അരനൂറ്റാണ്ടിലേറെയായി ലോകത്തോട് അക്രമം ഉരിയാടിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് അഫ്ഗാനിസ്ഥാന്. ശൈത്യകാലത്ത് അഫ്ഗാനിസ്ഥാന് തലയുയര്‍ത്തി നില്‍ക്കുന്നത് ഉറവിടത്തില്‍ നിന്നും വിവിധ പ്രദേശങ്ങളിലേക്കായി എണ്ണൂര്‍ കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഹിന്ദുക്കുഷ് പര്‍വ്വതനിരയുടെ സൌന്ദര്യത്തിലാണ്. പാകിസ്താന്റെ വടക്ക് ഭാഗം, ചൈന, താജിക്കിസ്ഥാന്‍, പാകിസ്താന് എന്നീ രാജ്യങ്ങുടെ അതിര്‍ത്തികള്‍ ഒത്തുചേരുന്ന കാരക്കോറം മലനിരകളിലൂടെ തെക്ക് പടിഞ്ഞാറ് മേഖലയിലേക്ക് വ്യാപിച്ചുകിടക്കുന്ന ഹിന്ദുക്കുഷ് പര്‍വ്വതം ശിശിരകാലത്ത് മഞ്ഞില്പുതഞ്ഞ ഒരു വിഭിന്ന ദൃശ്യമുള്ള അഫ്ഗാനെയാണ് ഭൂപടത്തില്‍ പകര്‍ത്തുന്നത്. ഹെല്‍മന്ദ് പ്രോവിൻസിനടുത്തുള്ള ചുവന്ന ഗിരികളും , ബന്ദേഅമീര്‍ നാഷനല്‍ പാര്‍ക്കിലുള്ള തടാകവും, ഫര്യാബ് പ്രൊവിന്‍സിലെ മൈമനയിലെ ഹരിതകുന്നുകളും ഗോര്‍ബന്ധിലെ വസന്തകാലപൂക്കളും മസാരെ ഷരീഫിലെ നീലമസ്ജിദും ബമ്യാന്‍ പ്രവിശ്യയിലെ ബൌദ്ധ ശിലാലേഖനങ്ങളും സഞ്ചാരികള്‍ക്ക് അതിസുഖസ്ഥാനം നല്കുന്ന ഒരു അഫ്ഗാനിസ്ഥാനെ പ്രദാനം ചെയ്യുന്നുണ്ട്. ആ അഫ്ഗാനെയാണ്ഇ ന്ന് മല കടന്നു കടല്‍ കടന്നു ജനം കൈ ഒഴിഞ്ഞു പോവുന്നത്. ചരിത്രം ചക്രവര്‍ത്തിമാരുടെ ശ്മശാനഭൂമിയെന്ന് ഒരിക്കല്‍ അഫ്ഗാനിസ്ഥാനെ വിശേഷിപ്പിച്ചിരുന്നു. ആ വിശേഷണത്തിനെ മറികടന്ന് നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ കുട്ടികള്‍ കൂട്ടംകൂട്ടമായും മുതിർന്നവരോടൊപ്പവും ഗിരിനിരകള്‍ നടന്നുകയറി അഞ്ച്മാസം സമയമെടുത്ത് ആറായിരം കിലോമീറ്റര്‍ സഞ്ചരിച്ച് യൂറോപ്പിലേക്ക് രക്ഷപ്പെടുന്ന ചരിത്രം ഇന്ന് നമ്മൾ വായിക്കുന്നു.
ഒരുകാലത്ത് വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാന് വരെ നിലനിന്നിരുന്ന സിന്ധുനദീതടസംസ്കാരത്തിന് ശേഷം പുരാതന ഇറാനികള്‍ ബി സി അഞ്ഞൂറ്വരെ അധിവസിച്ചിരുന്ന ഭൂപ്രദേശമായിരുന്നു അഫ്ഗാനിസ്ഥാന്. പിന്നീട് അലക്സാണ്ടര്‍ തന്റെ അജയ്യമായ തേരോട്ടത്തില്‍ ഈ പ്രദേശത്തിന്റെ ചിലഭാഗങ്ങൾ കൈയ്യടക്കി. തുടര്‍ന്ന് സെലെസിദ് സാമ്രാജ്യവും , ഗ്രെഗോബാക്ട്രിയന്‍ രാജവംശവും ഇവിടം ഭരിച്ചു. സെലയൂകുസ് ഒന്നാമനെ ചന്ദ്രഗുപ്തമൌര്യന് യുദ്ധത്തില്‍ തോല്‍പ്പിച്ച് അഫ്ഗാനിൽ സ്വാധീനമേർപ്പെടുത്തി, പിന്നീട് വന്ന പലരാജവംശങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഭരണത്തിനും പതനത്തിനുമൊടുവില്‍ ഇസ്ലാം മതവ്യാപനത്തിന്റെ ഭാഗമായി ആയുധമേന്തിയ അവരുടെ ഭരണാധികാരികളും അഫ്ഗാന്മണ്ണിലെത്തി. ഇസ്ലാം മതം പ്രബോധനം ചെയ്യപ്പെടുന്നതിന് മുന്‍പ് സൂര്യദേവനെ ആരാധിക്കുന്നവരും, സൊറാസ്ട്രിയന്‍ മതക്കാരും ഹിന്ദുക്കളും, ബുദ്ധമതക്കാരും അഫ്ഗാന് ജനതയുടെ ഭാഗമായിരുന്നു.
കുശാന്‍ സാമ്രാജ്യം കാബൂള്‍ നദി താഴ്വാരം മുതല്‍ പാമീര്‍ പീഡഭൂമി, ഗംഗാനദിവരെ കനിഷ്കന്റെ കാലത്ത് നീണ്ടുനിന്നിരുന്നു. കാബൂള്‍ താഴ് വാരം മുതല്‍ പുരാതനഗാന്ധാരം വരെ കുശാനികള് ഭരിച്ചതും അഫ്ഗാന് ചരിത്രമാണ്.
പടിഞ്ഞാറന്‍ തുര്‍ക്ക് ഷഹിവംശം കാബൂള്‍ തലസ്ഥാനമാക്കി കാബൂളിസ്താന് പ്രദേശം ഭരിച്ചപ്പോള്‍ ഇസ്ലാം മതത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് അബ്ബാസിദ് ഭരണാധികാരികള്‍ AD 665ല്‍ അവരെ പരാജയപ്പെടുത്തി കാബൂള്‍ പിടിച്ചടക്കി, എന്നാല്‍ ബര്ഹ ടെഗിന് ഷഹിയുടെ കാലത്ത് മുസ്ലിങ്ങളില്‍ നിന്ന് ഷഹിവംശം കാബൂള്‍ തിരിച്ചു പിടിച്ചു. AD 698ല്‍ തുടര്‍ന്നും കാബൂള്‍ പിടിച്ചടക്കാനുള്ള മുസ്ലിങ്ങളുടെ ശ്രമത്തില്‍ അവരുടെ നേതാവായ യസിദ് ഇബ്ന് സിയാദ് കൊല്ലപ്പെട്ടു.
അബ്ബാസിദ് ഖാലിഫ് അല്‍ മാമൂന് തുര്‍ക്ക് ഷഹികളെ എ ഡി എണ്ണൂറ്റി പതിനഞ്ചില്പരാജയപ്പെടുത്തി, അതേ തുടര്‍ന്ന് തുര്‍ക് ഷാ ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി . വര്‍ഷത്തില്‍ ഒന്നര മില്ലിയന്‍ ദിര്‍ഹവും അടിമകളേയും മുസ്ലിം ഭരണാധികാരികള്‍ക്ക് തുര്‍ക്കി ഷാ കൊടുക്കേണ്ടതായ ഒരു കരാര്‍ അന്ന് എഴുതിയുണ്ടാക്കി നടപ്പിലാക്കിയിരുന്നു. ഇതേ തുടര്‍ന്നുള്ള രാജവംശത്തിന്റെ പരിതാപകരമായ അവസ്ഥയില്‍ മന്ത്രിയായ കല്ലര്‍ തുര്‍ക്ക് ഷഹിയില് നിന്നും ഭരണം പിടിച്ചെടുത്തു. കല്ലര്‍ ഒരു ബ്രാഹ്മിണനായിരുന്നു. കല്ലരെ തുടര്‍ന്നുവന്ന ഹിന്ദു ഭരാണാധികാരികളെ അറബികള്‍ ഹിന്ദു ഷഹികള് എന്നാണ് വിളിച്ചുപോന്നിരുന്നത്. പത്താം നൂറ്റാണ്ടില്‍ ഹിന്ദു’ഷഹികളെ പരാജയപ്പെടുത്തിയ മഹമൂദ് ഗസ്നി അഫ്ഗാനിസ്താന്റെ ചരിത്രം എന്നെന്നേക്കുമായി മാറ്റി എഴുതി. ഗസ്നിവംശത്തെ അവസാനിപ്പിച്ച ഗുരീദ് വംശക്കാര്‍ ഇസ്ലാമിന് പടര്‍ന്നു പന്തലിക്കാനുള്ള അടിത്തറയിട്ടുകൊണ്ടു ഹെറാത്തിലെ ജുമുഅ പള്ളി നിര്‍മ്മിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മംഗോളികളുടെ ആക്രമണത്തില്‍ തകര്‍ന്ന അഫ്ഗാനെ പിന്നീട് ഭരിച്ച തിമൂരിദികള് വീണ്ടും ഇസ്ലാമിക് പഠനകേന്ദ്രമായി തിരിച്ചുകൊണ്ടുവന്നു. സഫാവിദ് ഭരണകാലത്തായിരുന്നു അഫ്ഗാനിസ്ഥാനില്‍ ശിയാമുസ്ലിങ്ങളുടെ ഉയര്‍ച്ചയുണ്ടായത്,. മിര്‍വൈസ് ഹൊതക് എന്ന പഷ്തൂണ്‍ രാജാവ് കണ്ടഹാര്‍ മോചിപ്പിക്കുന്നത് വരെ ഈ മേഖല സുന്നി-ശിയാക്കളുടെ കലഹമേഖലയായി അറിയപ്പെട്ടിരുന്നു . പത്തൊമ്പതാം നൂറ്റാണ്ടില്‍ അബ്ദുല്‍ റഹ്മാന് ഖാന് രാജാവിന്റെ കാലത്ത് ഇസ്ലാം മതം അഫ്ഗാനിസ്ഥാന് ഭൂപ്രദേശത്ത് ശരീയത്ത് നിയമങ്ങളെ അടിസ്ഥാനമാക്കി ഭരണം തുടങ്ങി.
ഏഴാം നൂറ്റാണ്ടുമുതലുള്ള ഇസ്ലാം മതത്തിന്റെ കടന്നു കയറ്റത്തിലും അതിന് വിധേയമാവാതെ പത്തൊമ്പതാം നൂറ്റാണ്ട് വരെ മാറിനിന്നിരുന്ന ഒരു മേഖലയായിരുന്നു അഫ്ഗാനിസ്ഥാനിലെ കാഫിരിസ്ഥാന്. ഇന്നത്തെ അഫ്ഗാനിലെ നൂറിസ്ഥാനായിരുന്നു ഒരു കാലത്ത് കാഫിരിസ്ഥാന് എന്നറിയപ്പെട്ടിരുന്നത്, പുരാതനഹിന്ദുമത ജീവിതം അതുപോലെ തുടര്‍ന്ന ഒരു ജനത ഇസ്ലാം മതത്തിലേക്ക് മാറാന്‍ വിസമ്മതിച്ചത് കാരണം അഫ്ഗാനിലെ ആദ്യകാല മുസ്ലിങ്ങള്‍ അവരെ കാഫിരിസ്ഥാനികള് എന്ന് വിളിച്ചുപോന്നു.
മതം രാഷ്ട്രഭൂപടത്തില്‍ ചോരപ്പടര്പ്പിനും ജനവിഭജനത്തിനും വിത്ത് പാകി ഒരുഭാഗത്തും റഷ്യയും,അമേരിക്കയും സൌദിയും, പാകിസ്ഥാനും അവരെ ആയുധമണിയിച്ചും നിരപരാധികളെ കൊന്നൊടുക്കിയും മറുഭാഗത്തും നിരന്നപ്പോള്‍ ഹിന്ദുക്കുഷ് പര്‍വ്വതം കടന്ന് ലക്ഷക്കണക്കിന് അഫ്ഗാനികള്‍ അഭയാര്‍ഥികളായി പുറം നാടുകളിലേക്ക് നടന്നുപോയി. അവരില്‍ ആയിരക്കണക്കിന് കൌമാരപ്രായക്കാര്‍ ആറായിരം കിലോമീറ്റര്‍ സഞ്ചരിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വരെ എത്തിച്ചേര്ന്നിറ്റുണ്ട്.
രാജ്യങ്ങള്‍ക്ക് അതിര്‍ത്തികള്‍ ഉള്ളിടത്തോളം കാലം മനുഷ്യക്കടത്ത് നിലനില്ക്കും എന്ന പ്രസ്താവന നല്‍കിയത് ബെവര്‍ എന്ന അഫ്ഗാന് മനുഷ്യക്കടത്തുകാരനാണ്. ഭൂമിയുടെ മറുഭാഗങ്ങളിലുള്ള സഞ്ചാരികള്‍ കാണാന്‍ കൊതിക്കുന്ന അതിസുഖം നല്കുന്ന അഫ്ഗാനിസ്ഥാനിലെ മലമടക്കുകളും നദീതാഴ്വാരങ്ങളും നടന്നു കയറിയാണ് ഈ മക്കള്‍ പ്രിയഭൂതലം പിന്നിട്ട് യുറോപ്പിലെ തെരുവുകളില്‍ വര്‍ഷങ്ങളോളം അഭയാര്‍ഥികളായി കഴിഞ്ഞുപോരുന്നത്. രേഖകള്‍ ഇല്ലാതെ എത്തിച്ചേരുന്നവര്‍ അവഗണിക്കപ്പെട്ടും ആക്രമിക്കപ്പെട്ടും പ്രകൃതിയുടെ നിര്‍ദ്ദയമായ കാലാവസ്ഥയില്‍ ഉടുപ്പുകളും ഭക്ഷണവും ഇല്ലാതെ പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂടുകളില്‍ വളഞ്ഞുകിടന്നും കാലം കഴിക്കുന്നത് നാളെ ഇവിടെയൊരു ജീവിതം ഇന്ന് അഫ്ഗാനിസ്ഥാനില്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ്.
പാരീസിലെ സാല്‍വേഷന്‍ ആര്‍മിയുടെ ഒഫീസിനടുത്ത് ഇരുപത്തഞ്ചോളം കൌമാരപ്രായക്കാര്‍ തണുപ്പുള്ള ഒരു രാത്രിയില്‍ ഉറങ്ങാന്‍ പെടാപാട് പെടുന്നത് കണ്ട് അവര്‍ക്ക് തുണികളും സ്ലീപ്പിംഗ് ബാഗുകളും കൊടുത്തത് സാല്‍വേഷന്‍ ആര്‍മിയുടെ സേവകരായിരുന്നു. ഒമ്പത് വർഷങ്ങൾക്ക് മുൻപ് ആ കഥ പുറംലോകം അറിഞ്ഞപ്പോള്‍ അഞ്ചുമാസത്തോളം കാബൂളില്‍ നിന്നും പാരീസിലേക്ക് നടന്നും ജലാതിര്‍ത്തികളില്‍ ബോട്ട് കയറിയും വന്നവരില്‍ പതിമൂന്നു വയസ്സുകാരനായ മൊര്‍ത്തസയും ഉണ്ടായിരുന്നു. ഗാര്ഡിയന് പത്രപ്രതിനിധി അവന്റെ സോക്സ്മാറ്റിയ കാലുകള്‍ എന്തേ ഇങ്ങനെ വെളുത്ത് പാണ്ട് പിടിച്ചപോലെ കിടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അത് വെള്ളത്തിലൂടെ നടന്നിട്ടാണെന്നായിരുന്നു അന്നവൻ മറുപടി പറഞ്ഞിരുന്നത്.
വെള്ളമല്ല, അത് മഞ്ഞുകളിലൂടെ നടന്നത് കൊണ്ടുള്ള അധികശൈത്യത്തില് ഉണ്ടാവുന്ന ശരീരവീക്കമാണെന്ന് കൂടെയുള്ള ഇംഗ്ലീഷ് അറിയാവുന്ന കസിന് ബ്രദര്‍ മുഹമ്മദ് അവനെ തിരുത്തി. ശീതകാലത്ത് അഫ്ഗാനില്‍ നിന്നും ഇറാനിലേക്കും അവിടുന്ന് തുര്‍ക്കിയിലേക്കും നടന്ന്, അവിടെ നിന്ന് ക്രോയേഷ്യ, സ്ലോവേനിയ, ഇറ്റലി വഴി പാരീസിലേക്ക് എത്തിച്ചേര്‍ന്നതായിരുന്നു അവര്‍. സ്ലോവേനിയയില്‍ വെച്ച് കൂടെവന്നവരില്‍ രണ്ടുപേരെ പോലീസ് പിടിച്ചിരുന്നു, ശേഷം ഹാന്‍ഡ് ഹെല്‍ഡ് ജി പി എസ് വെച്ച് അഞ്ച് ദിവസം മഞ്ഞിലൂടെ നടന്നു ആല്‍പ്സ് പര്‍വ്വതപ്രദേശം കടന്നു ഇറ്റലിയുടെ വടക്ക് ഭാഗത്തുള്ള ട്രെന്ടോവില് അവർ എത്തിച്ചേര്‍ന്നു, അവിടെനിന്നാണ് ഒടുവില്‍ അവര്‍ പാരീസില്‍ വന്നെത്തുന്നത്. ഈ അഭയാർത്ഥികൾ നടന്നുപോന്ന ആറായിരം കിലോമീറ്റര്‍ യാത്രയില്‍ അഫ്ഗാന്, ഇറാന്, തുര്‍ക്കി, ബാള്‍ക്കന്‍, മാസിഡോനിയ, സെര്‍ബിയ, സ്ലോവേനിയ, ക്രോയേഷ്യ, ഇറ്റലി ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. മൊർത്തസയുടെ ഒരു അങ്കിള്‍ യുറോപ്പിലുണ്ട്, അദ്ദേഹം ജീവിതത്തില്‍ ഒരു തുണയാകും എന്ന പ്രതീക്ഷയിലാണവന്‍ അപകടകരമായ ആറായിരം കിലോമീറ്റര്‍ താണ്ടി അവിടെ വന്നെത്തിയത്.
യുദ്ധക്കൊതിയന്മാരുടെ താണ്ഡവത്തില്‍ ഉമ്മയും ബോംബ് സ്ഫോടനത്തില്‍ ബാപ്പയും നഷ്ടപ്പെട്ട കൌമാരക്കാരനാണ് മൊര്‍ത്തസ. അഫ്ഗാന് മനുഷ്യക്കടത്ത് തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. മതരാഷ്ട്രീയത്തിന്റെ കൊടുംക്രൂരതകള്‍ ആരംഭിച്ചത് മുതല്‍ ആയിരക്കണക്കിന് കുട്ടികള്‍ ഒന്നുകില്‍ യുദ്ധക്കെടുതികള്‍ കൊണ്ടോ അല്ലെങ്കില്‍ യുദ്ധാനന്തരം മനക്കെടുതികൊണ്ടോ അഫ്ഗാനില്‍ നിന്നും പലായനം ചെയ്യുന്നുണ്ട്.
ആശയറ്റ് ഗതികെട്ട് ജീവിക്കുന്ന പത്ത് മില്ലിയൻ
കുട്ടികൾക്ക് അടിസ്ഥാന ജീവിത സഹായം ഉടനടി ആവശ്യമാണെന്ന് ഏഷ്യയിലെ വേൾഡ് ഫുഡ് പ്രോഗ്രാം റീജിയനൽ ഡയറക്ടർ ജോൺ എലിയഫ് പറയുന്നു. അഫ്ഗാനില്‍ കുട്ടികളായിരിക്കുക എന്നത് അപകടകരമാണ് എന്നവര്‍ക്കറിയാം. മുതിർന്നുവരുന്നത് പെണ്ണാണെങ്കില്‍ പിടിച്ചുകൊണ്ടുപോവപ്പെട്ട് കാമപൂര്‍ത്തീകരണത്തിന് തോക്കിന് മുനയില്‍ അവര്‍ വിധേയരാക്കപ്പെടും, ആണ്‍കുട്ടികളാണെങ്കില്‍ ആത്മഹത്യാബോംബ് ധാരികളായോ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് തീവ്രമതസംഘടനകളിൽ പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെടുന്നതോ ആയിരിക്കും അവരുടെ പില്ക്കാല ജീവിതം.
📁 ബക്കർ അബു
165 കാഴ്ച