നേരിട്ട് കാണാതെ നീലത്തിമിംഗലത്തിന്റെ വലിപ്പം നമുക്ക് ഊഹിക്കാന്‍ പോലും ആകില്ല. എങ്കിലും എളുപ്പത്തിന്, മൂന്ന് കെ. എസ്.ആര്.ടി.സി. ബസുകളുടെ നീളം, ഒന്നര ബാസ്കറ്റ്ബാള്‍ കോര്‍ട്ടിന്റെ വീതി, എന്ന് പറയാം. ഇതൊക്കെ കൊണ്ടാവാം കെട്ടുകഥകളുടെ കേന്ദ്രമാണ് പലപ്പോഴും തിമിംഗലങ്ങള്‍. ഇവ കപ്പലുകള്‍ ആക്രമിച്ച് മനുഷ്യരെ അകത്താക്കാറുണ്ടെന്നും അവയുടെ വായില്‍പ്പെട്ടാല്‍ മനുഷ്യര്‍ക്ക് രക്ഷപ്പെടാനാവില്ലെന്നുമൊക്കെ കഥകളുണ്ട്.
സത്യത്തില്‍ എന്താണ് വാസ്തവം?
മനുഷ്യര്‍ തിമിംഗലത്തിന്റെ വയറ്റില്‍പ്പെട്ടാല്‍ എന്ത് സംഭവിക്കും? അതിലേക്ക് കടക്കുന്നതിന് മുമ്പ് അല്‍പ്പം തിമിംഗല കൗതുകങ്ങള്‍ പറയാം. ഭൂമിയിലെ ഏറ്റവും വലിയ ഈ ജീവിയുടെ അവയവങ്ങളും ഭീമാകാരം തന്നെയാണ്. തലയിൽ അല്ലങ്കിൽ മുതികിൽ മൂക്കുള്ള ജീവി എന്ന് വേണമെങ്കിൽ ഈ ജീവികളെ പറയാം. കാരണം മുതുകിലൂടെ വെള്ളം ചീറ്റുന്നത് കണ്ടിട്ടില്ലേ ആ കാണുന്നതാണ് ഇവരുടെ മൂക്ക്, blow hole എന്നാണ് ഈ അവയവത്തെ പറയുന്നത്. അവർ ശ്വസിക്കുന്നത് നമ്മളെ പോലെ ഓക്സിജൻ ആണ്. ലോകത്തിലെ ഏറ്റവും വലിയ ഹൃദയം ഇവയുടേതാണ്. 180 കിലോയോളം തൂക്കം വരുന്ന ഹൃദയത്തില്‍ ഒരു മനുഷ്യന് എളുപ്പം കയറി കിടക്കാം. ഈ കൂറ്റന്‍ ഹൃദയത്തില്‍ നിന്ന് രക്തംകൊണ്ടുപോകുന്ന aorta ഞരമ്പുകളിലൂടെ ഒരാള്‍ക്ക് ഞെങ്ങി ഞെരുങ്ങി കുഴലിലൂടെ എന്നപോലെ പോകാം. 8000 ലിറ്ററോളം രക്തം ശരീരത്തില്‍ മുഴുവന്‍ പമ്പു ചെയ്യുന്നത് ഈ ഹൃദയമാണ്.
തിമിംഗലത്തിന്റെ നാവിനും ഉണ്ട് പ്രത്യേകതകള്‍. ആ നാവിന്റെ തൂക്കം 2500 കിലോയോളം. ഈ നാവുകൊണ്ട് തിമിംഗലത്തിന് 90 ടണ്‍ ഭാരം വരെ എളുപ്പത്തില്‍ ഉയര്‍ത്താം. സസ്തനികള്‍ ആയ നീലത്തിമിംഗലങ്ങള്‍ക്കാണ് ഏറ്റവും വലിപ്പമുള്ള ലിംഗം ഉള്ളത്. പ്രവര്‍ത്തന ക്ഷമമായ തിമിംഗല ലിംഗത്തിന് അഞ്ച് മീറ്റര്‍ നീളവും 30 സെന്റിമീറ്റര്‍ വ്യാസവുംഉണ്ട്. ഏകദേശം 500 കിലോ ഭാരവും.
കുഞ്ഞുങ്ങളെ പ്രസവിച്ചു കഴിഞ്ഞാല്‍ കടലില്‍ തന്നെയാണ് പാലൂട്ട്. നമ്മള് പല്ലുതേക്കുന്ന പേസ്റ്റിന്റെ അത്ര കട്ടിയുള്ള പാല് വെള്ളത്തില്‍ അലിഞ്ഞു പോകാതെ കുഞ്ഞിന്കുടിക്കാന്‍ പ്രകൃതി പ്രത്യേകം ഒരുക്കിയതാണ്. അങ്ങനെ ഒരു ദിവസം 400 ലിറ്റര്‍ പാല് എങ്കിലും കുട്ടി തിമിംഗലങ്ങള്‍ അകത്താക്കും.
അപ്പോള്‍, കാര്യത്തിലേക്ക് കടക്കാം. ആദ്യം ചോദിച്ച ചോദ്യം. മനുഷ്യരെ തിമിംഗലം വിഴുങ്ങുമോ?
ഇല്ല എന്നാണ് ഉത്തരം. ഭീമാകാരന്‍ വായ ഉണ്ടെങ്കിലും നീലത്തിമിംഗലങ്ങള്‍ക്ക് മനുഷ്യന്റെ വലിപ്പമുള്ള വസ്തുക്കള്‍ വിഴുങ്ങാന്‍ ആകില്ല. ഒരു വോളി ബോളിന്റെ വലുപ്പം ഉള്ള ഭക്ഷണം ഉള്‍ക്കൊള്ളാനുള്ള വലിപ്പമേ നീലത്തിമിംഗലങ്ങളുടെ അന്നനാളത്തിന് ഉള്ളു എന്നത് നമുക്ക് ആശ്വസിക്കാം. പക്ഷെ ഇത് നീലത്തിമിംഗലങ്ങളുടെ കാര്യം.
പക്ഷെ അവയുടെ കുടുംബക്കാരായ സ്പേം തിമിംഗലങ്ങളെ നാം അല്‍പ്പം ഭയക്കണം . അവറ്റകള്‍ക്ക് എന്തും തിന്നാന്‍ കഴിയും . അങ്ങനെയാണ് അവയുടെ ശരീരഘടനയും ആമാശയങ്ങളും. നാല് വലിയ വ്യത്യസ്ത ആമാശയങ്ങളാണ് സ്പേം തിമിംഗലങ്ങള്‍ക്ക് ഉള്ളത്.
1891 ല്‍ സ്പേം തിമിംഗലത്തിന്റെ വയറ്റില്‍ പെട്ട ഒരാളുടെ കഥ പത്രങ്ങളില്‍ വന്നിരുന്നു. ജെയിംസ് ബാര്‍ട്ലി എന്നാണ് അയാളുടെ പേര്. ജെയിംസിന്റെ കപ്പല്‍ സ്പേം തിമിംഗലങ്ങള്‍ ആക്രമിച്ചു തകര്‍ത്തു അയാള്‍ എങ്ങനെയോ തിമിംഗലത്തിന്റെ വയറ്റില്‍ ആയി. പക്ഷെ രക്ഷപ്പെട്ട മറ്റു കപ്പല്‍ തൊഴിലാളികള്‍ പറഞ്ഞ കഥയറിഞ്ഞ മറ്റൊരു കപ്പല്‍ ഈ തിമിംഗലത്തെ വേട്ടയാടി പിടിച്ചു. വയര്‍ മുറിച്ചു പരിശോധിച്ച അവര്‍ അബോധാവസ്ഥയില്‍ ആണെങ്കിലും ജീവനുള്ള ജെയിംസ് ബര്റ്റ്ലിയെ രക്ഷിച്ചു എന്നാണ് കഥ. പക്ഷെ തിമിംഗലത്തിന്റെ വയറ്റിലെ ആസിഡില്‍ പെട്ട അയാളുടെ ത്വക്ക് മുഴുവന്‍ ബ്ലീച് ആയി വിളറിപ്പോയിരുന്നു . കാഴ്ചശക്തിയും നശിച്ചിരുന്നത്രെ. ഏറെ പ്രശസ്തമായ ഈ വാര്‍ത്തയ്ക്ക് ശേഷം അനേക രീതിയിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ കഥയില്‍ വന്നു . കഥ പല രീതിയില്‍ ആയി എന്നത് വേറെ ചരിത്രം .
അന്ന് കൊട്ടിഘോഷിക്കപ്പെട്ടു എങ്കിലും സ്പേം തിമിംഗലത്തിന്റെ വയറ്റില്‍ പെട്ടാല്‍ എന്ത് സംഭവിക്കും എന്ന് ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ നമുക്കിന്ന് കൃത്യമായി അറിയാം. ജെയിംസ് ബര്റ്റ്ലി നമ്മളോട് കള്ളം അഭിപ്രായപ്പെടുന്നു ::യായിരുന്നോ ? സ്പേം തിമിംഗലം ആവട്ടെ മറ്റ് ഏത് തിമിംഗലം ആവട്ടെ അവയുടെ വയറ്റില്‍പ്പെട്ടാല്‍ ജീവനോടെ വെളുത്തു സുന്ദരനായി പുറത്തു വരാം എന്നത് അതിമോഹം മാത്രമാണ്. ഭീകരത നിങ്ങളെ കാത്തിരിക്കുന്നതേ ഉള്ളു. ആദ്യ തടസം തന്നെ നോക്കാം സ്പേംതിമിംഗലങ്ങള്‍ക്ക് ജീവിവര്‍ഗങ്ങള്‍ക്ക് ഉള്ളതില്‍ ഏറെ കരുത്തുള്ള പല്ലുകള്‍ ഉണ്ട്. ഓരോന്നിന്റെയും നീളം 20 സെന്റി മീറ്റര്‍ വരും; അടുക്കളയില്‍ ഉപയോഗിക്കുന്ന ഒരു ഉഗ്രന്‍പിച്ചാത്തിയുടെ നീളം. അതുപോലെ 40-50 പല്ലുകളാണ് അവറ്റകളുടെ വായില്‍ പലനിരയായി ഉള്ളത് . അവകടന്നു തൊണ്ടയില്‍ എത്തുമ്പോഴേക്കും നിങ്ങള്‍ സാമ്പാറിന് അരിഞ്ഞത് പോലെ പല കഷ്ണങ്ങള്‍ ആയിട്ടുണ്ടാവും. നീലമിംഗലങ്ങള്ക്ക് പല്ലിനു (പല്ലുകൾ എന്ന് പറയാൻ കഴിയില്ല ഒരുതരം നാരു പോലെ ഉള്ളവയണിത് Baleen plates )പകരം ഒരു അരിപ്പ പോലുള്ള അവയവം ആണ് ഉള്ളത് കടലിൽ വായ് തുറന്നുഭക്ഷിക്കുമ്പോൾ വെള്ളവും ഭക്ഷണവും ഒരുമിച്ചു വയ്ക്കകത്താകുകയും അതിനു ശേഷം.. ഈ അരിപ്പ പോലുള്ള പല്ലുകൾക്കിടയിലൂടെ വെള്ളം മാത്രം പുറത്തു ചീറ്റുകയും ഭക്ഷണം മാത്രം വിഴുങ്ങുകയും ചെയ്യുന്നു.
ഇനി നിങ്ങള്‍ സാഹസികനും അതീവ തന്ത്രശാലിയും ബുദ്ധിമാനും ആണെന്നു കരുതുക. വിദഗ്ധമായി പല്ലുകളുടെ ഇടയിലൂടെ നീന്തിനീങ്ങി, ഒട്ടും മുറിയാതെ നിങ്ങള്‍ തൊണ്ടയില്‍ എത്തി എന്ന് കരുതുക.
ഇനിയാണ് പൂരം. തിമിംഗലത്തിന്റെ തൊണ്ടയിലെ മസിലുകളാല്‍ ഞെക്കി ഞെരുക്കി പിഴിഞ്ഞ് നിങ്ങള്‍ വാട്ടര്‍തീം പാര്‍ക്കിലെ ജലപൈപ്പിലൂടെ എന്നപോലെ താഴേക്ക് വേഗത്തില്‍ ഊര്ന്നിറങ്ങുകയാണ്. എങ്ങും കൂരിരുട്ട് മാത്രം. ശരീരം മുഴുവന്‍ കൊഴുത്ത തിമിംഗല ഉമിനീര് പറ്റിപ്പിടിച്ചിരിക്കുന്നു. ശ്വാസം കിട്ടാന്‍ വേണ്ടി നിങ്ങള്‍ പിടയുകയാണ് . അല്‍പ്പം കിട്ടിയാല്‍ ഭാഗ്യം. ഇത് കൂടാതെകൂടി വരുന്ന മീതൈന്‍ വാതകത്തിന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ ബോധശൂന്യന്‍ ആയികഴിയും . പക്ഷെ ധീരന്മാര് അങ്ങനെ എളുപ്പം ബോധം പോകില്ല എന്ന് കരുതുക. നിങ്ങള്‍ തിമിംഗലത്തിന്റെ നാല് ആമാശയങ്ങളില്‍ ഏറ്റവും വലുതും ഒന്നാമത്തേതും ആയ ആമാശയത്തില്‍ എത്തി. അല്‍പ്പം ആശ്വസിക്കാം അവിടെ അല്‍പ്പം ഹൈഡ്രോക്ളോറിക്ക് ആസിഡ് ഉള്ളതില്‍ നന്നായി നിങ്ങള്‍ വേവാന്‍ തുടങ്ങി എങ്കിലും പ്രകാശമുള്ള ആമാശയത്തിലാണ് നിങ്ങള്‍ .ഇതിന് കാരണം സ്വയം പ്രകാശിക്കാന്‍ കഴിയുന്ന ചിലയിനം കണവ മറ്റ് സമുദ്ര ജീവികള്‍ എന്നിവയെ സ്പേം തിമിംഗലങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. അവയെ എപ്പോള്‍ കണ്ടാലും ഇഷ്ടം പോലെ അകത്താക്കും. അല്‍പ്പം നിയോണ്‍ ബള്‍ബുകള്‍ ഒക്കെ ഇട്ടത് പോലെയുള്ള ആ ആമാശയത്തിലെ കാഴ്ചകള്‍ അവസാനിക്കും മുന്‍പ് നന്നായി ആസ്വദിച്ചോളൂ. ഉടന്‍ നിങ്ങള്‍ ആസിഡ് അടുപ്പിലേക്ക് വീഴാന്‍ പോകുകയാണ്. ഹൈഡ്രോക്ളോറിക് ആസിഡ് നിറഞ്ഞ രണ്ട്, മൂന്ന് ആമാശയങ്ങള്‍ എത്തിയത് നിങ്ങള്‍ അറിഞ്ഞതേ ഇല്ല കാരണം നിങ്ങള്‍ക്ക് ജീവന് ഇല്ല. ശരീരം ഏകദേശം മുഴുവനായി ആസിഡില്‍ ഉരുകി നാലാമത്തെ ആമാശയത്തില്‍ എത്തുമ്പോള്‍ നിങ്ങള്‍ അല്‍പ്പം എല്ലുകള്‍, പള്‍പ്പ് നിറഞ്ഞ അനാവശ്യ വസ്തുക്കള്‍ മാത്രമായി കഴിഞ്ഞിരിക്കുന്നു. അവസാനം ആ നിമിഷം വന്നെത്തി. അതീവ ബുദ്ധിമാനും ധൈര്യശാലിയും സാഹസികനുമായ നിങ്ങള്‍ അങ്ങനെ വെറും ചണ്ടി മാത്രമായി തിമിംഗലത്തിന്റെ മലദ്വാരത്തിലൂടെ അധിക ശബ്ദ കോലാഹലങ്ങള്‍ ഒന്നും ഉണ്ടാക്കാതെ വളരെ ക്ഷമയോടെ അല്‍പ്പം വായു കുമിളകള്‍ക്കൊപ്പം പുറത്തേക്ക് തെറിച്ചു.
തിമിംഗലങ്ങളുടെ വയറ്റില്‍ അകപ്പെട്ടാല്‍ ജീവനോടെ രക്ഷപ്പെടുക അസാധ്യമാണ്. പെട്ടെന്ന് കണ്ടെത്തി വയര്‍ കീറി എടുത്താല്‍ തന്നെ അവയുടെ പല്ലുകള്‍ ആമാശയത്തിലെ ആസിഡുകള്‍ എന്നിവ നിങ്ങളുടെ പകുതി ശരീരം ദഹിപ്പിച്ചിട്ടുണ്ടാവും.
ജെയിംസ് ബാര്‍ട്ലിയുടെ കഥ പറയുന്ന വീഡിയോ കാണുക:
കഥകള്ക്കുംഅനുഭവ സാക്ഷ്യങ്ങള്‍ക്കും പണ്ട് മനുഷ്യരെ പറ്റിക്കാന്‍ എളുപ്പമായിരുന്നു എന്നാല്‍ ഇന്ന് ശാസ്ത്രം കുറെ ഏറെ വികസിച്ചിരിക്കുന്നു. തിമിംഗലങ്ങള്‍ മനുഷ്യരെ സാധാരണ ഭക്ഷിക്കാറില്ല അവയ്ക്ക് അതില്‍ താല്പര്യവും ഇല്ല. സംസാരിക്കാന്‍ അറിയുമെങ്കില്‍ അക്കാര്യം അവ തുറന്നു പറഞ്ഞേനെ. അത്രക്ക് പാവം ജീവികള്‍ ആണവ. 45000-50000 തിമിംഗലങ്ങള്‍ നിറഞ്ഞു നീന്തി നടന്നിരുന്ന നമ്മുടെ സമുദ്രങ്ങളില്‍ ഇന്ന് അവ 5000 ല്‍ താഴെയേ ഉണ്ടാകുവാന്‍ സാധ്യതയുള്ളൂ എന്നും പഠനങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് തിമിംഗല ഇറച്ചികോതിയന്മാരായ ജപ്പാനെ പോലെയുള്ള രാജ്യങ്ങള്‍ ഇപ്പോഴും നിയമാനുസൃതമായി ഇവയെ ധാരാളം വേട്ടയാടി കൊന്ന് തിന്നിന്നു എന്നത് വളരെ ദുഃഖകരമായ വസ്തുതയാണ്.
Joe Joseph Muthirer
3,808 കാഴ്ച
ഫെയ്സ്ബുക്കിൽ യെർഡു: https://www.facebook.com/YERDU-108530311454207