കുറച്ചു ദിവസമായി കേൾക്കുന്ന കാര്യം ആണല്ലോ ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായി മൂംബൈയിൽ നിന്നു എത്തിച്ച കൂറ്റൻ കാർഗോയുടെ കാര്യം. എന്താണ് ഈ വിൻഡ് ടണൽ ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

വിൻഡ് ടണൽ എന്ന് പറഞ്ഞാൽ കൃത്രിമമായി കാറ്റ് ഉണ്ടാക്കുന്ന വലിയ ട്യൂബുകളാണ്. ഈ കാറ്റ് പുറത്തെ ആവശ്യത്തിന് അല്ല .. പകരം ആ ട്യൂബിനു അകത്തെ ആവശ്യത്തിനാണ് ഉപയോഗിക്കുക. വായുവിലൂടെ പറക്കുന്നതോ അല്ലെങ്കിൽ നിലത്തുകൂടി നീങ്ങുന്നതോ ആയ വസ്തുവിന്റെ വായുവുമായുള്ള പ്രതിപ്രവർത്തനം ടെസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്നു. ഒരു വിമാനം എങ്ങനെ പറക്കുമെന്നതിനെക്കുറിച്ച് കൂടുതലറിയാൻ ഗവേഷകർ വിൻഡ് ടണലുകൾ ഉപയോഗിക്കുന്നു. വിമാനങ്ങളുടെയും ബഹിരാകാശ പേടകങ്ങളുടെയും സ്കെയിൽ മോഡലുകൾ പരീക്ഷിക്കാൻ നാസ കാറ്റ് തുരങ്കങ്ങൾ ഉപയോഗിക്കുന്നു. ചില വിൻഡ് ടണലുകൾ വാഹനങ്ങളുടെ പൂർണ്ണ വലുപ്പത്തിലുള്ള പതിപ്പുകൾ ഉൾക്കൊള്ളാൻ പര്യാപ്തമാണ്.

മിക്കപ്പോഴും, വലിയ ശക്തമായ ഫാനുകൾ ഉപയോഗിച്ച് ട്യൂബിലൂടെ കാറ്റ് സൃഷ്ടിക്കുന്നു. പരീക്ഷിക്കപ്പെടുന്ന കാറോ, വിമാനമോ പോലുള്ള വസ്തുക്കൾ ടണലിനുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നതിനാൽ അത് നിശ്ചലമായി തുടരും. വിമാനം ആണെങ്കിൽ വിമാനം മുകളൊലോട്ടോ, താഴേക്കോ മാത്രം ചലിക്കാവുന്ന രീതിയിൽ കുത്തനെയുള്ള കമ്പികളിൽ കോർത്തിടുന്നു.
നിശ്ചലമായ വസ്തുവിനെ ചുറ്റി സഞ്ചരിക്കുന്ന വായു.. വസ്തു വായുവിലൂടെ നീങ്ങുകയാണെങ്കിൽ എന്ത് സംഭവിക്കുമെന്ന് കാണിക്കുന്നു. വായുവിന്റെ ചലനം വ്യത്യസ്ത രീതികളിൽ പഠിക്കാൻ കഴിയും; പുകയോ ചായമോ വായുവിൽ കലർത്തും, അത് വസ്തുവിന് ചുറ്റും നീങ്ങുമ്പോൾ കാണുവാനാണ് ഇത്. വായുവിന് ചുറ്റും എങ്ങനെ നീങ്ങുന്നുവെന്ന് കാണിക്കാൻ നിറമുള്ള നൂലുകളും വസ്തുവിനു ചുറ്റും തൂക്കി ഇടും. വസ്തുവിനെതിരെ പ്രയോഗിക്കുന്ന വായുവിന്റെ ശക്തി അളക്കാൻ പ്രത്യേക ഉപകരണങ്ങൾ പലപ്പോഴും ഉപയോഗിക്കാം.


ഉദാഹരണത്തിന് ഒരു സ്പോർട്ട്സ് കാർ 300 കിലോമീറ്ററിൽ പോകുമ്പോൾ അതിന്റെ ബോഡി ഷേപ്പിലൂടെ എങ്ങനെ കാറ്റ് നീങ്ങുന്നു എന്ന് വിൻഡ് തണലിന്റെ വശത്തു നിന്നോ, ക്യാമറയിലൂടെയോ നമുക്ക് കാണാം. അതിനു ചുറ്റുമുള്ള നൂലുകളുടെ ചലനം വളരെ വ്യക്തമായി കാണാം.

ചെറിയ വസ്തുക്കളോ, അല്ലെങ്കിൽ വിമാനം പോലുള്ള വലിയ വസ്തുക്കളുടെയോ ചെറിയ മോഡലുകളോ ഈ ടണലിൽ വച്ച് പരീക്ഷിക്കുന്നത് വലിയ ബുദ്ധിമുട്ടില്ലാതെ ഉണ്ടാക്കാവുന്ന സെറ്റപ്പുകളാണ്. എന്നാൽ ശബ്ദത്തിന്റെ വേഗതയേക്കാൾ വേഗത്തിൽ പോകുന്ന യുദ്ധ വിമാനങ്ങളുടെയോ, റോക്കറ്റുകളെയോ പരാക്ഷിക്കാൻ അത്ര വേഗമുള്ള കൃത്രിമ കാറ്റ് ഉണ്ടാക്കുവാൻ വലിയ ശക്തമായ ഫാനുകൾ പോരാതെ വരും. അവിടെയാണ് ട്രൈസോണിക്ക് വിൻഡ് ടണലിന്റെ ആവശ്യം വരുന്നത്. സബ്സോണിക്, ട്രാൻസോണിക്, സൂപ്പർസോണിക് എന്നീ മൂന്ന് സ്പീഡുകൾ പരീക്ഷിക്കാൻ കഴിവുള്ളവയാണ് ഒരു ട്രൈസോണിക്ക് വിൻഡ് ടണൽ.

ട്രൈസോണിക്ക് വിൻഡ് ടണലുകളിൽ വലിയ വളരെ ശക്തമായ ബോഡിയുള്ള കംപ്രസ്സർ ടാങ്കുകൾ ഉണ്ടായിരിക്കും. അവ വളരെ ബലവത്തായ രീതിയിൽ വെൽഡ് ചെയ്തു ഒരൊറ്റ പീസാക്കി ഉണ്ടാക്കി കൊണ്ടുവരുന്നത് കാരണമാണ് ഇപ്പോൾ ബുദ്ധിമുട്ടുണ്ടാക്കിയ ഭാരക്കൂടുതലിനും, വലിപ്പക്കൂടുതലിനും കാരണമായത്. ഇത്ര വലിയ വസ്തുക്കൾ കപ്പലുകൾ വഴി അനായാസം എത്തിക്കാം. പക്ഷെ അതുകഴിഞ്ഞുള്ള റോഡ് മാർഗം.. അത് പലപ്പോഴും പ്രശനമാവാറുണ്ട്.


📁 ബൈജു രാജ്
ശാസ്ത്രലോകം

 292 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo