ഇല്ല ദൈവം; ദേവശാപങ്ങൾ മിഥ്യകൾ.
ഇല്ലില്ല, ജാതിമതങ്ങൾ.
പരേതർക്ക് ചെന്നിരിക്കാൻ
ഇല്ല സ്വർഗവും നരകവും.
ഇല്ല പരമാത്മാവുമില്ലാത്മ മോക്ഷവും.
മുജ്ജന്മമില്ല, പുനർജന്മമില്ല.
ഒറ്റ ജന്മം, നമുക്കീ-യൊറ്റ ജീവിതം.
മുളകിലെരിവ്, പച്ചമാങ്ങയിൽ പുളിവ്,
പാവലിൽ കയപ്പ്, പഴത്തിലിനിപ്പ്.
ഇതു പോലെ നൈസർഗികം മർത്യ ബോധം.
ഇതിലീശ്വരനില്ല, കാര്യവിചാരം.
ചാരുവാക്കിന്റെ നെഞ്ചൂക്ക് ചാർവാകൻ.
വേശ്യയും പൂണൂലണിഞ്ഞ
പുരോഹിത വേശ്യനും വേണ്ട;
സുര വേണ്ട, ദാസിമാരോടൊത്തു
ദൈവിക സുരതവും വേണ്ട.
പെണ്ണിനെക്കൊണ്ട് മൃഗലിംഗം ഗ്രഹിപ്പിച്ച്
പുണ്യം സ്ഖലിപ്പിക്കുമാഭാസമേധവും;
അമ്മയെക്കൊല്ലുന്ന ശൂരത്വവും വേണ്ട.
ജീവി കുലത്തെ മറന്നു ഹോമപ്പുക
മാരി പെയ്യിക്കുമെന്നോർത്തിരിക്കും വിഡ്ഢി.
രാജാവു വേണ്ട, രാജർഷിയും വേണ്ട.
ചെങ്കൊൽ കറുപ്പിച്ച മിന്നൽ ചാർവാകൻ.
അച്ഛനോടെന്തിത്ര ശത്രുത? മേലേയ്ക്കു
രക്ഷപ്പെടുത്തുവാൻ മാർഗം ബലിയെങ്കിൽ
പാവം മൃഗത്തിനെ മാറ്റി പിതാവിനെ
സ്നേഹപൂർവ്വം ബലി നല്കാത്തതെന്തു നീ?
തെറ്റാണു യജ്ഞം, അയിത്തം പുല, വ്രതം
ഭസ്മം പുരട്ടൽ, ലക്ഷാർച്ചന, സ്തോത്രങ്ങൾ.
തെറ്റാണു ജ്യോത്സ്യ പുലമ്പലും തുള്ളലും.
അർത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും
പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതെ ഒറ്റ
മാത്രയുമാത്രക്കു ധന്യമീ ജീവിതം.
വേദന മുറ്റി തഴച്ചൊരീ വിസ്മയം
സ്നേഹിച്ചു, സ്നേഹിച്ചു സാർത്ഥകമാക്കണം-
പാട്ടങ്ങ് ഉണർത്തി നടന്നൂ ചാർവാകൻ.
കുരീപ്പുഴ ശ്രീകുമാർ
കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രശസ്തമായ കവിത ‘ചാർവാകൻ ‘ നിർമിതബുദ്ധിയിൽ വായിച്ചുകേൾക്കുന്നതിനായി യെർഡുവിൽ പ്രസിദ്ധീകരിക്കുന്നു – പത്രാധിപർ
2,615 കാഴ്ച