കൊവിഡ് വ്യാപനം മുന്നില്‍ കണ്ട് സംസ്ഥാനത്തുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സജീവ ചര്‍ച്ചകള്‍ നടക്കവെ കുറിപ്പുമായി ഇന്‍ഫോ ക്ലിനിക്ക് എഡിറ്ററായ ഡോക്ടര്‍ ജിമ്മി മാത്യു

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കൊവിഡ് അടുത്തൊന്നും ലോകത്ത് നിന്ന് ഇല്ലാതാവാന്‍ സാധ്യതയില്ലെന്നും ഈ സാഹചര്യത്തില്‍ വൈറസിനോടൊപ്പം എങ്ങനെ കരുതലോടെയുള്ള സാമൂഹിക ജീവിതം സാധ്യമാവുമെന്നതാണ് ആലോചിക്കേണ്ടതെന്നും ഡോക്ടര്‍ പറയുന്നു.

ഒരു സത്യം പറഞ്ഞാല്‍ ആര്‍ക്കും വിഷമം തോന്നരുത്. ഈ കോവിഡ് മാറിയിട്ട് അടിച്ചു പൊളിക്കാം എന്നു വിചാരിക്കുന്ന കുറെ പേര്‍ ഉണ്ട്. ഈ കോവിഡ് മാറാനെ പോവുന്നില്ല! മിക്കവാറും. ഒരു സാധ്യതയും കാണുന്നില്ല. മൂന്നാം തിര ഉണ്ടാവും എന്നു മാത്രമല്ല, നാലാം തിരയും അഞ്ചാം തിരയും ആറാം തിരയും മുപ്പത്തി രണ്ടാം തിരയും വന്നേക്കും. ഓരോ തിര കഴിയുമ്പോഴും പടി പടി ആയി രോഗികളുടെ എണ്ണവും രോഗതീവ്രതയും രോഗം പിടി മുറുക്കുന്ന സ്ഥലങ്ങളുടെ പരപ്പും കുറഞ്ഞേക്കാം. കുറയും എന്നു തന്നെ തോന്നുന്നു.

അതായത്, ഒരു ലോക പന്‍ഡമിക് എന്ന നിലയില്‍ നിന്നും, ഫ്‌ലൂ, ഡെങ്കി, ചിക്കന്‍ ഗുനിയ ഒക്കെ പോലെ ഒരു എന്‍ഡമിക് പകര്‍ച്ച പനി ആയി ഇത് മാറും. ഏറ്റവും കൂടുതല്‍ ആളുകളെ എത്രയും പെട്ടന്ന് വാക്‌സിനേഷന്‍ കൊടുത്താല്‍ ഈ പ്രക്രിയ വലിയ ആളപായം ഇല്ലാതെ നടക്കും. ഇത്രയും പകര്‍ച്ച ആര്‍ജിച്ച വൈറസിനെ, ഈ സ്ഥിതിയില്‍ കണ്ടൈന്‍മെന്റ് സോണുകള്‍, കര്‍ശന നിയന്ത്രണങ്ങള്‍ എന്നിവ വെച്ച് കാലാ കാലാത്തോളം നിയന്ത്രിക്കുന്നത് പ്രായോഗികമല്ല; പറ്റുകയും ഇല്ല.

ടി പി ആര്‍ ഒട്ടും നല്ല ഒരു സൂചിക അല്ല. ഉദാഹരണമായി ഒരു സ്ഥലം എടുക്കാം. അവിടെ രണ്ടു പേര്‍ കോവിഡ് പോസിറ്റീവ് ആയി എന്നു വിചാരിക്കുക. കുറെ ആള്‍ക്കാരെ ടെസ്റ്റ് ചെയ്യുന്നു. മൂന്നു പേര്‍ക്ക് കൂടി ലക്ഷണങ്ങള്‍ ഉണ്ട്. അവര്‍ പോസിറ്റീവ്. ഇവരുമായി അടുത്ത് ഇടപഴകിയ ഇരുപത്തഞ്ചു പേരെ കൂടി ടെസ്റ്റ് ചെയ്യുന്നു. പത്തു പേര് കൂടി പോസിറ്റീവ് ആവുന്നു.

അതായത്, മുപ്പത്തില്‍ പതിനഞ്ചു പേര് പോസിറ്റീവ്. അതായത് ടി പി ആര്‍ അന്‍പത് ശതമാനം! ഉടന്‍ ഏരിയ അടച്ചിടുന്നു.
ഈ ടിപിആര്‍ കുറക്കാന്‍ ഒരു വഴിയുണ്ട്. അതേ സ്ഥലത്ത്, കുറെ ദൂരെ മാറി, യാതൊരു ലക്ഷണവും ഇല്ലാത്ത അഞ്ഞൂറ് പേരെ ചുമ്മാ ടെസ്റ്റ് ചെയ്യുക. എല്ലാവരും നെഗറ്റീവ് ആവുന്നു. അപ്പൊ ടി പി ആര്‍, പതിനഞ്ച് ബൈ അഞ്ഞൂറ്റി മുപ്പത് ഗുണം നൂറ്. വെറും 2.8 !!.
ഇപ്പോഴുള്ള പോലത്തെ കണ്ടൈനമെന്റ് സോണുകള്‍ കൊണ്ട് ആളുകളെ കഷ്ടപ്പെടുത്താം എന്നല്ലാതെ യാതൊരു പ്രയോജനവും ഇല്ല. പൊതു വാഹനങ്ങള്‍ കൂടുതല്‍ നിരത്തില്‍ ഇറക്കുക, എല്ലാ ദിവസവും കൂടുതല്‍ നേരം കടകള്‍ തുറന്നു വെയ്ക്കുക, വാരാന്ത്യ ലോക്ഡൗണ്‍ അവസാനിപ്പിക്കുക എന്നിവ അല്ലെ ചെയ്യേണ്ടത്? തിരക്ക് പരമാവധി കുറക്കണ്ടേ? അത് പോലെ, ഡബിള്‍ മാസ്‌ക് ഒക്കെ ഇനി വേണോ? സദാ മാസ്‌ക് നല്ല വൃത്തിയായി വെച്ചാല്‍ മതി. കൂടുതല്‍ പ്രായോഗിക, ദീര്‍ഘ കാലത്തേക്ക് നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങളില്‍ ശ്രദ്ധ തിരിക്കേണ്ടേ?

~ ഡോ ജിമ്മി മാത്യു

 613 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo