1921 – ഗുപ്തൻ സി.കെ.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഒരിക്കൽ ‘മാപ്പിളലഹള’ എന്ന് മലബാറിലെ, വിശേഷിച്ച് ഇന്നത്തെ മലപ്പുറം ജില്ലയിലെ, കർഷകപ്രക്ഷോഭത്തെ പറ്റി ഒരു കുറിപ്പെഴുതി. എന്റെ ഒരു ബന്ധു അവരുടെ കാരണോന്മാർ തറവാടു വിട്ട് ഓടേണ്ട സാഹചര്യം വിശദീകരിച്ചു. ഞാൻ അതിനു മറുപടിയെഴുതിയില്ല. കാരണം അവരുടെ അച്ഛനോ അമ്മയൊ മുത്തശ്ശിയോ മുത്തശ്ശനോ പറഞ്ഞുകേട്ട കഥകൾ അവർക്ക് വിശ്വസിക്കാതിരിക്കാനാവില്ല. പറഞ്ഞതുകേട്ടപ്പോൾ അവരെ അവിശ്വസിക്കേണ്ട കാര്യമുള്ളതായും തോന്നിയില്ല. അവരുടെ സംശയം ദൂരീകരിക്കാനല്ല ഈ കുറിപ്പ്.

ആത്യന്തികമായി മലബാറിലെ ‘ മാപ്പിള ‘ മാർ ( മുസ്ലീം വിഭാഗക്കാർ ) കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു. ജന്മിമാരുടെ കീഴിൽ യഥാക്രമം പാട്ടം – വാരം – മിച്ചം മുതലായവ ജന്മിമാർക്ക് കൊടുക്കുന്നവരും പാടത്ത് പണിയെടുക്കുന്നവരുമായിരുന്നു അവർ. അവരുടെ ജന്മിമാർക്കെതിരായ, ജന്മിമാരെ താങ്ങിനിറുത്തുന്ന ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായ, കർഷക പ്രക്ഷോഭമാണ് മലബാർ കലാപം. ജന്മിമാർ സവർണ്ണരും അവരിലൊരുവിഭാഗം മലയാളബ്രാഹ്മണരുമായിരുന്നു. ഭൂമി അവരുടേതാണ് . അവർക്കെങ്ങനെ കിട്ടി? അതു ചോദിക്കരുത്. ചോദിച്ചാൽ ചരടിന്റെ ഒരറ്റം മുതൽ കെട്ടിട്ടത് പരിശോധിക്കേണ്ടിവരും. കെട്ടുകഥകൾ തട്ടിത്തെറുപ്പിക്കേണ്ടിവരും. പരശുരാമനെ മാറ്റി നിറുത്തേണ്ടി വരും.

മലബാറിലെ കർഷകസമരത്തെ പരാജയപ്പെടുത്തിയവർ അവിടുത്തെ ജന്മിമാരും കോൺഗ്രസ്സുകാരുമാണ്. ബ്രിട്ടീഷുകാർ മാപ്പിളമാരെ അമർച്ച ചെയ്യാൻ ആശ്രയിച്ചത് ഇവരെയാണ്. അഹിംസയാണ് വേണ്ടതെന്നു പറഞ്ഞ കോൺഗ്രസ്സുകാർ ജന്മിമാരുടെ ഹിംസയെ കണ്ടില്ല . കണ്ടിട്ടും കാണാതിരുന്നു. പ്രമാണിമാരെ ഒരു ഘട്ടം വന്നപ്പോൾ , സഹിക്കവയ്യാതെ , കർഷകരും കർഷകത്തൊഴിലാളികളും തിരിച്ചടിച്ചു കാണും. ശെരിയല്ല ഈ പ്രവൃത്തി? ഒരു കവിളത്ത് അടികിട്ടിയാൽ മറ്റെ കവിൾ കാണിച്ചു കൊടുക്കണമെന്ന സന്ദേശം മലപ്പുറത്ത് എത്തിയിട്ടുണ്ടാവില്ല. കോൺഗ്രസ്സ് ഭീരുത്വമാണ് 1921 ൽ കാണിച്ചത്.

കുഞ്ഞാലിക്കുട്ടിക്കും മുനീറിനുമൊന്നും ഇതറിയില്ലാഞ്ഞിട്ടാണോ?ജാലിയൻവാലിബാഗിനോടൊപ്പം പറയേണ്ടതാണ് മലപ്പുറത്തെ വാഗൺട്രാജഡി . കോയമ്പത്തൂര് വാഗൺ തുറന്നപ്പോൾ എത്രപേരാണ് ശ്വാസം മുട്ടി മരിച്ചത്. സ്വന്തം രക്തം കൈയ്യിൽ കടിച്ചുപൊട്ടിച്ച് ഊറ്റികുടിച്ചു മരിച്ചില്ലേ? മൂത്രം കുടിച്ച് ജീവിക്കാൻ ശ്രമിച്ചില്ലേ? എന്നിട്ട് ജീവിച്ചത് നൂറുകണക്കിനു ആളുകളിൽ അഞ്ചുപേർ മാത്രം. ഈ സമരം സാമ്രാജ്യവിരുദ്ധ സമരമായിരുന്നു. മാപ്പിളമാരെ പേടിച്ച് പ്രഭുകുടുംബങ്ങൾ പൂട്ടി അവിടുത്തെ അംഗങ്ങൾ സ്ഥലം വിട്ടത് തെറ്റുദ്ധാരണമൂലമാണ്. ഈ പ്രഭുകുടുംബങ്ങളിലെ കാര്യസ്ഥന്മാർ നടത്തിയ നരനായാട്ട്മാപ്പിളലളയെ അക്രമാസക്തമാക്കിയിട്ടുണ്ടാവും. ബ്രിട്ടീഷ്സാമ്രാജ്യത്തിനെതിരായ സമരം പരാജയപ്പെടുത്താൻ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു 1921 ൽ കണ്ടത്. അതിന്നും വിശ്വസിക്കുന്നവരുണ്ട്. മോഴികുന്നം ജന്മിയായിരുന്നു . അദ്ദേഹം മാപ്പിളലഹളയുടെ സാമൂഹ്യ- സാമ്പത്തികവശങ്ങൾ അപഗ്രഥിച്ചുകൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യാവസ്ഥ ആ പുസ്തകത്തിൽ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട് . വളരെ ചെറുപ്പത്തിലാണ് ഞാൻ അതു വായിച്ചത്. അതിനുശേഷം ഏറെകഴിഞ്ഞാണ് സ: ഇ എം എസ്സിന്റെ “ 1921ന്റെ ആഹ്വാനവും താക്കീതും “ വായിക്കാനിടയായത്. 1921 ലെ ലഹളയുടെ ബ്രിട്ടീഷ് വിരോധസ്വഭാവത്തെ അനുകൂലിക്കുക ; അതിലെ സാമുദായികസ്വഭാവത്തെ എതിർക്കുക . ഇതാണ് പ്രസിദ്ധമായ ഈ ലേഖനത്തിന്റെ ജീവൻ.

മുഹമ്മദ് അബ്ദു റഹ്മാൻ സാഹേബ്ബ് ഹിന്ദു സഹോദരരുടെ വീടാക്രമിക്കുന്നതിനെതിരായി ജീവൻ കൊടുത്തും രംഗത്തിറങ്ങി. ഇല്ല എന്ന് ആ ജന്മി കുടുംബത്തിലുള്ളവർ പറയില്ല. ഹിന്ദു – മുസ്ലീം സമുദായ ശൈഥില്യമുണ്ടാക്കാൻ ചെയ്യേണ്ടതൊക്കെ ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികൾ അന്ന് ചെയ്തു. ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു .ജീവിച്ചിരിക്കുമ്പോൾ സമ്പത്തിലെന്നപോലെ മരിച്ചു കഴിഞ്ഞ് സംസ്ക്കാരത്തിലും മലബാറിലെ ജന്മിമാർ നിസ്വരെ കീഴടക്കിവെച്ചു. വൈലോപ്പിള്ളിയുടെ “കുടിയൊഴിക്കൽ“ എന്ന കവിത വായിച്ചുനോക്കു. ഈ കടുംകെട്ടറക്കലാണ് 1921 ൽ സംഭവിച്ചത്. ചരിത്രത്തെ വളച്ചൊടിക്കരുത്. ശെരിയായ രീതിയിൽ കാണണം. അമ്മയെകൊല്ലാൻ കാരണം കണ്ടുപിടിച്ച മിടുക്കല്ല 1921നെ വിലയിരുത്തുമ്പോൾ കാണിക്കേണ്ടത്. തിരുത്തേണ്ടത് തിരുത്തണം. സംസ്കാരസമ്പന്നമായ ഹൃദയം ച്ഛേദിച്ചു വെക്കുക. ഗാനങ്ങളിലൂടെ വിപ്ലവാനന്തരജീവിതത്തെ സംസ്കരിക്കുക. നിഭൃതരാത്രികളിൽ നിങ്ങളുടെ സുഖമയമായ നിദ്രയെതടഞ്ഞുകൊണ്ട് ജീവിക്കാമെന്ന് പ്രതിജ്ഞചെയ്യേണ്ട . അനേകം ക്രിയകളുടെ കർത്താവാവുമ്പോൾ ഇങ്ങനെയൊക്കെ വേണ്ടിവരും. മരിക്കുന്നവർ പുനർജ്ജനിക്കുമെന്ന് ശ്രാദ്ധമൂട്ടുന്നവർക്കുപോലും പരികല്പനയില്ലല്ലോ.


📁 ഗുപ്തൻ സി കെ
www.facebook.com/ckguptan

 1,085 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo