അങ്ങോട്ടും ഇങ്ങോട്ടും കൊന്നുതള്ളാനുള്ള കാരണം എന്താണ്?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

രണ്ടുപേരും രണ്ട് കഥകളിൽ വിശ്വസിക്കുന്നു. കഥകൾ കാരണം രൂപംകൊണ്ട മറ്റു മതങ്ങളെ പോലെത്തന്നെ അവർ ആ കഥകളുടെ ആവേശത്തിൽ രണ്ടു മതങ്ങളുടെ കീഴിലുള്ള രണ്ട് സംഘടിതശക്തികളിൽ അംഗങ്ങളാണ്. രണ്ടുപേർക്കും രണ്ടു പെൺകുട്ടികൾ വീതമുണ്ട്. ചിത്രത്തിൽ ഇക്കാണുന്ന ആ പെൺകുഞ്ഞുങ്ങളുടെ ആ നിഷ്കളങ്ക മുഖങ്ങളിൽ നിന്നും രണ്ടുദിവസം മുൻപ് അവരുടെ പുഞ്ചിരി മാഞ്ഞുപോയിരിക്കുന്നു. കാരണം? മതം. മതം മാത്രം.

ഏകദേശം 11,500-12,000 മുൻപ് വർഷങ്ങൾക്കിടയിലാണ് വേട്ടയാടിയും, പലയിടങ്ങളിലും താൽക്കാലികമായി തങ്ങിയും ഭൂമിയിൽ സഞ്ചരിച്ചിരുന്ന മനുഷ്യർ കൂട്ടമായി പലയിടങ്ങളിലും സ്ഥിരമായി ജീവിക്കാൻ ആരംഭിച്ചത്. അപ്പോൾ അവർ കൃഷി ആരംഭിച്ചു, അവരുടേതായ സംസ്കാരങ്ങൾ രൂപം കൊണ്ടു. ഓരോ സ്ഥലങ്ങളിൽ തമ്പടിച്ചിരുന്ന ഗോത്രജനതയ്ക്ക് ഒരു നേതാവുണ്ടായി. തൻ്റെ ഗോത്രത്തിലുള്ളവർ പുറത്തേയ്ക്ക് പോകാതിരിക്കാനും, പുറമെയുള്ള മറ്റു ഗോത്രക്കാർ തങ്ങളുടെ അതിർത്തിക്കുള്ളിൽ എത്തിച്ചേരാതിരിക്കാനും ഈ ഗോത്രത്തലവന്മാർ ദൈവങ്ങളെ ഉണ്ടാക്കി. തടിയിലും, കല്ലുകളിലും തീർത്ത സ്തംഭങ്ങളിൽ അവർ അവരുടേതായ വിശ്വാസങ്ങൾക്കനുസരിച്ചുള്ള രൂപങ്ങൾ കൊത്തിവച്ചു. അതിനെ ആരാധിക്കാൻ തുടങ്ങി. അത്തരത്തിൽ ഉണ്ടായ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് മുകളിലെ ചിത്രത്തിൽ കാണുന്നത്. ഇപ്പോഴത്തെ തുർക്കിയുടെ തെക്കുകിഴക്ക് ഭാഗത്തായുള്ള “ഗോബെക്ലി ടെപ്പെ” (Göbekli Tepe) എന്ന ആർക്കിയോളജിക്കൽ സൈറ്റിലുള്ള ക്ഷേത്രാവശിഷ്ടങ്ങളാണ് ഈ ചിത്രത്തിലുള്ളത്. അതായത് ഈ ക്ഷേത്രവും, വിശ്വാസവും ആരംഭിച്ചത് ഇന്നേക്ക് 10,000-നും 11,500-നും മുൻപ് വർഷങ്ങൾക്ക് മദ്ധ്യേയാണ്.

വിശ്വാസങ്ങളുടെ പേരിൽ തൻ്റെ കീഴിൽ അടക്കി നിർത്തിയിരുന്ന ജനങ്ങൾക്ക് മറ്റ് വിശ്വാസങ്ങൾ സ്വീകരിക്കാനോ, പിന്തുടരാനോ ആ ഗോത്രത്തലവൻ അനുവാദം നൽകിയിരുന്നില്ല. ആ ഗോത്രത്തലവന്മാർ പിന്നീട് നാടുവാഴികളായി, രാജാക്കന്മാരായി. ഓരോ വിശ്വാസങ്ങളും മതങ്ങളായി. തൻ്റെ ജനതയെ ഉപയോഗിച്ച് മറ്റു ഗോത്രങ്ങളെ ആക്രമിക്കാനും, നശിപ്പിക്കാനും അവർ ആഹ്വാനം ചെയ്തു. എല്ലാം തങ്ങളുടെ വിശ്വാസങ്ങൾക്കും, മതത്തിനും മാത്രമേ മരണശേഷമുള്ള ഭേദപ്പെട്ട ജീവിതം നൽകാനാവൂ എന്ന് ആ രാജാക്കന്മാർ തൻ്റെ പ്രജകളെ വിശ്വസിപ്പിച്ചു. തങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിക്കുന്നതിനായി, മറ്റു വിശ്വാസങ്ങളെ തകർക്കുന്നതിനായി അവർ സ്വന്തം ജീവൻ നൽകിയും മറ്റു ഗോത്രങ്ങളോട് യുദ്ധം ചെയ്തു. അനേകരെ കൊന്നൊടുക്കി.

വർഷങ്ങൾ ഏറെ കടന്നുപോയി. ആധുനിക യുഗത്തിലാണ് ഹോമോസാപ്പിയൻ സാപ്പിയൻ എന്ന ആധുനിക മനുഷ്യൻ ജീവിക്കുന്നതെന്ന് നാം അഹങ്കരിക്കുന്നു. ഇല്ല. നാം മാറിയിട്ടില്ല. ആധുനിക യുഗത്തിലെ എല്ലാ സാധ്യതകളും, സാങ്കേതിക വിദ്യകളും, വൈദ്യശാസ്ത്രവും, വിദ്യാഭ്യാസവും മുതലെടുത്തുകൊണ്ട് തന്നെ, 11,500 വർഷങ്ങൾക്ക് മുൻപുള്ള തലച്ചോറുമായി നാം ജീവിക്കുന്നു. കഥകളിൽ വിശ്വസിച്ചുകൊണ്ട് തങ്ങളുടെ കഥയാണ് മികച്ചതെന്നും, അല്ലാത്ത കഥകളിൽ വിശ്വസിക്കുന്നവരെ നിഷ്‌കാസനം ചെയ്യണമെന്നും അവരുടെ ഗോത്രകാല തലച്ചോറ് അവരോട് ആവശ്യപ്പെടുന്നു. ഏറ്റവും കൂടുതൽ കാലം കലാപങ്ങളും, യുദ്ധങ്ങളും, യുദ്ധവെറിയും, ഏറ്റവുമധികം മനുഷ്യകുരുതികളും നടത്തിയിട്ടുള്ള ഒരു മതം കഴിഞ്ഞ നൂറ്റാണ്ടിൽ തിരിച്ചറിവ് നേടി പശ്ചാത്താപത്തിന്റെ വഴിയിലാണ്. മതമാണ് തങ്ങളെ കൊണ്ട് അനേക നൂറ്റാണ്ടുകൾ കൊടും കൊലപാതകങ്ങൾ നടത്തിയിട്ടുള്ളതെന്ന തിരിച്ചറിവിൽ അവർ മതത്തിൽ നിന്നും അകന്നുമാറി പുരോഗതിയിലേക്ക് കുതിക്കുന്നു. തിരിച്ചറിവ് നേടിയിട്ടില്ലാത്ത മതങ്ങളും, അതിൻ്റെ അനുയായികളും, പരസ്പരം വെട്ടി മരിക്കുന്നു. ഈ ആധുനിക യുഗത്തിലും.

പ്രധാന മതങ്ങൾ മാത്രമല്ല. കേരളത്തിൽ ഒരു നാലാം മതം കൂടി രൂപം കൊണ്ടിട്ടുണ്ട്. അതും അപകടമാണ്. അന്ധമായി ആ മതവിശ്വാസത്തിൽ സഞ്ചരിക്കുന്നവരും, തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കുന്നവരും മറ്റു മതങ്ങളിൽ തീവ്രനിലപാടുകൾ ഉള്ളവരെപ്പോലെ തന്നെ അപകടകാരികളാണ്.

ജസ്റ്റിൻ പെരേര

 6,040 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo