മതങ്ങളുടെ ചരിത്രം കൂട്ടക്കുരുതികളുടെയും കൊലപാതകങ്ങളുടെതുമാണ് – ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

തൊണ്ണൂറുകളുടെ മധ്യത്തിലാണ് പ്രശസ്ത നടൻ ശ്രീ. കെ. പി. ഉമ്മറിനെ പരിചയപ്പെടുന്നത്. പരന്ന വായനക്കാരനും മികച്ച എഴുത്തുകാരനും കൂടിയാണ് അദ്ദേഹമെന്ന കാര്യം നമ്മിൽ പലർക്കും അറിയില്ല. സംസാരിച്ചുകൊണ്ടിരിക്കേ ഉമ്മർക്ക എന്നോട് പറഞ്ഞു: ” ഒരു നടൻ എന്ന നിലയിൽ മുസ്ലിം യാഥാസ്ഥിതികരാൽ ഞാൻ ഒരു പാട് ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. മതപ്രസംഗത്തിനിടയിൽ അവർക്ക് ഇഷ്ടമില്ലാത്തവരെ അപമാനിച്ചു രസിക്കൽ ഈ വിവരദോഷികളുടെ ഒരു ഹോബിയാണ്. അതൊക്കെ കേട്ട് ആസ്വദിക്കാൻ മണ്ടന്മാരായ കുറേ ഭക്തരും മുന്നിലിരിക്കുന്നുണ്ടാകും. ഞാനൊന്ന് ചോദിക്കട്ടെ: പ്രജകളുടെ ക്ഷേമങ്ങളറിയാൻ ഖലീഫ ഉമർ വേഷപ്രച്ഛന്നനായി നടക്കാറുണ്ടെന്ന് ചരിത്രത്തിൽ പറയുന്നു. അപ്പോൾ അത് അഭിനയമല്ലേ? ഫോട്ടോ എടുക്കുന്നത് ഹറാമാണെന്ന് പറഞ്ഞ് അതിനെ വിലക്കിക്കൊണ്ട് കുറെക്കാലം വലിയ ഉപദ്രവമായിരുന്നു. ഇപ്പോൾ അവരും ഫോട്ടോ എടുത്തു തുടങ്ങിയിട്ടുണ്ട്. അതോടെ അതെല്ലാം സ്വീകാര്യമായി. അല്പജ്ഞാനം മാത്രം കൈമുതലായുള്ള ഈ മതവ്യാഖ്യാതാക്കളെ ആര് നിലയ്ക്ക് നിർത്തും? ”

അദ്ദേഹം ഇത് പറയുന്നതിന് വർഷങ്ങൾക്ക് മുമ്പ് ഇ.കെ.അയമുവിൻ്റെ ജ്ജ് നല്ലൊരു മൻസനാകാൻ നോക്ക് എന്ന പ്രശസ്തമായനാടകം കളിച്ചു കൊണ്ടിരിക്കേ നടി നിലമ്പൂർ ആയിഷയ്ക്കു നേരെ ഒരു മതഭ്രാന്തൻ വെടിവെച്ചു. ഉന്നം തെറ്റിയത് കൊണ്ട് മാത്രം അവർ രക്ഷപ്പെട്ടു. ഇതാ, ഇപ്പോൾ അഫ്ഗാനി ഹാസ്യനടൻ ഖാഷയെ താലിബാൻ മതഭീകരർ കഴുത്തറുത്ത് കൊന്നതായി അദ്ദേഹത്തിൻ്റെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നു. ലോകപ്രശസ്ത ഫോട്ടോജർണലിസ്റ്റും പുലിറ്റ്സർ സമ്മാന ജേതാവുമായ ഡാനിഷ് സിദ്ദിഖി അബദ്ധത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടതല്ലെന്നും താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നെന്നും പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.

ചെറുതും വലുതുമായ കൂട്ടക്കുരുതികളുടെയും കൊലപാതകങ്ങളുടെതുമാണ് എല്ലാ മുഖ്യധാരാ മതങ്ങളുടെയും ചരിത്രം. ഇതിനു കാരണമായി വർത്തിക്കുന്ന ക്രിമിനൽ മനസ്സുള്ള അതിൻ്റെ വ്യാഖ്യാതാക്കളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭക്തരെ നാം എന്താണ് വിളിക്കേണ്ടത്?


ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

 1,003 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo