കേരളത്തിൽ നിലനിന്നിരുന്നഅടിമ സമ്പ്രദായം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

!

കേരളത്തിൽ അടിമവ്യാപാരം നടന്നിരുന്നുവെന്ന്‌ തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങൾ പുരാവസ്‌തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്‌.

ഇവിടുത്തെ ഗ്രാമങ്ങളിൽ പോലും പരസ്യഅടിമച്ചന്തകൾ നിലനിന്നിരുന്നു.
കോട്ടയത്തെ തിരുനക്കര തകിടി, കൊച്ചി, ആലപ്പുഴ, ചങ്ങനാശ്ശേരി, കോഴിക്കോട്‌, കായംകുളം, ആറ്റിങ്ങൽ, ചിറയിൻകീഴ്‌, തലശ്ശേരി, കണിയാപുരം, പേട്ട, തിരുവനന്തപുരം, കോവളം ഇതെല്ലാം പ്രസിദ്ധ അടിമചന്തകളായിരുന്നു…! കേരളത്തിലെ പുരാവസ്‌തു-ചരിത്രരേഖകളിൽ അടിമവ്യാപാരത്തെക്കുറിച്ചുളള ശക്തമായ പരാമർശങ്ങളുണ്ട്‌.

ഒമ്പതാം നൂറ്റാണ്ടിൽ അടിമവ്യാപാരം സാധാരണമായിരുന്നുവെന്നും കുറ്റം ചെയ്‌തവരെ അടിമകളായി വിൽക്കാൻ രാജാക്കന്മാർക്ക്‌ അവകാശമുണ്ടായിരുന്നുവെന്നും അടിമകളെ ഉപയോഗിക്കുന്നവർ അടിമക്കാശ്‌ ഗവൺമെന്റിലേക്കു കൊടുക്കണമായിരുന്നുവെന്നും ചട്ടമുണ്ടായിരുന്നു ..

കുറ്റം ചെയ്യുന്നവർക്ക്‌ കുറ്റത്തിന്റെ സ്വഭാവമനുസരിച്ച്‌ പിഴശിക്ഷയും വധശിക്ഷയും നൽകിയിരുന്നു.
ചില കുറ്റവാളികളെ അടിമകളായി വിറ്റിരുന്നു.
നാടുവാഴികളുടെ ആദായമാർഗമായിരുന്നു അടിമവ്യാപാരം.
അടിമകളുടെ ഉടമസ്ഥർ അടിമക്കാശ്‌ നിർബന്ധമായും രാജ്യഭണ്‌ഡാരത്തിൽ അടയ്‌ക്കേണ്ടിയിരുന്നു. മൂന്നു തരത്തിലുളള അടിമകളാണ്‌ കേരളത്തിലുണ്ടായിരുന്നത്‌.

ജന്മനാൽ തന്നെ അടിമകളായ പുലയർ, പറയർ, ചെറുമർ, കുറവർ മുതലായവർ, കുറ്റവാളികളെയോ, സമുദായഭ്രഷ്‌ടരാകുന്നവരെയോ അടിമകളാക്കുന്നതാണ്‌ മറ്റൊരു സമ്പ്രദായം.

വില കൊടുത്തു വാങ്ങുന്ന അടിമകളാണ്‌ മൂന്നാമത്തെ കൂട്ടർ.
മണ്ണാപ്പേടിയും, പുലപ്പേടിയും, പറപ്പേടിയും നിലനിന്നിരുന്ന സാമൂഹ്യ ആചാരങ്ങളായിരുന്നു.
പുലപ്പേടിയുളള കാലം ഉച്ചനാൾ മുതൽ പത്താം ഉദയംവരെയാണ്‌.

അക്കാലത്ത്‌ സന്ധ്യ കഴിഞ്ഞാൽ നായർ സ്‌ത്രീകൾ വീടിനു വെളിയിൽ ഇറങ്ങിയിരുന്നില്ല.
ഒരു പുലയൻ ഒളിച്ചിരുന്ന്‌ കണ്ടേ, കണ്ടേ, എന്നു പറഞ്ഞാൽ നായർ സ്‌ത്രീകൾക്ക്‌ അയിത്തം പറ്റിയതായും അവരെ ഭ്രഷ്‌ട്‌ കല്‌പിച്ച്‌ പുലയന്റെ കൂടെ പറഞ്ഞുവിടുകയോ അല്ലെങ്കിൽ അടിമകളുടെ കൂട്ടത്തിൽ വിൽക്കുകയോ ചെയ്‌തുപോന്നു. അടിമകളുടെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി രാജ്യതാല്‌പര്യപ്രകാരമായിരുന്നു ഈ ആചാരം നിലനിന്നിരുന്നതെന്നു കരുതാം.

ഡുറേറ്റ്‌ ബർബോസയുടെ വിവരണങ്ങളിലും, ഉണ്ണിക്കേരളവർമ്മയെന്ന വേണാട്ടു രാജാവിന്റെ കൊല്ലവർഷം 871-മാണ്ട്‌ തൈമാസം 25-‍ാം തീയതിയിലെ കൽകുളം ശാസനത്തിലും ഇത്‌ പരാമർശിക്കുന്നുണ്ട്‌.
ഇതിനു പുറമേ ഓച്ചിറ മുതലായ സ്ഥലങ്ങളിൽവെച്ച്‌ നടന്നിരുന്ന പടയണികൾ കാണുവാൻ പോയിരുന്ന നായർ സ്‌ത്രീകളെയും ബലാൽക്കാരമായി പിടിച്ചുകൊണ്ടു പോകുവാനുളള അധികാരം താണജാതികൾക്ക്‌ ആചാരപ്രകാരം സിദ്ധിച്ചിരുന്നു.
കേരളം സന്ദർശിച്ചിട്ടുളള എല്ലാ സഞ്ചാരികളും ഇവിടുത്തെ അടിമസമ്പ്രദായത്തെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.
താരതമ്യേന തീരെ വില കുറവായിരുന്നു ഇവിടുത്തെ അടിമകൾക്കെന്നും അടിമകളുടെ സ്വഭാവവും കുഴപ്പമില്ലാത്തതാണെന്നും പല അടിമസ്‌ത്രീകളെയും വിലയ്‌ക്കു വാങ്ങി കൊണ്ടുപോയതായും ഇബ്‌നുബത്തുത്ത എന്ന മുസ്ലീം സഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട്‌.
തമിഴ്‌നാട്ടിൽ നിന്നും അടിമകളെ വിലയ്‌ക്കു വാങ്ങുന്നതിനെക്കുറിച്ച്‌ 1515-ൽ ബർബോസ രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഏതെങ്കിലും കൊല്ലം മഴയില്ലെങ്കിൽ പാണ്ടിനാട്ടിൽ പലരും ക്ഷാമം കൊണ്ടു മരിക്കും.
ചിലർ രണ്ടോ മൂന്നോ പണത്തിന്‌ സ്വന്തം കുഞ്ഞുങ്ങളെ വിൽക്കും. അക്കാലങ്ങളിൽ മലബാറിൽ നിന്ന്‌ അരിയും തേങ്ങയും കൊണ്ടുകൊടുത്ത്‌ പകരം കപ്പൽ നിറയെ അടിമകളെ കൊണ്ടുവരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നു.
1787-ൽ ബർത്തലോമ്യോ, രേഖപ്പെടുത്തുന്നത്‌, ആയിരക്കണക്കിന്‌ അടിമകളെ കേരളത്തിൽ നിന്ന്‌ അന്യനാടുകളിലേയ്‌ക്ക്‌ കപ്പലുകളിൽ കയറ്റി അയക്കുന്നതായിട്ടാണ്‌.
ഡോക്‌ടർ ഡേയും ഈ വസ്‌തുത ശരി വയ്‌ക്കുന്നുണ്ട്‌.
കൊച്ചിയിലെ പളളികൾ ഞായറാഴ്‌ച ഒഴികെയുളള ദിവസങ്ങളിൽ അടിമകളെ കെട്ടിയിടാനുളള ഗോഡൗണുകളായി ഉപയോഗിക്കുകയായിരുന്നുവെന്നാണ്‌ ഇദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്‌…!

മാപ്പിളമാർ കൈയിൽ കിട്ടുന്നവരെയെല്ലാം പിടിച്ച്‌ ഡച്ചുകാർക്ക്‌ വിറ്റിരുന്നു.
ബറ്റോവിയ, സിലോൺ എന്നീ രാജ്യങ്ങളിലേക്ക്‌ കപ്പൽ കയറ്റുന്നതിനാണ്‌ ഇങ്ങനെ സൂക്ഷിച്ചിരുന്നത്‌.
ഡച്ചുകാരുടെ പ്രധാന ആദായമാർഗ്ഗങ്ങളിലൊന്ന്‌ അടിമക്കച്ചവടമായിരുന്നു.

മാഹിയിൽ നിന്നും ഫ്രഞ്ചുകാരും ആയിരക്കണക്കിനടിമകളെ കയറ്റി അയച്ചിരുന്നു.
ബർബോസ അഞ്ചു തെങ്ങിൽ താമസിക്കുമ്പോൾ നാട്ടിൻപുറങ്ങളിൽ നിന്ന്‌ ധാരാളമാളുകൾ സ്വന്തം കുട്ടികളെ അവിടെ കൊണ്ടുപോയി വിറ്റിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
ബുക്കാനന്റെ സഞ്ചാരക്കുറിപ്പുകളിൽ (എ.ഡി.1800) കേരളത്തിലെ അടിമവ്യാപാരത്തെക്കുറിച്ച്‌ വളരെ വിസ്‌തരിച്ചെഴുതിയിട്ടുണ്ട്‌.

ചെറുമർ എന്നു പറയപ്പെടുന്ന അടിമകളാണ്‌ നിലങ്ങളിൽ ജോലി ചെയ്യുന്നത്‌.
ഈ അടിമകൾ ഉടമകളുടെ സർവ്വാധികാരമുളള സ്വകാര്യസ്വത്താണ്‌. മേലാളർ ഉദ്ദേശിക്കുന്ന ഏതുപണിക്കും അവരെ ഉപയോഗിക്കുവാൻ പറ്റും. ഉടമകൾക്ക്‌ ഇഷ്‌ടാനുസരണം ഇവരെ വിൽക്കുവാനും പണയപ്പെടുത്തുവാനും വധശിക്ഷകൾ നടത്തുവാനും അധികാരമുണ്ടായിരുന്നു.
1820-ൽ വാൾട്ടർ ഹാമിൽട്ടൺ എഴുതിയിട്ടുളളത്‌, മിക്കവാറും അടിമകൾ മാത്രമേ ഭൂമിയിൽ പണിയെടുക്കാറുളളൂ ഒരു അടിമയുടെ വില ഒരു ജോഡി കന്നിന്റെ വിലയ്‌ക്കു തുല്യമാണ്‌.

മിക്കവാറും എല്ലാ ചന്തദിവസങ്ങളിലും ചങ്ങനാശ്ശേരിയിൽ, രക്ഷിതാക്കളോ അവരുടെ അടുത്ത ബന്ധുക്കളോ കുട്ടികളെ വിൽപ്പനയ്‌ക്ക്‌ കൊണ്ടുവന്നിരുന്നു.
6 രൂപ മുതൽ 18 രൂപ വരെയായിരുന്നു കുട്ടികളുടെ വില…!
എ.ഡി. 1847-ൽ സാമുവൽ മറ്റീർ അടിമകളുടെ മോശമായ ജീവിതാവസ്ഥയെക്കുറിച്ചെഴുതുന്നു.
അടിമകളായ ആണുങ്ങൾ കീറിപ്പറിഞ്ഞ വസ്‌ത്രങ്ങൾ ധരിച്ചിരുന്നു.
രോഗങ്ങളിൽ നിന്ന്‌ വളരെ കഷ്‌ടതകൾ സഹിച്ചിരുന്നു.
വീട്ടിലെ പൊടിയും അഴുക്കും, ചൊറിച്ചിലും കൃമികളുമുണ്ടാക്കുന്നു. അവ പകൽ വിശ്രമവും രാത്രിയിൽ ഉറക്കവും ഇല്ലാതാക്കുന്നു.
അവരുടെ ഇടയിൽ ചെല്ലുമ്പോൾ അഴുക്കും നാറ്റവും കാരണം ഒരു നാട്ടുകാരൻ തന്റെ തുണിക്കൊണ്ട്‌ മൂക്കുപൊത്തിപ്പിടിക്കണം.

പ്രായമേറിയവർ വല്ലവരുമുണ്ടെങ്കിൽ ക്ഷീണം കൊണ്ടു കഷ്‌ടപ്പെടുന്നു. മരിക്കുംവരെ ദിനംപ്രതി നിസ്സഹായനായി കിടക്കുന്നു.
കുട്ടികൾ ചൊറി, അതിസാരം, വിരശല്യം, ഭക്ഷണമില്ലായ്‌മ ഇവകൊണ്ടും കഷ്‌ടപ്പെടുന്നു. മുതിർന്നവർ തലവേദന, വിശപ്പില്ലായ്‌മ, തുളളൽപ്പനി, അതിസാരം, ഇടവിട്ടുളള പനി ഇവകൊണ്ടും കഷ്‌ടപ്പെടുന്നു.
അടിമകൾ ഏറ്റവും കഷ്‌ടപ്പാടുകൾ നിറഞ്ഞ കൃഷിപ്പണികൾ ചെയ്‌തുപോന്നു.
ഇതിന്‌ പ്രതിഫലമായി അടിമകൾക്ക്‌ ലഭിച്ചിരുന്നത്‌ ആഹാരം മാത്രമായിരുന്നു.
ആരോഗ്യമുളള ആണിനും പെണ്ണിനും ആഴ്‌ചയിൽ രണ്ടിടങ്ങഴി നെല്ലുവീതവും പ്രായമായ കുട്ടികൾക്കും വൃദ്ധന്മാർക്കും ഇതിന്റെ പകുതിയുമാണ്‌ കൂലിയിനത്തിൽ ലഭിച്ചിരുന്നത്‌. എല്ലാവരും നിലത്തിൽ കഠിനമായി അദ്ധ്വാനിക്കേണ്ടിയിരുന്നു.
ഒരാൾക്ക്‌ നിവർന്ന്‌ നില്‌ക്കുവാൻ പോലും കഴിയാത്ത ചെറുകുടിലുകളിലാണിവരുടെ താമസം. നിലങ്ങളിൽ കൃഷിയുളള സമയത്ത്‌ വയൽ വരമ്പത്തും കൊയ്‌ത്തു കഴിഞ്ഞാണെങ്കിൽ മെതി നടക്കുന്ന കളങ്ങൾക്കരികിലും കൊച്ചുമാടങ്ങൾ കെട്ടി അവിടെ കാവൽ കിടക്കണം.
അടിമക്കച്ചവടസമ്പ്രദായങ്ങൾ
അടിമകളെ മൂന്നുതരത്തിൽ കൈമാറ്റം ചെയ്യാറുണ്ട്‌.
ജന്മാവകാശം വിൽക്കുന്നതാണ്‌ ആദ്യത്തേത്‌.
ഈ സമ്പ്രദായമനുസരിച്ച്‌ വിൽക്കുന്നയാൾക്ക്‌ അടിമയുടെ വില മുഴുവനും ലഭിക്കും.
വാങ്ങുന്നയാൾക്ക്‌ അടിമയുടെ മേൽ എല്ലാവിധ അധികാരാവകാശങ്ങളും ലഭിക്കുന്നു.
ഒരു ചെറുപ്പക്കാരനായ അടിമയ്‌ക്കും അയാളുടെ ഭാര്യയ്‌ക്കും കൂടി 250 മുതൽ 300 പണംവരെ വില കിട്ടിയിരുന്നു.
രണ്ടാമത്തെ അടിമകൈമാറ്റസമ്പ്രദായം പണയം കൊടുക്കലാണ്‌.
സാധാരണ ഗതിയിൽ ഒരടിമയെ ജന്മം വിറ്റാൽ കിട്ടുന്ന വിലയുടെ മൂന്നിൽ രണ്ടു ഭാഗമാണ്‌ പണയം കൊടുത്താൽ കിട്ടുക.
പണയസംഖ്യ തിരികെ കൊടുത്താൽ പണയപ്പെടുത്തിയ അടിമയെ ഉടമയ്‌ക്ക്‌ തിരികെ ലഭിക്കുമായിരുന്നു.
പണയ തുകയ്‌ക്ക്‌ പലിശ കൊടുക്കേണ്ടതില്ലായിരുന്നു.
എന്നാൽ അടിമയെ പണയം വാങ്ങിയ ആൾ അടിമയുടെ ജന്മിക്ക്‌ ജന്മാവകാശമെന്നപോൽ ഒരു ചെറിയ വീതം നെല്ല്‌ കൊടുക്കണമായിരുന്നു. പണയം വയ്‌ക്കപ്പെട്ട അടിമകളിലാരെങ്കിലും മരണപ്പെടുകയാണെങ്കിൽ അതേ വില വരുന്ന മറ്റൊരടിമയെ ജന്മിക്കു നല്‌കുവാൻ പണയം വാങ്ങിയ ആൾ ബാധ്യസ്ഥനായിരുന്നു.
പണയക്കാരന്‌ തന്റെ കീഴിൽ ഇങ്ങനെ കിട്ടുന്ന അടിമകളെക്കൊണ്ട്‌ ഇഷ്‌ടമുളളത്ര ജോലി ചെയ്യിക്കാമായിരുന്നു.
പണയം പിടിച്ചയാൾക്ക്‌ പണത്തിന്റെ ലാഭമായി അടിമയുടെ അദ്ധ്വാനത്തെ കണക്കാക്കാവുന്നതുമായിരുന്നു.
അടിമകളുടെ കൈമാറ്റസമ്പ്രദായത്തിലെ മൂന്നാമത്തെ രീതി പാട്ടത്തിനു കൊടുക്കുന്നതായിരുന്നു.
ജന്മി തന്റെ അടിമകളെ നിശ്ചിത വാടകയ്‌ക്ക്‌ നല്‌കുന്നു.
പാട്ടത്തിന്‌ എടുക്കുന്നവർ അടിമകൾക്ക്‌ ആഹാരം മാത്രം കൊടുത്താൽ മതിയാകും.
അന്നത്തെ സമ്പ്രദായമനുസരിച്ച്‌ 3 നാഴി നെല്ലാണ്‌ കൂലി.
നിശ്ചിത കാലത്തേക്ക്‌ പാട്ടത്തിനെടുക്കുന്ന അടിമകളെക്കൊണ്ട്‌ എത്ര കഠിനമായ ജോലികൾ ചെയ്യിക്കുന്നതിനും കഴിയുമായിരുന്നു.
തിരുവിതാംകൂർ രാജ്യഭണ്‌ഡാരം വകയായി (സർക്കാർ) 15,000 അടിമകൾ ഉണ്ടായിരുന്നു. അവരെ സ്വകാര്യമുതലാളിമാർക്ക്‌ വാടകയ്‌ക്ക്‌ കൊടുത്തിരുന്നു.
ഒരു വർഷത്തേക്ക്‌ ഒരു ആണടിമയ്‌ക്ക്‌ പാട്ടത്തുക 8 പണവും അടിമസ്‌ത്രീക്ക്‌ 4 പണവുമായിരുന്നു കൊടുക്കേണ്ടിയിരുന്നത്‌.
പാട്ടത്തിന്‌ കൊടുക്കപ്പെടുന്ന അടിമകളുടെ സ്ഥിതി വളരെ കഷ്‌ടമായിരുന്നു.

പാട്ടത്തിനെടുക്കുന്ന അടിമകളെ ഉപയോഗിച്ച്‌ എത്രമാത്രം ലാഭമുണ്ടാക്കാമെന്നതായിരുന്നു പാട്ടക്കാരന്റെ ലക്ഷ്യം.
അടിമകൾ മനുഷ്യരാണെന്ന പരിഗണന ഒരിക്കൽപോലും കിട്ടിയിരുന്നില്ല കൂടാതെ കൊടിയ മർദ്ദനങ്ങൾക്കും വിധേയമായിരുന്നു.
19-‍ാം നൂറ്റാണ്ടിന്റെ അവസാനം വരെയും അത്യന്തം പ്രാകൃതമായ രീതിയിൽ കേരളത്തിൽ അടിമത്ത വ്യവസ്ഥിതിയും അടിമവ്യാപാരവും നിലനിന്നിരുന്നു.
കൃഷിപ്പണിക്കായി ഭൂവുടമകൾ സൂക്ഷിച്ചിരുന്ന അടിമകൾക്ക്‌ കണക്കുണ്ടായിരുന്നില്ല.
അടിമകളെ ക്രൂരമായി മർദ്ദിക്കുവാൻ മാത്രമല്ല കൊല്ലുവാൻ പോലുമുളള ജന്മിമാരുടെ അവകാശങ്ങളെ ചോദ്യം ചെയ്യുവാൻ അടിമകൾക്ക്‌ ആരുമുണ്ടായിരുന്നില്ല.
ഏതെങ്കിലും തരത്തിലുളള അവകാശങ്ങളുളളവരായ മനുഷ്യരായിരുന്നില്ല അടിമകൾ.

ബ്രിട്ടീഷ്‌ മിഷനറിമാർ 1847 മാർച്ച്‌ 19-ന്‌ തിരുവിതാംകൂർ സർക്കാരിന്‌ സമർപ്പിച്ച ഒരു നിവേദനത്തിൽ 1836-ലെ സംസ്ഥാനത്തെ ആകെ ജനസംഖ്യ 12,80,668 ആണെന്നും ഇതിൽ 1,64,864 പേർ അടിമകളാണെന്നും രേഖപ്പെടുത്തിയിരുന്നു. 

ജാതി തിരിച്ചുളള അടിമകളുടെ കണക്ക്‌ താഴെ കാണുംവിധമായിരുന്നു.
പറയർ – 38,625, പുലയർ – 90,598, കുറവർ – 31,891, പളളർ-3,750
ആകെ 1,64,864 കാർഷിക അടിമകളാണ്‌ ഉണ്ടായിരുന്നത്‌.
അടിമകൾ മൊത്തം ജനസംഖ്യയുടെ 13 ശതമാനമുണ്ട്‌.
കൊച്ചി രാജ്യത്തിൽ 9000 സർക്കാർ വക അടിമകളും 31000 അടിമകൾ സ്വകാര്യ ഉടമസ്ഥയിലുമുണ്ടായിരുന്നു. 1857-ൽ മലബാർ ജില്ലയിലെ പാലക്കാട്‌ ഡിവിഷനിൽ മാത്രം 89,000 അടിമകളുണ്ടായിരുന്നു.
വളളുവനാട്‌, പാലക്കാട്‌, പൊന്നാനി താലൂക്കുകളിൽ മാത്രമുളളവരുടെ സംഖ്യയാണിത്‌.
അന്നത്തെ കണക്കനുസരിച്ച്‌ കേരളത്തിൽ മൊത്തം അടിമകൾ നാലുലക്ഷത്തി ഇരുപത്തിഅയ്യായിരമായിരുന്നു. പിന്നീടുളള ജനസംഖ്യാപരിവേഷണങ്ങളിൽ അടിമവിഭാഗങ്ങളുടെ സംഖ്യയിൽ വർദ്ധനവില്ലെന്നു കാണിക്കുന്നു.

ഇതിനു കാരണം അടിമജാതികളിൽ വലിയ വിഭാഗം ഇസ്ലാം, ക്രിസ്‌ത്യൻ മതങ്ങൾ സ്വീകരിച്ചതാണ്‌. J
1871-നും 1881-നും ഇടയ്‌ക്കുളള കാലയളവിൽ മലബാറിൽ ഏകദേശം 90,000 ചെറുമർ ഇസ്ലാം മതം സ്വീകരിച്ചിരിക്കാമെന്ന്‌ 1881-ലെ മദിരാശി സെൻസസ്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു. തിരുവിതാംകൂറിൽ വലിയ വിഭാഗം അടിമകളാണ്‌ ക്രിസ്‌തുമതം സ്വീകരിച്ചത്‌.
1901-ലെ തിരുവിതാംകൂറിലെ സെൻസസ്‌ റിപ്പോർട്ടിൽ പീഡനങ്ങൾ മൂലം വലിയ വിഭാഗം അടിമകൾ ഹിന്ദുമതം വിട്ടുപോയതാണ്‌ ഹിന്ദുവിഭാഗത്തിന്റെ ജനസംഖ്യാവളർച്ച താണുപോയതിനു കാരണമെന്ന്‌ പ്രസ്‌താവിക്കുന്നുണ്ട്..

FB (ഓർമ്മച്ചെപ്പ്)

 920 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo