വിസ്മയയ്ക്കു നീതി. ഭർതൃഗൃഹത്തിൽ മരണമടഞ്ഞ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്നു പിരിച്ചു വിട്ടു: മന്ത്രി ആന്റണി രാജു.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഗതാഗത മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ പകർന്ന ലേഖനത്തിന്റെ പൂർണരൂപം

2021 ജൂണ്‍ 21ന് ഭര്‍ത‌ൃഗ‌ൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എസ്. വി. വിസ്മയയുടെ (24) ഭര്‍ത്താവ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. കിരണ്‍ കുമാറിനെ (30) സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുവാന്‍ തീരുമാനിച്ചു.

സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും, സാമൂഹ്യ വിരുദ്ധവും ലിംഗ നീതിയ്ക്ക് നിരക്കാത്ത നടപടിയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി.

കൊല്ലം ശൂരനാട് പോലീസ് ജൂണ്‍ 21ന് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഭര്‍ത്താവായ എസ്. കിരണ്‍ കുമാറിന്റെ സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തരമായ കലഹത്താലും ശാരീരികവും മാനസികവുമായ ഉപദ്രവത്താലുമാണ് വിസ്മയ മര​ണപ്പെടാനിടയായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനമാണിത്. ഇതേത്തുടര്‍ന്ന് എസ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം 15 പ്രകാരം എസ്. കിരണ്‍ കുമാറിന് നിയമാനുസൃതമായ കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ചു. നിയമാനുസൃതമായി നടത്തിയ അന്വേഷണത്തിന്റെയും എസ്. കിരണ്‍ കുമാറിനെ നേരിട്ട് കേട്ടതിന്റെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റാരോപിതന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതിനാല്‍ 1960ലെ കേരള സിവില്‍ സര്‍വ്വീസ് ചട്ടം 11(1)(viii) പ്രകാരമാണ് എ എം വി ഐ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുവാന്‍ തീരുമാനിച്ചത്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തെത്തുടര്‍ന്ന് ഭാര്യ മരണപ്പെട്ട കാരണത്താല്‍ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്നും സ്ത്രീ സുരക്ഷയും ലിംഗ നീതിയും ഉയര്‍ത്തിപ്പിടിക്കുമെന്നും ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും പൊതുസമൂഹത്തിനും നല്‍കിയ ഉറപ്പ് പാലിക്കുന്ന നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ പിടിച്ചുലച്ച വിസ്മയയുടേതു പോലുള്ള മരണങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശമാണ് എ എം വി ​ഐ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാനുള്ള തീരുമാനം. ആഗസ്റ്റ് 7 രാവിലെ 11 മണിയ്ക്ക് കൊല്ലത്തെ നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തി കുടുംബാഗങ്ങളെ സന്ദര്‍ശിക്കുന്നതാണ്.

Subscribe to notifications

ആന്റണി രാജു
ഗതാഗത മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന്‌

 897 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo