രാത്രികളില്‍ ഉല്‍ക്കാവര്‍ഷം മനോഹരമായ ഒരു കാഴ്ചയാണെങ്കില്‍ ഉല്‍ക്കാശിലകള്‍ സൃഷ്ടിക്കുന്നത് ശക്തമായ ഒരു ബോംബ് സ്ഫോടനം തന്നെയാണ്. ഭൗമ ജീവന് സൃഷ്ടിച്ചതും ഇനി സംഹരിക്കുന്നതും ഇത്തരം ഉല്ക്കാപതനങ്ങള് വഴിയാണെന്നാണ് കരുതുന്നത്.
ഉല്‍ക്കകള്‍ (meteors)
സ്പേസില്‍ സഞ്ചരിക്കുന്ന ചെറിയ പാറക്കഷ്ണങ്ങളും ലോഹത്തരികളുമാണ് ഉല്‍ക്കകള്‍. ഇവ ക്ഷുദ്രഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്ഥവും അവയെക്കാര് വളരെ ചെറുതുമാണ്. ഒരു ചെറിയ തരിമുതല്‍ ഒരു മീറ്റര്‍വരെ ഇവക്ക് വലിപ്പമുണ്ടാകാം. ഇതിലും ചെറിയ ദ്രവ്യ ശകലത്തെ മൈക്രോമീറ്റിയറോയ്ഡ് അല്ലെങ്കില്‍ സ്പേസിലെ ധൂളി എന്ന ശ്രേണിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ആറ്റത്തേക്കാള്‍ വലുതും ഒരു ഛിന്നഗ്രഹത്തെക്കാള്‍ ചെറുതുമായ ഏതൊരു ദ്രവ്യപിണ്ഡത്തെയും ഉല്‍ക്കകള്‍ എന്ന് വിളിക്കാം. ഇന്റര്‍നാഷണല്‍ ആസ്ട്രോണിമിക്കല്‍ യൂണിയന്റെ നിര്‍വചനമാണിത്. നിക്കലും ഇരുമ്പുമാണ് ഉല്‍ക്കകളിലെ പ്രധാന ഘടകങ്ങള്‍. ഏതെങ്കിലുമൊരു ധൂമകേതു സൂര്യനെ സമീപിക്കുമ്പോള്‍ സൗര വികിരണങ്ങളേറ്റ് ധൂമകേതുവില്‍ നിന്ന് ധൂളിയും ഹിമവും പുറത്തേക്ക് തെറിക്കും. വാല്‍നക്ഷത്രത്തിന്റെ വാല് മുളക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍ ധൂമകേതു സൂര്യനില്‍ നിന്ന് അകലുമ്പോള്‍ വാല് അപ്രത്യക്ഷമാകും. സ്പേസില്‍ ലക്ഷക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ വാലായി പ്രത്യക്ഷപ്പെട്ട പൊടിപടലങ്ങളെ അവിടെ ഉപേക്ഷിച്ചിട്ടാണ് ധൂമകേതു പോകുന്നത്. പിന്നീട് ഏതെങ്കിലുമൊരു അവസരത്തില്‍ ഈ പാതയിലൂടെ ഭൂമി സഞ്ചരിക്കുമ്പോള്‍ പൊടിപടലങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുകയും അന്തരീക്ഷത്തിന്റെ ഘര്‍ഷണം കാരണം തീപിടിക്കുകയും ചെയ്യും. ഈ പ്രതിഭാസമാണ് ഉല്‍ക്കാവര്‍ഷമെന്നും കൊള്ളിമീന്‍ എന്നും നക്ഷത്രങ്ങള്‍ പൊഴിയുന്നത് എന്നുമെല്ലാം അറിയപ്പെടുന്നത്.
ഉല്‍ക്കകള്‍ സൂര്യന് ചുറ്റും വ്യത്യസ്ഥ ഭ്രമണപഥങ്ങളില്‍ വ്യത്യസ്ഥ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഏറ്റവും വേഗതയുള്ളവ സെക്കന്റില്‍ 42 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ് ഭൂമി സൂര്യനെ വലംവെക്കുന്നത് സെക്കന്റില്‍ 29.6 കിലോമീറ്റര്‍ വേഗത്തിലാണ്. ഇക്കാരണത്താല്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഉല്ക്കകള്ക്ക് സെക്കന്റില്‍ 71 കിലോമീറ്റര്‍ വരെ വേഗതയുണ്ടാവും. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഉല്‍ക്കകള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നുണ്ട്. അവയില്‍ ചിലതിന് ഒരു തരിയോളം മാത്രമെ വലിപ്പമുണ്ടാകു. ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍വെച്ച് കത്തുമ്പോള്‍ വ്യത്യസ്ഥ വര്‍ണങ്ങളാണ് ഉണ്ടാകുന്നത്. അവയിലടങ്ങിയിട്ടുള്ള രാസ മൂലകങ്ങളുടെ സവിശേഷതകളാണ് ഇങ്ങനെ വ്യത്യസ്ഥ നിറത്തില്‍ ജ്വലിക്കാന്‍ കാരണം. ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറം സോഡിയത്തിന്റെയും മഞ്ഞ നിറം ഇരുമ്പിന്റെയും നീലയും പച്ചയും മഗ്നീഷ്യത്തിന്റെയും വയലറ്റ് കാത്സ്യത്തിന്റെയും ചുമപ്പ് നൈട്രജന്റെയും സാന്നിദ്ധ്യമാണ് കാണിക്കുന്നത്.
ഫയര്‍ബോള്‍ പ്രതിഭാസം
സാധാരണ ഉല്‍ക്കകളെക്കാള്‍ േശാഭയില്‍ ജ്വലിക്കുന്ന പ്രതിഭാസമാണ് ഫയര്‍ബോള്‍ എന്നറിയപ്പെടുന്നത്. -4 ല്‍ കൂടുതല്‍ കാന്തികമാനമുള്ള ഇത്തരം പ്രതിഭാസങ്ങള്‍ രാത്രി ആകാശത്തെ മനോഹര ദൃശ്യമാണ്. ഒരു വര്‍ഷം ശരാശരി അഞ്ച് ലക്ഷം ഫയര്‍ബോള്‍ പ്രതിഭാസമെങ്കിലും അനുഭവപ്പെടുന്നുണ്ട്. കാന്തികമാനം -14 ല്‍ അധികമായാല്‍ അത്തരം ഫയര്‍ബോളുകളെ ബൊളൈഡുകള്‍ എന്നാണ് വിളിക്കുന്നത്. ഭൗമാന്തരീക്ഷത്തില്‍ ഒരു ഉല്‍ക്കയോ ഫയര്‍ബോളോ പ്രവേശിച്ചുകഴിഞ്ഞാല്‍ മൂന്ന് തരത്തിലാണ് അതിന്റെ സ്വാധീനം അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ വാതക തന്മാത്രകള് അയണീകരിക്കപ്പെടുന്നു. അന്തരീക്ഷത്തില്‍ പൊടിപടലം വ്യാപിക്കുന്നു. വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടാകുന്നു എന്നിവയാണവ.
ഉല്‍ക്കാശിലകള്‍ (meteorites)
ഉല്‍ക്കാശിലകള്‍ ഉല്ക്കകളില് നിന്ന് വ്യത്യസ്ഥമാണ്. ഇവ ഏതെങ്കിലും ഛിന്നഗ്രഹത്തിന്റെയോ ധൂമകേതുവിന്റെയോ ഭാഗമാകാം. ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഉല്‍ക്കാശിലകള്‍ അവയുടെവലിപ്പക്കൂടുതല് കാരണം കത്തിത്തീരാതെ ഭൂമിയില്‍ പതിക്കും. ചെറിയ പാറക്കഷ്ണങ്ങള്‍ മുതല്‍ വലിയ ദ്രവ്യ പിണ്ഡങ്ങള്വരെ ഇക്കൂട്ടത്തിലുണ്ടാകും. ഭൗമാന്തരീക്ഷത്തിന്റെ ഘര്‍ഷണം കാരണം കത്തുന്നത് കൊണ്ട് സാധാരണ ഉല്‍ക്കകള്‍ പോലെയോ, ഫയര്‍ബോള്‍ ഗപാലെയോ ഒക്കെയായിരിക്കും ഈ തീഗോളവും കാണപ്പെടുക. ചൊവ്വയിലും ചന്ദ്രനിലുമെല്ലാം ഇത്തരം നിരവധി ഉല്‍ക്കാശിലകള്‍ കാണാന്‍ കഴിയും. അന്തരീക്ഷമില്ലാത്തതുകൊണ്ട് അവ നേരെ ഗ്രഹോപരിതലത്തില്‍ പതിക്കും. ഭൂമിയുടെ അന്തരീക്ഷമാണ് വലിയൊരു പരിധിവരെ ഉല്‍ക്കാശിലകളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നത്. 70 കിലോഗ്രാമിലധികം ഭാരമുള്ള ഉല്‍ക്കാശിലകള്‍ ഭൗമാന്തരീക്ഷത്തില്‍വെച്ച് കത്തിത്തീരില്ല. അവ ഭൂമിയില്‍ പതിക്കും. അത് അപകടവുമാണ്. ഉല്ക്കാപതനങ്ങള് ഒരു അസാധാരണ പ്രതിഭാസമൊന്നുമല്ല. ഭൂമിയുടെചരിത്രം പരിശോധിച്ചാല്‍ ഇത്തരം നിരവധി അവസരങ്ങള്‍ കാണാന്‍ കഴിയും. ആറരക്കോടി വര്‍ഷം മുമ്പുണ്ടായ ഒരു ഭീമന് ഉല്‍ക്കാപതനം സൃഷ്ടിച്ച പൊടിപടലം കാലാവസ്ഥ വ്യതിയാനത്തിന് കാരണമായതുകൊണ്ടാണ് ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചതെനാനണ് കരുതപ്പെടുന്നത്. ഭൗമോപരിതലത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളും വാസയോഗ്യമല്ലാത്ത മേഖലകളുമായതുകൊണ്ട് ഉല്ക്കാപതനങ്ങള് അധികമാരും ശ്രദ്ധിക്കാറില്ലെന്ന് മാത്രം.
ഉല്‍ക്കാശിലകളെ മൂന്നായി വര്‍ഗീകരിച്ചിട്ടുണ്ട്. പാറകള്‍, ഇരുമ്പ്ശിലകള്, ഇതുരണ്ടും ചേര്‍ന്നത് എന്ന രീതിയിലാണ് വര്‍ഗീകരിച്ചിരിക്കുന്നത്. പാറകളില്‍ പ്രധാനമായും സിലിക്കേറ്റ് ധാതുക്കളാണുള്ളത്. ഇരുമ്പ് ശിലകകളിലുള്ളത് പ്രധാനമായും ഇരുമ്പും നിക്കലുമാണ്. ഉല്‍ക്കാശില പതിക്കുന്ന സ്ഥലത്ത് തീ പിടുത്തവും നേരിയതോതില്‍ ഭൂചലനവുമുണ്ടാകും. ഉല്‍ക്കകളെ കൈകൊണ്ട് തൊടുന്നത് ശരിയല്ല. ഒരു പക്ഷെ ഭൗമ ജീവന് അപരിചിതമായ ബാക്ടീരിയകള്‍ പോലെയുള്ള സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യം അവയിലുണ്ടാകാം. അത്തരം സൂക്ഷജീവികളെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബയോട്ടിക്കുകള്‍ ഭൂമിയില്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ടാകില്ല.
ചൊവ്വക്കും വ്യാഴത്തിനുമിടയിലുള്ള ആസ്റ്ററോയ്ഡ് ബെല്‍റ്റ് എന്ന മേഖലയിലാണ് ഛിന്നഗ്രഹങ്ങളുടെ താവളം. ചെറിയ പാറക്കഷ്ണങ്ങള്മുതല് വലിയ ദ്രവ്യപിണ്ഡങ്ങള്‍വരെയുള്ള ലക്ഷക്കണക്കിന് ഏണ്ണമുണ്ട് ഇവ. ഈ മേഖലക്ക് വെളിയില്‍ സ്പേസില്‍ അലഞ്ഞുതിരിയുന്ന ഛിന്നഗ്രഹങ്ങള്‍ അപകടകാരികളാണ്. ഇത്തരം ഛിന്നഗ്രഹങ്ങളുടെ പാത മുന്‍കൂട്ടി കണ്ടെത്തുനന്നതിനുള്ള നാസയുടെ കൃത്രിമ ഉപഗ്രഹങ്ങള്‍ ശ്രമിച്ചുവരുന്നുണ്ട്. ഭൂമിക്ക് അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങളെ വഴി തിരിച്ചുവിടുന്നതിനോ സ്പേസില്വെച്ചുതന്നെ തകര്‍ത്തുകളയുന്നതിനോ ഉള്ള സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നുണ്ട്
സാബു ജോസ്
591 കാഴ്ച