ക്രിസ്തീയതയിലേക്ക് ആകൃഷ്ടനായതിന് മാപ്പ് ചോദിച്ച് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ എഴുതിയ കത്ത്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി തിരുവിതാംകൂര്‍ രാജവംശത്തില്‍ അതിനാടകീയതയുടെ പിരിമുറുക്കത്തിന്റെ പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആറ്റിങ്ങല്‍ റാണി ഭരണിത്തിരുനാള്‍ ലക്ഷ്മി ബായിയുടെ ഭര്‍ത്താവ് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ ഗൂഢാലോചന കുറ്റം ചുമത്തി ലക്ഷ്മി ബായിയുടെ സഹോദരന്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ വടക്കന്‍ തിരുവിതാംകൂറിലെ ഒരു സാധാരണ ജയിലില്‍ പതിനഞ്ചുമാസം വളരെ മോശമായ ചുറ്റുപാടുകളില്‍ തടവിലിട്ടത്.

ഈ തടവറവാസത്തിന്റെ ദുസ്സഹതയില്‍ മനംമടുത്ത് പലപ്രാവശ്യം മഹാരാജാവിനോട് മാപ്പപേക്ഷിച്ച് കേരളവര്‍മ്മ കത്തെഴുതുകയുണ്ടായി. ആ കത്തുകളിലൊന്നിലാണ് (IOR/R/2891/260) മഹാരാജാവിന്നെതിരെ ഗൂഢാലോചന നടത്തിയ കുറ്റം ഏല്ക്കുന്നു എന്ന് പറയുന്ന കൂട്ടത്തില്‍ കൃസ്തുമതത്തില്‍ ആകൃഷ്ടനായതിനെക്കുറിച്ചും അദ്ധേഹം എഴുതുന്നത്. ആ കത്തിങ്ങനെ:

26-01-1877

” തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസ്സിലേക്ക് കൊണ്ടിലേക്ക് ഏറ്റവും സൗമനസ്യമാണ്. ഏറ്റവും കരുണാമയനായ, ഈ അടിമയുടെയും അവന്റെ കുടുംബത്തിന്റെയും രക്ഷകനായ തിരുവിതാംകൂര്‍ മഹാരാജാവിന്റെ തൃപ്പാദങ്ങളില്‍ നമസ്ക്കരിച്ചുകൊണ്ട് തികച്ചും കുറ്റവാളിയായ അങ്ങേയറ്റം പശ്ചാത്തപിക്കുന്ന വിനീതനായ ഈ അടിമ ഏറ്റവും ബഹുമാനത്തോടെ ഈ എളിയ അപേക്ഷ സമര്‍പ്പിക്കുന്നു. എക്കാലവും ഒരുപോലെ ദയവും മഹാമനസ്കതയും ഈ അടിമയോട് പ്രകടിപ്പിച്ചിട്ടുള്ള അവിടുത്തോട് ഇവന്‍ ചെയ്ത കഠിനമായ വഞ്ചനകള്‍ അവിടുത്തെ തൃപ്പാദം സാക്ഷിയാക്കി ഏറ്റുപറയാൻ അടിമ അനുവാദം യാചിക്കട്ടെ. അതേ സമയം ഈയുള്ളവന് പെട്ടെന്ന് ഇത്തരത്തിലുള്ള ഒരു മനംമാറ്റം ഉണ്ടാകുവാനും ഇത്ര നീചമായ പ്രവൃത്തികൾക്ക് അത് ഈയുള്ളവനെ പ്രേരിപ്പിക്കാനും ഈയുള്ളവന്റെ ദുർവിധി ഒന്നല്ലാതെ ഒരു കാരണവും കണ്ടെത്താനാവുന്നുമില്ല. അവിടുത്തെ അടിമ അവിടുത്തെ എതിർത്തുകൊണ്ട് ഒന്നോ രണ്ടോ എഴുത്തുകൾ ഫസ്റ്റ് പ്രിൻസിന് എഴുതുകയുണ്ടായി. ദിവാന് ആ ഊമക്കത്തയച്ചതും ഈയുള്ളവനാണ്. അതിനെക്കുറിച്ച് അവിടുന്ന് ആദ്യം രഹസ്യമായും ഏറ്റവും ദയവോടെയും പിന്നീട് താത്കാലിക റെസിഡണ്ട് വഴി ഔദ്യോഗികമായും ചോദ്യം ചെയ്തപ്പോൾ അതേക്കുറിച്ചുള്ള യാതൊരു അറിവുമില്ലെന്നും വളരെ നീചമായും വഞ്ചനാപരമായും അടിമ പറഞ്ഞു. ദിവാൻ എഴുതിയ പോലെയുള്ള ഒരു ഊമക്കത്ത്, അടിമ അവന്റെ രക്ഷകനായ മഹാരാജാവു തിരുമനസ്സിലേക്ക് അയച്ചു. അവിടുത്തെ മേൽവിലാസത്തിലേക്ക് തികച്ചു കളവായതും അപവാദകലുഷമായതും ആയ ഒരു ഊമക്കത്തും മലയാളത്തിൽ അടിമ അയച്ചു. മഹാരാജാവ് തിരുമനസ്സുകൊണ്ടും ഫസ്റ്റ് പ്രിൻസും കാശിയിൽനിന്നും മടങ്ങുന്ന വഴിക്ക് അന്തരിച്ച അവരുടെ സഹോദരന്റെയും അമ്മാവന്റെയും മരണങ്ങൾക്ക് പുറകിൽ എന്ന് ആ സമയത്ത് യാതൊരു കാരണവുമില്ലാതെ ഉണ്ടായ ഒരു തോന്നലിന്റെ പുറത്ത് തിരുവനന്തപുരത്തെ ചില യൂറോപ്യന്മാർക്കും അടിമ എഴുതിയിട്ടുണ്ട്. മേല്പറഞ്ഞ എഴുത്തുകളെല്ലാം ഏറ്റവും രാജ്യദ്രോഹപരമാണെന്ന് അടിമയ്ക്ക് ബോദ്ധ്യം വരുകയും ഏറ്റുഅഭിപ്രായപ്പെടുന്നു ::യും ചെയ്യുന്നു. തിരുമനസ്സുകൊണ്ട് ഈയുള്ളവന് ജീവപര്യന്തം തടവും ചങ്ങലക്കെട്ടുകളും കഠിനവേലയും വിധിച്ചാലും ഈയുള്ളവൻ ചെയ്ത കുറ്റങ്ങൾക്ക് ആ ശിക്ഷ അധികമാവില്ലെന്നും അടിമ കരുതുന്നു.

ഏറ്റവും താഴ്മയോടെയും പശ്ചാത്താപത്തോടെയും ഇനിപ്പറയുന്ന തെറ്റുകളും കൂടി അടിമ ഏറ്റുപറയുന്നു.

ഈയുള്ളവൻ അനാവശ്യമായ ചില എഴുത്തുകുത്തുകൾ ചില വർത്തമാനപ്പത്രങ്ങളുമായി നടത്തിയിട്ടുണ്ട്; എന്തുകൊണ്ടോ ഈയുള്ളവൻ ക്രിസ്തീയതയിലേക്ക് ആകൃഷ്ടനായിട്ടുണ്ട്; ആരോ ചിലർ വിഷം തന്നു എന്ന് അടിസ്ഥാനമില്ലാതെ സംശയിച്ചിട്ടുണ്ട്; മദ്യപാനം എന്ന ഏറ്റവും വർജ്ജ്യവും നിഷിദ്ധവുമായ തിന്മയിലേക്ക് വീഴുകയും ഒരു തികഞ്ഞ മദ്യപനായി മാറുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ശക്തമായ മയക്കുമരുന്നുകൾ തേടി ദാംഗ് മുതലായ ചില വസ്തുക്കൾ അനിയന്ത്രിതമായി ഉപയോഗിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഈയുള്ളവന് അപാരമായ ദയാവായ്പ് നല്കിയും കഴിയാവുന്നത് നന്മകൾ ചെയ്തു വർത്തിച്ച പരമമായ രക്ഷകനും ദാതാവുമായ മഹാരാജാവു തിരുമനസ്സിനോട് തെറ്റു ചെയ്തിട്ടുണ്ട്.

നാളിതുവരേക്കും രാജകുടുംബത്തിലെ ഉപ്പാണ് ഈയുള്ളവനും കുടുംബവും കഴിക്കുന്നതെങ്കിലും അതിനുള്ള നന്ദി കാണിക്കാതിരുന്നിട്ടുണ്ട്. ഈയുള്ളവന്റെ വഴിതെറ്റിയ സ്വഭാവം കൊണ്ട് അവിടുത്തെ സർക്കാരിന്റെ കടുത്ത നീരസം സമ്പാദിച്ചിട്ടുള്ളതിനാൽ അവിടുത്തെ പോലെ ഇത്രയും ലോലഹൃദയനും സുമനസ്സുമായ രാജാവിൽ നിന്നാണെങ്കിലും മാപ്പു ലഭിക്കുമെന്ന നേരിയ പ്രതീക്ഷപോലും അടിമയ്ക്കില്ല. എങ്കിലും ആത്മാർത്ഥമായ മനസ്സാക്ഷിക്കുത്തും ഹൃദയത്തിൽ നിന്നുയരുന്ന പശ്ചാത്താപവും ഇതുവരെ പ്രവർത്തിച്ച ദുഷ്പ്രവൃത്തികളിൽ ദുഃഖവുംകൊണ്ട് അവിടുത്തെ ഏറ്റവും നീചനായ അടിമ ചെയ്തുപോയ കടുത്ത തെറ്റുകൾക്കെല്ലാം അവിടുത്തെ കാൽക്കൽ വീണ് നിറകണ്ണുകളോടെ മാപ്പപേക്ഷിക്കുകയാണ്. അവിടുന്ന് നിശ്ചയിക്കുന്നത് എന്തായിരുന്നാലും സ്വജനങ്ങളും സ്വദേശവും വിട്ടുപോകണമെന്നതാകട്ടെ, മഞ്ഞുമൂടിയ ഹിമാലയസാനുക്കളിൽ ഭിക്ഷം ദേഹിയായി അലഞ്ഞു തീരണമെന്നതാകട്ടെ അതാണ് ഈ അടിമയുടെ ഭാവി ഭാഗധേയം: ഈയുള്ളവൻ അവിടുത്തെ ആജ്ഞ ശിരസാ വഹിക്കയും ചെയ്യും.”

അവിടുത്തെ അടിമ
(ഒപ്പ്) കേരളവർമ്മ.

📁 പി സി അഷ്‌റഫ്‌
Reference: Visakhavijaya, A Study by Poovattoor Ramakrishna Pillai

 2,903 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo