അക്ഷരങ്ങൾ ആരും ഉപേക്ഷിച്ചിട്ടില്ല, എങ്ങോട്ടും ഓടി പോയിട്ടില്ല സർ, ആരും ഓടിച്ചുവിട്ടിട്ടും ഇല്ല!!

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മാതൃഭൂമിയുടെ വർത്തമാനം കേട്ടാൽ ഇവർ നമ്മുടെ മലയാള ഭാഷയെ അങ്ങട്ട് രക്ഷിച്ചേ അടങ്ങുകയുള്ളൂവെന്ന് തോന്നിപോകും.

ഇല്ലാട്ടോ, അതോന്നും ഇവരുടെ ലക്ഷ്യമേ അല്ല, ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്.

ഇവർ അടിസ്ഥാന പ്രശ്‌നത്തിൽ നിന്നും ചർച്ചയെ വഴി മാറ്റി വിടുകയാണ്.

പാഠപുസ്തകത്തിന്റെ ആദ്യ പേജിൽ അക്ഷരമാല അച്ചടിച്ചു വെച്ചതുകൊണ്ടൊന്നും ഈ പ്രതിസന്ധി തീരാൻ പോകുന്നില്ല.

■◆

ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയവരുടെ 51.64% പേരും ഇംഗ്ലീഷ് മാധ്യമത്തിലാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇംഗ്ലീഷ്‌ മാധ്യമത്തിൽ ഈ പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടി കൂടിവരികയാണ്.

2019 ൽ 2.4 ലക്ഷം പേർ മലയാളം മാധ്യമത്തിലും 1.8 ലക്ഷം ഇംഗ്ലീഷ് മാധ്യമത്തിലും 2430 പേർ കന്നഡയിലും 1614 പേർ തമിഴിലും എസ്.എസ്.എൽ.സി. പരീക്ഷ എഴുതി.

2020 ആയപ്പോൾ 2,17,184 പേർ മലയാളം മാധ്യമക്കാരും 2,01,259 ഇംഗ്ലീഷ് മാധ്യമക്കാരും 2377 തമിഴ് മാധ്യമക്കാരും 1527 കന്നഡ മാധ്യമക്കാരുമായി. 48% ഇംഗ്ലീഷ് മാധ്യമം!

2021 മാർച്ചിൽ മലയാള മാധ്യമക്കാരെ ഇംഗ്ലീഷ് മീഡിയം മറികടന്നു. 2,18,084 പേർ ഇംഗ്ലീഷിനെ വരിച്ചപ്പോൾ മലയാളംകാർ 2,00,613 ഉം തമിഴ് 2161 ഉം കന്നഡ 1409 ഉം ആയി.

ഈ കണക്കും അതിന്റെ പ്രവണതയും വൃക്തമല്ലെ?

2022 മാർച്ചിൽ ഇത് 54-55% ആയേക്കും.
പത്തു വർഷം കൊണ്ട് 75% കവിയാം.

അതായത് നിലവിൽ ഒന്നാം ക്ലാസുകൾ, പ്രീ_പ്രൈമറികൾ എല്ലാം ഇംഗ്ലീഷ് മാധ്യമത്തിലാണ് എന്ന് കണക്കാക്കിയാലും തെറ്റില്ല!

■◆

രണ്ടാമതൊരു ഡിവിഷൻ സ്‌കൂളിൽ ഉണ്ടെങ്കിൽ മാത്രമേ ഒരു ഡിവിഷൻ ഇംഗ്ലീഷ് ആക്കാൻ പാടുള്ളൂ എന്നാണ് നിലവിലുള്ള നിയമം.

എന്നാൽ, കുറച്ചു കാലമായി ഒരു ഡിവിഷനുണ്ടെങ്കിലത് _ ഇംഗ്ലീഷ് മീഡിയത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളാണ് നമുക്ക് ചുറ്റിലും ഉള്ളത്.

ഔദ്യോഗികമായി ‘മലയാളം’ മാധ്യമ ക്ളാസ്സ്, അവിടെ നടക്കുന്നതോ ‘ഇംഗ്ലിഷ്’ മീഡിയവും.

ഇംഗ്ലീഷും മലയാളവും അല്ലാത്ത ഒരു ‘മംഗ്ലീഷ്’ പരുവം _ എന്ന് പറയുന്നതാണ് ശരി.

സർക്കാർ അച്ചടിച്ചു നൽകുന്ന മലയാള പുസ്തകങ്ങൾ കപ്പലണ്ടി പൊതിയാൻ പോകുന്നുവെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല!

സ്‌കൂളിലേക്ക് നൽകുന്ന മലയാള മാധ്യമ പുസ്തങ്ങൾ പിന്നെ എന്താണ് ചെയ്യുന്നതെന്ന് പറയാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

സംസ്ഥാന സർക്കാരിന് വേണ്ടി എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ പഠ്യപദ്ധതി, സിലബസ്, പാഠപുസ്തകങ്ങൾ, അധ്യാപക കൈപ്പുസ്തകങ്ങൾ, അധ്യാപക പരിശീലനങ്ങൾ _ എല്ലാം പാഴ് വേലയാകുന്നു.

ഈ സംവിധാനങ്ങൾ എല്ലാം മാറ്റിവെച്ച് പവവിധ ‘നെറ്റിക്കാടൻസ്’ _ തയ്യാറാക്കുന്ന പുസ്തകങ്ങളാണ് മിക്ക ക്ലാസുകളിലും കൊണ്ടാടുന്നത്.

മലയാളത്തിൽ നൽകുന്ന അധ്യാപക പരിശീലനങ്ങൾ പാഴാകുന്നു എന്നതാണ് ശരി, ആർക്കും ഇത് നിഷേധിക്കാൻ കഴിയില്ല.

ഔദ്യോഗിക അനുമതിയില്ലാതെയാണ് ഈ ഇംഗ്ലീഷ് മാധ്യമവത്കരണം നടക്കുന്നതെന്നത് വ്യക്തം. നമ്മുടെ വിദ്യാഭ്യാസ വകുപ്പ് കണ്ണടക്കുന്നു, മൗനം, സ്വസ്ഥം.

എല്ലാ അധ്യാപക സംഘടനകളും ഈ കൂട്ടുകച്ചവടത്തിൽ ഒറ്റ കെട്ടാണ്. ഒരേ സ്വരം, ഒരേ നിറം.

അനധികൃതമായി ഇംഗ്ലീഷ്‌ മാധ്യമം നടത്തുക വഴി നമ്മുടെ വിദ്യാലയങ്ങൾ വിദ്യാഭ്യാസത്തിൻ്റെ സത്യസന്ധത പാലിക്കാത്ത ഇടങ്ങളാകുന്നു.

ഒരു ക്ലാസിനു മാത്രം കുട്ടികളെ ഉള്ളുവെങ്കിലും അവരെ രണ്ടു മാധ്യമക്കാരാക്കി ക്ലാസ് എടുക്കുന്ന ‘ഗതികെട്ട’ ഇടമായി നമ്മുടെ പല വിദ്യാലയങ്ങളും മാറിയിട്ടുണ്ട്.

ഇനി കൂടുതൽ കുട്ടികൾ ഉള്ള സ്‌കൂളുകൾ ആണെങ്കിലോ; സമ്പന്ന ഇടത്തരം വിഭാഗങ്ങൾക്കായി ഇംഗ്ലീഷ് മീഡിയവും ഭിന്നശേഷിക്കാരുടെയും പാവങ്ങളുടെയും ഇടമായി മലയാള മീഡിയവും മാറുന്നു.

വിവേചനത്തിൻ്റെ നേർക്കാഴ്ചകൾ, എന്നും എപ്പോഴും _ വിദ്യാലയത്തിലെ പ്രിവിലേജ് വിഭാഗമാണ് ഇംഗ്ലീഷ് മീഡിയക്കാർ.

മികച്ച അധ്യാപകരെ ആ ക്ലാസിലേക്ക് ക്ളാസ്സ് എടുക്കാനായി തിരഞ്ഞ് പിടിച്ചു വിടുന്നു.

ചിലേടത്തെങ്കിലും അനധികൃത നിയമനം നടത്തി 7,000/_ _ 8,000/_ രൂപക്ക് വാടക ടീച്ചർമാരെ മലയാളം പഠിപ്പിക്കാനായി അനുമതി ഇല്ലാതെ നിയോഗിക്കുന്നു.! കുട്ടികളിൽനിന്നും (പിടിഎ) ഫീസ് ഈടാക്കി സൗജന്യ വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന ഇടങ്ങൾ പോലുമായി നമ്മുടെ പല പൊതുസ്‌കൂളുകളും മാറിയിട്ടുണ്ട്.

പുതുതലമുറയിലെ പല അധ്യാപകരുടേയും മക്കൾ ഇംഗ്ലീഷ് മാധ്യമത്തിലാണ് ഇന്ന് പഠിക്കുന്നത്.

എന്നിട്ട് ഞാൻ പൊതു വിദ്യാലയത്തിൽ മക്കളെ പഠിപ്പിക്കുന്നു എന്ന് മേനിപറയും.

വിദ്യാലയത്തിൻ്റെ മൂല്യബോധത്തിൽ കളങ്കം വീഴുകയല്ലേ സംഭവിക്കുന്നത്?!

പിടിഎ കമ്മറ്റികളിൽ ഇംഗ്ലീഷ് മാധ്യമപക്ഷ രക്ഷിതാക്കളുടെ മേധാവിത്തമാണ്.
സ്വാധീനമില്ലാത്ത ഭാഷയായി മലയാളം മാറി കഴിഞ്ഞു.

■◆

ഇങ്ങനെ മരണ വാർഡിൽ പ്രവശിക്കപ്പെട്ട ഭാഷയായി മലയാളം മാറിയപ്പോൾ ഒരു മാധ്യമം _ അക്ഷരമാലാ വിവാദവുമായി രംഗത്തു വന്ന് യഥാർഥ ചർച്ചാ വിഷയം മാറ്റാൻ ശ്രമിക്കുകയാണ്.

തലസ്ഥാനത്ത് മാതൃഭാഷയ്ക്ക് വേണ്ടി സമരം നടക്കുന്ന വേളയിൽ അതിൽ ഊന്നി ചർച്ച വികസിപ്പിക്കുന്നതിന് ശ്രമിക്കാത്ത നീക്കമായിപ്പോയി.

■◆

അക്ഷരമില്ലായ്മ അല്ല _ പ്രതിസന്ധിക്ക് കാരണം എന്ന് പറയാനാണ് ശ്രമിക്കുന്നത്.

അക്ഷരങ്ങൾക്ക് പ്രാധാന്യം ഇല്ലാതാക്കുന്ന ഒന്നും ഒരു ഘട്ടത്തിലും ഇവിടെ ഉണ്ടായിട്ടില്ല.

നോം ചോംസ്കിയുടെ സമഗ്ര ഭാഷാദർശനം _ അതുകൂടി മുന്നിൽ കണ്ടുകൊണ്ട് വേണം _ ഭാഷ ആർജ്ജിക്കുന്നതിൽ (language acquisition) അക്ഷരത്തിനുള്ള പ്രാധാന്യം ചർച്ച ചെയ്യേണ്ടത് എന്നാണ് എന്റെ പക്ഷം.

മലയാള മാധ്യമ വിദ്യാഭ്യാസം അക്ഷരത്തെറ്റായി കണ്ട് വെട്ടിത്തരുത്തി മാധ്യമമാറ്റം നടത്തുന്ന സാഹചര്യത്തിൽ
മലയാളത്തിന് വേണ്ടി നാം നിലകൊള്ളണം.

എന്തുകൊണ്ട് എന്ന് ചോദിച്ചാൽ _ ശാസ്ത്രീയമായ വിദ്യാഭ്യാസ രീതിശാസ്ത്രം (pedagogy) പ്രധാനം ചെയ്യാൻ എന്റെ വ്യവഹാര ഭാഷയായ മലയാളത്തിലെ കഴിയൂ എന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്.

■◆

അക്ഷരം/ അതിന്റെ രൂപം എന്താണെന്ന് അറിയാതെ _ എഴുതാനോ വായിക്കാനോ കഴിയില്ല എന്നത് സത്യം ഒരു കാലത്തും ആരും നിഷേധിച്ചിട്ടില്ല!

എന്നാൽ, അക്ഷരം കേന്ദ്രീകരിച്ചല്ല, ആധുനിക ഭാഷാപഠനമെന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയണം.

നേരത്തെ ‘അക്ഷരം’ കേന്ദ്രീകരിച്ചായിരുന്നു ഭാഷാ പഠനം നടന്നിരുന്നത് എന്നത് സത്യം. എന്നാൽ, വികസിത സമൂഹങ്ങളിൽ അത് മാറിയിട്ട് കാലമേറെയായി.

അക്ഷരങ്ങൾ കേന്ദ്രീകരിച്ച് ഭാഷാ പാഠനം നടന്നിരുന്ന കാലത്ത് (1990_കളുടെ പകുതി വരെ!) നമ്മുടെ ക്ലാസുകളിലെ 40_50 ശതമാനം കുട്ടികൾക്ക് അക്ഷരവും അക്കവും ഉണ്ടായിരുന്നില്ല (തിരുവനന്തപുരം Center for Development Studies CDS ന്റെ ആധികാരിക പഠനങ്ങൾ ലഭ്യമാണ്).

1997_ൽ നിലവിൽ വന്ന ആശയവതരണരീതിക്ക് ശേഷം അക്ഷരമില്ലായ്മ കുറയുന്ന അവസ്ഥ ഇവിടെ ഉണ്ടായിട്ടുണ്ട്. (ഇത് സംബന്ധിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്!)

ജീവിത പരിസരത്തുനിന്നുള്ള ആശയങ്ങളിൽനിന്നും ചെറുവാക്യങ്ങളും, അതിൽനിന്ന് പാദങ്ങളും, ആ പദങ്ങളിൽ നിന്നും പുതിയ വാക്യങ്ങളും പുതിയ പദങ്ങളും ‘അക്ഷരങ്ങളും’ ആ അക്ഷരങ്ങളിൽ നിന്നും പുതിയ പാദങ്ങളും വാക്യങ്ങളും _ അതാണ് രീതി.

നോബൽ സമ്മാന ജേതാവ് നോം ചോംസ്കിയുടെ സമഗ്ര ഭാഷാ ദർശനം (whole language approach) ആയിരുന്നു ഈ രീതിയുടെ അടിത്തറ.

ആശയത്തെ കേന്ദ്രീകരിച്ചുള്ള ഭാഷാ പഠനം _ നമ്മുടെ കുട്ടികൾ വലിയ തോതിൽ ഏറ്റെടുത്ത ഒന്നായിരുന്നു.

നേരത്തെ പറഞ്ഞപോലെ കുട്ടികളുടെ ജീവിത പരിസരത്തുനിന്നുമാണ് ആശയാവതരണ രീതിക്ക് തുടക്കം കുറിക്കുന്നത്.

സമൂഹത്തിലെ വകഞ്ഞുമാറ്റപ്പെടുന്ന (marginalized) സമൂഹങ്ങൾക്ക് ഈ രീതി വലിയ പിടിവള്ളിയായിരുന്നു.

അതിന്റെ നേട്ടങ്ങൾ വലുതായിരുന്നു. നമ്മുടെ സ്‌കൂളുകളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറക്കാൻ പുതിയ പാഠ്യപദ്ധതിക്ക് കഴിഞ്ഞിരുന്നു. (ആധികാരികമായ പഠനങ്ങൾ ഉണ്ട്).

ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന് ചെല്ലുന്ന സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളുടെ എണ്ണത്തിൽ വളർച്ച ഉണ്ടായിരിക്കുന്നു. (ഇതിന്റെ എല്ലാം കണക്കുകൾ ലഭ്യമാണ്!)

■◆

കുട്ടി ഒഴിഞ്ഞ പാത്രമല്ല! ഒരുപാട് അറിവുകളുമായാണ് കുട്ടി പഠിക്കാൻ സജ്ജമായി ക്ളാസ്സ് മുറികളിലേക്ക് എത്തുന്നത്.

കുട്ടി നേരത്തെ നേടിയിട്ടുള്ള അറിവും, ടീച്ചറും സ്‌കൂളും കൊടുക്കുന്ന അറിവും പ്രയോജനപ്പെടുത്തി പുതിയ അറിവുകൾ നിർമ്മിക്കുന്നു (knowledge constaction).

ആ അറിവ് നിർമ്മാണം, സമൂഹവുമായി പ്രതി പ്രവർത്തിച്ചാവണമെന്ന് ആധുനിക വിദ്യാഭ്യാസ ചിന്തകർ നിഷ്കർഷിക്കുന്നു.

അപ്പോൾ അത് സാമൂഹ്യ ജ്ഞാന നിർമ്മാണമായി (social constractivisum) മാറുന്നു.

എന്നാൽ അന്നും ഇന്നും നമ്മുടെ കൂട്ടത്തിൽപ്പെട്ട പലർക്കും എന്താണ് ഇതൊന്നൊന്നും മനസ്സിലായിട്ടില്ല, നമ്മുക്ക് പലരേയും പഠിപ്പിച്ചു കൊടുക്കാനും കഴിഞ്ഞിട്ടില്ല!

ആശയാവതരണവും സാമൂഹ്യ ജ്ഞാനനിർമിതിയും വലിയ സാധ്യതകളാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തുറന്നുകൊടുത്തത്.

1990_കളുടെ അവസാനം മുതൽ നടപ്പാക്കിയ പാഠ്യപദ്ധതി സമയത്ത് നമ്മുടെ കുട്ടികൾ എത്രയോ കാര്യങ്ങൾ സ്വാതന്ത്രമായി പറഞ്ഞിരുന്നു, എഴുതിയിരുന്നു.

എന്നാൽ ഇപ്പോൾ എല്ലാം വിസ്മൃതിയിലായിരിക്കുന്നു.

■◆

ഇംഗ്ളീഷ് മീഡിയം ക്ളാസുകളിൽ _ ഇതിന്റെ ഒന്നും ആവശ്യമില്ല! ഇപ്പോൾ എല്ലാം കൂട്ടികലർന്ന് കാര്യങ്ങൾ അഴ കൊഴയാണ്.

തത്തമ്മേ പൂച്ച.. പൂച്ച..

വിദ്യാഭ്യസ വിപണിയിലേക്ക് പറ്റുന്ന ‘ഇരകളെ’ ഉണ്ടാക്കുക _ എന്നത് മാത്രമാണ് ഈ വിദ്യാഭ്യാസത്തിന്റെ ഒറ്റ ലക്ഷ്യം.

■◆

2011_ലെ കരിക്കുലം പരിഷ്‌ക്കരണം _ വലിയൊരു തിരിച്ചു പോക്കായിരുന്നു.

അതിനെ പ്രതിരോധിക്കാനോ, തടഞ്ഞ് നിർത്താനോ നമുക്ക് കഴിഞ്ഞില്ല.

ഈ മേഖലയിൽ ഇടപെട്ടുകൊണ്ടിരുന്ന അക്കാദമിക് സമൂഹംപോലും വേണ്ടത്ര ഗൗരവമായി ഈ വിഷയത്തെ കണ്ടില്ല.

■◆

ഒരു കാലത്തും മാതൃഭൂമി പോലുള്ള പത്രം ദുർബല വിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിക്ക് ഒപ്പം നിന്നിട്ടില്ല. എന്നിട്ടിപ്പോൾ അക്ഷരമാലയിൽ കയറി പിടിക്കുന്നു.

പുതിയ കരിക്കുലം വരികയാണ്. അതിൽ പിടിക്കണം. വരേണ്യ വിഭാഗങ്ങളുടെ താൽപ്പര്യം മാത്രം സംരക്ഷിക്കപ്പെടണം. അതിലേക്കുള്ള ചർച്ചകളുടെ കേളികൊട്ടാണ് ഇപ്പോൾ നടക്കുന്നത്.

മനോജ് വി

 1,549 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo