ബ്രോയിലർ കോഴിയിറച്ചിയെ പറ്റി എന്തൊക്കെ കെട്ടുകഥകൾ ആണ് പ്രചരിപ്പിക്കുന്നത്!

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പഠിച്ചവനും പഠിക്കാത്തവനും ഒക്കെ ഇതെല്ലാം വിശ്വസിക്കുന്നു എന്നതാണ് അത്ഭുതം. യാതൊരു വിവരവും ഇല്ലാത്ത അല്പബുദ്ധികളാണ് ഇതൊക്കെ പടച്ചു വിടുന്നത് എങ്കിലും ഫേസ്‌ബുക്കിലും വാട്ട്സ്‌ആപ്പിലും പ്രചരിപ്പിക്കുമ്പോൾ ഉദ്യോഗസ്ഥരും ഐടിക്കാരും തൊട്ട് സാധാരണക്കാർ വരെ എളുപ്പത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഇമ്മാതിരി ഹോക്സുകൾക്ക് പതിനായിരക്കണക്കിനു റീച്ച് കിട്ടുമ്പോൾ സത്യാവസ്ഥ തുറന്നു കാണിക്കുന്നവരുടെ എഴുത്തുകൾക്കും വീഡിയോകൾക്കും നൂറ് പേരിൽ എത്താൻ കഴിഞ്ഞാൽ ഭാഗ്യം. ആളുകൾക്ക് വ്യാജപ്രചരണങ്ങളാണ് വേണ്ടത്, വസ്തുതകളല്ല.

ബ്രോയിലർ കോഴികൾ വേഗം വണ്ണം വയ്ക്കുന്നത് ഹോർമോൺ കുത്തിവെച്ചിട്ടാണ് പിന്നെ ആന്റിബയോട്ടിക്കുകൾ വാരിക്കോരി കൊടുക്കുകയാണ്. ഇറച്ചി നിറയെ ഹോർമോണും ആന്റിബയോട്ടിക്കും ആണ്. അത് കഴിച്ചാൽ നമ്മൂടെ രോഗപ്രതിരോധശേഷി ഇല്ലാതാകും. ആരോഗ്യം താറുമാറാകും. ക്യാൻസർ വരും എന്ന് പറയുന്നുണ്ടോ എന്നറിയില്ല. അതുകൂടി പറയേണ്ടതായിരുന്നു.

ഹോർമോൺ കുത്തി വെച്ചിട്ടൊന്നും ബ്രോയിലർ കോഴികളെ വണ്ണം വയ്പ്പിക്കേണ്ടതില്ല. കുറേക്കാലത്തെ ജീൻ സെലക്‌ഷനിലൂടെ മേത്തരം ഇനം കോഴികളെ വികസിപ്പിക്കുകയും അതിൽ നിന്നും പിന്നെയും മേത്തരമായ രണ്ട് വ്യത്യസ്ത ഇനങ്ങളിൽ പെട്ട പൂവനെയും പിടയെയും ഇണ ചേർപ്പിച്ച് ആ മുട്ട വിരിയിച്ചിട്ടാണ് ബ്രോയിലർ കോഴികളെ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ജീൻ മോഡിഫിക്കേഷൻ അല്ല ജീൻ സെലക്‌ഷൻ ആണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. ജീവികളിൽ ജീൻ മോഡിഫിക്കേഷൻ ഒരു രാജ്യവും അനുവദിക്കുന്നില്ല. ജീൻ സെലക്‌ഷൻ എന്ന പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്തതാണ് മനുഷ്യൻ ഇന്ന് വളർത്തുന്ന എല്ലാ മൃഗങ്ങളും പക്ഷികളും പിന്നെ കൃഷി ചെയ്യുന്ന വിത്തുകളും. ഇതിനെയാണ് നമ്മൾ സങ്കരയിനം എന്ന് പറയുന്നത്. മേത്തരം ജീനുകൾ അടങ്ങിയ രണ്ട് ഇനങ്ങളിൽ നിന്ന് അതിലും മേത്തരമായ മൂന്നാതൊരു ഇനം വികസിപ്പിക്കുക എന്ന തത്വമാണ് ജീൻ സെലക്‌ഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

Plymouth Rocks എന്ന ഇനം കോഴിയെയും white Cornish എന്ന മറ്റൊരു ഇനം കോഴിയെയും ക്രോസ്സ് ബ്രീഡ് ചെയ്തിട്ടാണ് ഇന്ന് നമ്മൂടെ നാട്ടിൽ കാണുന്ന ബ്രോയിലർ കോഴികളെ വികസിപ്പിച്ചിട്ടുള്ളത്. ഇങ്ങനെ വികസിപ്പിച്ച ബ്രോയിലർ കോഴികൾക്ക് പ്ലിമത്ത് റോക്സിനും വൈറ്റ് കോർണിഷിനും ഇല്ലാത്ത ഗുണങ്ങളുണ്ട്. അതാണ് ജീൻ സെലക്‌ഷന്റെ പ്രത്യേകത. അതായത് കുറഞ്ഞ തീറ്റ തിന്നുകൊണ്ട് ആറ് ആഴ്ച ആകുമ്പോഴേക്കും ബ്രോയിലർ കോഴി പൂർണ്ണ വളർച്ച എത്തും. ഹോർമോൺ കുത്തി വെച്ചാൽ കോഴികൾ ഇപ്രകാരം വളരുമെങ്കിൽ നാടൻ കോഴിക്ക് ഹോർമോൺ കുത്തി വെച്ചാൽ പോരായിരുന്നോ? മെനക്കെട്ട് സങ്കരയിനം വികസിപ്പിക്കണോ?

ബ്രോയിലർ കോഴികളെ വികസിപ്പിക്കാൻ പൗട്രി ഇൻഡസ്ട്രിക്ക് കഴിഞ്ഞത് കൊണ്ടാണ് നമുക്ക് ഇന്ന് സുലഭമായും വളരെ വിലക്കുറവിലും കോഴിയിറച്ചിക്ക് ലഭിക്കുന്നത്. ബ്രോയിലർ എന്ന് വെച്ചാൽ ഇറച്ചിക്കോഴി എന്നേ അർത്ഥമുള്ളൂ. ബ്രോയിലർ കോഴിയുടെ പ്രത്യേകത അതിൽ നിറയെ ഇറച്ചി ആണ് എന്നതാണ്. അതേ സമയം നാടൻ കോഴിയിലോ? എല്ലിൽ പറ്റിപ്പിടിച്ച നിലയിൽ ഇത്തിരി ഇറച്ചി ഉണ്ടെങ്കിൽ ആയി. അത്രയേയുള്ളൂ. ഇന്ന് ചിക്കൻ എന്നാൽ നിത്യോപയോഗത്തിനുള്ള ആഹാരപദാർത്ഥം ആയിക്കഴിഞ്ഞു. മാംസാഹാരികൾക്ക് ചിക്കൻ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമാണ്. വിലക്കുറവ്, മാംസത്തിന്റെ നിറവ്, ലഭ്യത, പോഷകങ്ങളുടെ സമൃദ്ധി പിന്നെ രുചി ഇതൊക്കെയാണ് ബ്രോയിലർ കോഴികളെ ആളുകൾക്ക് പ്രിയങ്കരമാക്കുന്നത്.

മറ്റൊരു കാര്യം, ബ്രോയിലർ കോഴികളിൽ കണ്ടമാനം ഹോർമോണും ആന്റിബയോട്ടിക്കും അടിച്ചുകയറ്റി എന്ന് തന്നെ വിചാരിക്കുക. ആ ഹോർമോണും ആന്റിബയോട്ടിക്കും ഒക്കെ അതേ പടി ഇറച്ചിയിലും കയറി പറ്റിപ്പിടിച്ച് ഇരിക്കുകയാണോ? അപ്പോൾ കോഴിക്ക് ലിവറും കിഡ്‌നിയും വിസർജ്ജനവും ഒന്നും ഇല്ലേ? മനുഷ്യന് ഹോർമോണും ആന്റിബയോട്ടിക്കും ഒക്കെ നൽകി എന്ന് വിചാരിക്കുക. അതൊക്കെ അതേ പടി മനുഷ്യശരീരത്തിന്റെ കോശങ്ങളിൽ നിറഞ്ഞിരിക്കുവാണോ? ഒന്ന് പറയാം ഏതൊരു ജീവിയുടെയും കോശങ്ങൾ ശുദ്ധമാണ്. ഇറച്ചി എന്ന് പറഞ്ഞാൽ കോശങ്ങളുടെ ആകെത്തുകയാണ്. കുത്തിവയ്ക്കപ്പെടുന്ന ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഒക്കെ ഉപാപചയ പ്രവർത്തനങ്ങളാൽ വിഘടിപ്പിക്കപ്പെട്ട് മാലിന്യങ്ങൾ കിഡ്‌നിയിലൂടെയും ലിവറിലൂടെയും പുറന്തള്ളപ്പെടും. മനുഷ്യനു മാത്രമല്ല ഏതൊരു ജീവിയിലും നടക്കുന്ന ജൈവപ്രവർത്തനങ്ങൾ ഇങ്ങനൊക്കെ തന്നെയാണ്.

ഇപ്പറഞ്ഞതിന്റെ അർഥം ബ്രോയിലർ കോഴികളിൽ ഹോർമോൺ കുത്തിവയ്ക്കുന്നു എന്നല്ല. ബ്രോയിലർ എന്ന് പറഞ്ഞാലേ കൃത്യമായ അളവിൽ സമീകൃത ആഹാരം കൊടുത്താൽ 35-45 ദിവസങ്ങൾ കൊണ്ട് രണ്ട് രണ്ടര കിലോയിലധികം തൂക്കത്തിൽ വളരും. എന്നാൽ മാത്രമേ ആളുകൾക്ക് കോഴി ഫാം നടത്തിക്കൊണ്ട് പോകാൻ കഴിയൂ, നമുക്കും ഈ വിലയിൽ ചിക്കൻ കിട്ടൂ. തിന്നുന്ന ആഹാരപദാർത്ഥങ്ങളെ പറ്റി ഇത് പോലത്തെ കെട്ടുകഥകൾ പ്രചരിപ്പിച്ച് ജനങ്ങളെ സാങ്കല്പിക വിഷം തീനികളാക്കുന്നത് എന്തിനെന്ന് അറിയില്ല. ഒരു പക്ഷെ സെൽഫ് മാർക്കറ്റിങ്ങിന്റെ ഇക്കാലത്ത് എളുപ്പത്തിൽ വിറ്റുപോകുന്ന വിഷയം ആയതിനാലാകാം. എന്തായാലും ദിവസവും കോഴിമുട്ടയോ ചിക്കനോ കഴിച്ച് പോഷക ദാരിദ്ര്യം ഒഴിവാക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്.

കടപ്പാട് : സാമൂഹ്യമാധ്യമം

 1,396 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo