ന്യൂനമർദ്ദം എന്താണ് ?

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സമുദ്ര നിരപ്പിനോട് ചേർന്ന ഈർപ്പമുള്ള വായു ചൂടു പിടിച്ചു് പെട്ടെന്ന് മുകളിലേക്ക് ഉയരുന്നതിന്റെ ഫലമായി സമുദ്ര നിരപ്പിനോട് ചേർന്ന താഴെയുള്ള വായുവിന്റെ അളവ് ആനുപാതികമായി കുറയുന്നു. ചൂടുള്ള വായു മുകളിലേയ്ക്ക് ഉയരുന്നതോടെ താഴെ “കുറഞ്ഞ മർദ്ദമുള്ള” ഒരു സ്ഥലം അഥവാ “ന്യൂനമർദ്ദം” രൂപപ്പെടുന്നു. ഇതോടെ ചുറ്റുമുള്ള താരതമ്യേന മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നുള്ള വായു മർദ്ദം കുറയുന്ന ഭാഗത്തേയ്ക്ക് വന്ന് നിറയും. ഈ പുതിയ വായുവും കടലുമായുള്ള സമ്പർക്കത്തിൽ വായുവിന് ഈർപ്പം വർദ്ധിക്കുകയും വീണ്ടും ചൂടുകൂടി മുകളിലേയ്ക്ക് ഉയരുകയും ചെയ്യുന്നു.

ഇങ്ങനെ തുടർച്ചയായുള്ള പ്രകൃയയുടെ ഫലമായി ചൂടുകൂടി മുകളിലേയ്ക്ക് ഉയരുന്ന ഈർപ്പമുള്ള വായു പിന്നീട് തണുത്ത് വലിയ മേഘങ്ങളായി മാറുന്നു. വായുവിന്റെ ചലനം കാരണം സമുദ്രത്തിലെ ന്യൂനമർദ്ദ മേഖലയിലേയ്ക്ക് തുടർച്ചയായി കാറ്റ് വീശുകയും മേഘങ്ങൾ മുകളിലേയ്ക്ക് ഉയരുകയും ചെയ്യുന്ന പ്രവൃത്തി തുടർന്നു കൊണ്ടിരിക്കും. ഈ പ്രവൃത്തി കൂടുതൽ നേരം തുടർന്നാൽ അത് ചുഴലിക്കാറ്റായി രൂപാന്തരപ്പെടും. ഇതു മൂലം ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ സമീപ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുന്നു. ന്യൂനമർദ്ദത്തിന്റെ ശക്തിയനുസരിച്ച് അതേറിയും കുറഞ്ഞും ഇരിക്കും. ലോകത്തിന്റെ പല ഭാഗത്തും ദശ ലക്ഷക്കണക്കിന് വർഷങ്ങളായി നടക്കുന്ന പ്രതിഭാസമാണ് ന്യൂനമർദ്ദം..!!!

ഭൂമിയിലെ ഏറ്റവും വിനാശകാരികളായ കാറ്റുകളാണ് ചുഴലിക്കാറ്റുകള്‍. സൈക്ലോൺ, ടൈഫൂൺ, ഹറികെയ്ൻ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത് ചുഴലിക്കാറ്റ് എന്ന പ്രതിഭാസം തന്നെയാണ്. അറ്റ്ലാൻ്റിക് സമുദ്രത്തിലും കിഴക്കൻ പസഫിക് സമുദ്രത്തിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകളാണ് ഹറികെയ്നുകള്‍. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റുകളാണ് ടൈഫൂണുകള്‍. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകളെ സൈക്ലോണുകള്‍ എന്നാണ് വിളിക്കാറ്.

ചൂടും ഈര്‍പ്പവുമുള്ള വായുവാണ് ചുഴലിക്കാറ്റുകളുടെ ശക്തി. അതു കൊണ്ടാണ് ഇവ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള താപനില കൂടിയ കടലിൽ രൂപപ്പെടുന്നത്. ഭൂമധ്യരേഖയ്ക്ക് വടക്കുഭാഗത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ ഇടതുവശത്തേയ്ക്കും തെക്കുഭാഗത്ത് രൂപം കൊള്ളുന്നവ വലതുഭാഗത്തേയ്ക്കുമായിരിക്കും കറങ്ങുക. ഭൂമിയുടെ അച്ചുതണ്ടിലുള്ള കറക്കം തന്നെയാണ് ഇതിന് കാരണം. ഈ കാറ്റിന്‍റെ ശക്തി കൂടിക്കൂടി വരുന്നതോടെ ഇതിന്‍റെ മധ്യത്തിലായി ഒരു കണ്ണ് കൂടി രൂപപ്പെടുന്നു. ചുഴലിക്കാറ്റിന്‍റെ കണ്ണിൽ എപ്പോഴും കുറഞ്ഞ മര്‍ദ്ദമായിരിക്കും ഉണ്ടാകുക. ഇവിടം ശാന്തമായിരിക്കുകയും ചെയ്യും. മുകളിലുള്ള മര്‍ദ്ദം കൂടിയ വായു ചുഴലിയുടെ കണ്ണിനുള്ളിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കും.

ഇങ്ങനെ വൃത്താകൃതിയിൽ കറങ്ങുന്ന കാറ്റിന്‍റെ വേഗം മണിക്കൂറിൽ 62-കിലോമീറ്ററാകുമ്പോള്‍ അതിനെ ഒരു ട്രോപ്പിക്കൽ സ്റ്റോം എന്ന് വിശേഷിപ്പിക്കാം. എന്നാൽ കാറ്റിന്‍റെ വേഗത 119-കിലോമീറ്ററാകുന്നതോടെ ഇത് ഒരു ചുഴലിക്കാറ്റായി മാറുന്നു. കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് കരയിലേയ്ക്ക് പ്രവേശിക്കുന്നതോടെ ഇവയുടെ ശക്തി കുറയുന്നു. ചൂടുള്ള കടലിലെ വെള്ളത്തിൽ നിന്നുള്ള ഊര്‍ജ്ജം ഇല്ലാതാകുന്നതോടെ ചുഴലിക്കാറ്റ് ക്ഷയിക്കുന്നു. എങ്കിൽ കൂടിയും കരയിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കനത്തനാശം വിതയ്ക്കാൻ ചുഴലിക്കാറ്റിനാകും.

♨️ 74-മുതൽ 79-മൈൽ വരെ വേഗതയുള്ള ചുഴലിക്കാറ്റുകളെ ശക്തി കുറഞ്ഞ ഒന്നാം വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

♨️ 96-മുതൽ 110-മൈൽ വരെ വേഗതയുള്ളവയെ കാറ്റഗറി രണ്ടിൽ പെടുന്നു.

♨️ 129-മൈൽ വരെ വേഗതയുള്ളവയെ കാറ്റഗറി മൂന്നിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

♨️ 130-മുതൽ 156-മൈൽ വരെ വേഗതയുള്ള ചുഴലിക്കാറ്റുകളാണ് നാലാം വിഭാഗത്തിൽ ഉള്‍പ്പെടുന്നത്.

♨️ അഞ്ചാം വിഭാഗത്തിൽപ്പെടുന്ന ചുഴലിക്കാറ്റുകളാണ് ഏറ്റവും വിനാശകാരികള്‍. 157-മൈലിന് മുകളിലാണ് ഇവയുടെ വേഗത..!!

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ വായു പ്രവാഹങ്ങൾക്കും (ചുഴലിക്കാറ്റ്) മഴയ്ക്കും കാരണമാവാറുണ്ട്. മധ്യയൂറോപ്പിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കനത്ത തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുന്നു.

©️®️ Nisha Jayaram

വിജ്ഞാനദീപം Facebook ഗ്രൂപ്പിൽ

 530 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo