ദൈവ കണവും വാക്വം ഡീക്കേയും

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

“ദൈവ കണമെന്ന് അപര നാമമുള്ള ഹിഗ്‌സ്‌ ബോസോണ്‍ പ്രപഞ്ചത്തെ ഉന്മൂലനം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ പ്രവചനം. ഈ മൗലിക കണങ്ങളെ അസാധാരണമാം വിധം ഉയര്‍ന്ന ഊര്‍ജ്ജ നിലയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ vacuum decay എന്ന പ്രതിഭാസം സംഭവിക്കുമെന്നും പ്രകാശ വേഗതയില്‍ വികസിക്കുന്നൊരു ശൂന്യ സ്ഥലം (vacuum) സൃഷ്ടിക്കപ്പെടാന്‍ അത് കാരണമാകുമെന്നും ഹോക്കിംഗ് പറയുന്നു. പ്രപഞ്ചത്തെ ക്ഷണ നേരം കൊണ്ട് ഇല്ലാതാക്കാന്‍ അതിന് കഴിയുമത്രെ. പ്രകാശ വേഗതയില്‍ സഞ്ചരിക്കുന്നതു കൊണ്ട് അത് വരുന്നതറിയാന്‍ കഴിയുകയുമില്ല. എന്നാല്‍ 2012 ല്‍ ഹിഗ്‌സ്‌ ബോസോണ്‍ കണ്ടെത്തിയ സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ സാധ്യമായ ഊര്‍ജ്ജ നില ഒരപകടവും വരുത്താനിടയില്ലെന്നും ഹോക്കിംഗ് പറയുന്നുണ്ട്. 10,000 കോടി ജിഗാ ഇലക്‌ട്രോണ്‍ വോള്‍ട്ട് (GeV) സാധ്യമായ ഒരു കണിക ത്വരത്രത്തില്‍ മാത്രമെ വാക്വം ഡീക്കേ പോലുള്ള പ്രതിഭാസമുണ്ടാകൂയെന്നും അദ്ദേഹം പറയുന്നു.” കണിക ശാസ്ത്രജ്ഞരുടെയും കോസ്‌മോളജിസ്റ്റുകളുടെയും പ്രഭാഷണങ്ങളുടെ സമാഹാരമായ ‘സ്റ്റാര്‍മസ്’ എന്ന പുസ്തകത്തിന് ഹോക്കിംഗ് എഴുതിയ മുഖവുരയിലാണ് ഈ പ്രവചനമുള്ളത്. എന്നാല്‍ പുസ്തകത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള ഒരു സ്റ്റണ്ട് മാത്രമാണ് ഹോക്കിംഗിന്റെ ഈ പ്രവചനം. ഇതിന് മുമ്പും തമോ ദ്വാരങ്ങളെ സംബന്ധിച്ചും അന്യ ഗ്രഹ ജീവികളുടെ ആക്രമണം സംബന്ധിച്ചും ഇത്തരം സ്റ്റണ്ടുകള്‍ അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്. ഇനി ഹോക്കിംഗിന്റെ പ്രവചനത്തിന്റെ ശാസ്ത്രീയത പരിശോധിക്കാം. 10000 കോടി ജിഗാ ഇലക്‌ട്രോണ്‍ വോള്‍ട്ട് ഊര്‍ജ്ജ നിലയില്‍ ഹിഗ്‌സ്‌ ബോസോണിനെ നിര്‍മിക്കുകയെന്ന ആശയം കണിക ശാസ്ത്രജ്ഞരുടെ വിദൂര സ്വപ്‌നങ്ങളില്‍ പോലുമില്ല. കാരണം ഇത്ര ഉയര്‍ന്ന ഊര്‍ജ്ജ നിലയില്‍ ഹിഗ്‌സ്‌ ബോസോണ്‍ സൃഷ്ടിക്കണമെങ്കില്‍ അതിനാദ്യം ഭൂമിയുടെ ചുറ്റളവുള്ളൊരു കണിക ത്വരത്രം (particle accelerator) നിര്‍മിക്കണം. സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ ചുറ്റളവ് 27 km മാത്രമാണ്. ഇനി ഭൂമിയുടെ ചുറ്റളവുള്ളൊരു ആക്‌സിലേറ്റര്‍ നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ ഇന്നത്തെ സാങ്കേതിക വിദ്യയില്‍ 100 ബില്യണ്‍ ജിഗാ ഇലക്‌ട്രോണ്‍ വോള്‍ട്ട് ഊര്‍ജ്ജ നില സൃഷ്ടിക്കാനും കഴിയില്ല. കണിക ത്വരത്രത്തില്‍ സൃഷ്ടിക്കാന്‍ കഴിയില്ലെങ്കിലും പ്രപഞ്ചത്തില്‍ ഇതിലുമധികം ഉയര്‍ന്ന ഊര്‍ജ്ജ നിലയില്‍ കണിക സംഘട്ടനങ്ങള്‍ നടക്കുന്നുണ്ട്. കോസ്മിക് കിരണങ്ങളില്‍ 10 ലക്ഷം കോടി ജിഗാ ഇലക്‌ട്രോണ്‍ വോള്‍ട്ട് ഊര്‍ജ്ജ നിലയിലുള്ള പ്രോട്ടോണുകളുണ്ട്. പ്രപഞ്ചമുണ്ടായിട്ട് 1382 കോടി വര്‍ഷമായെന്നാണ് കരുതപ്പെടുന്നത്. ഇതിനകം എത്രയോ തവണ ഈ കണികകള്‍ കൂട്ടിമുട്ടുകയും 10000 കോടി ജിഗാ ഇലക്‌ട്രോണ്‍ വോള്‍ട്ടിലധികം ഊര്‍ജ്ജമുള്ള ഹിഗ്‌സ്‌ ബോസോണുകളെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും vaccum decay യും പ്രതീതി സ്ഥലവും (false vacuum) പോലുള്ള ക്വാണ്ടം പ്രതിഭാസങ്ങളുണ്ടായിട്ടില്ല. പ്രപഞ്ചം ഇപ്പോഴുമുണ്ട്. അതോ ഇതെല്ലാമൊരു മായയൊ? എന്താണ് ദൈവ കണം? പ്രപഞ്ചത്തിന്റെ മൗലിക ഘടന വിശദീകരിക്കുന്ന സൈദ്ധാന്തിക പാക്കേജായ ‘സ്റ്റാന്‍ഡേര്‍ഡ് മോഡല്‍’ അനുസരിച്ച് സൂക്ഷ്മ തലത്തില്‍ ദ്രവ്യ കണികകള്‍ക്ക് പിണ്ഡം ലഭിക്കുന്നത് ‘ഹിഗ്‌സ്‌ മെക്കാനിസം’ അനുസരിച്ചാണ്. ഇതനുസരിച്ച് സൂക്ഷ്മ കണികകള്‍ ഹിഗ്‌സ് ക്ഷേത്രത്തില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഹിഗ്‌സ് ക്ഷേത്രവുമായി അവ നടത്തുന്ന പ്രതിപ്രവര്‍ത്തനത്തെ ആശ്രയിച്ച് മൗലിക കണികകളുടെ പിണ്ഡവും വ്യത്യാസപ്പെട്ടിരിക്കും. ഹിഗ്‌സ് ക്ഷേത്രവുമായി പ്രതിപ്രവര്‍ത്തിക്കാത്ത പ്രകാശ കണികകള്‍ക്ക് (photons) പിണ്ഡമില്ല. മഹാ വിസ്‌ഫോടനത്തെ തുടര്‍ന്ന് ആദ്യ നിമിഷത്തിന്റെ 100 കോടിയിലൊരംശം സമയത്തേക്ക് പ്രപഞ്ചം പ്രകാശ വേഗതയില്‍ പായുന്ന വ്യത്യസ്ത കണങ്ങള്‍ നിറഞ്ഞതായിരുന്നു. ഒന്നിനും പിണ്ഡമുണ്ടായിരുന്നില്ല. ഈ കണങ്ങള്‍ ഹിഗ്‌സ് ക്ഷേത്രവുമായി ഇടപഴകിയതോടെയാണ് അവയ്ക്ക് പിണ്ഡമുണ്ടായത്. പിണ്ഡമില്ലാത്ത ബോസോണുകളുടെ വേഗത പ്രകാശ വേഗതയാണ്. ആപേക്ഷികത സിദ്ധാന്തമനുസരിച്ച് ഇത് പ്രപഞ്ചത്തിലെ വേഗ പരിധിയാണ്. ഹിഗ്‌സ് സംവിധാനം വിശദീകരിക്കുന്ന സിദ്ധാന്തത്തില്‍ ഹിഗ്‌സ് ക്ഷേത്രവുമായി ബന്ധപ്പെട്ട ക്വാണ്ടം കണത്തിന് പറയുന്ന പേരാണ് ‘ഹിഗ്‌സ്‌ ബോസോണ്‍’. ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ലിയോണ്‍ ലിഡര്‍മാന്‍ തന്റെ ഒരു പുസ്തകത്തില്‍ (The God particle : If Universe is the answer, what is the question?) ഹിഗ്‌സ് ബോസോണിന് അല്‍പ്പം പരിഹാസ രൂപത്തില്‍ വിളിച്ച പേരാണ് ദൈവ കണമെന്നത്. 1964 ലാണ് ഹിഗ്‌സ് സംവിധാനം ആവിഷ്‌കരിക്കപ്പെടുന്നത്. ഒരേ സമയത്ത് 6 ഗവേഷകര്‍ 3 പ്രബന്ധങ്ങളിലായി സമാന ആശയങ്ങള്‍ അവതരിപ്പിക്കുകകയാണുണ്ടായത്. ഫ്രാന്‍സാ ഇംഗ്ലര്‍ട്ടും റോബര്‍ട്ട് ബ്രൗണും ചേര്‍ന്നാണ് ഒരു പ്രബന്ധം തയ്യാറാക്കിയത്. രണ്ടാമത്തെ പ്രബന്ധം പീറ്റര്‍ ഹിഗ്‌സിന്റെതായിരുന്നു. ജെറാള്‍ഡ് ഗരാല്‍നിക്, സി ആര്‍ ഹേഗന്‍, ടോം കിബിള്‍ എന്നിവര്‍ ചേര്‍ന്നാണ് മൂന്നാമത്തെ പ്രബന്ധം തയ്യാറാക്കിയത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ മറ്റെല്ലാ കണങ്ങളെ കുറിച്ചും സ്ഥിരീകരണം ലഭിച്ചെങ്കിലും ഹിഗ്‌സ് ബോസോണിന്റെ അസ്തിത്വം തെളിയിക്കാന്‍ 2012 വരെ കഴിഞ്ഞിരുന്നില്ല. 2012 ജൂലൈ മാസത്തില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടത്തിയ കണിക പരീക്ഷണത്തേ തുടര്‍ന്ന് ഹിഗ്‌സ്‌ ബോസോണ്‍ കണ്ടെത്തിയതായി സേണ്‍ (European Organization for Nuclear Research) പ്രഖ്യാപിച്ചു. അതേ തുടര്‍ന്ന് ഹിഗ്‌സ് സംവിധാനം ആവിഷ്‌കരിച്ചതിനും ഹിഗ്‌സ്‌ ബോസോണ്‍ പ്രവചിച്ചതിനും ഫ്രാന്‍സ്വാ ഇംഗ്ലര്‍ട്ട്, പീറ്റര്‍ ഹിഗ്‌സ് എന്നിവര്‍ക്ക് 2013 ലെ ഭൗതിക ശാസ്ത്ര നോബല്‍ പുരസ്‌ക്കരം ലഭിച്ചു. ഒരോ പുതിയ പോപുലര്‍ സയന്‍സ് പുസ്തകത്തിന് മുമ്പും ഇത്തരം ചില സ്റ്റണ്ടുകള്‍ സൃഷ്ടിക്കുന്നത് ഹോക്കിംഗിന്റെ സ്റ്റൈലാണ്. പുസ്തക വില്‍പ്പനയെ അത് വളരെയധികം സഹായിക്കുന്നുമുണ്ട്. ഇത്തരം സ്റ്റണ്ടുകള്‍ ചിലപ്പോഴെങ്കിലും നല്ലതുമാണ്. കണിക ഭൗതികത്തെ കുറിച്ചും കോസ്‌മോളജിയിലെ പുതിയ കണ്ടെത്തലുകളെ കുറിച്ചും ശ്രദ്ധിക്കാന്‍ ഇത്തരം സ്റ്റണ്ടുകള്‍ പൊതു ജനങ്ങളെ സഹായിക്കുന്നുമുണ്ട്.

Sabu Jose

 375 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo