ഇന്ദ്രൻസ് ചേട്ടൻ ഒരു മികച്ച നടനാണ് പക്ഷെ അത് “Home” എന്ന സിനിമയിൽ അല്ല .

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സിനിമ എന്ന കലാരൂപത്തിൽ ഒരു നടന്റെ അഭിനയം നന്നാവുന്നതിന്റേയും മോശമാകുന്നതിന്റെയും പൂർണ്ണ ഉത്തരവാദിത്വം ആ സിനിമയുടെ സംവിധായകനാണ്. കാരണം ഒരു കഥാപാത്രത്തിനായി ഒരു നടനെ തിരഞ്ഞെടുക്കുന്നത് മുതൽ ok ഷോട്ട് വെക്കുന്നതും സംവിധായകനാണ്. സംവിധായകൻ ok പറഞ്ഞ ഷോട്ട്കളാണ് പ്രേക്ഷകർ കാണുന്നത്.
Home എന്ന സിനിമയിലെ ഒളിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ഇന്ദ്രസ് എന്ന നടന്റെ മികച്ച പെർഫോർമൻസായി പലരും എഴുതികണ്ടു. അദ്ദേഹത്തിന്റെ കരിയറിലെ വളരെ പ്രിറ്റൻഷിയസായ ഒരു ഒരു പെർഫോർമസ് ആയിരുന്നു Home എന്ന സിനിമയിലേത്. പാവമായ അദ്ദേഹത്തെ വീണ്ടും ഒരു പാവത്താനാക്കി “അഭിനയ യിപ്പിക്കുന്നതായിട്ടാണ്” അനുഭവപെട്ടത്. സാധാരണ ഗതിയിൽ ഒട്ടും പ്രകടനപരതയില്ലാതെ(ഗൗരവമുള്ള വേഷങ്ങളിൽ ) അഭിനയത്തെ സമീപിക്കുന്ന നടനാണ് ഇന്ദ്രൻസ്. അടുത്ത കാലത്ത് രൂപവും, ഭാവവും നടന് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു തടസമേ അല്ല എന്ന് തെളിയിച്ച നടനാണ് അദ്ദേഹം. മാലിക് എന്ന സിനിമയിലെ പോലീസ് ഓഫീസർ ഉദാഹരണമായെടുക്കാം. പലപ്പോഴും പോലീസ് വേഷമിട്ടാൽ അപ്പോൾ തന്നെ ഒരു നാട്ടുരാജാവിന്റെ രൂപഭാവങ്ങളിലേക്ക് മാറുന്ന വരാണ് പല നടൻമാരും . സാധാരണ ജീവിതത്തിൽ ട്രെയിനിങ് കഴിഞ്ഞ് ഉടൻ അപ്പോയിൻമെൻറ് കിട്ടിയ പോലീസ്കാര് ഒഴിച്ചാൽ ആ പണിയോട് തന്നെയുള്ള ഒരു വെറുപ്പ് പലരുടെയും മുഖത്ത് നിഴലിച്ചു കാണാം. നിരന്തരം പ്രതികളെ കണ്ടും കുറ്റവാളികളും ആയി ഇടപെട്ടും തഴമ്പിച്ച ഒരാറ്റിറ്റ്യൂഡ് പല പോലീസുകാരിലും പ്രകടമാണ്. മാലികിൽ ഇത്തരംസൂക്ഷ്മതകൾ അതി വിദഗ്ധമായി അവതരിപ്പിക്കാൻ ഇന്ദ്രൻസ് ചേട്ടൻ ശ്രദ്ധിച്ചിട്ടുണ്ട്.ക്രൂരത ഒരു സ്വഭാവവിശേഷമാണെന്നും മുഖം കൊണ്ട് കാണിക്കുന്ന ഗോഷ്ടി അല്ലെന്നും എത്ര വിദഗ്ധമായാണ് അദ്ദേഹം മാലികിലെ പോലീസുകാരനിലൂടെ ആവിഷ്കരിച്ചിട്ടുള്ളത്. ക്രൂരത പോലും ഒരു തൊഴിലിന്റെ ഭാഗമായിട്ടുള്ള ഒരു പണി പോലെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.
ഇത്രയും സ്വാഭാവികമായ ഒരു പോലീസ് ഓഫീസറുടെ കഥാപാത്രം മലയാള സിനിമയിൽ തന്നെ ചുരുക്കമായാണ് കണ്ടിട്ടുള്ളത്. (മഹേഷ് നാരായണൻ എന്ന സംവിധായകനെ പ്രത്യേകം ഓർക്കുന്നു.)
ഇത്രയും ടാലൻറഡ് ആയ ഒരു നടൻ സ്വന്തം രൂപഭാവങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അഭിനയം എന്ന കലയെ കൂടുതൽ അർത്ഥവത്താക്കുമ്പോൾ മികച്ചതല്ലാത്ത പ്രകടനങ്ങളുടെ പേരിൽ ആവരുത് അദ്ദേഹത്തെ അടയാളപ്പെടുത്തേണ്ടത്.

അദ്ദേഹത്തിലെ നടൻറെ വൈഭവം അറിയാൻ ആഭാസം എന്ന സിനിമയിലെ പനിപിടിച്ച് പിൻസീറ്റിൽ ഇരുന്ന് ദീർഘദൂര യാത്ര ചെയ്യുന്ന ഒരു പെയിൻറിംഗ് തൊഴിലാളിയുടെ ഒരു വാക്കുപോലും മിണ്ടാത്ത കഥാപാത്രം മാത്രം മതി.
കന്യകാ ടാക്കീസിലെ കപ്യാരും, കഥാവശേഷനിലെ കള്ളനും, ലീലയിലെ പിമ്പും, മൺറോൺ തുരുത്തിലെ മുത്തച്ചനും തുടങ്ങി എത്ര എത്ര കഥാപാത്രങ്ങൾ .
സിനിമയിൽ ഒരുനടൻ നന്നാവുന്നതും മോശമാ കുന്നതിന്റെയുംപൂർണ ഉത്തരവാദിത്വം ആ സിനിമയുടെ സംവിധായകന്റേതാണ്. അഭിനയകലയെ കുറിച്ച് ഏറ്റവും ധാരണ ഉണ്ടാകേണ്ടത് സിനിമ സംവിധാനം ചെയ്യുന്ന ആൾക്കും .

Jyothish. MG ,

 726 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo