കോവിഡ്ക്കാല ആചാര ലംഘനം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കോവിഡ് ബാധിച്ച് 25 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യാമാതാവ് എം.ഡി. ഏലി (കുട്ടിയമ്മ ) ഇന്നലെ വൈകുന്നേരം മരിച്ചു. ഇന്ന് 15.9.2021 ബുധൻ രാവിലെ 10.30 -ന് പാലാ മുനിസിപ്പൽ ശ്മശാനത്തിൽ മതേതര ദഹനം നടത്തി.
പൊതു ശ്മശാനങ്ങൾ ഹിന്ദുക്കൾക്കും അവിശ്വാസികൾക്കും യുക്തിവാദികൾക്കും വേണ്ടിയാണ് എന്ന ധാരണയാണ് ഇതുവരെ ഉണ്ടായിരുന്നത്. ക്രിസ്ത്യൻ – ഇസ്‌ലാം വിശ്വാസികൾക്ക് പള്ളി ശ്മശാനങ്ങളും. എന്നാൽ കോവിഡ് മഹാമാരി അത്തരം വാശികളെ, മനുഷ്യ ബന്ധങ്ങളെയെന്ന പോലെ, തകിടം മറിച്ചിരിക്കുന്നു. ഇതര മതസ്ഥരുടെ ശവങ്ങൾ – പ്രത്യേകിച്ച് ക്രിസ്തീയ വിശ്വാസികളുടെ – പൊതു ശ്മശാനങ്ങളിൽ ദഹിപ്പിച്ച് ചാരം പള്ളിയിലെത്തിച്ച് ശുശ്രൂഷകൾക്കു വിധേയമാക്കാൻ ഇപ്പോൾ തയ്യാറായിരിക്കുന്നു. ചില പള്ളികളിലെ ശ്മശാനങ്ങളിൽ ശവദഹനത്തിന് പോലും അനുമതി ലഭ്യമായിത്തുടങ്ങിയിരിക്കുന്നു.
പൊതു ശ്മശാനങ്ങളിലെ ശവദാഹ സംവിധാനം ഹിന്ദു വിശ്വാസ രീതിയിലുള്ള ശവസംസ്കാരച്ചടങ്ങുകൾക്കുള്ള ഇടങ്ങളാണെന്ന ധാരണയിൽ ചിതാ സ്ഥാനം ഒരുക്കിയിരിക്കുന്നത് തെക്കുവടക്കു ദിശയിലാണ്. ഹിന്ദുമത വിശ്വാസികൾ പൊതുവെ തെക്കോട്ടു തല വച്ചാണ് സംസ്കാരം നടത്തുന്നത് എന്നതാണ് ഇതിനു കാരണം. വീട്ടിലും ശവം പൊതു ദർശനത്തിന് അവർ വയ്ക്കുന്നത് ഇതേ രീതിയിലാണ്.
2020 ജനു. 31- ന് എന്റെ ഭാര്യാ പിതാവ് കെ.ഒ. വർക്കിയെന്ന യുക്തിവാദി എന്റെ ഭവനത്തിൽ വച്ചു മരിച്ചപ്പോൾ വീട്ടിൽ കിഴക്കു പടിഞ്ഞാറായി ബോഡി കിടത്തിയപ്പോൾ തെക്കോട്ടല്ലേ തല വയ്ക്കേണ്ടത് എന്ന് ചില ഹിന്ദു സുഹൃത്തുക്കൾ ചോദിച്ചിരുന്നു. യുക്തിവാദികൾക്ക് ദിക്ക് പ്രശനമല്ലെന്ന് ഞാൻ മറുപടി കൊടുത്തു. മരിച്ചയാൾ ഒരിക്കലും ഹിന്ദുവായിരുന്നില്ല എന്നത് അവർക്കു തോന്നിയതേയില്ല. പിറ്റേന്ന് ഫെബ്രു. 1 – ന് പാലാ മുനിസിപ്പൽ ശ്മശാനത്തിൽ മതേതരമായി ശവ ദഹനം നടത്തി. അപ്പോൾ തെക്കുവടക്കായി ക്രമീകരിച്ചിട്ടുള്ള ശവദാഹസ്ഥലത്ത് തെക്കോട്ട് തല വച്ചു കിടത്താൻ ശ്മശാന പാലകർ പറഞ്ഞു. വടക്കോട്ടു തല വച്ചാൽ എന്താ കുഴപ്പം എന്നു ഞാൻ ചോദിച്ചു. വടക്കുവശത്തു നിന്ന് (കാൽപ്പാദ ഭാഗത്ത് ) ആണ് പ്രവേശന കവാടം എന്നതിനാൽ ആഭാഗത്തു നിൽക്കുന്നവർക്ക് നേരേ മുഖം കാണാൻ തെക്കോട്ടു തല വയ്ക്കുന്നതാണ് സൗകര്യം എന്നവർ പറഞ്ഞു. അല്ലെങ്കിൽ കാണാൻ വരുന്നവർ അകത്തേക്കു കയറുകയും തിരിഞ്ഞു നിന്ന് മുഖം കാണേണ്ടിവരികയും ചെയ്യും. അന്ന് ആൾക്കൂട്ടം ആകാമായിരുന്നതിനാൽ ആ വാദം ഞാൻ സ്വീകരിച്ചു. മതേതരൻ മതാചാരമില്ലാതെ എരിഞ്ഞടങ്ങി.

ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയമ്മ (എം.ഡി ഏലി) യെന്ന മതേതരയുടെ ശവം കോവിഡ് പ്രോട്ടോക്കോൾ കാരണം ആശുപത്രി മോർച്ചറിയിൽ നിന്ന് നേരേ ഇതേ ശ്മശാനത്തിലേക്ക് എത്തിച്ചു. ശ്മശാന ജോലിക്കാരൻ പഴയ ആൾ തന്നെ. അതിരാവിലെ ഞാനദ്ദേഹത്തെ വിളിച്ചപ്പോൾത്തന്നെ മുമ്പത്തെ വ്യത്യസ്ത സംസ്കാരം കാരണം എന്നെ മറക്കാൻ കഴിയില്ലെന്ന് ആദ്യമേ അറിയിച്ചു. കോവിഡ് നിയമം മൂലം 10-15 പേരിൽ കൂടുതലില്ലാത്തതിനാലും അടുത്തു ചെന്ന് കാണാൻ അനുവദിക്കേണ്ടതില്ലാത്തതിനാലും തെക്കോട്ടു തല വയ്ക്കുന്ന ആചാരം ഇത്തവണ ലംഘിക്കാൻ ആഗ്രഹിക്കുന്ന കാര്യം ഞാൻ പറഞ്ഞു. തല വടക്കോട്ട് ഇരിക്കട്ടെ. ദഹിക്കാതിരിക്കില്ലല്ലോ. ആചാര ലംഘനം അദ്ദേഹത്തിന് ഇഷ്ടപെട്ടു. നല്ല ആശയം എന്ന് പിന്തുണയും തന്നു.
അങ്ങനെ ദഹനത്തറയിൽ വടക്കോട്ട് തല വച്ച് എന്റെ ഭാര്യാമാതാവ് ആചാരം ലംഘിച്ച് എരിഞ്ഞടങ്ങി. വടക്കോട്ടു തലവച്ച് അവിടെ ഭസ്മമായ ആദ്യ വ്യക്തി ഞങ്ങളുടെ മമ്മിയായിരിക്കും. ശ്മശാന പാലകർ ഇത് ഒരിക്കലും മറക്കില്ല എന്നുറപ്പ്.

വിശ്വാസങ്ങൾക്കും മനുഷ്യവികാരങ്ങൾക്കും ആചാരങ്ങൾക്കും ദൈവങ്ങൾക്കും കടുത്ത ആഘാതമേൽപ്പിച്ച കൊറോണക്കാലത്ത് എന്റെ വക ഒരു ആഘാതവും കൂടി ആചാരത്തിന് ഇരിക്കട്ടെ.
ഒരർത്ഥവുമില്ലാത്ത ആചാരങ്ങളെ തുറന്നു കാണിക്കാനാണ് ഈ കുറിപ്പ്.

📁 കെ .ഡി .സുധാകരൻ പാല

 106 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo