ആര്യന്മാർ പുറത്തു നിന്ന് വന്നവരോ? ഇവിടെ ഉണ്ടായിരുന്നവര്‍ തന്നെയോ? അതോ ഇവിടെ നിന്ന് പുറത്തേക്ക് പോയവരോ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇന്നും സജീവമായി നിലനിൽക്കുന്ന ഒരു വിവാദ വിഷയമാണ് ഇത്‌. ആര്യന്മാർ വന്നവർ തന്നെയാണെന്ന കാഴ്ചപ്പാടാണ് ഈ പോസ്റ്റിനാധാരം. നിൽനിൽക്കുന്ന ചരിത്ര സിദ്ധാന്തത്തിന്നെതിരായി ആര്യന്മാർ ‘വന്നവരല്ല’ എന്ന് വാദിക്കുന്നവർ നിരന്തരം അവരുടെ സിദ്ധാന്തങ്ങളെ സമർത്ഥിക്കാൻ നിരത്താറുള്ള ചില വാദമുഖങ്ങളാണ് താഴെ കൊടുക്കുന്നത്.

  • ആര്യന്മാർ മധ്യേഷ്യയിൽ നിന്നും വന്നവരെങ്കിൽ സംസ്കൃത ഭാഷ മധ്യേഷ്യയിൽ മറ്റെവിടെയെങ്കിലും കാണാത്തതെന്തു കെണ്ട്?
  • ആര്യന്മാർ മധ്യേഷ്യയിൽ നിന്നു വന്നവരെങ്കിൽ ഋഗ്വേദത്തിൽ മധ്യേഷ്യയെക്കുറിച്ച് യാതൊരു പ്രതിപാദ്യവുമില്ലാത്തതെന്തുകൊണ്ട്?
  • മധ്യേഷ്യയിലെ വൃക്ഷങ്ങൾ , മൃഗങ്ങൾ കാലാവസ്ഥ എന്നിവ വേദങ്ങളിൽ കാണപ്പെടാത്തതെന്തു കൊണ്ട് ?
  • യഥാർത്ഥ ആര്യന്മാർ വന്ന വരായിരുന്നെങ്കിൽ എന്തുകൊണ്ട് യൂറോപ്പന്മാരെ പോലെ, ചുരുങ്ങിയ പക്ഷം ഇറാനിയന്മാരെപ്പോലെയെങ്കിലും രൂപഭാവങ്ങളിൽ കാണപ്പെടാത്തത്?

ഇങ്ങനെ ചില വസ്തുതകൾ ചർച്ച ചെയ്യുമ്പോൾ അന്നത്തെ ,ഒരു നാലായിരത്തഞ്ഞൂറ് വർഷം മുമ്പത്തെ സാമൂഹിക സാഹചര്യ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ചില പ്രദേശങ്ങളിലൊഴികെ മനുഷ്യൻ സ്ഥിരവാസം കുറവായിരുന്നു.മിക്കവാറും നാടോടി ഗോത്രങ്ങളായിരുന്നു.(മെസപ്പൊട്ടേമിയയിലെ ഉർ നഗരത്തിൽ നിന്നുമുള്ള അബ്രഹാമിന്റെയും ഗോത്രത്തിന്റെയും യാത്ര ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്.ഈ നാടോടി ഗോത്രങ്ങളിൽ ഏറ്റവും ഇഴയടുപ്പമുള്ള രക്തബന്ധമുള്ളവരും സമാന കുലങ്ങളും അയൽക്കാരുമടങ്ങിയ കൂട്ടമായിരിക്കും വേർപിരിഞ്ഞ് പോവാൻ പുറപ്പെടുന്നത് … നിലനിൽപിന് അനുകൂലമായ സാഹചര്യങ്ങൾ സ്വദേശത്ത് തീരെ ഇല്ലാതെ വരുമ്പോൾ , തിരിച്ചു വരാൻ ഒരിക്കലും ആഗ്രഹിക്കാതെ, തങ്ങളുടെതായ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളുമായായിരിക്കും ഈ യാത്രകൾ. സ്വദേശത്തെക്കുറിച്ചുള്ള യാതനയുടെതായ ഓർമകൾ പോലും അവർ കൂടെ കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്നില്ലായിരിക്കണം. (കേരളീയ ബ്രാഹ്മണരായ നമ്പൂതിരിമാർ പശ്ചിമ തീരം വഴി വടക്കുനിന്നും വന്ന ബ്രാഹ്മണരാണെന്ന നിഗമനവും ഓർക്കുക. അവർ അവരുടെ പൂർവ്വിക ദേശത്തിന്റെ ഓർമകളായി ഒന്നും തന്നെ കൊണ്ടുവന്നില്ലായിരുന്നു. ഭാഷ പോലും. ഒരു പക്ഷെ തികച്ചും പുതിയ പ്രദേശവും പുതിയ ജീവിതവും പ്രതീക്ഷിച്ച് പഴയതെല്ലാം അവിടത്തെന്നെ ഉപേക്ഷിച്ചായിരുന്നു അവരുടെ വരവ്. (അതേസമയം ഇന്ത്യയിലേക്കു വന്ന യഹൂദന്മാർ ശത്രുക്കളുടെ ആക്രമണം ഭയന്ന് എന്നെങ്കിലും തിരിച്ചു പോവാൻ വേണ്ടി വന്നവരായതു കൊണ്ട് അവരുടെ ഭാഷയും സംസകാരവും കൈമോശം വരാതെ ഇക്കാലമത്രയും സൂക്ഷിച്ചു). അവരുടെ അകന്ന ബന്ധുക്കളും ഗോത്രങ്ങളും ആ ദേശത്ത് തന്നെ സ്ഥിരവാസം തുടരുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭിന്ന ദേശത്തേക്ക് പോവുകയോ ചെയ്തേക്കാം. വേർപിരിഞ്ഞ് നൂറു കണക്കിന് വർഷങ്ങൾ കഴിയുമ്പോൾ ഒരേ രക്ത ബന്ധമുണ്ടായിരുന്ന ഇവരുടെ പിൻഗാമികൾ ഇതിന്റെ യാതോരു പൂർവ്വസ്മൃതികളുമില്ലാത്ത വേറൊരു വർഗ്ഗമായി മാറിയിട്ടുണ്ടാവും എങ്കിലും, ദശക്കണക്കിന് നൂറ്റാണ്ടുകൾ കഴിഞ്ഞാലും ലോകത്തിന്റെ അതിവിദൂര ഭൂഭാഗങ്ങളിൽ തലമുറകളായി ജീവിച്ച് പ്രത്യക്ഷത്തിലെ സജാതീയതകൾ തീരെ അപ്രത്യക്ഷമായാലും അവരുടെ ജനിതകഘടന, സംസാര ഭാഷയിലെ അടിസ്ഥാന പദങ്ങൾ, ഉദാ അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി, എന്നിങ്ങനെയുള്ള പല കാര്യങ്ങളിലും താദാത്മ്യത നില നിലനിൽക്കപ്പെടുകയും ചെയ്യുന്നു. ഈ ഒരു സാഹചര്യം മുൻനിർത്തി ലോകജനതയുടെ ചരിത്രം തന്നെ സഞ്ചാരത്തിന്റെതാണെന്നും ഇന്ന് ഇവിടത്തെ സ്ഥിരവാസക്കാർ ഇന്നലെ എവിടെയൊക്കെയോ ആയിരുന്നു എന്നും മനസിൽ ഉറപ്പിച്ചു കൊണ്ടു വേണം ഇത്തരം വിഷയങ്ങളെ കാണാൻ. കൂട്ടമായി മുൻ പ്രദേശത്തു നിന്നും എത്തപ്പെട്ട പുതിയ ദേശത്ത് സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ വർഷങ്ങളോളം, ചിലപ്പോൾ നൂറു കണക്കിന് വർഷങ്ങളോളം താമസിച്ചേക്കാം, അല്ലാതെയുമാവാം. നാലായിരത്തഞ്ഞൂറോളം വർഷങ്ങൾക്കു മുമ്പത്തെ ഭൂമിയിലെ സാഹചര്യത്തിൽ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും മറ്റു പ്രദേശങ്ങളിൽ നിന്ന് പല കാരണങ്ങളാൽ വൻ കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും പിൽക്കാലത്തുണ്ടായ രീതിയിലെ ആധിപത്യ സ്വഭാവമുള്ള വെട്ടിപ്പിടിക്കലായിരുന്നില്ല, മറിച്ച്, നിലവിലെ താമസസ്ഥലത്തു പ്രകൃതിപരമായോ മറ്റെന്തെങ്കിലും കാരണത്താലോ അനുകൂല സാഹചര്യം നഷ്പ്പെടുമ്പോൾ കുഞ്ഞുകുട്ടികളടക്കം തങ്ങളുടെ കുല ഗോത്ര സമൂഹവമായി ഒരു പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഉർവരത തേടി, തിരിച്ചുപോക്ക് ഉദ്ദേശിക്കാത്ത ഇണങ്ങിച്ചേരാനായുള്ള ഒരു യാത്രയാണത്.

മധ്യേഷ്യയിൽ കാസ്പിയൻ കടൽ തീരത്തു നിന്നും 4500 വർഷങ്ങൾക്കു മുമ്പേ , പ്രകൃതിയുടെ അനുകൂല സാഹചര്യത്തിന്റെ അഭാവം കൊണ്ടോ മറ്റു പല കാരണങ്ങളാലോ വേറിടാൻ തുടങ്ങിയ ഇൻഡോ യൂറോപ്യൻ ഇടയ ജനതയിലെ ഇൻഡോ ഇറാനിയൻ ഗോത്രങ്ങൾ , പുരാതന സിൽക്ക് പാതയിലൂടെ തുർക്ക്മെനിസ്ഥാൻ ,കസാക്കിസ്ഥാൻ സമർഖണ്ഡ് വഴിയായിരിക്കണം കിഴക്കൻ പ്രദേശത്തേക്ക് അതിജീവനത്തിന്നായുള്ള യാത്ര നടത്തിയത് .തങ്ങളുടെ കന്നുകാലികളും കുതിരകളും തേരുകളുമായി പച്ചപ്പും ഭക്ഷണ ലഭ്യതയുമുളള ശാദ്വലഭൂഭാഗം, തേടി, നിരന്തരമായുണ്ടായിരിക്കാവുന്ന പരസ്പര ഗോത്ര പോരാട്ടങ്ങളിൽ നിന്നുള്ള മോചനവും തേടിയുള്ള, അവരുടേത് ഒരൊറ്റ യാത്രയായിരിക്കില്ല , യാത്രയിൽ കണ്ട നല്ല പ്രദേശങ്ങളിൽ അവർ താമസമാക്കിയിരിക്കണം. ഒരു നൂറോ നൂറ്റമ്പതോ വർഷം ഇടയക്കുള്ള പ്രദേശങ്ങളിൽ താമസിച്ച് വംശവർദ്ധനയും , പുതു പ്രദേശങ്ങളിലെ ജനതയുമായി സാംസ്കാരിക സങ്കലനങ്ങളും ചിലപ്പോൾ നിരന്തര സമരങ്ങളിലൂടെയും കൊടുക്കൽ വാങ്ങലിലൂടെയും തികച്ചും പരിപോഷിക്കപ്പെട്ട സംഭവബഹുലമായിരുന്നിരിക്കണം, അതിജീവനങ്ങൾ. ഒന്നോഒന്നരയോ നൂറ്റാണ്ടു കാലം അഞ്ചോ ആറോ തലമുറയിലൂടെ ആ പുതിയ ദേശത്തേ വാസത്തിലൂടെയുണ്ടായ സാംസ്കാരിക ഭാഷാ പരമായ സങ്കലനത്തിലൂടെ ധാരാളം മാറ്റങ്ങൾക്കു വിധേയമായ ആ മൂല സമൂഹത്തിൽ പിന്നീട് ഉണ്ടാകാവുന്ന അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും അവരിൽ വീണ്ടും വിള്ളലുകളുണ്ടാവുകയും പല ഭാഗങ്ങളായ് വീണ്ടും വേർപിരിയലിനു കാരണമാകുകയും, ചിലർ അതതിടത്തു തന്നെ താമസിക്കാൻ തീർച്ചപ്പെടുത്തുമ്പോൾ മറ്റുള്ളവർ പല ദിശകളിലേക്കും വീണ്ടും അടുത്ത യാത്ര തുടരുകയും ചെയ്തിട്ടുണ്ടാവാം, ഈ രീതിയിൽ 4500 വർഷങ്ങൾക്കു മുമ്പ് കാസ്പിയൻ തീരത്തു നിന്നു തുടങ്ങിയ ഇന്തോ ഇറാനിയന്മാരുടെ യാത്ര അവരിൽ ഒരു പാട് മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ട് ഏകദേശം അഞ്ഞൂറോളം വർഷങ്ങൾ കൊണ്ട് അഫ്ഗാനിസ്താനിലെ ബാക്ട്രിയയിൽ (വാൽഹീകം , വൽക്ക്) എത്തിച്ചേർന്ന് സ്ഥിരതാമസമാക്കുമ്പോൾ ഇന്തോ ഇറാനിയൻ എന്ന ആ ജനത ഒരു ഭാഷയും ഒരേ സംസ്കാരവും പങ്കിട്ടിരുന്ന ഒരു പൊതു വർഗ്ഗമായിരുന്നിരിക്കണം. അവിടെ നിലവിലുണ്ടായിരുന്ന മാർജിയാന സംസ്കൃതിയുമായി സാംസ്കാരിക സമന്വയങ്ങളും കൊടുക്കൽ വാങ്ങലുകളുടെയും രണ്ടോ മൂന്നോ നൂറ്റാണ്ടുകൾ താമസിക്കുമ്പോഴേക്കും അവരിൽ പല പുതിയ വിശ്വാസസംഹിതകൾ ഉടലെടുക്കുകയും ക്രമേണ അവരിൽ വീണ്ടും വിഭജനവും വിഘടനവും ഉടലെടുക്കുകയും ചെയ്യുന്നു.

ദേവസങ്കല്പങ്ങളുടെ പേരിലാവാം, ആചാരങ്ങളുടെ പേരിലാവാം,അവർ തികച്ചും ശത്രു ഗോത്രങ്ങളായി രണ്ടു വിഭാഗമായി വേർപിരിയുന്നു. ഇറാനിയന്മാരും,ഇന്തോ ആര്യന്മാരും. ഇന്തോ അര്യന്മാരുടെ ദേവ എന്ന അടിസ്ഥാന പദം ഇന്തോ ഇറാനിയൻമാർക്ക് നേർവിപരീത അർത്ഥമുള്ള ചെകുത്താനായി മാറുന്നത് അവരിലുണ്ടായ ആരാധനാപരമായ തർക്കങ്ങളുടെ സൂചനയായി കാണാം.ഇവരിൽ ഒരു വിഭാഗം തെക്കു പടിഞ്ഞാറ് ഇറാൻ ഭാഗത്തേക്കും മറു ഭാഗം ഹിന്ദുക്കുഷ് പർവ്വതനിരകളിലൂടെസുവാസ്തു വഴി കിഴക്കൻ നാടുകളിലേക്ക് , പഞ്ച നദീതടത്തിലേക്കും സാവധാനം യാത്ര തുടരുന്നു. വാൽഹീകത്തുനിന്നുംപഞ്ചനദത്തിലെത്താനും ചുരുങ്ങിയത് മൂന്നോ നാലോനൂറ്റാണ്ടങ്കിലും എടുത്തിരിക്കണം ഈ കാലയളവുകൊണ്ട് വാൽഹീകത്തിൽ ഇന്തോ ഇറാനിയൻമാർ ഒന്നിച്ച് സംസാരിച്ചിരുന്ന പൊതു ഭാഷ ധാരാളം മാറ്റങ്ങളിലൂടെവേദിക് ആര്യന്മാരുടെ സംസ്കൃതമായി മാറിയിട്ടുണ്ടാവണം, കൊടും തമിഴിൽ നിന്നും ചെന്തമിഴിലേക്കുംപിന്നീട്മലയാളത്തിലേക്കുമുള്ള മാറ്റം പോലെ …

ഈ മൂന്നോ നാലോ നൂറ്റാണ്ട് കാലയളവിലും ഇടക്കിടെ ചില കേന്ദ്രങ്ങളിൽ താമസിക്കുകയും അവിടെയും, ഗോത്രങ്ങളും കുലങ്ങളുമായി ഭാഷാപരമായും സാംസ്കാരികമായും വികസിച്ചു കൊണ്ടിരിക്കുന്ന ആ സമൂഹത്തിൽ നിന്നും ഒരു വലിയ ഒരു വിഭാഗം വീണ്ടും യാത്ര തുടരുന്നു.വാൽഹീകത്തിൽ നിന്നും കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള യാത്രയിലായിരിക്കണം ഋഗ്വേദമന്ത്രങ്ങളുടെ രചന ജീവിത സമരത്തിൽ തങ്ങളുടെ പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിത്തരുന്ന തിനു വേണ്ടി ദേവന്മാരോടുള്ള ഉള്ളുരുകിയ പ്രാർത്ഥനകളും അർച്ചനകളും ആ ആദി വേദത്തിൽ വ്യക്തമാവുന്നു …അപ്പോഴേക്കും സാമൂഹ്യമായും സാംസ്കാരികമായും ഭാഷാപരമായും സ്വന്തം പൂർവ്വികന്മാരിൽ നിന്നും തികച്ചും മാറി മറിഞ്ഞ ആ ജനതയ്ക്ക് അവരുടെ അതിപൂർവ്വികർ പുറപ്പെട്ട ദേശങ്ങളും സംസ്കാരങ്ങളും എന്തിന് ഭാഷ പോലും അത്രയേറെ അന്യമായിട്ടുണ്ടാവണം. അഫ്ഗാനിസ്ഥാനിനും പഞ്ചാബിനും ഇടയക്കുള്ള ദേശങ്ങളിൽ വച്ച് രചിക്കപ്പെട്ട വേദങ്ങളിൽ പിന്നെങ്ങിനെ എന്നേ അവരുടെ സ്മൃതികളിൽ നിന്നും പുറന്തള്ളപ്പെട്ട സമർഖണ്ഡും, തുർക്ക്മെനിസ്ഥാനും അടങ്ങിയ മധ്യേഷ്യ പ്രത്യക്ഷപ്പെടും? എങ്കിലും ചില ബാക്കിപത്രങ്ങളായി മധ്യേഷ്യയിലെ പ്രധാന സ്ഥലനാമങ്ങൾ പരിശോധിക്കുമ്പോൾ കാണാവുന്ന ഭാഷാ പര രായ സാമ്യതകൾ ആര്യന്മാരുടെ വന്ന വഴി സൂചിപ്പിക്കുന്നു.മധ്യേഷ്യയിൽ സ്ഥാൻ എന്നവസാനിക്കപ്പെടുന്ന സ്ഥലനാമസൂചകങ്ങൾ. ഉസ്ബെക്കിസ്ഥാൻ , കസാഖിസ്ഥാൻ , തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, എന്നിവ അക്കൂട്ടത്തിൽ വരുന്നു. നമ്മുടെ രാജസ്ഥാൻ പോലെ ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാന നഗരിയായ ആസ്ഥാന ,തുർക്ക്മെനിസ്ഥാനിന്റെ കിഴക്കു ഭാഗത്തെ നഗരമായ പഞ്ചകെന്റ് , താഷ്കെന്റ് എന്നിവയും ഇവിടെ പ്രദേശം എന്നോ ഭൂഭാഗം എന്നോ അർത്ഥം വരുന്ന ഖണ്ഡ എന്ന ഇൻഡോ ഇറാനിയൻ പൊതു പദമാണ് കെന്റ് ആയി മാറിയത്അതുപോല കസാഖിസ്ഥാനിലെ സമർഖണ്ഡ് (ഒരു പക്ഷെ അവരുടെ യാത്രയിൽ കനത്ത പോരാട്ടങ്ങൾ നടത്തേണ്ടി വന്നിരിക്കണം ഇവിടെ വച്ച്, അതായിരിക്കാം സമരഖണ്ഡം എന്ന പേരിന്റെ ഉദ്ഭവം ) എന്നീ സ്ഥലനാമങ്ങൾ കേൾക്കുമ്പോൾ നമ്മൾ ഇന്ത്യക്കാർക്ക് ആ നാമം സംസ്കൃതോത്ഭവമാണെന്ന് തോന്നുന്നതു പോലെ ഇറാൻകാർക്ക് അവരുടെ പുരാതന അവസ്തൻ തത്ഭവങ്ങളാണാ നാമങ്ങൾ എന്നും തോന്നുന്നുണ്ടെങ്കിൽ അതിന് കാരണം ഈ പൊതു പൈതൃകം തന്നെയായിരിക്കണം. വേദിക്സംസ്കൃതവും ഇറാനിലെ പുരാതന അവെസ്തൻ ഭാഷയും തമ്മിലുള്ള അപാരസാദൃശ്യങ്ങളും ഇവരുടെ മൂല ബന്ധത്തെക്കുറിച്ച് സൂചനകൾ തരുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ജനിതകപരമായ ആര്യൻ അവശേഷിപ്പുകൾ ഇന്ത്യയിൽ പ്രത്യക്ഷത്തിൽ കാണപ്പെടുന്നില്ല എന്ന ചോദ്യം സ്വാഭാവികമായും വരുന്നു?

ലോകത്ത് എവിടെയെല്ലാം വ്യത്യസ്ഥ ജനവിഭാഗങ്ങൾ കൂടിച്ചേർന്നിട്ടുണ്ടോ അവിടെ മാത്രം കാണപ്പെടുന്ന തരത്തിലുള്ള ഒരു സങ്കര ജനതയാണ് ആധുനിക ഇന്ത്യക്കാർ.
കനത്ത നീരൊഴുക്കോടു കൂടി ഇന്ത്യൻ സമതലങ്ങളിലേക്ക് പതിച്ച ആര്യൻമാർ എന്ന വെളുത്ത മഹാനദി, ഇവിടെയുണ്ടായിരുന്ന ദ്രാവിഡർ എന്ന ഇരുണ്ട മറ്റൊരു മഹാനദിയിലെക്കാണ് പതിച്ചത്.
ആ രണ്ട് മഹാനദികളും കൂടിക്കലർന്ന് പാകപ്പെട്ടതാണ് ആധുനിക ഇന്ത്യ എന്ന മഹാസാഗരം. ആ മഹാസാഗരത്തിലെ കലങ്ങിയ ജലത്തിന് ആര്യന്മാരുടെയും ദ്രാവിഡന്മാരുടെയും കലർപ്പിന്റെ രുചി മാത്രമാണുള്ളത്. ആ മഹാ വാരിധിയിൽ ചിലേടത്ത് കലർപ്പ് കൂടിയും ചിലേടത്ത് കുറഞ്ഞും ഒട്ടു മിക്ക ഭാഗങ്ങളിലും പാകമായ അളവിലുമുള്ള സങ്കലനമാണ് ആധുനിക ഇന്ത്യൻ സംസ്കാരത്തിന്നാധാരം. ജവഹർലാൽ നെഹ്രു പറഞ്ഞതുപോലെ ഇന്ത്യ ഒരു അവിയൽ സംസ്കാര കേന്ദ്രവും ലോക വ്യത്യസ്തകളുടെ ഒരു ചെറു പതിപ്പുമാണ്.

സുനില്‍ കുമാര്‍ പൊറ്റെക്കാട്ട്

 2,202 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo