റോബർട്ടൊ ബാജിയൊ: കണ്ണീർകണമായ ഫുഡ്‌ബോൾ പ്രതിഭ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഒരു മാലാഖയുടെ പതനം

The fall of an eagle

താരപ്രഭയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ പൊടുന്നനെ നിറം മങ്ങി നിലം പതിച്ചുപോയ ചില പ്രതിഭകൾ ഉണ്ട് ലോകഫുട്ബാളിൻ്റെ ചരിത്രത്തിൽ. ഒരു നിമിഷത്തെ പിഴവു കൊണ്ട് നായകനിൽ നിന്നും പ്രതിനായകനിലേക്ക് പൊടുന്നനെ പരിവർത്തനം ചെയ്യപ്പെടാൻ വിധിക്കപ്പെട്ടവർ . ഈറനണിഞ്ഞ കണ്ണുകളോടെ മാത്രം ഓർക്കാൻ കഴിയുന്ന ചില ദുരന്ത നായകൻമാർ .വിസ്മൃതിയുടെ വിദൂരതകളിലേക്ക് മറയാൻ കൂട്ടാക്കാതെ ലോകഫുട്ബാളിൻ്റെ നെഞ്ചിൽ നെരിപ്പോടായി കത്തിനിൽക്കുന്നൊരു മുഖമുണ്ടതിൽ.

റോബർട്ടോ ബാജിയൊ. ഇതിഹാസങ്ങളിലെ കർണ്ണനെയാണയാൾ അനുസ്മരിപ്പിച്ചത് .ശക്തി കൊണ്ടും വേഗത കൊണ്ടും പ്രതിഭകൊണ്ടും, എന്നാൽ എവിടെയൊ പതിയിരുന്ന ദുരന്തം കൊണ്ടും. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബാളർമാരിൽ ഒരാളായിട്ടും തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തിൽ ദിവ്യായുധങ്ങൾ മറന്ന് ചക്രങ്ങൾ ആണ്ടു പോയ തൻ്റെ രഥത്തിനരികിൽ നിരായുധനായിപ്പോയ കർണ്ണനെ പോലെ നിൽക്കേണ്ടി വന്നു അയാൾക്ക്.

വെള്ളാരം കണ്ണുകളും തെറ്റിയിട്ട നീളൻ മുടിയും പേറി ആരേയും ആകർഷിക്കുന്ന അഴകുമായി ലോകഫുട്ബോളിൻ്റെ വേദിയിലേക്ക് കടന്ന് വന്നവനാണ് ബാജിയൊ. ’94 ലെ ലോക കപ്പ് കാത്തിരുന്ന ഗ്ലാമർ താരങ്ങളിൽ ഒരാൾ. പോപ്പ് ഗായികയായ മഡോണയെ പോലും ഭ്രമിപ്പിച്ച സൗന്ദര്യത്തിനുടമ.ഗ്ലാമർ കൊണ്ടും കളി മികവ് കൊണ്ട് ലോകം ഉറ്റുനോക്കി ആ പ്രതിഭയെ. ’94 ലെ ലോകകപ്പ് തേടിയിറങ്ങിയ ഇറ്റാലിയൻ നിരയിലെ ഏറ്റവും വിശ്വസ്തനായ താരം. ട്രിപ്ളിംഗ് മികവ് കൊണ്ടും ലക്ഷ്യം ഭേദിക്കുന്ന ഇടംകാൽ വലംകാൽ ഷോട്ടുകൾ കൊണ്ടും ലോകത്തെ ഏത് വമ്പൻ താര നിരയേയും വെല്ലുവിളിക്കാനുള്ള കരുത്തും ശേഷിയും ഉണ്ടായിരുന്നു ബാജിയോക്ക്. ഇറ്റലി എന്ന പ്രതിരോധത്തിൽ ഊന്നി കളിക്കുന്ന ലോകോത്തര ടീമിൻ്റെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു അയാൾ.

ലോക നിലവാരമുള്ള കരുത്തൻമാരായ ടീമുകളെ ഒന്നൊന്നായി മറികടന്ന് കോർട്ടറും സെമിയും കടന്നവർ ഫൈനൽ എന്ന അന്തിമ പോരാട്ടത്തിൻ്റെ വേദിയിൽ എത്തി. തൻ്റെ കളി മികവ് കൊണ്ടും കേളീശൈലി കൊണ്ടും വിസ്മയം തീർത്ത ബാജിയോയുടെ പ്രതിഭയുടെ ചുക്കാൻ പിടിച്ചാണ് ഇറ്റലി ഫൈനലിൽ എത്തുന്നത്. സെമിയിൽ നിന്നും കിട്ടിയ ശക്തമായ ടാക്ലിംഗ് സമ്മാനിച്ച തീവ്രമായ പരുക്കിൻ്റെ പിടിയലമർന്നിരുന്നു അപ്പോഴേക്കും ബാജിയോ. എന്നാൽ തൻ്റെ രാജ്യത്തിനായി ലോകകപ്പിൽ മുത്തമിടുന്നത് സ്വപ്നം കണ്ട് വളർന്ന അയാൾക്ക് തൻ്റെ ടീമിനെ വഴിയിൽ ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല. വലിയ അളവിൽ വേദന സംഹാരികൾ കുത്തിവച്ച് അയാൾ അന്തിമ പോരാട്ടത്തിനിറങ്ങി. എതിർ വശത്ത് ലോകത്തെ ഏറ്റവും മികച്ച ടീം എന്ന് ഖ്യാതി കേട്ട ബ്രസീൽ. നോർമൽ ടൈമും എക്സ്ട്രാ ടൈമും കഴിഞ്ഞിട്ടും ഗോൾരഹിതമായി തുടർന്ന കളി, ഒടുവിൽ അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിച്ചേർന്നു.

രണ്ടു ടീമുകൾക്കും അഞ്ച് ഷോട്ടുകൾ വീതം നൽകപ്പെട്ടതിൽ ബ്രസീൽ നാലിൽ മൂന്ന് ഷോട്ടുകളും നേടിയപ്പോൾ, ഇറ്റലിയുടെ ഫ്രാങ്കോ ബരേസിയും ഡാനിയൽ മസാരോയും ഷോട്ടുകൾ പാഴാക്കി. വിധി നിർണ്ണയിക്കുന്ന ഇറ്റലിയുടെ അഞ്ചാം ഷോട്ടിനായി കാത്തു നിൽക്കെ ലോകം മുഴുവൻ ശ്വാസമടക്കി ഇറ്റാലിയൻ കോച്ചായ അരിഗോ സാക്കിയെ നോക്കി നിന്നു. എന്നാൽ അരിഗോ സാക്കിക്ക് മറുത്തൊന്ന് ചിന്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. തൻ്റെ ഏറ്റവും വിശ്വസ്തനായ ശിഷ്യനെ , തികവുറ്റ ബാജിയോയെ അയാൾ പെനാൽറ്റി സ്പോട്ടിലേക്കയച്ചു. ലോകം മുഴുവൻ കാലിഫോർണിയയിലെ റോസ്ബൗൾ സ്റ്റേഡിയത്തെ നോക്കി നിന്നു . ബാജിയൊ പെനാൽറ്റി സ്പോട്ടിലേക്ക് പതിയെ നടന്നടുത്തു , ഘടികാര സൂചികൾ നിലക്കുന്നത് പോലെ അയാൾക്ക് തോന്നി. ലോകം മുഴുവൻ ശ്വാസമടക്കി തന്നെ ഉറ്റുനോക്കുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. ബ്രസീലിൻ്റെ ഗോൾ പോസ്റ്റിൻ്റെ കാവലാളായ് നിൽക്കുന്ന – ക്ലോഡിയോ ടഫറേലിനെ അയാൾ ഒന്നു നോക്കി. ശക്തൻ , ഡാനിയൽ മസാരോയുടെ തൊട്ടു മുൻപത്തെ ഷോട്ട് തടുത്ത് ഇറ്റലിയെ സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടതിൻ്റെ ആത്മവിശ്വാസമുണ്ടയാളുടെ മുഖത്ത് , എന്നാൽ ശക്തനായ പ്രതിയോഗിയെ നേരിടേണ്ടിവരുന്നതിലെ പിരിമുറുക്കവും. ബാജിയൊയുടെ ബോഡീ ലാൻഗ്വേജിൽ നിന്നും ഷോട്ടെടുക്കാൻ ഉദ്ദേശിക്കുന്ന കാലും പന്തിൻ്റെ ഗതിയും ലക്ഷ്യവും വായിച്ചെടുക്കാൻ ശ്രമിക്കുകയാണയാൾ.

ഒരേ പോലെ പ്രഹര ശേഷിയുള്ള തൻ്റെ ഇടം വലം കാലുകളിൽ ഏത് കൊണ്ട് ഷോട്ട് ഉതിർക്കണം എന്ന് ബാജിയൊ ഒരു നിമിഷം കൊണ്ട് തീരുമാനിച്ചുറപ്പിച്ചു. ഗോളിക്ക് പ്രതിരോധിക്കാൻ ഏറെ പ്രയാസമുള്ള എന്നാൽ കടുകിട തെറ്റിയാൽ പിഴക്കാവുന്ന ഗോൾ പോസ്റ്റിൻ്റെ വലത് കോർണറിനടുത്തുള്ള ക്രോസ്ബാറിനു താഴെയായിരുന്നു ബാജിയോ ലക്ഷ്യം വച്ചത്. തന്ത്രപരമായ ചുവടുകളിലൂടെ ഗോളിയെ ഷോട്ടിൻ്റെ എതിർ ദിശയിലേക്ക് ചാടിക്കാനും അയാൾക്ക് സാധിച്ചു. എന്നാൽ ഷോട്ട് മാത്രം പിഴച്ചുപോയി. അമിതമായ ആത്മവിശ്വാസമൊ തന്നിൽ അർപ്പിക്കപ്പട്ട അമിത പ്രതീക്ഷകളുടെ സമ്മർദ്ദമൊ എന്നറിയില്ല , ബാജിയൊയുടെ വലങ്കാലൻ ഷോട്ട് ഗോളിയെ കബളിപ്പിച്ചുവെങ്കിലും വലത് മാറി ക്രോസ്ബാറിന് മുകളിലൂടെ കടന്ന് പോയി. ഇറ്റാലിയൻ ആരാധകർ മാത്രമല്ല ലോകം മുഴുവൻ അവിശ്വസനീയമായ ആ കാഴ്ച്ച കണ്ട് അന്തിച്ചു നിന്നു പോയി. ബാജിയോക്ക് പിഴക്കും എന്ന് അവരാരും കരുതിയില്ല. ഒരു നിമിഷത്തെ ഞെട്ടലിനെ മറികടന്നു കൊണ്ട് ബ്രസീലിൻ്റെ വിജയ ധ്വനി എങ്ങും ഉയർന്നു .

വിജയത്തിൻ്റെ യഥാർത്ത വിലയറിയാവുന്നത് എപ്പോഴും പരാജയപ്പെട്ടവർക്കാണ്. തീർത്തും പരാജയപ്പെട്ട് മരണപ്പെട്ടുകൊണ്ടിരിക്കുന്ന തൻ്റെ വിലക്കപ്പെട്ട കാതുകളിലേക്ക് ശത്രുവിൻ്റെ വിജയകാഹളം തീവ്ര വേദനയോടും ദുഖത്തോടും ശ്രവിക്കുന്ന ഒരു പടയാളിയെ പോലെ അയാൾ തല താഴ്ത്തി നിന്നു.

തൻ്റെ കേളീ ശൈലികൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ആ പ്രാഗത്ഭ്യത്തോടെ ബാജിയോയെ പിന്നേടൊരിക്കലും ലോകം കണ്ടില്ല. തൻ്റെ പ്രതിഭയോട് നീതി പുലർത്തുവാൻ അയാൾക്ക് പിന്നേട് സാധിച്ചില്ല. ആ ദുരന്തം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് അയാൾ ഒരിക്കലും കരകേറിയതുമില്ല. ’98 ലെ ലോക കപ്പ് ടീമിലേക്ക് സെലക്ഷൻ കിട്ടിയെങ്കിലും, പഴയ ബാജിയോയുടെ നിഴൽ മാത്രമാണ് പിന്നോട് ലോകം കണ്ടത്. ’94 ലെ ഫൈനലിലെ ഓർമ്മകൾ അയാളെ അപ്പോഴും വേട്ടയാടുന്നതായി അയാളുടെ മുഖഭാവത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.

ഭീതിപ്പെടുത്തുന്ന ഓർമ്മകളും നഷ്ടബോധവും അയാളെ വിഷാദ രോഗത്തിൻ്റെ വക്കോളം കൊണ്ടെത്തിച്ചു. എങ്കിലും ലോക കപ്പ് നേടിയതിൻ്റെ സന്തോഷത്തിൽ തുള്ളിച്ചാടുന്ന ബ്രസീലിയൻ താരങ്ങളുടെ മുന്നിൽ ഹൃദയം തകരുന്ന വേദനയോടെ തല താഴ്ത്തി നിന്ന ബാജിയൊയുടെ ചിത്രം ലോകം ഒരിക്കലും മറക്കില്ല!

✍️ AJITH SINGH

 434 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo