ക്രിസ്ത്യാനി പുരാണം കേരളീയം.

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മനസിലായെങ്കി മനസിലായീന്നു പറയണം. മനസിലായില്ലെങ്കി മനസിലായില്ല എന്നു പറയണം. മനസിലായില്ലെങ്കി മനസിലായിന്ന് പറഞ്ഞാ മനസിലായതും കൂടെ മനസിലാവൂല്ല,
മനസ്സിലായാ?”

പഠിച്ചിട്ട് വിമര്ശിക്കു സുഹൃത്തേ.
മനസിലാക്കു, പ്രബുദ്ധരാകു. സുഹൃത്തുക്കളെ മനസിലാക്കു, ശത്രുക്കളെ അതിലും നന്നായി മനസിലാക്കു- എന്നാണല്ലോ ഏതോ ശുംഭൻ പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് കടന്നു വരൂ, കണ്ണട എടുക്കു, വെയ്ക്കു, വായിക്കു. ആർക്കും വരാം; വെയ്ക്കാം; വായിക്കാം.

കുറുചരിത്രം അഥവാ ഷൊർട് ചരിത്രം:

ക്രിസ്തുവിന്റെ ശിഷ്യൻ സെന്റ് തോമസ് വന്ന് കുറെ പേരെ, ക്രിസ്ത്യാനികൾ ആക്കി എന്നാണ് പരക്കെ ഉള്ള ഐതിഹ്യം. ഇത് തെറ്റാവാം.

പക്ഷേ എ ഡി രണ്ടാം നൂറ്റാണ്ടിൽ തന്നെ, അറബിക്കടൽ വഴി ഉള്ള കച്ചവടത്തിൽ ഇടനിലക്കാരായ ഒരു ക്രിസ്ത്യൻ സമൂഹം ഇവിടെ ഉണ്ടായിരുന്നു. സിറിയൻ പത്രിയര്കീസുമായി ഇവർക്ക് ഇട വിട്ട്, ബന്ധം ഉണ്ടായിരുന്നു. ഈശോയുടെ ഭാഷ ആയ അറമൈക്കിന്റെ ഒരു വകഭേദമായ സുറിയാനി ആയിരുന്നു ഇവരുടെ വൈദിക ഭാഷ. അവിടെന്നെങ്ങാണ്ടോ വന്ന ക്രിസ്ത്യാനികൾ ആയ ജൂത സമൂഹവുമായി എന്തോ ഒരു പാരമ്പര്യ കണക്ഷൻ ഇവർക്കുണ്ട്. ക്‌നാനായ തൊമ്മൻ എന്ന ഒരു ജൂത ക്രിസ്ത്യാനി കുറെ ആളുകളുമായി എ ഡി മൂന്നാം നൂറ്റാണ്ടിൽ വന്നതിനു രേഖ ഉണ്ട്. പുള്ളിടെ പിന്തലമുറ ആളോൾ ആണ് ഞങ്ങൾ എന്നാണ് ക്നാനായ സുറിയാനി കത്തോലിക്കർ അവകാശപ്പെടുന്നത്. അന്നുള്ള മറ്റു ക്രിസ്ത്യാനികളെ സിറിയൻ പത്രിയർക്കുമായി ബന്ധിപ്പിച്ചതും സുറിയാനി എന്ന ഈശോ സംസാരിച്ചിരുന്ന അരമായിക്കുമായി അടുത്ത ബന്ധമുള്ള ഭാഷ അവരെ പുണ്യ ഭാഷ ആയി പഠിപ്പിച്ചതും ക്നാനാ തൊമ്മൻ ആവാം. ക്നാനാ തൊമ്മന്റെ നാട്ടിലെ സ്ഥാപക പുണ്യാളനും സെന്റ് തോമസ് ആയിരുന്നു.

മാര്പാപ്പയുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. അങ്ങനെ ഒരു ചുള്ളൻ ഉണ്ടെന്ന് തന്നെ അറീകെമില്ല.

പണ്ട് മുതലേ ഇവിടെ ഉണ്ടായിരുന്ന, സുറിയാനികൾ എന്ന, നസ്രാണി മാപ്പിള എന്ന ഈ ജാതി വിഭാഗം കുറെ ഹൈന്ദവ വത്കരിക്കപ്പെട്ടു, ഇവിടെ ഉള്ള മിക്ക ആചാരങ്ങളും അനാചാരങ്ങളും ഒക്കെ സ്വന്തമാക്കി ഇങ്ങനെ പോവുമ്പോ…

ടമാർ, പടാർ! തോക്കും വെടിയും കപ്പലും കപ്പലും കപ്പലണ്ടിയുമായി ആ അലവലാതികൾ എത്തുകയായി. പോർട്ടുഗീസുകർ. പോപ്പിന്റെ കീഴിൽ ആണ് കത്തോലിക്കാ സഭ. റോമിൽ ആണ് പോപ്പ്. ലാറ്റിൻ ആണ് ലവരുടെ വൈദിക ഭാഷ. പോർട്ടുഗീസുകർ മാർപാപ്പയുടെ കീഴിൽ ഉള്ള കത്തോലിക്കർ ആണ്.

നാട്ടുകാരെ ഒക്കെ ഉപദ്രവിക്കുന്നതിനിടയിൽ, ഇവന്മാർ ഇവിടെ ഉള്ള ക്രിസ്ത്യാനികളെയും ഉപദ്രവിച്ചു. ജൂതന്മാരെ കൊടുങ്ങല്ലൂരിൽ നിന്ന് കൊച്ചിയിലോട്ട് ഓടിച്ചു. ക്രിസ്ത്യാനികളെ ഉദയംപേരൂർ സൂനഹദോസ് ഒക്കെ നടത്തി നിര്ബന്ധിച്ച് പോപ്പിന്റെ കീഴിൽ ആക്കി. കുറെ ആചാരങ്ങൾ ഒക്കെ പരിഷ്‌കരിച്ചു. അങ്ങനെ കുറെ സുറിയാനി കത്തോലിക്കർ ഉണ്ടായി.

പോര്ടുഗീസുകരുടെ ശല്യം സഹിക്കാനാവാതെ, ഇതിൽ കുറെ പേർ കൂനൻ കുരിശു സത്യം എന്ന സത്യം ചെയ്ത് പഴേ കൂറിലേക്ക് തിരിച്ചു പോയി.
പഴേ കത്തോലിക്കർ അല്ലാത്ത സുറിയാനി.

പോര്ടുഗീസുകാർ നാട്ടുകാരായ ഹിന്ദുക്കളെയും മറ്റും കുറെ പേരെ മതം മാറ്റി. അവർ ലാറ്റിൻ കത്തോലിക്കർ എന്നു അറിയപ്പെട്ടു.

പിന്നെ ബ്രിടീഷുകാർ വന്നു. അവർ പോപ്പുമായി തെറ്റി പിരിഞ്ഞ പ്രൊട്ടസ്റന്റുകാർ ആയിരുന്നു. അവർ മതം മാറ്റിയ ആളുകളും , ഒക്കെ ചർച്ച് ഓഫ് സൗത്ത് ഇൻഡ്യ മുതലായ പ്രൊട്ടസ്റ്റന്റ് സഭകൾ ആയി. മാർത്തോമ എന്ന സുറിയാനി സഭയും പ്രൊട്ടസ്റ്റന്റ് ആയി.

പിന്നീട് ഇവിടെ വന്ന അനേകം പെന്തകോസ്ത് അനുബന്ധ ഗ്രൂപ്പുകൾ ഉണ്ട്.

ഈ പ്രധാന ഗ്രൂപ്പുകൾ പല ആചാര വ്യത്യാസങ്ങളുടെ പേരിൽ പിന്നെയും വിഘടിച്ചു. ബോറാവും, വിവരിച്ചാൽ.

അപ്പൊ:

പോര്ടുഗീസ് കത്തോലിക്കർ ആക്കിയ സുറിയാനികൾ:

സീറോ മലബാർ

പോര്ടുഗീസുകാർ വന്ന ശേഷം ഉണ്ടായ കത്തോലിക്ക സഭ:

ലാറ്റിൻ കാത്തലിക്.

പോര്ടുഗീസ് കാരുമായി അടിച്ചു തിരിച്ചു പോയ സുറിയനികൾ:

ജാക്കബൈറ്റ്
ഓർത്തോഡോക്സ്
മാർത്തോമ (പിന്നീട് പ്രൊട്ടസ്റ്റന്റ് ആയി)
കൽദായ സുറിയാനി (തൃശൂർ സുറായി)

പ്രൊട്ടസ്റ്റന്റ് സഭകൾ:

ചർച് ഓഫ് സൗത് ഇൻഡ്യ
പെന്റാകോസ്ത് etc.

നോട്:
ക്നാനായ ക്രിസ്ത്യാനികൾ: വംശ ശുദ്ധിക്ക് പ്രാധാന്യം നൽകുന്ന ഒരു ഗോത്ര ചിന്തയുള്ള വിഭാഗം. ഇവർ സുറിയാനികളുമാണ്, മിക്കവരും കത്തോലിക്കരുമാണ്. ചിലർ ജാക്കോബൈറ്സ് എന്ന യാക്കോബായ ആണ്. ഇവരുടെ ചരിത്രം രസകരമാണ്.

നോട് 2.
സീറോ മലങ്കര : ഇവർ പോര്ടുഗീസുകാരോട് അടിച്ചു പിരിഞ്ഞവർ ആണെങ്കിലും 1930ൽ വീണ്ടും കത്തോലിക്കർ ആയി.

നോട് 3.
കണ്ഫ്യൂഷൻ ഉണ്ടാക്കാവുന്ന പേരുകൾ:

കത്തോലിക്കർ, റോമൻ കത്തോലിക്കർ: സീറോ മലബാർ സഭക്കാരെ പലരും തെറ്റായി ഇങ്ങനെ വിവക്ഷിക്കുന്നു. ലാറ്റിനും കത്തോലിക്കർ ആണ്. അവർ ശരിക്കും റോമൻ ആണ് താനും.

കാര്യങ്ങൾ.വ്യക്തമായല്ലോ? ചരിത്ര പരമായി ഇവ രസകരം ആണ്.

ഡിസ്‌ക്ലയമെർ: ചരിത്ര പരമായല്ലാതെ, ഈ അവാന്തര വിഭാഗങ്ങൾക്ക് വലുപ്പ ചെറുപ്പങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
കൃത്യ ചട്ടക്കൂടുള്ള മതങ്ങളിലും ഇല്ല.


📁 ജിമ്മി മാത്യു

 901 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo