മാതൃ ശിശു സൗഹൃദ ആശുപത്രികൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

1990 ലെ ഇന്നസന്റി ( Innocenti) പ്രഖ്യാപനത്തിൽ മുലയൂട്ടൽ പ്രോൽസാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞതിനെത്തുടർന്ന് 1992 ൽ ലോകാരോഗ്യസംഘടനയും യൂനിസെഫും ചേർന്ന് ആവിഷ്കരിച്ച ഒരു പദ്ധതിയാണ് ശിശു സൗഹൃദ ആശുപത്രികൾ .

മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾക്ക് മറ്റുളളവരെ അപേക്ഷിച്ച് രോഗാവസ്ഥയും മരണ സാധ്യതയും കുറവാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം മതി എന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ പോകെപ്പോകെ, ഇത്തരത്തിൽ ആദ്യത്തെ 6 മാസം മുലപ്പാൽ മാത്രം കുടിച്ചു വളരുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായി കണ്ടു. പ്രധാന കാരണങ്ങളായി കണ്ടെത്തിയത് വൻകിട കമ്പനികളുടെ പാലുൽപന്നങ്ങളുടെ മേൻമ വിളിച്ചോതുന്ന കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും, ജനിച്ച ഉടനെയുള്ള മണിക്കൂറുകളിലും ദിവസങ്ങളിലും മുലയൂട്ടുന്ന കാര്യത്തിൽ അമ്മമാരെ ബോധവൽക്കരിക്കുന്നതിലും സഹായിക്കുന്നതിലും ആശുപത്രി ജീവനക്കാർ കാണിച്ചിരുന്ന അലംഭാവവുമാണ്.

ഈയൊരു സാഹചര്യത്തിലാണ് BFHI (Baby Friendly Hospital Initiative) പ്രോഗ്രാമിന് ഇന്ത്യയിൽ തുടക്കം കുറിച്ചത്. കേരളത്തിൽ 1993 മാർച്ച് മാസം ആണ് ഇതിന് ആരംഭം കുറിച്ചത്. തീവ്രമായ പരിശ്രമങ്ങൾക്കൊടുവിൽ 2002 ആഗസ്ത് മാസത്തിൽ ലോകത്തിലെ തന്നെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയുണ്ടായി.

എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ആദ്യത്തെ 6 മാസം മുലപ്പാൽ മാത്രം കുടിച്ചു വളരുന്ന കുട്ടികളുടെ ശതമാനം വീണ്ടും കുറഞ്ഞു തുടങ്ങി. കേരളത്തിൽ 53% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ഈ സൗഭാഗ്യം ലഭിക്കുന്നത്. (നാഷണൽ ഫാമിലി ഹെൽത്ത് സർവെ 4) ഈ സാഹചര്യത്തിലാണ് Revamping of BFHI ആവശ്യമായി വന്നത്. മാതൃശിശു സൗഹൃദ ആശുപത്രികൾ എന്ന പേരിൽ കേരളത്തിൽ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളെയും സാക്ഷ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഓരോ ആശുപത്രിയെയും ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തി, ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ആശുപത്രികൾക്ക് ഈ സാക്ഷ്യപത്രം നൽകുക.

❤️എന്തൊക്കെയാണ് മാതൃ ശിശു സൗഹൃദ ആശുപത്രികളിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ?

1️⃣(a) പ്രസ്തുത ആശുപത്രിക്ക് ഒരു മുലയൂട്ടൽ നയം വേണം.
(b)പ്രസ്തുത ആശുപത്രിയിൽ എല്ലാവരും കാണുന്ന രീതിയിൽ വിവിധ ഭാഗങ്ങളിൽ ഇത് ഒരു മാതൃശിശു സൗഹൃദ ആശുപത്രി ആണ് എന്നും, അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്നും (താഴെ പറയുന്ന കാര്യങ്ങൾ) എഴുതി പ്രദർശിപ്പിക്കണം.
(c ) മുലയൂട്ടലിനെ പ്രോൽസാഹിപ്പിക്കാനായി ആ ആശുപത്രിയിൽ അതിന് തടസ്സം നിൽക്കുന്ന കാര്യങ്ങളായ പാൽപ്പൊടികൾ, പാൽക്കുപ്പികൾ, പാൽപ്പൊടി വാങ്ങാൻ ആൾക്കാരെ പ്രേരിപ്പിക്കുന്ന ലഘുലേഖകൾ, സാംപിൾ പാക്കറ്റുകൾ എന്നിവ നിരോധിക്കണം.

2️⃣മുലയൂട്ടലിന്റെ പ്രാധാന്യം, മുലപ്പാലിന്റെ ഗുണങ്ങൾ എന്നിവയെ സംബന്ധിച്ച് ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും അറിവുണ്ടാകണം. അതോടൊപ്പം, അവർക്ക് മുലയൂട്ടുന്നതിൽ അമ്മമാരെ പ്രോൽസാഹിപ്പിക്കുവാനും സഹായിക്കുവാനും വേണ്ട പരിശീലനം ലഭിച്ചിരിക്കണം.

3️⃣ആശുപത്രിയിൽ പരിശോധനക്ക് വരുന്ന ഗർഭിണികൾക്ക് മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റിയും, മുലപ്പാലിന്റെ ഗുണങ്ങളെപ്പറ്റിയും വിജയകരമായി മുലയൂട്ടുന്നതിന് സഹായകമായ കാര്യങ്ങളെപ്പറ്റിയും അവബോധം ഉണ്ടാക്കണം.

4️⃣ജനിച്ച ഉടനെത്തന്നെ മുലയൂട്ടിത്തുടങ്ങാൻ സഹായകമാകും വിധം കുഞ്ഞിനെ അമ്മയുടെ ശരീരത്തോട് ചേർത്തു കിടത്തണം. കുഞ്ഞിനെ അമ്മയിൽ നിന്നും മാറ്റി കിടത്തരുത് (അമ്മക്കോ കുഞ്ഞിനോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ) . അതോടൊപ്പം ജനിച്ച ഉടനെ മുലയൂട്ടുവാൻ ആശുപത്രി ജീവനക്കാർ അമ്മയെ സഹായിക്കണം.

5️⃣മുലയൂട്ടുമ്പോൾ അമ്മ എങ്ങനെ ഇരിക്കണം, കുഞ്ഞിനെ എങ്ങനെ പിടിക്കണം, ശരിയായ രീതിയിൽ ആണോ കുഞ്ഞ് മുലകുടിക്കുന്നത് എന്ന് എങ്ങനെ മനസ്സിലാക്കാം എന്നീ കാര്യങ്ങൾ നഴ്സിംഗ് സ്റ്റാഫ് അമ്മയെ പറഞ്ഞു മനസ്സിലാക്കണം.

6️⃣വൈദ്യശാസ്ത്രപരമായ കൃത്യമായ കാരണങ്ങൾ ഇല്ലങ്കിൽ കുഞ്ഞിന് മുലപ്പാലല്ലാതെ മറ്റൊന്നും കൊടുക്കാൻ പാടില്ല. മറ്റ് പാലുകൾ കൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് എന്ത് കൊണ്ട് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കുഞ്ഞിന്റെ ബന്ധുക്കളോട് ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത് അവരുടെ സമ്മതവും വാങ്ങണം.

7️⃣ ജനിച്ച് ആറ് മാസം പൂർത്തിയാകുന്നത് വരെ കുഞ്ഞിന് മുലപ്പാൽ മാത്രം മതിയാകും. ഏഴാം മാസം മുതൽ മുലപ്പാലിന് പുറമേ കട്ടിയാഹാരങ്ങൾ കൂടി കൊടുത്തു തുടങ്ങണം. രണ്ടു വയസ്സു വരെയെങ്കിലും മുലയൂട്ടൽ തുടരേണ്ടതാണ്.

8️⃣പ്രസവശേഷം വീട്ടിലേക്ക് പോകുന്നത് വരെ ( സിസേറിയൻ ആണെങ്കിൽ പോലും ) അമ്മയും കുഞ്ഞും ഒന്നിച്ചായിരിക്കണം. കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കുഞ്ഞിനെ അമ്മയുടെ കൂടെയല്ലാതെ Newborn Nursery യിൽ കിടത്താവൂ. അവിടെയും അമ്മയ്ക്ക് എപ്പോൾ വേണമെങ്കിലും കുഞ്ഞിനെ കാണാൻ സൗകര്യം ചെയ്തു കൊടുക്കണം. കുഞ്ഞിന് നേരിട്ട് മുലകുടിക്കാൻ പറ്റാത്ത അവസരങ്ങളിൽ കുഞ്ഞിന് കൊടുക്കാനോ, കുഞ്ഞിന് വേണ്ടെങ്കിൽ പോലും മുലപ്പാൽ വറ്റിപ്പോകാതിരിക്കാനോ പാൽ പിഴിഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യവും അത് ചെയ്യുന്ന രീതിയും അമ്മയെ പറഞ്ഞ് മനസ്സിലാക്കണം.

9️⃣പാൽ കുടിക്കാറാകുമ്പോൾ കുഞ്ഞുങ്ങൾ കാണിക്കാറുള്ള ആദ്യത്തെ സൂചനകൾ തന്നെ മനസ്സിലാക്കാനും അതിനനുസരിച്ച് മുലയൂട്ടാനും അമ്മമാരെ പ്രാപ്തരാക്കണം. ഓർക്കുക, വിശന്നു കരയുന്നത് ഏറ്റവും അവസാനത്തെ സൂചനയാണ്. അതുവരെ വൈകിക്കരുത്.

🔟 പാൽക്കുപ്പി, കുഞ്ഞിന്റെ കരച്ചിൽ മാറ്റാനായി വായിൽ വെച്ചു കൊടുക്കുന്ന നിപ്പിളുകൾ (Pacifiers) എന്നിവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണെന്ന് അമ്മമാരെ ബോധ്യപ്പെടുത്തിക്കൊടുക്കണം
പ്രസവശേഷം 48 മണിക്കൂറെങ്കിലും അമ്മയും കുഞ്ഞും ആശുപത്രിയിൽ ഉണ്ടാകണം. ആത്മവിശ്വാസത്തോടെ മുലയൂട്ടാൻ അമ്മയ്ക്ക് സാധിക്കുന്നുണ്ട് എന്നും വീട്ടിൽ വച്ചും അങ്ങനെ തുടരാൻ പറ്റും എന്നും ഉറപ്പു വരുത്തണം. വീട്ടിൽ എത്തിയ ശേഷം ഇത് സംബന്ധിച്ചുള്ള സംശയങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങളും (ഫോൺ വഴിയോ, ചുറ്റുവട്ടത്ത് ഇക്കാര്യത്തിൽ സഹായിക്കാനായി ആരെ സമീപിക്കണം എന്നൊക്കെ ) പറഞ്ഞു കൊടുത്തിരിക്കണം.
പാൽപ്പൊടിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കണം. ആശുപത്രിയുടെ ഫാർമസിയിലോ മറ്റെവിടെയെങ്കിലുമോ പാൽപ്പൊടി പ്രദർശിപ്പിക്കരുത്, അതിന്റെ ഗുണങ്ങൾ വിവരിക്കുന്ന ലഘുലേഖകളോ സാമ്പിൾ പാക്കറ്റുകളോ, പാൽക്കുപ്പികളോ വിതരണം ചെയ്യരുത്, അത്തരം കമ്പനികളിൽ നിന്നുള്ള സമ്മാനങ്ങളോ യാതൊരുവിധ ആനുകൂല്യങ്ങളോ സ്വീകരിക്കരുത് തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്.

❤️കേരളത്തിൽ ശിശുരോഗ വിദഗ്ധരുടെ അക്കാദമിക സംഘടനയായ ഇന്ത്യൻ അകാദമി ഓഫ് പീഡിയാട്രിക്സിന്റെ നേതൃത്വത്തിൽ ഒബ്സ്റ്റടിക്സ് ഡോക്ടർമാരുടെ സംഘടനയായ KFOG, ട്രെയിൻഡ് നഴ്സുമാരുടെ സംഘടനയായ TNAI, ദേശീയ ആരോഗ്യ മിഷൻ (NHM), UNICEF, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കേരളത്തെ വീണ്ടും മാതൃശിശു സൗഹൃദ സംസ്ഥാനമായി സാക്ഷ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്. പ്രസവം കൈകാര്യം ചെയ്യുന്ന ആശ്യപത്രികളിലെ ജീവനക്കാർക്കുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു. അത് കഴിഞ്ഞ് രണ്ട് ഘട്ടമായുള്ള പരിശോധന (Inspection) ഉണ്ടാകും. ഇക്കാര്യത്തിലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്നും ജീവനക്കാർക്ക് വേണ്ട പ്രഗൽഭ്യമുണ്ട് എന്നും ബോധ്യപ്പെട്ടാലാണ് ഒരാശുപത്രിക്ക് സർട്ടിഫിക്കറ്റ് ലഭിക്കുക.

അപ്പോൾ അടുത്ത വർഷം മുതൽ പ്രസവം ഏത് ആശുപത്രിയിൽ വെച്ച് വേണം എന്ന് തീരുമാനിക്കുന്നത് അത് മാതൃശിശു സൗഹൃദ ആശുപത്രിയാണോ എന്നു കൂടി അറിഞ്ഞ ശേഷമാകട്ടെ !

ഡോ. മോഹൻദാസ് നായർ
ഇൻഫോ ക്ലിനിക്

 466 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo