ആഴ്സനിക്കം ആൽബം വെറും പ്ലാസിബോ: ഇതാ ഹോമിയോ ജേണൽ സാക്ഷ്യപ്പെടുത്തുന്നു.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഹോമിയോ വാദികളോട് ആവർത്തിച്ചാവർത്തിച്ചു കാപ്സ്യൂൾ കേരള ചോദിക്കുന്ന ഒരു ചോദ്യമാണ്, “ആഴ്സനിക്കം ആൽബം കോവിഡ് നിയന്ത്രണത്തിൽ ഫലമുണ്ടെന്നു പറയാൻ എന്തെങ്കിലും തെളിവുണ്ടോ?” എന്നത്. മൂന്നു കാര്യങ്ങളാണ് ഹോമിയോവാദികൾ പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഒന്ന്, ആഴ്സനിക്കം ആൽബം കോവിഡ് രോഗചികിത്സയിൽ ഫലപ്രദമാണ്. രണ്ട്, ആഴ്സനിക്കം ആൽബം രോഗത്തെ ചെറുത്തുനിൽക്കുന്നു. മൂന്നു, നമ്മുടെ ഇമ്മ്യൂണിറ്റി വർധിപ്പിക്കുന്നു; ഇമ്മ്യൂൺ ബൂസ്റ്റർ ആയി പ്രവർത്തിക്കുന്നു. ഈ മൂന്നു കാര്യങ്ങളും പരസ്പരപൂരകങ്ങളായി ഹോമിയോവാദികൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എങ്കിലും തെളിവ് എവിടെ?

അതിനുള്ള മറുപടി ഇങ്ങനെപോകുന്നു.

  1. ഇത് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന മരുന്നാണ്.
  2. തെളിവുകൾ വെബ് സൈറ്റിൽ ഉണ്ട്, പോയി നോക്കുക.
  3. ധാരാളം പേര് അനുഭവസാക്ഷ്യം പറയുന്നു. അത് പോരെ?
  4. തെളിവ് കണ്ടുപിടിക്കാൻ ശാസ്ത്രം ഇനിയും വളർന്നിട്ടില്ല.

ഇത്തരം വാദങ്ങൾ തെളിവിനു പകരം ആകില്ലെന്നും പകർച്ചവ്യാധികൾ ചികിസിക്കുമ്പോൾ തെളിവുകൾ സമൂഹത്തിന്റെ അവകാശത്തിൽ പെടുമെന്നും അവർക്ക് മനസ്സിലാകുന്നില്ല. മരുന്നെന്നു പറഞ്ഞു ജനങ്ങൾക്ക് നൽകുന്നത് വെറും പ്ലാസിബോ ആണെങ്കിൽ ഗുരുതരമായ നൈതികതാപ്രശ്‌നം അതിലുണ്ട്. കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിൽ നിന്ന് ജനങ്ങളെ അകറ്റി നിർത്തുന്നതെന്തായാലും അനുവദിക്കാനാവില്ലല്ലോ.

ഇപ്പോളിതാ ഒരു പഠനം വന്നിരിക്കുന്നു അതും ഹോമിയോ വിദഗ്ദ്ധർ നടത്തി ഹോമിയോപ്പതി ജേണലിൽ പ്രസിദ്ധീകരിച്ചതാണ്. Gitanjali Talele, Shashikant Vaidhya, Abhay Chowdhary, Paul Herscu, Rajesh Shah എന്നിവരാണ് പഠനം നടത്തിയത്. ഒരാളൊഴികെ എല്ലാരും മഹാരാഷ്ട്രയിലാണ്; പഠനം പൂർത്തിയാക്കിയതും അവിടെത്തന്നെ. പോൾ ഹെർസ്ക്യു, അമേരിക്കയിലെ ഹെർസ്ക്യു ലബോറട്ടറിയിൽ പ്രവർത്തിക്കുന്നു. അവിടെ സമാന്തര വൈദ്യചികിത്സയിൽ പഠനങ്ങളും ചികിത്സകളും നടത്തുന്ന വിഭാഗമാണിത്. കൂടുതൽ അറിവ് ഇതാണ്: “This subsection of Herscu Laboratory is devoted to influenza, and specifically to the use and public health application of Complementary and Alternative Medicine (CAM) in influenza epidemics and pandemics… We are involved in a number of different aspects of influenza research, public health programs, education, and clinical treatment tool development.”

പഠനത്തിൽ 2294 പേരെ ഉൾപ്പെടുത്തി; 2233 പേര് പഠനം പൂർത്തിയാക്കി. പഠനത്തിൽ ചേർന്നവരെ ആറ് വിഭാഗമായി തിരിച്ചു. ഓരോ വിഭാഗത്തിനും പ്രത്യേക മരുന്നുകൾ നൽകി. അതിപ്രകാരം ആണ്.

ഗ്രൂപ് ഒന്ന്: ആഴ്സനിക്കം ആൽബം 30 C
ഗ്രൂപ് രണ്ട്: ബ്രൈയ്ണിയ അൽബ 30 C
ഗ്രൂപ് മൂന്ന്: മരുന്നുകളുടെ മിശ്രിതം (അതിൽ മുൻ ഗ്രൂപ്പുകളിൽ കൊടുത്ത മരുന്നുകൾക്ക് പുറമെ ഇന്ഫ്ലുവെൻസിനം, ജൽസീമിയം എന്നിവയും ചേരും)
ഗ്രൂപ് നാല്: കൊറോണ വൈറസ് നോസോഡ് CVN01 30c
ഗ്രൂപ് അഞ്ച്: കംഫോറ 1 M
ഗ്രൂപ് ആറ്: പ്ലാസിബോ

ഇവരിൽ എത്രപേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകുമെന്നും അതിൽ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയവരിൽ രോഗമുക്തിക്ക് എത്രനാൾ വേണ്ടിവരും എന്നതും ആശുപത്രിയിൽ അഡ്‌മിഷൻ വേണ്ടിവരുന്നതും കണ്ടെത്തുന്നത് പഠനത്തിന്റെ ലക്ഷ്യങ്ങളിൽ ഉണ്ടായിരുന്നു.

പഠനം കണ്ടെത്തിയ ഫലങ്ങൾ:

  1. ഇതുവരെ തെളിവ് നല്കാൻ കൂട്ടാക്കാതെ വെറും പ്രചാരണവുമായി മുന്നോട്ടുപോകുന്ന ഹോമിയോക്കാരുടെ ശ്രദ്ധയ്ക്ക്. ഇതിൽ ഗ്രൂപ് ഒന്ന്, മൂന്ന്, എന്നിഗ്രൂപ്പിൽ ഉൾപ്പെടുത്തിയവർക്ക് യാതൊരു ഗുണവും ഉണ്ടായില്ല എന്നവർ കണ്ടെത്തി. അതായത്, ആഴ്സനിക്കം ആൽബം ഒറ്റയ്ക്കോ, മറ്റുപദാര്ഥങ്ങളുമായി ചേർത്തോ കൊടുത്താലും യാതൊരു ഫലവും ഇല്ല എന്ന് പഠനം വ്യക്തമാക്കുന്നു.
    അതായത്, ആയുഷ് ശിപാർശ ചെയ്തതും കേരളത്തിൽ അങ്ങോളമിങ്ങോളം ജനങ്ങളെ കൊണ്ട് കഴിപ്പിച്ചതും ഇപ്പോൾ കുട്ടികളിൽ പരീക്ഷിക്കുന്നതുമായ മരുന്നിന് തെളിവൊന്നുമില്ല എന്നു ഹോമിയോ വിദഗ്ധർ തന്നെ വ്യക്തമാക്കുന്നു. ക്വാറന്റൈൻ ആയി കഴിഞ്ഞവരിൽ നടത്തിയ പഠനമാണിത്. അപ്പോൾ, ആഴ്സനിക്കം രോഗപ്രതിരോധവും ഇമ്മ്യൂണിറ്റി ബൂസ്റ്റിങ്ങും ചെയ്യുന്നില്ല. മറിച്ചുള്ള പഠനം ഉണ്ടെങ്കിൽ ചർച്ചയാവാം. കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക: 10.1055/s-0041-1735235
  2. പഠനമനുസരിച്ചു എന്തെങ്കിലും തുടർപഠനസാധ്യത കാണുന്നത് ഗ്രൂപ്പ് 2, & 4 ൽ നൽകിയ മരുന്നുകൾക്കാണ്. അതിൽ നാലാമത്തേത് ഹോമിയോപ്പതി വിധിപ്രകാരമുള്ള കോവിഡ് നോസോഡാണ്. CVN01 30c എന്ന് പേരിട്ടിരിക്കുന്ന ഈ പദാർത്ഥം വികസിപ്പിച്ചത് ഇതിൽ പങ്കാളിയായ രാജേഷ് ഷാ തന്നെയാണ്. അദ്ദേഹത്തിന്റെ പേറ്റൻറ്റ് അപേക്ഷ നിലവിലുള്ളതായി പഠനത്തിൽ തന്നെ പറയുന്നു. മാത്രമല്ല Gitanjali Talele, & Rajesh Shah ചേർന്നെഴുതിയ മറ്റൊരു റിപ്പോർട്ട് ലഭ്യമാണ്. ഇതും CVN01 30c എന്ന പദാർത്ഥത്തെ അധികരിച്ചു നടത്തിയ പഠനം തന്നെ. അതിൻറെ ലിങ്ക് ഇതാ: https://doi.org/10.51910/ijhdr.v20i2-3.1073
    അപ്പോൾ അവിടെ ചില നൈതികതാപ്രശ്‌നം ഉണ്ടാകാം. Conflict of interest എന്നൊക്കെ അറിവുള്ളവർ പറയും. സാരമില്ല, കാര്യമാക്കേണ്ട. അത് ആയുഷ് പരിഗണിക്കുമായിരിക്കും.

ചുരുക്കിപ്പറഞ്ഞാൽ:

ഹോമിയോക്കാർ പറയുംപോലെ ആഴ്സനിക്കം ആൽബം പ്രവർത്തിക്കുന്നില്ല. അത് വെറും പ്ലാസിബോ എന്നതിൽ കവിഞ്ഞു മറ്റൊന്നും അല്ല….

ക്യാപ്സ്യൂൾ കേരള

 2,212 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo