ഒക്ടോബർ 17 ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണ ദിനം.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

“മാർക്സും എംഗൽസും ജീവിച്ചിരുന്ന കാലത്തെ ഒന്നും രണ്ടും ഇന്റർനാഷ്ണലുകൾ യഥാർത്ഥ ആഗോള സംഘടനകൾ ആയിരുന്നില്ല. യൂറോപ്പിലും അമേരിക്കയിലുമുള്ള പാർടികൾ മാത്രമായിരുന്നു അതിലെ ഘടകങ്ങൾ. അത് മാറ്റി ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള ഒട്ടേറെ രാജ്യങ്ങളിൽ രൂപംകൊണ്ട പുത്തൻ കമ്യൂണിസ്റ്റ് പാർടികളെക്കൂടി ചേർത്തുകൊണ്ടാണ് മൂന്നാം (കമ്യൂണിസ്റ്റ്) ഇന്റർനാഷ്ണലിന് രൂപം നൽകിയത്. ആ നിലയ്ക്ക് യഥാർത്ഥത്തിൽ ആദ്യത്തെ ഇന്റർനാഷ്ണൽ സംഘടന ലെനിന്റെ നേതൃത്വത്തിലാണ് രൂപംകൊണ്ടത്. (അതിന്റെ ഘടകകക്ഷികളെന്ന നിലയ്ക്കാണ് ഇന്ത്യയിലും ചൈനയിലും മറ്റു ഒട്ടേറെ പിന്നോക്ക രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാർടികൾ രൂപംകൊണ്ടത്)”-
ഇ എം എസ് –
(മാർക്സിസം ലെനിനിസവും ആശയസമരവും).

1920-ൽ പഴയ സോവിയറ്റ് യൂണിയനിലെ ദക്ഷിണ നഗരമായ താഷ്കണ്ടിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപമെടുത്തത്.

എം.എൻ.റോയി, അദ്ദേഹത്തിന്റെ ഭാര്യ എവലിൻ റോയി, അബനി മുഖർജി, അദ്ദേഹത്തിന്റെ ഭാര്യ റോസഫിറ്റിൻഗോഫ്, മുഹമ്മദലി, മുഹമ്മദ് ഷഫീക്, എം പി ബിടി ആചാര്യ എന്നീ ഏഴു പേരാണ് സ്ഥാപക യോഗത്തിൽ പങ്കെടുത്തത്.
മുഹമ്മദ് ഷഫീക് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
എം.എൻ.റോയി ആണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിതാവ്.

1917-ൽ നടന്ന സോവിയറ്റ് വിപ്ലവം ഇന്ത്യയിലെ സ്വാതന്ത്ര്യ ദാഹികളായ ചെറുപ്പക്കാരെ ഹഠാദാകർഷിച്ചിരുന്നു. 18000 മുഹാജിറുകൾ 1920-ൽ ഇന്ത്യ വിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ മുന്നോട്ടു വന്നു. പലരും സോവിയറ്റ് യൂണിയനിൽ എത്തിച്ചേർന്നു. സോഷ്യലിസത്തിന്റെയും മാർക്‌സിസത്തിന്റയും ആശയങ്ങൾ ഇന്ത്യൻ മണ്ണിൽ പ്രചരിക്കുന്നത് തടയാൻ സാമ്രാജ്യത്വം കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നു.

രാജ്യത്തിന് പുറത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിന് പശ്ചാത്തലമൊരുക്കിയ മൂന്ന് വിഭാഗം വിപ്ലവകാരികളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

1) ബർളിനിലെ ഇന്ത്യൻ വിപ്ലവകാരികളുടെ ഗ്രൂപ്പിൽപ്പെട്ട വീരേന്ദ്രനാഥ് ചതോപാധ്യായ, എം ബർക്കത്തുള്ള, മഹേന്ദ്രപ്രതാപ്, മുഹമ്മദ് സാഫിഖ് എന്നിവരടങ്ങുന്ന നേതൃത്വം.

2) ഒന്നാം ലോക മഹായുദ്ധകാലത്തും അതിനുശേഷവും വിദേശത്തുപോയ ഖിലാഫത്തികളും ഹിജറ പ്രസ്ഥാനക്കാരും.

3) സാൻ ഫ്രാൻസിസ്‌കോ കേന്ദ്രമാക്കി രൂപീകരിച്ച ഗദർ വിപ്ലവകാരികളുടെ സംഘം.

1919-ലാണ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ (കോമിൻ ടേൺ) ഒന്നാം സമ്മേളനം മോസ്‌കോവിൽ നടന്നത്. ലോകം മുഴുവനുമുള്ള തൊഴിലാളികളുമായുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ആ സമ്മേളനം ആരംഭിച്ചത്. എന്നാൽ കോളനി രാജ്യങ്ങളുടെ വിമോചനം സംബന്ധിച്ചുള്ള സാമാന്യമായ ചർച്ച ഒരു പ്രമേയത്തിൽ ഒതുങ്ങിനിന്നു.

കോമിന്റേണിന്റെ രണ്ടാം കോൺഗ്രസ് (1920) ഇന്ത്യൻ സ്ഥിതിഗതികൾ ഗൗരവമായി ചർച്ച ചെയ്യുകയും ഇന്ത്യൻ വിപ്ലവകാരികൾക്ക് വേണ്ടി മാർക്‌സിയൻ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഒരു കർമ്മപരിപാടി തയ്യാറാക്കുകയും ചെയ്തു.

ദേശീയ-കൊളോണിയൽ പ്രശ്‌നങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരു കരട് തീസിസ് രണ്ടാം കോൺഗ്രസിൽ അവതരിപ്പിക്കാൻ വേണ്ടി ലെനിൻ തയ്യാറാക്കിയിരുന്നു. എന്നാൽ അതിലെ ധാരണകൾക്ക് വിരുദ്ധമായ സമീപനാണ് എം എൻ റോയ് സ്വീകരിച്ചത്. പൗരസ്ത്യ രാജ്യങ്ങളിലെ ബൂർഷ്വ ജനാധിപത്യവിപ്ലവങ്ങൾക്ക് പിന്തുണ നല്‍കാൻ ലെനിന്‍ നിർദ്ദേശിച്ചപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഒരു കാരണവശാലും അതിനെ പിന്തുണയ്ക്കരുതെന്ന് സപ്ലിമെന്ററി തീസിസിലൂടെ റോയ് വാദിച്ചു. ദേശീയ വിമോചന പ്രസ്ഥാനത്തിന് പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യം എം എൻ റോയ് നിരാകരിച്ചു. കോളനി രാജ്യങ്ങളിൽ മുതലാളിത്തം നിർമാർജ്ജനം ചെയ്യാനുള്ള മുൻ ഉപാധി സോഷ്യലിസ്റ്റ് വിപ്ലവം നടത്തലാണെന്ന് അദ്ദേഹം കരുതി.

ഒടുവിൽ റോയിയുടെ കാഴ്ചപ്പാടിലെ ഇടതുപക്ഷ തീവ്ര വ്യതിയാനങ്ങൾ നീക്കം ചെയ്തുകൊണ്ട് രണ്ടാം കോൺഗ്രസ്, കൊളേണിയൽ തീസിസിന് ഐകരൂപ്യം കണ്ടെത്തുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് താഷ്‌കന്റിലെ രൂപീകരണ യോഗം 1920 ഒക്‌ടോബറിൽ നടന്നത്.

 118 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo