എയ്ഡഡ് സ്കൂൾ/കോളേജ് നിയമനങ്ങൾ പി.എസ്.സിക്ക് വിടണം.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇപ്പോഴത്തെ ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്യുന്നത് എയ്ഡഡ് സ്കൂൾ/കോളേജ് നിയമനങ്ങൾ പി.എസ്.സി .ക്ക് വിടണമെന്നാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ റിക്രൂട്ട്മെൻ്റ് ബോർഡ് ഉണ്ടാക്കണമെന്നും പറയുന്നു. എന്തൊക്കെയാണ് നിലവിലെ പ്രശ്നങ്ങൾ ?
1.1972- ലെ ഒരു കരാർ അനുസരിച്ചാണ് നിലവിൽ എയ്ഡഡ്സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.നിയമനങ്ങളിൽ 50% സ്വസമുദായാംഗങ്ങൾക്കും ബാക്കി ഓപ്പൺ മെറിറ്റ് വഴിയും നിയമിക്കണമെന്നാണ് അതിൽപറയുന്നത്. എന്നാൽ നിലവിൽ 100 % നിയമനവും മാനേജ്മെൻറുകൾ സ്വന്തം ഇഷ്ടപ്രകാരംതന്നെ നിർവ്വഹിക്കുന്നു. (എയ്ഡഡ് വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ശ്രീ.ഒ.പി. രവീന്ദ്രൻ്റെ അഭിപ്രായം )

  1. നിയമനത്തിൽ സംവരണ വിഭാഗങ്ങൾക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ല.
  2. എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി കിട്ടാൻ അക്കാദമിക മികവ് തെളിയിക്കേണ്ട ആവശ്യമില്ല. ജാതി, മതം, പണം, സ്വാധീനം എന്നിവയാണ് അവിടെ പ്രധാന യോഗ്യതകൾ.
  3. നിയമനങ്ങളിൽ വാങ്ങുന്ന കോഴയ്ക്കു പുറമേ മാസം തോറും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു വിഹിതവും പല മാനേജുമെൻ്റുകളും പിടിച്ചുപറിക്കുന്നുണ്ട്.
  4. പല മാനേജുമെൻ്റുകളും അനധികൃത നിയമനങ്ങൾ നടത്തി പിന്നീട് സർക്കാരുകളെ സ്വാധീനിച്ച് അവയ്ക്കും അംഗീകാരം നേടിയെടുക്കുന്നു.
  5. മാനേജുമെൻ്റുകളുടെ വഞ്ചനമൂലം പുറത്തായെങ്കിലും പിന്നീട് സർക്കാർ സംരക്ഷിച്ച ‘പ്രൊട്ടക്റ്റഡ് ടീച്ചേഴ്‌സ് ‘ പലരും ഇന്ന് സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്നു -പി.എസ്.സി. വഴി നിയമിക്കപ്പെടേണ്ടിയിരുന്ന ആളുകളുടെ അവസരങ്ങൾ ഇല്ലാതാക്കിക്കൊണ്ട്.
  6. എയ്ഡഡ് സ്ഥാപനങ്ങളിലെ ട്രാൻസ്ഫർ ,പ്രമോഷൻ എന്നിവ പ്രധാനമായുംമാനേജർക്ക് സേവ ചെയ്യുന്നവരെ മാത്രം പരിഗണിച്ചുള്ളതാണ്.
  7. ത്രിതല പഞ്ചായത്തുകൾ വഴിയും എം .എൽ .എ, എം.പി.ഫണ്ടുകൾ വഴിയും പല പേരിലും സർക്കാർ ഫണ്ട് ഈ സ്ഥാപനങ്ങൾ തട്ടിയെടുക്കുന്നു.
  8. മാനേജുമെൻ്റുകൾ നടത്തുന്ന ക്രമക്കേടുകൾ പലതും സർക്കാരുകൾ സാധൂകരിച്ച് കൊടുക്കുന്നു. പകരം ആ സ്ഥാപനങ്ങളിൽ സർക്കാർ തങ്ങൾ നിർദേശിക്കുന്ന ആളുകൾക്ക് നിയമനം സാധിച്ചെടുക്കുകയും ചെയ്യുന്നു.

ഇങ്ങനെ വലിയ ഒരു ചൂഷണ പ്രസ്ഥാനമായി എയ്ഡഡ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് അതിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണമെന്ന് പറയുന്നത്. പി.എസ്.സി.ക്കു പകരമാകുമോ റിക്രൂട്ട്മെൻ്റ് ബോർഡ്? നിർദ്ദിഷ്ട ബോർഡിൽ അഞ്ചുപേരാണ് ഉള്ളത്.രണ്ട് സർക്കാർ പ്രതിനിധി, രണ്ട് മാനേജുമെൻ്റ് പ്രതിനിധി, ഒരു വിഷയ വിദഗ്ദ്ധൻ .ഇതിൽ വിഷയ വിദഗ്ദ്ധനേയും സർക്കാർ പ്രതിനിധികളേയും മാനേജുമെൻ്റുകൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കുകയോ അവരെ സ്വാധീനിക്കുകയോ ചെയ്യാൻ എല്ലാ സാധ്യതയും ഉണ്ട്.ഇൻ്റർവ്യൂവിൻ്റെ വീഡിയോ എടുക്കണമെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതും ഒരു നാടകമാവാനാണ് സാധ്യത. അതുകൊണ്ട് വഴി ഒന്നേയുള്ളു.പി.എസ്.സി.ക്ക് വിടുക എന്നത് മാത്രം. എയ്ഡഡ് സ്ഥാപനങ്ങളെ സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത്.അതിനു കഴിഞ്ഞില്ലെങ്കിൽ നിലവിലെ അധ്യാപകർക്ക് തുടർന്നും ശമ്പളം കൊടുക്കുകയും പുതിയ നിയമനങ്ങളെല്ലാം അൺ എയ്ഡഡ് രീതിയിൽ മാനേജർ ശമ്പളം കൊടുക്കുന്ന രീതിയിലേക്ക് മാറ്റുകയും വേണം. ക്രമേണ എയ്ഡഡ് സംവിധാനം നിറുത്തണം. (വിദ്യാഭ്യാസത്തിനുള്ള സർക്കാർ ഫണ്ട് ഇന്ന് സിംഹഭാഗവും വിഴുങ്ങുന്നത് എയ്ഡഡ് മേഖലയാണ്). ഇത് ഒരു ഇടതുപക്ഷ ഗവൺമെൻ്റിന് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആ സർക്കാർ ഇടത് എന്ന് പറയുന്നതിന് എന്ത് അർഥം?

📁സെലസ്റ്റിൻ ജോൺ

 1,408 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo