മകൻ രാജ്യദ്രോഹിയും തീവ്രവാദിയുമല്ലെന്ന് തെളിയിക്കാൻ ഒരച്ഛൻ നടത്തിയ 14 മാസത്തെ പോരാട്ടം സംഘപരിവാറിന്റെ ഇന്ത്യയിൽ നാം മനസ്സിരുത്തി വായിക്കേണ്ടതാണ്:

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


മുസ്‌ലിം പേരുള്ള ഒരാൾ ഭീകരവാദികളോടൊപ്പം ചേർന്നു എന്ന് യാതൊരു തെളിവുമില്ലാതെ ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കുന്നവരുടെ എണ്ണമായിരിക്കും സമകാലിക ഇന്ത്യയിൽ ഏറ്റവുമധികം.ഒരു മുസ്ലിം നാമധാരിക്ക് തീവ്രവാദിപട്ടം എളുപ്പം കിട്ടുന്നതും രാജ്യസ്നേഹം സർട്ടിഫൈ ചെയ്തുകിട്ടുക എന്നാൽ വിഷമകരവുമാണ്.വസ്തുതകളോ തെളിവുകളോ ആരും അന്വേഷിക്കില്ല.അവൻ തീവ്രവാദിയല്ല എന്ന് തെളിയിക്കേണ്ട ബാദ്ധ്യത അവന് മാത്രമാണ്.അവന്റെ ജന്മാവകാശവും പൗരാവകാശവും മനുഷ്യാവകാശവുമെല്ലാം ഒരു നിമിഷംകൊണ്ട് മായ്ച്ചുകളയുന്ന തീവ്രമായ വംശവെറി ഇവിടെ പടരുന്നു എന്നത് അതിശയോക്തിയല്ല. കാരണം, വെടിയേറ്റു വീണുകിടന്നവന്റെ നെഞ്ചത്ത് ഉന്മാദനൃത്തം ചെയ്തവൻ ഒരു വ്യക്തിമാത്രമല്ല , ഇന്ത്യയുടെ ബഹുസ്വരതകളെ അധികാരംകൊണ്ട് ഞെരിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ആൾരൂപമാണ്.

അത്തരം ആൾക്കൂട്ടത്തിന്റെ ഖാപ്പ് പഞ്ചായത്ത് വിധിക്ക് മുന്നിൽ നെഞ്ചുരുകി ജീവിച്ച ഒരു ബാപ്പയുടെ കഥ കഴിഞ്ഞ ദിവസം വാർത്തകളിൽ മിന്നിമാഞ്ഞു.പതിന്നാല് മാസങ്ങൾക്ക് മുൻപ് കാണാതായ തന്റെ പട്ടാളക്കാരനായ മകന്റെ ജീർണ്ണിച്ച മൃതദേഹം ആ മനുഷ്യന് തിരിച്ച് കിട്ടിയത് സമൂഹത്തിന്റെ കൂരമ്പുകളേറ്റ മകന്റെ ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരുന്നു!
2020 ആഗസ്റ്റ് രണ്ടിന് ജമ്മുകശ്മീരിലെ ഷോപിയാനിൽ ബാൽപോറ ജില്ലയിൽ സ്വന്തം വീട്ടിൽ നിന്നും ജോലിക്ക് പോയവഴി ദുരൂഹമായി കാണാതെയായ ഒരു പട്ടാളക്കാരൻ.അവൻ സഞ്ചരിച്ചിരുന്ന വാഹനം അന്ന് രാത്രി അടുത്ത കുൽഗാം ജില്ലയിൽ ഒരു കൃഷിയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഏഴു ദിവസം കഴിഞ്ഞ് മറ്റൊരു സ്ഥലത്ത് നിന്ന് രക്തവും മണ്ണും പുരണ്ട അവന്റെ വസ്ത്രങ്ങൾ കണ്ടെത്തി.പക്ഷെ അവന് എന്ത് സംഭവിച്ചു എന്നത് സ്ഥിരീകരിക്കപ്പെട്ടില്ല.

മൃതദേഹം കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ പല കഥകളും പ്രചരിച്ചു.ഒരു സംഘം ആളുകൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും അവൻ തീവ്രവാദികളോടൊപ്പം ചേർന്നു എന്ന് വരുത്തിതീർത്തു.തന്റെ മകൻ രാജ്യദ്രോഹിയാകില്ല എന്നും തീവ്രവാദികൾ അവനെ തട്ടിക്കൊണ്ടുപോയതാണെന്നും ആ അച്ഛൻ എല്ലാവരോടും പറഞ്ഞു.അവന്റെ തിരോധാനത്തെക്കുറിച്ച് ഊർജ്ജിതമായി അന്വേഷണം നടത്തുവാൻ അദ്ദേഹം അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങി.ഒടുവിൽ പതിന്നാലു മാസങ്ങൾക്ക് ശേഷം തീവ്രവാദികൾ മൃഗീയമായി കൊലപ്പെടുത്തിയ മകന്റെ ഭൗതികശരീരം അഴുകിയ നിലയിൽ കുൽഗാം ജില്ലയിൽ നിന്ന്തന്നെ കണ്ടെത്തി.

പട്ടാളക്കാരനായ മകൻ തീവ്രാദികളോടൊപ്പം ചേർന്നു എന്ന് പ്രചരിപ്പിക്കപ്പെടുകയും അതിന്റെപേരിൽ വേട്ടയാടപ്പെടുകയും ചെയ്ത ഒരു കുടുംബത്തിന്റെ ദയനീയമായ നിസ്സഹായവസ്ഥ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും ഭീകരമാണ്.ഏതായാലും അടിസ്ഥാനരഹിതമായ ആ ആരോപണത്തിന്റെ പരിസമാപ്തിയായിരുന്നു ആ മകന്റെ മൃതദേഹം കണ്ടെത്തിയത്.ഔപചാരിക ബഹുമതികളോടെ അത് സംസ്കരിക്കാൻ അധികാരികളെ പ്രേരിപ്പിച്ചതും ആ അച്ഛന്റെ പോരാട്ടത്തിന്റെ വിജയമാണ്.

ആ പട്ടാളക്കാരനെ രാജ്യദ്രോഹിയായി മുദ്രകുത്തിയ ഒരാളും അവരോട് മാപ്പ് ചോദിക്കുകയോ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇങ്ങനെ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കാനോ പോകുന്നില്ല.അവരുടെ പകിടകളി അങ്ങനെ തുടരുമ്പോൾ വംശവെറിയുടെ ചക്രവ്യൂഹത്തിൽപെട്ട് അഭിമാനവും ജനിച്ച മണ്ണിലെ അവകാശവും തെളിയിക്കാൻ കഴിയാതെ പോകുന്ന എത്രയെത്ര നിരപരാധികൾ ഉണ്ടാവും!
വീരമൃത്യുവരിച്ച ആ ജവാനോട് രാജ്യം മാപ്പ് പറയട്ടെ!

📁 രജീഷ് പാലവിള

 111 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo