കിറ്റക്സ് തെലങ്കാനയിൽ വ്യവസായം തുടങ്ങുന്നതെന്തിന്‌ ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കുറഞ്ഞ കൂലിക്ക് തൊഴിലാളികളെയും കുറഞ്ഞ വിലക്ക് ഭൂമിയും സൗജന്യ വൈദ്യുതിയും വാഹന ചെലവില്ലാതെയും തുച്ഛ വിലക്കും അസംസ്കൃത വസ്തുക്കളും നികുതി ഇളവുകളും വായ്പ – നിക്ഷേപവും കിട്ടിയാൽ ഏത് മുതലാളിമാരും അനുയോജ്യമായ സ്ഥലത്ത് വ്യവസായം തുടങ്ങും. കമ്പനിയുടെ ലാഭം വർധിപ്പിക്കുകയും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയുമാണ് ഏത് വ്യവസായിയുടെയും ലക്ഷ്യം. ചലനശേഷി (mobility)യാണ് വ്യവസായത്തിൻ്റെ വളർച്ചയുടെ ലക്ഷണം തന്നെ.

അല്ലാതെ അവർ ജനിച്ചു വളർന്ന സംസ്ഥാനത്തിൻ്റെ വികസനമോ നാട്ടുകാർക്ക് തൊഴിൽ കൊടുക്കലോ ഒന്നും അവർക്ക് കാര്യമല്ല. അതൊന്നും ബിസിനസ് നടത്തുന്നവരുടെ ബാധ്യതയായി കരുതേണ്ടതുമില്ല. പരമാവധി ലാഭമാണ് എത് വ്യവസായിയുടെയും ഉന്നം. അതിനിടയിൽ കുറച്ച് പേർക്ക് തൊഴിൽ ലഭിച്ചേക്കാം. പ്രാദേശികമായി വികസനം ഉണ്ടായേക്കാം.

പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ, തൊഴിൽ നിയമങ്ങൾ ഇതിലെല്ലാം ഇളവുകൾ ലഭിക്കുന്ന സംസ്ഥാനമാണെങ്കിൽ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. കിറ്റക്സ് തെലങ്കാനയിൽ വ്യവസായം തുടങ്ങുന്നതിന് ഇതിലപ്പുറം ന്യായങ്ങളില്ല. തെലങ്കാന സർക്കാർ നൽകുന്ന ഉദാരമായ വാഗ്ദാനങ്ങൾ കിറ്റക്സ് കമ്പനിയുടെ വളർച്ചക്കും ലാഭ വർധനക്കും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് സാബു ജേക്കബ് തെലങ്കാനയിലേക്ക് പറന്നത്.

ഉത്തർ പ്രദേശും ഗുജറാത്തും തമിഴ്നാടും കൂടുതൽ മെച്ചപ്പെട്ട വാഗ്ദാനങ്ങൾ നൽകിയാൽ, നിക്ഷേപ സാധ്യതയുണ്ടെങ്കിൽ അവിടെയും പുതിയ വ്യവസായങ്ങൾ തുടങ്ങിയേക്കാം. അവർ നൽകുന്ന പല വാഗ്ദാനങ്ങളും നടപ്പാക്കാൻ പല കാരണങ്ങളാൽ കേരളം പോലെ ഒരു സംസ്ഥാനത്തിന് കഴിയില്ല എന്നത് യാഥാർത്ഥ്യവുമാണ്. അഥവാ വാഗ്ദാനം ചെയ്താലും കൂടുതൽ മെച്ചം തെലങ്കാനയിലാണെങ്കിൽ അവർ പോകും.

അതിനപ്പുറം കേരളം ചവുട്ടി പുറത്താക്കി തുടങ്ങിയ സാബു ജേക്കബിൻ്റെ പരസ്യ പ്രതികരണങ്ങൾ തൻ്റെ പിതാവ് തുടങ്ങിയ ചെറിയ വ്യവസായം വളർത്തി വലുതാക്കാൻ സാഹചര്യമൊരുക്കിയ കേരളത്തോടുള്ള ദ്രോഹവും നിന്ദയും മാത്രമാണ്. വീട് വിട്ടു പോകുന്ന സമയത്ത് സ്വന്തം തന്തയെയും തള്ളയെയും ചവിട്ടുന്ന അതേ മനോഭാവം.

20: 20 എന്ന രാഷ്ട്രീയ മോഹത്തിന് സാബു നടത്തിയ നിക്ഷേപത്തിൽ ഉണ്ടായ നഷ്ടമായിരിക്കാം ഒരു പക്ഷെ അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. കിഴക്കമ്പലത്തെയും സമീപ പഞ്ചായത്തുകളിലെയും തെരഞ്ഞെടുപ്പ് വിജയം മൂലധനമാക്കി നിയമസഭയിലേക്ക് കടക്കാനുള്ള ശ്രമങ്ങൾക്ക് വലിയ പ്രവർത്തന ചെലവ് വേണ്ടിവന്നു.

ശമ്പളം പറ്റുന്ന നൂറുകണക്കിന് വളണ്ടിയർമാർ, പ്രചാരണ ചെലവ്, മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നൽകിയ പരസ്യവും രഹസ്യവുമായ പ്രത്യുപകാരം ഇതിനെല്ലാം വലിയ തോതിൽ പണം മുടക്കേണ്ടി വന്നു. പക്ഷെ കുന്നത്തുനാട്ടിലെങ്കിലും സ്വന്തം എംഎൽഎയും മറ്റിടങ്ങളിൽ മുഖ്യ ശത്രുക്കളെ തോൽപ്പിക്കുകയും ചെയ്യുക എന്ന അജണ്ട ഫലം കണ്ടില്ല. മാത്രമല്ല, എതിർത്തവരെയും സഹായിച്ചവരെയും ശത്രുക്കളാക്കി മാറ്റി. ശത്രുവിൻ്റെ ശത്രു മിത്രമായില്ലെന്ന് ചുരുക്കം. കുന്നത്തുനാട്ടിലെ തോൽവി സാബുവിൻ്റെ പ്രതിഛായക്കും പ്രതീക്ഷകൾക്കും ഏൽപ്പിച്ച അപ്രതീക്ഷിത ആഘാതം വലുതാണ്. ഒരുപക്ഷെ അതായിരിക്കണം അദ്ദേഹത്തെ പ്രകോപിതനാക്കിയത്.

തെരഞ്ഞെടുപ്പ് പരാജയത്തോടെ മുന്നോട്ടുപോകാൻ കഴിയാതായ 20:20 എന്ന രാഷ്ട്രീയ ബിസിനസിൽ നിന്ന് തലയൂരാനുള്ള അവസരം കൂടിയായി സാബു തെലങ്കാനയിലെ നിക്ഷേപത്തെ കാണുന്നുണ്ടാകും. അല്ലെങ്കിൽ അത് ബിസിനസിലും സ്വന്തം പ്രതിഛായക്കും കൂടുതൽ നഷ്ടം വരുത്തുമെന്ന് അദ്ദേഹം മനസിലാക്കിയിരിക്കും. ആ ബിസിനസിൽ പങ്കാളികളായി രംഗത്തെത്തിയ ചിറ്റിലപ്പള്ളിയിൽ നിന്നോ ശ്രീനിവാസനിൽ നിന്നോ സിദ്ദിഖിൽ നിന്നോ കാര്യമായ നിക്ഷേപം ഉണ്ടായതുമില്ല. അതുകൊണ്ട് നഷ്ടം വരുന്ന ബിസിനസിൽ കൂടുതൽ നിക്ഷേപം ഇറക്കാതിരിക്കുകയാകും ബുദ്ധിയെന്ന് തിരിച്ചറിഞ്ഞു.

ഇതൊക്കെയാണ് വസ്തുതകൾ. അല്ലാതെ പരിശോധന നടത്തി കമ്പനി പൂട്ടിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. കേരളത്തിൽ നിന്ന് മുങ്ങാനുള്ള മറയായി ഉപയോഗിക്കുന്നുവെന്ന് മാത്രം. ഇതൊന്നും തിരിച്ചറിയാതെയോ അറിഞ്ഞുകൊണ്ട് തന്നെയോ ആണ് ചില മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ബിജെപിയുമെല്ലാം കിറ്റക്സ് പോയാൽ കേരളം മുടിഞ്ഞു പോകുമെന്ന വ്യാജം പ്രചരിപ്പിക്കുന്നത്.

കെ സുനിൽ കുമാർ
മുൻകാല സീനിയർ എഡിറ്റർ @ ന്യൂസ്‌റപ്റ്റ് മലയാളം

 1,402 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo