കോവിഡ് തടയാൻ ഹോമിയോ മരുന്നിനു കഴിയും എന്നതിനു തെളിവൊന്നുമില്ല

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നമ്മുടെ ജനപ്രിയനായ എംഎൽഎ ശ്രി വി കെ പ്രശാന്ത്‌ കോവിഡ് ബാധിതനായി എന്ന് അദ്ദേഹത്തിൻറെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ക്യാപ്സ്യൂൾ കേരള പ്രത്യാശിക്കുന്നു. പൂർണമായി വാക്‌സിൻ സംരക്ഷണം സിദ്ധിച്ച അദ്ദേഹത്തിന് ബ്രേക്‌ത്രൂ ഇൻഫെക്ഷൻ ആണുണ്ടായിരിക്കുന്നത്. സമൂഹത്തിന് വാക്‌സിൻ നൽകുന്ന പരിരക്ഷ ഉദ്ദേശം 80% ആണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതിയത് അങ്ങനെയല്ല. അദ്ദേഹം പങ്കുവെയ്ക്കുന്ന വിവരങ്ങൾ ഇങ്ങനെയാണ്.

കഴിഞ്ഞയാഴ്ചയാണ് കോവാക്സിൻ രണ്ടാം ഡോസ് എടുത്തത്.
അതുവരെ പിടിച്ചുനിന്നത് ഹോമിയോ പ്രതിരോധ മരുന്നുകൊണ്ടാണെന്ന് അദ്ദേഹം കരുതുന്നു.

ഇതിൽ അടങ്ങിയ പ്രശ്നങ്ങൾ എന്തെന്ന് നമുക്ക് നോക്കാം.

കോവാക്സിൻ രണ്ടാം ഡോസിന്റെ ഫലം രണ്ട് ആഴ്ചകൊണ്ടാണ് ക്രമേണ മാക്സിമം ആകുക. അതായത് ഒന്നാം ഡോസ് ഭാഗികമായും രണ്ടാം ഡോസ് ഏതാനും ആഴ്ചകൾ കൊണ്ട് നമ്മുടെ പ്രതിരോധശക്തി മാക്സിമത്തിൽ എത്തിക്കുന്നു. അതിനിടയിൽ ഉണ്ടാകുന്ന ബ്രേക് ത്രൂ അണുബാധ പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ പ്രചാരത്തിലുള്ള ഡെൽറ്റ വൈറസിനെതിരെ ഒന്നാം ഡോസ് ഭാഗികമായേ ഫലിക്കുന്നുള്ളു എന്ന കാര്യം ശാസ്ത്രപഠനങ്ങൾ ശ്രദ്ധിച്ചാൽ കാണാവുന്നതും ആണ്. അപ്പോൾ സമൂഹത്തിൽ ഇടപെടുന്നവർ മാസ്‌കും അകലവും പാലിക്കുന്നത് അത്യാവശ്യമാണെന്ന് നാം കാണണം.

എന്നാൽ ശ്രി പ്രശാന്ത് കരുതുന്നത് കഴിഞ്ഞ 15 മാസക്കാലമായി ഹോമിയോ മരുന്ന് തനിക്ക് സുരക്ഷിതത്വം നൽകിയെന്നും കോവാക്സിൻ എടുത്ത് ഒരാഴ്‌ചയ്‌ക്കുള്ളിൽ കോവിഡ് ബാധിച്ചെന്നുമാണ്. ഹോമിയോ മരുന്ന് 15 മാസം ഫലിച്ചെങ്കിൽ എന്തുകൊണ്ട് 16 ആം മാസം ഫലം നൽകിയില്ല? അതോ കോവാക്സിൻ ഹോമിയോ മരുന്നിന്റെ ശക്തി ദുർബലപ്പെടുത്തിയോ? അങ്ങനെയെങ്കിൽ കഴിഞ്ഞ മാസം കോവിഡ് ബാധിക്കാത്തത് എന്തുകൊണ്ടായിരിക്കും? അങ്ങനെ ഹോമിയോമരുന്ന് കഴിക്കുന്നവരിൽ ബ്രേക് ത്രൂ രോഗം വരുന്നതായി അവർ പോലും അവകാശപ്പെടുന്നില്ലല്ലോ. അത്തരത്തിലുള്ള ഒരു പഠനവും ഇതുവരെ വന്നിട്ടില്ല.

നന്നായി കോവിഡ് രോഗം മാനേജ് ചെയ്യുന്ന ഒരു രാജ്യത്തിലും ഹോമിയോ പ്രധാന പ്രതിരോധമായി ഉപയോഗിക്കുന്നില്ല. ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര ഏജൻസികളും പ്രതിരോധ മരുന്നല്ല, ഹോമിയോയെ പോലും സംശയത്തോടെ കാണുന്നുമുണ്ട്. ശ്രീ പ്രശാന്ത് നമ്മുടെ എംഎൽഎ യാണ്. അദ്ദേഹത്തിന് ഭരണഘടന ഏല്പിച്ച ഒരു ഉത്തരവാദിത്തം കൂടിയുണ്ട്. ശാസ്ത്രബോധം വളർത്തുകയും ശാസ്ത്രീയ തെളിവുകളെ അംഗീകരിക്കുകയും അവയിലേയ്ക്ക് ജനങ്ങളെ നയിക്കുകയും ചെയ്യുക എന്നത് അതിലൊന്നാണ്. ആ അർത്ഥത്തിൽ അദ്ദേഹത്തിൻറെ പ്രസ്താവം കോവിഡ് വ്യാപനത്തെ ജാഗ്രതയോടും ആശങ്കയോടും വീക്ഷിക്കുന്നവരിൽ ദുഖമുണ്ടാക്കുന്നു എന്ന് പറയേണ്ടിവരും.

വി കെ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

ക്യാപ്സ്യൂൾ കേരള

 845 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo