഥമൊന്നുമില്ല. സമ്പത്തിന്റെ വികേന്ദ്രീകരണവും സോഷ്യലിസ്റ്റ് ജീവിതക്രമവുമെല്ലാം ഇവിടെ ഇനിയും പ്രസക്തമാവുകയാണ്.

മണ്ണൊലിപ്പ്

ഓരോവര്‍ഷവും 2,500 കോടി ടണ്‍ എന്ന തോതിലാണ് ഫലപുഷ്ടിയുള്ള മേല്‍മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് ഇന്നു ലോകത്തില്‍ പട്ടിണി അനുഭവിച്ചുകൊണ്ടിരിക്കുന്ന 82 കോടി ജനങ്ങള്‍ക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്യാനുള്ള വളക്കൂറുള്ള മണ്ണാണ്. മേല്‍മണ്ണിനൊപ്പം നഷ്ടമാകുന്ന വളക്കൂറ് വീണ്ടെടുക്കാന്‍ ഓരോ വര്‍ഷവും 400 ബില്യണ്‍ ഡോളര്‍ ചെലവാകുന്നുണ്ടെന്നുള്ളത് അദ്ഭുതകരമായ യാഥാര്‍ഥ്യമാണ്. രാസവളങ്ങളുടെ അമിത ഉപയോഗം മണ്ണിന്റെ ജൈവഘടനയില്‍ മാറ്റമുണ്ടാക്കുകയും മണ്ണും ജലവും മലിനമാക്കുകയും ചെയ്യും. ആഗോളവ്യാപകമായി കൃഷിഭൂമിയില്‍ നിന്നും മേല്‍മണ്ണ് നീക്കപ്പെടുന്നത് ഒരു ചെറുകിട- ഇടത്തരം കര്‍ഷകന് ബോധ്യമാകത്തക്കവണ്ണമുള്ള വലിയ അളവല്ല. എന്നാല്‍, 2050 ആകുമ്പോഴേക്കും ഇത് സര്‍വസീമകളും ലംഘിച്ചിരിക്കും. ഈ ദുരന്തം മുന്‍കൂട്ടി കണ്ടെത്തുകയും അതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതിന് ഇതുവരെയും ഒരു നീക്കവും ഒരിടത്തുനിന്നും ആരംഭിച്ചിട്ടില്ലെന്നതും ദുഃഖകരമായ യാഥാര്‍ഥ്യമാണ്.

ജല ദൗര്‍ലഭ്യം

കഴിഞ്ഞ നാലു ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആഗോളവ്യാപകമായി ശുദ്ധജലത്തിന്റെ ഉപയോഗം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഇതു വീണ്ടും ഒരു മടങ്ങുകൂടി വര്‍ധിക്കും. ഇപ്പോള്‍ തന്നെ ലോകമെമ്പാടും 50 കോടി ജനങ്ങള്‍ ജലദൗര്‍ലഭ്യത്തിന്റെ പിടിയിലാണുള്ളത്. 2025 ആകുമ്പോഴേക്കും അത് 300 കോടിയായി വര്‍ധിക്കും. ലോകജനസംഖ്യയുടെ 40 ശതമാനവും അധിവസിക്കുന്ന 90 ദരിദ്രരാഷ്ട്രങ്ങളുടെ സാമ്പത്തികമേഖലയാകെ താറുമാറാക്കുന്ന തരത്തിലാണ് അവരനുഭവിച്ചുകൊണ്ടിരിക്കുന്ന ജലക്ഷാമത്തിന്റെ തീവ്രത. മൂന്നാം ലോകരാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് പിടിപെടുന്ന രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും 80 ശതമാനവും മലിനജലത്തിലൂടെയാണ് ഉണ്ടാവുന്നത്. ഓരോവര്‍ഷവും 400 കോടി ആശുപത്രി കേസുകളാണ് അവിടെനിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവ അതിലും എത്രയോ അധികമായിരിക്കും. ലോകത്തിലെ പ്രധാനപ്പെട്ട 214 നദീതടങ്ങളില്‍ മൂന്നിലൊന്നു ഭാഗം രണ്ടു രാജ്യങ്ങളിലായും മറ്റൊരു മൂന്നിലൊന്നു ഭാഗം പത്ത് രാജ്യങ്ങളിലുമായാണ് സ്ഥിതിചെയ്യുന്നത്. ഫലപുഷ്ടിയുള്ള മണ്ണും നല്ല കാലാവസ്ഥയും ഈ പ്രദേശങ്ങളില്‍ തന്നെയാണുള്ളത്. മഹാഭൂരിപക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ദരിദ്രരാജ്യങ്ങളില്‍ വിസ്തൃതമായ നദീതടങ്ങളോ ശാന്തമായ കാലാവസ്ഥയോ ഇല്ല. ജലശുദ്ധീകരണത്തിനാവശ്യമായ സാങ്കേതിക പരിജ്ഞാനവും അതിനാവശ്യമുള്ള സാമ്പത്തികശേഷിയും ഇത്തരം രാഷ്ട്രങ്ങളുടെ കഴിവിനുമപ്പുറമാണ്. പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് അകാലചരമമടയുന്ന യുവാക്കളും പോഷകാഹാരക്കുറവ് കാരണം എല്ലുന്തി, വീര്‍ത്ത വയറുമായി ലോകമനസ്സാക്ഷിയുടെ മുന്നില്‍ ചോദ്യചിഹ്നം പോലെ വളഞ്ഞുനില്‍ക്കുന്ന കുഞ്ഞുങ്ങളും ആവശ്യപ്പെടുന്നത് സഹതാപമല്ല, രാഷ്ട്രീയ ഇടപെടലുകളാണ്.


വിവേചനരഹിതമായ വിഭവചൂഷണം

വ്യാവസായിക രാഷ്ട്രങ്ങളില്‍ ഇഷ്ടിക, സിമന്റ്, ഇരുമ്പ്, എണ്ണ, രാസവസ്തുക്കള്‍ തുടങ്ങിയ ഉല്പന്നങ്ങളുടെ ഉപഭോഗം ഭീമമായ തോതിലാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിലുപരി അവ അവശേഷിപ്പിക്കുന്ന മാലിന്യങ്ങള്‍ വലിയൊരു പ്രശ്‌നമായി മാറിക്കൊണ്ടുമിരിക്കുകയാണ്. മാലിന്യസംസ്‌കരണം എന്നുമൊരു കീറാമുട്ടി തന്നെയാണ്. പ്രകൃതിവിഭവങ്ങള്‍ വിവേചനരഹിതമായി ചൂഷണംചെയ്യുന്നതില്‍ അമേരിക്ക തന്നെയാണ് മുന്നില്‍നില്‍ക്കുന്നത്. പൗരന്മാരുടെ ആവശ്യത്തിന്റെ അഞ്ചു മടങ്ങിലധികമാണ് അവിടെ പ്രകൃതിചൂഷണം നടന്നുകൊണ്ടിരിക്കുന്നത്. മറ്റൊരു വ്യാവസായിക രാഷ്ട്രമായ ജപ്പാനില്‍ ഇതിന്റെ നേര്‍പകുതിയാണെന്ന് അറിയുമ്പോഴാണ് പാശ്ചാത്യരാജ്യങ്ങളുടെ ഉപഭോഗാസക്തിയുടെ തീവ്രത മനസ്സിലാകുന്നത്. ലോകജനസംഖ്യയുടെ കാല്‍ ഭാഗം വരുന്ന സമ്പന്ന രാഷ്ട്രങ്ങളിലെ ജനങ്ങളാണ് വിഭവങ്ങളുടെ 3/4 ഭാഗവും ഉപയോഗിക്കുന്നത്. വിഭവങ്ങളുടെ ഉപഭോഗം മാത്രമല്ല, പരിസരമലിനീകരണത്തിന് കാരണമാകുന്ന അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നതില്‍ മുക്കാല്‍ പങ്കും ഇവര്‍ തന്നെയാണ് ചെയ്യുന്നത്. ഉല്‍പന്ന ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കയിലെ മൂന്നംഗങ്ങളുള്ള ഒരു കുടുംബം ഒരുമാസം ഉപയോഗിക്കുന്ന വിഭവങ്ങള്‍ ഒരു വികസ്വര രാജ്യത്തെ 30 പൗരന്മാരുടെയും നേപ്പാള്‍ പോലെയുള്ള ഒരു ദരിദ്രരാജ്യത്തെ 80 പൗരന്മാരുടെയും ഒരുമാസത്തെ ഉപഭോഗത്തിന് തുല്യമാണ്. ഖര, ദ്രവ മാലിന്യങ്ങളുടെ പുറന്തള്ളലിലും ഇതേ ക്രമമാണ് പാലിക്കപ്പെടുന്നത്. ആന്റിബയോട്ടിക് ഔഷധങ്ങളോട് പ്രതിരോധം കാട്ടുന്ന ബാക്ടീരിയകളുടെയും മറ്റ് സൂക്ഷ്മജീവികളുടെയും ആവിര്‍ഭാവത്തിനും പുതിയ രോഗങ്ങള്‍ക്കു തന്നെയും ഇതു കാരണമാകുന്നുണ്ട്.

ദാരിദ്ര്യം

ജനപ്പെരുപ്പം പോലെതന്നെ ദാരിദ്ര്യത്തെയും ഒരു പരിസ്ഥിതിപ്രശ്‌നം മാത്രമായി കാണാന്‍ കഴിയില്ല. അതിന് രാഷ്ട്രീയവും സാമൂഹികവുമായ നിരവധി മാനങ്ങളുണ്ട്. എന്നാല്‍, വനനശീകരണവും മണ്ണൊലിപ്പും ജലദൗര്‍ലഭ്യവും പകര്‍ച്ചവ്യാധികളുമെല്ലാം ചേര്‍ന്ന് ഓരോവര്‍ഷവും പതിനായിരങ്ങളെയാണ് ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. ദിവസം 50 രൂപയില്‍ താഴെ മാത്രം വരുമാനമുള്ള 130 കോടി ജനങ്ങള്‍ ഇന്നു ഭൂമുഖത്തുണ്ട്. രാഷ്ട്രീയപരമായും സാമ്പത്തികമായുമെല്ലാം പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഇവരെ സാമൂഹികജീവിതത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ തടസ്സമായി നില്‍ക്കുന്നത് പലപ്പോഴും ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ്. വനമേഖലകളിലും വരണ്ട പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങള്‍ക്ക് കൃഷിചെയ്യുന്നതിനോ അതു നിലനിര്‍ത്തുന്നതിനോ പലപ്പോഴും കഴിയാറില്ല. നിലനില്‍പിന് വേണ്ടിയുള്ള സമരത്തില്‍ കൂടുതല്‍ വനനശീകരണത്തിനും മണ്ണൊലിപ്പിനുമെല്ലാം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നുണ്ട്. ഇത്തരം സമൂഹങ്ങള്‍ ജനനനിയന്ത്രണ സംവിധാനങ്ങളോട് വിമുഖത കാണിക്കുന്നതുകൊണ്ടു തന്നെ കുടുംബങ്ങളിലെ അംഗസംഖ്യ വളരെ ഉയര്‍ന്നതായിരിക്കും. ഇത് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നുമുണ്ട്. വികസിത രാഷ്ട്രങ്ങളുടെ ഉല്പന്നക്കയറ്റുമതിയില്‍ ദരിദ്രരാഷ്ട്രങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കുകയും മാര്‍ക്കറ്റുകള്‍ സാധാരണക്കാരന് കൂടി ലഭ്യമാകുന്ന തരത്തില്‍ തുറന്നിടുകയുമാണ് വേണ്ടത്. വികസിത രാഷ്ട്രങ്ങളില്‍ അമിതോല്പാദനത്തെ തുടര്‍ന്ന് നശിപ്പിച്ചുകളയുന്ന ധാന്യങ്ങളും മറ്റുല്പന്നങ്ങളും സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങളുടെ മറപിടിച്ച് ദരിദ്രരാഷ്ട്രങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താതെ അവിടെയുള്ള ദുര്‍ബലവിഭാഗങ്ങള്‍ക്കെത്തിക്കുന്നതിനുള്ള ആര്‍ജവമാണ് ഒരു വികസിത ലോകക്രമത്തില്‍നിന്ന് പൗരന്മാര്‍ പ്രതീക്ഷിക്കുന്നത്.

പരിസ്ഥിതി സംരക്ഷണം – നമുക്കെന്തു ചെയ്യാന്‍ കഴിയും?

കുറയ്ക്കുക: പ്രകൃതിവിഭവങ്ങളുടെ ചൂഷണം, കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളല്‍, പരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍, വനനശീകരണം, പ്ലാസ്റ്റിക് ഉപയോഗം, ജലം, വായു, മണ്ണ് മലിനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ ഉപയോഗം, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം. അതോടൊപ്പം വിഭവങ്ങളുടെ ഉപയോഗശേഷം അവയെ വീണ്ടും ഉപയോഗക്ഷമമാക്കുകയും സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രീയമായി മാലിന്യസംസ്‌കരണം നടത്തുകയും വേണം. പേപ്പര്‍ പോലെയുള്ള സൗജന്യ ഉല്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്യണം. മരംകൊണ്ട് നിര്‍മിച്ചിട്ടുള്ള ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം പുതിയവ വാങ്ങിക്കൂട്ടാതെ നിലവിലുള്ളവ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യണം. ആവശ്യത്തിന് മാത്രം ഉല്പന്നങ്ങള്‍ നിര്‍മിക്കുകയും പുനരുപയോഗ ശേഷിയുള്ളവ മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലും ശ്രദ്ധിക്കേണ്ടത് തലമുറകളുടെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ്.


പ്രകൃതിയുടെ നിയമം തന്നെ പരസ്പരാശ്രയത്വമാണ്. മനുഷ്യരില്‍നിന്നും ഈ പരസ്പരാശ്രയത്വം പ്രകൃതി ആവശ്യപ്പെടുന്നുണ്ട്. കാലാവസ്ഥ, ജൈവവൈവിധ്യം, സമുദ്രസമ്പത്ത്, പ്രകൃതിവിഭവങ്ങള്‍, ഫോസില്‍ ഇന്ധനങ്ങള്‍, ഊര്‍ജ ഉറവിടങ്ങള്‍ എന്നിവയെല്ലാം പരസ്പരാശ്രയത്വത്തിലും സഹകരണത്തിലും നിയന്ത്രിതമായി ഉപയോഗിച്ചാല്‍ മാത്രമേ ഭാവി തലമുറകള്‍ക്ക് സുസ്ഥിരമായ നിലനില്‍പുണ്ടാവുകയുള്ളൂ. വികസനമെന്ന പേരില്‍ പ്രകൃതിയിലേക്കുള്ള അനിയന്ത്രിത കടന്നുകയറ്റം നിരവധി സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇതിനകം കാരണമായിട്ടുണ്ട്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും വിദ്യാഭ്യാസ പുരോഗതിക്കുമെല്ലാം സമ്പന്നരാഷ്ട്രങ്ങളുടെ സഹകരണം ദരിദ്രരാജ്യങ്ങള്‍ക്ക് അനിവാര്യമാണ്. ഊര്‍ജ ഉറവിടങ്ങള്‍ക്കുവേണ്ടിയുള്ള തര്‍ക്കങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കുകയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രയത്വം നിലനിര്‍ത്തുകയും വേണം. ശാസ്ത്രത്തിന്റെ വളര്‍ച്ചയും സമൂഹത്തിന്റെ നിലനില്‍പും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയാണ്. പ്രശ്‌നപരിഹാരം ഒരിക്കലും വൈകാരികമായി മാറരുത്, ശാസ്ത്രീയമായ പ്രശ്‌നപരിഹാരത്തിന് ഊന്നല്‍കൊടുക്കുകയും കാര്‍ഷിക, ആരോഗ്യമേഖലയിലുണ്ടാകുന്ന ഗവേഷണങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമെത്തിക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ട്.

സമൂഹത്തിന്റെ സുസ്ഥിരമായ വികസനത്തിന് അറിവുനിര്‍മാണ പ്രക്രിയ അനുസ്യൂതം നടന്നുകൊണ്ടിരിക്കണം. അതിന് ആദ്യം വേണ്ടത് ശാസ്ത്രസമൂഹവും പൊതുസമൂഹവും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാവുകയാണ്. പലപ്പോഴും ഇതിനു കാരണമാകുന്നത് രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ ചില കീഴ്‌വഴക്കങ്ങളാണ്. ഇവിടെയാണ് സമൂഹത്തിന്റെ പൊതുബോധത്തിന്റെ പ്രസക്തി. അന്താരാഷ്ട്ര സംഘടനകളും ശാസ്ത്രസമൂഹവും പൊതുജനങ്ങളുമെല്ലാം പരസ്പരാശ്രയത്വത്തില്‍ നിലനിന്നെങ്കില്‍ മാത്രമേ ശാസ്ത്രീയനേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ തട്ടുകളിലും എത്തിച്ചേരുകയുള്ളൂ. അല്ലാത്തപക്ഷം ശാസ്ത്രം സമ്പന്നന്റെ കൈയിലെ ആയുധം മാത്രമായിത്തീരും. വിദ്യാഭ്യാസമാണ് വികസനത്തിന്റെ അടിത്തറ. അതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്.


📁 സാബു ജോസ്

 2,021 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo