ഒരു തലച്ചോർ മോഷണവും ഗവേഷണവും

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ലോകത്തെ അതിശയിപ്പിച്ച ബുദ്ധിമാനും പ്രതിഭാശാലിയുമായ ശാസ്ത്രജ്ഞനായ ഐൻസ്റ്റീന്റെ ഭൗതികശരീരം 1955 ഏപ്രിൽ 18-ന് ദഹിപ്പിക്കുമ്പോൾ തലയ്ക്കകത്ത് തലച്ചോറില്ലായിരുന്നു. തലച്ചോർ മോഷണം പോയിരുന്നു. ഐൻസ്റ്റീൻ മുമ്പ് പറഞ്ഞതനുസരിച്ച് ചടങ്ങുകളൊന്നുമില്ലാതെ മൃതദേഹം ദഹിപ്പിച്ച് ചാരം പുഴയിൽ ഒഴുക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് തലച്ചോർ എടുത്തുമാറ്റിയ വിവരം പുറത്തറിയുന്നത്. അതോടെ പ്രശ്നമായി.

തോമസ് ഹാർവെ എന്ന ഡോക്ടറാണ് ഐൻസ്റ്റീന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. ഇദ്ദേഹം പോസ്റ്റ്മോർട്ടത്തിനുമുമ്പ് ഐൻസ്റ്റീന്റെ തലച്ചോർ എടുത്ത് രണ്ട് ജാറുകളിലാക്കി മാറ്റിവെച്ചു. മഹാപ്രതിഭയായ ഐൻസ്റ്റീന്റെ തലച്ചോറും സാധാരണമനുഷ്യന്റെ തലച്ചോറും തമ്മിൽ വ്യത്യാസമുണ്ടാകുമോ എന്ന ഗവേഷണത്തിനുവേണ്ടിയാണ് ഈ തലച്ചോർ മോഷണം നടത്തിയത്. പിന്നീട് ഐൻസ്റ്റീന്റെ മകൻ ഹാൻസിൽ നിന്ന് ഗവേഷണത്തിനുള്ള സമ്മതം ഹാർവെ കരസ്ഥമാക്കി.

ഐന്‍സ്റ്റീന്റെ തലച്ചോറില്‍ ഉണ്ടായിട്ടുള്ള ചില പ്രത്യേക കെമിക്കല്‍ വ്യത്യാസം കൊണ്ടാണ് അദ്ദേഹം ഇത്ര ബുദ്ധിമാന്‍ ആയത് എന്ന് തെളിയിക്കാന്‍ വേണ്ടി ഹാര്‍വെ പല ഗവേഷണ കേന്ദ്രങ്ങളിലും മാറി മാറി ജോലി ചെയ്തു. സാധാരണ മനുഷ്യന്റെ തലച്ചോറിന് 1200 ഗ്രാം മുതൽ 1600 ഗ്രാം വരെ തൂക്കമുണ്ടാകും. ഐൻസ്റ്റീന്റെ തലച്ചോറിന് 1230 ഗ്രാം തൂക്കമേയുള്ളൂ. ഡോ. ഹാർവി ഈ തലച്ചോറിനെ 1 cm വീതം നീളവും വീതിയും ഉയരവുമുള്ള 240 ചെറിയ കഷ്ണങ്ങളായി മുറിച്ച് കോളോഡിയോണിൽ പൊതിഞ്ഞു വച്ചു. എന്നിട്ട് ചില പഠനങ്ങളൊക്കെ നടത്താൻ നോക്കി. എന്നാൽ 1978 വരെയും ഇതൊന്നും വേറാർക്കും പഠിക്കാനോ പരീക്ഷിക്കാനോ കൊടുത്തില്ല. 20 വർഷത്തിലധികം ഒരു സിഡർ ബോക്സിനുള്ളിൽ ആൾക്കഹോളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു,

1978 ൽ സ്റ്റീഫൻ ലെവിയെന്ന ജേണലിസ്റ്റാണ് ഹാർവിയുടെ കയ്യിൽ നിന്നും ഇതൊക്കെയും കണ്ടെടുക്കുകയും ഗവേഷണങ്ങൾക്കായി വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് ഈ തലച്ചോർ കഷ്ണങ്ങൾ കുറച്ചു വീതം നൽകുകയും ചെയ്തത്.

1984-ലാണ് ഐൻസ്റ്റീന്റെ തലച്ചോറിനെ പറ്റി ആദ്യമായി ഒരു പഠനറിപ്പോർട്ട് പുറത്ത് വരുന്നത്. തലച്ചോറിലെ കണക്ക്‌മുറി എന്നറിയപ്പെടുന്ന ഇൻഫീരിയർ പരൈറ്റൽ ഭാഗങ്ങളിൽ. ഗ്ലയൽ കോശങ്ങളെ (Glial cells) പറ്റി മറ്റു 11 പേരുടെ തലച്ചോറുകളുമായി ഒരു താരതമ്യപഠനം നടത്തി. ശരിക്കുമുള്ള ന്യൂറോണുകൾക്ക് ഭക്ഷണമെത്തിക്കുക, അവർക്ക് പുതപ്പ് തുന്നുക (Myelin Sheath), ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന പുറംപണിക്കാരാണീ ഗ്ലയൽ കോശങ്ങൾ. ഐൻസ്റ്റീന്റെ തലച്ചോറിൽ ഈ സഹായീകോശങ്ങൾ ആവശ്യത്തി ലധികമുണ്ടായിരുന്നത്രേ.

2001-ൽ മറ്റൊരു കാലിഫോർണിയൻ സംഘം ഐൻസ്റ്റീന്റെ തലച്ചോറിലെ ഹിപ്പോകാമ്പസിനെ (Hippocampus) പറ്റി പഠിച്ചു. നമുക്ക് അറിവുനേടുന്നതിനും അവ ഓർത്തുവയ്ക്കുന്നതിനുമൊക്കെ (Learning & Memory) ആവശ്യമായ ഭാഗമാണീ ഹിപ്പോകാമ്പസ്. ഇടതു ഹിപ്പോകാമ്പസ് വലതിനെ അപേക്ഷിച്ച് വലുതായിരുന്നെന്ന് ഡോ. ഡാലിയ സൈദലിന്റെ നേതൃത്വത്തിലുള്ള ആ സംഘം കണ്ടെത്തി. ഈ വലിയ ഹിപ്പോകാമ്പസിന് തലച്ചോറിന്റെ നിയോകോർടെക്സുമായി (Neocortex) ഗാഢമായ നാഡീബന്ധങ്ങളുണ്ടായിരുന്നതായും അവർക്കു മനസിലായി. സമഗ്രവും,നൂതനവും, വസ്തുതാപരവുമായ ചിന്തകൾ (detailed, logical, analytical & innovative thinking) നടക്കുന്ന സ്ഥലമാണ് ഈ നിയോകോർട്ടെക്സ്.

2013-ലെ ബ്രെയിൻ ജേണലിൽ മറ്റൊരു പഠനം കൂടി വന്നു. ഐൻസ്റ്റീൻ തലച്ചോറിന്റെ കോർപ്പസ് കലോസത്തിന് (Corpus callosum) കട്ടി കൂടുതലാണെന്നായിരുന്നു അത്. തലച്ചോറിന്റെ ഇടതു-വലതു പാതികളെ തമ്മിൽ ഘടനാപരമായും ധാർമ്മികമായും ചേർത്തു നിർത്തുന്നതീ കോർപ്പസ് കലോസമാണ്.

വേറെയും പലതരം പലതലങ്ങളിലുള്ള ചർച്ചകളും തർക്കങ്ങളും ഐൻസ്റ്റീന്റെ തലച്ചോർ തുടങ്ങി വച്ചിരുന്നു. സിൽവിയൻ ഫിഷർ (Sylvian fissure) എന്ന രണ്ടു ലോബുകൾക്കിടയിൽ ഉണ്ടാവേണ്ട ഒരു വിടവ് അദ്ദേഹത്തിനില്ലായിരുന്നു എന്നതാണ് ഒന്ന്. പരൈറ്റൽ ഓപർക്കുലം (parietal operculum) എന്ന ഭാഗവും കാണാനില്ലായെന്നത് രണ്ടാമത്തേത്. ഐൻസ്റ്റീൻ ചിന്തിച്ചിരുന്നത് ചിത്രങ്ങളുടെ രൂപത്തിലായിരുന്നു, മറിച്ച് നമ്മളെപ്പോലെ ഭാഷയുടെ സങ്കേതത്തിലല്ലായിരുന്നു എന്നു അദ്ദേഹം തന്നെ പറഞ്ഞതിനെ ഈ നിഗമനങ്ങൾ വച്ചാണ് വ്യാഖ്യാനിച്ചത് പലരും. പക്ഷെ ഇവയെല്ലാം തോമസ് ഹാർവ്വി 1955 ലെടുത്ത വിവിധ കോണുകളിൽ നിന്നുള്ള മസ്തിഷ്കചിത്രങ്ങൾ വച്ചുകൊണ്ടുള്ള നിഗമനങ്ങൾ മാത്രമാണ്. തലച്ചോർ കൈയിലെടുത്ത് നോക്കിയുള്ള വസ്തുനിഷ്ഠമായ ശരികളല്ല. അതുകൊണ്ടുതന്നെ തർക്കം നിലനിൽക്കുകയും ചെയ്യുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും ഈ ഫോട്ടോഗ്രാഫുകളും തലച്ചോർ കഷ്ണങ്ങളും മൈക്രോസ്കോപ്പിക് സ്ലൈഡുകളും വച്ചുകൊണ്ട് ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്.

അടുത്തിടെ ഐൻ‌സ്റ്റീന്റെ തലച്ചോറിന്റെ 46 ചെറിയ ഭാഗങ്ങൾ ഫിലാഡൽഫിയയിലെ മട്ടർ മ്യൂസിയം ഏറ്റെടുത്തു. 2013 ൽ, മൈക്രോസ്കോപ്പ് സ്ലൈഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ നേർത്ത കഷ്ണങ്ങൾ മ്യൂസിയത്തിന്റെ സ്ഥിരം ഗാലറികളിൽ പ്രദർശിപ്പിച്ചിരുന്നു.

ശ്രീകല പ്രസാദ്‌

 435 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo