എന്തൊരു മരണമായിരുന്നത്!

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


സിനിമയിൽ അഭിനയിച്ച കുറ്റത്തിന് കഴുത്തറുത്ത് കൊല്ലാൻ കൊണ്ടുപോകുന്ന പോക്കാണ്. ആ മുഖം നോക്കൂ.. അയാൾ അപ്പോഴും പുഞ്ചിരിക്കുകയാണ്.

ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദിന്റെ ഒരു സിനിമ പോലും ഞാൻ കണ്ടിട്ടില്ല. പക്ഷേ എത്രയോ ഇറാനിയൻ സിനിമകളിൽ എനിക്കദ്ദേഹത്തെ പരിചയമുണ്ട്. എത്ര പരിചിത മുഖമാണത്… കൊല്ലുംമുമ്പ് ഭീകരർ അയാളെക്കൊണ്ട് നിർബന്ധിച്ച് തമാശകൾ പറയിച്ചുവത്രേ!

ഞാനാ വീഡിയോ ട്വിറ്ററിൽ കണ്ടു. എന്തൊരു സങ്കടമാണ്.. കൈകൾ പിന്നിൽ കെട്ടി താലിബാൻ ഭീകരർ അയാളെ കാറിന്റെ പിൻസീറ്റിൽ അവർക്ക് നടുവിലിരുത്തി. എന്തെല്ലാമോ ആക്രോശിച്ച് മുഖത്ത് കൈവീശി അടിക്കുമ്പോഴും ഖാസാ സ്വാൻ പുഞ്ചിരിക്കുകയായിരുന്നു. അടിസ്ഥാനപരമായി മനുഷ്യനന്മയിൽ വിശ്വസിക്കുന്ന ഒരു കലാകാരന് മാത്രം കഴിയുംവിധം.

പിടിച്ചുകെട്ടി കൊണ്ടുപോകുമ്പോഴും അയാൾ കരുതിയിരിക്കില്ല കൊന്നുകളയുമെന്ന്. മതഭീകരത ആ ദുർബലദേഹത്തെ അറുത്തുകൊന്ന് മരച്ചില്ലയിൽ കെട്ടിത്തൂക്കിക്കളഞ്ഞു. മരിച്ച ദേഹത്തിലേക്കും വെടിയുണ്ടകൾ പായിച്ചു. കലാകാരനായിരുന്നു എന്നതായിരുന്നു കുറ്റം!

ഹാസ്യവേഷങ്ങളിലാണ് ഏറെയും നടിച്ചതെന്ന് വായിച്ചറിഞ്ഞു. സത്യമായും ആ മുഖവും ശരീരവും എത്ര പരിചിതമായി തോന്നുന്നു.
എന്തൊരു സങ്കടമാണ്…
കൊലയാളികൾക്ക് നടുവിലിരിക്കുമ്പോഴും ചിരിച്ചവൻ, അമരൻ!
നിങ്ങളുടെ സിനിമകൾ ഞാൻ തേടിപ്പിടിച്ച് കാണും ഖാസാ സ്വാൻ, വേറെന്ത് ചെയ്യാനാകും?

രക്തസാക്ഷിക്കില്ല മൃത്യുവെന്ന്
എന്നിലെ ദുഖിതനോട് സ്വയം പറയുന്നു

📁 സുജിത് ചന്ദ്രൻ

 1,102 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo