കൂട്ടുകാരിയായഅഭിഭാഷകയുടെ കോവിഡ് മരണം, അഭിഭാഷകയുടെ കുറിപ്പ്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ലക്ഷകണക്കിന് മനുഷ്യർ മരിച്ച് വീണിട്ടും വാക്സിൻ ഫ്രീയായി നൽകുകയോ Compulsory License നൽകി വാക്സിൻ ജനങ്ങൾക്ക് നൽകാതിരിക്കുന്ന ഇന്ത്യൻ ഗവൺമെൻ്റ് നടപടി അങ്ങേയറ്റം അപലനീയമാണ്. മനുഷ്യർ മരിച്ച് വീഴുമ്പോൾ മൾട്ടിനാഷണൽ മരുന്നു കമ്പനികളുടെ ആർത്തിക്ക് മുന്നിൽ എങ്ങനെ കണ്ണുമടച്ച് അധികാരികൾക്ക് നിൽക്കാൻ കഴിയുന്നു.

അഡ്വ.സുജി T.S, LL.B, LL .M ,എന്ന പ്രിയകൂട്ടുകാരിയും അവളുടെ കുഞ്ഞും കോവിഡ് ബാധിച്ചു ഈ ലോകത്ത് നിന്നും ഇന്നലെ യാത്രയായി. കോവിഡ് മഹാമാരിയുടെ തീവ്രത ആദ്യമായി ജീവിതത്തിൽ നേരിട്ട് ബാധിച്ച വാർത്തയായിരുന്നു സുജിയുടെത്. അവളുടെ കാര്യം പറഞ്ഞ് ബിനചേച്ചിയുടെ മെസേജ് വന്നപ്പോൾ അത് അവളാകരുതേ എന്നാഗ്രിച്ചു . അവളുടെ ഫോൺ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫാണ് എന്ന് പറഞ്ഞു കേട്ടപ്പോൾ വല്ലാത്ത ഭയം മനസ്സിൽ തോന്നി അവൾ ചെറിയ കുട്ടിയായപ്പോൾ ഹൃദ്രോഗം ബാധയിൽ ചികിത്സിച്ചിട്ടുണ്ട് എന്ന് വർഷങ്ങൾക്ക് മുൻപ് പറഞ്ഞത് ഓർമ്മ വന്നു കണ്ണുകളിൽ ഇരുട്ട് കയറി ഞാൻ നിലവിളിച്ച് കൊണ്ട് പലരേയും ഫോൺ വിളിച്ചു ആരെയും കിട്ടിയില്ല. എൻ്റെ കരച്ചിൽ കേട്ട് അടുത്ത വീട്ടിലെ ആളുകൾ വന്നു കുറേ നേരം സംസാരിച്ച് കൂട്ട് ഇരുന്നു പോയി. ഉറങ്ങാൻ കഴിഞ്ഞില്ല ചേച്ചി എന്ന വിളി കാതിൽ മുഴങ്ങി കൊണ്ടിരുന്നു. കണ്ണു തുറക്കുമ്പോൾ എല്ലാം അവൾ ചിരിച്ച് കൊണ്ട് മുന്നിൽ നിൽക്കുന്നപ്പോലെ തോന്നി. വാർത്തയുടെ സത്യാവസ്ഥയറിയാൻ നിമ്മിയെ വിളിച്ചു അവൾ അന്വേക്ഷിച്ചു ശരിയാണ് എന്ന് പറഞ്ഞു.

സുജി എന്ന പെൺകുട്ടിയിൽ നിന്ന് അഡ്വ.സുജി T.S, LL.B, LL.M എന്ന വിദ്യാഭ്യാസ യോഗ്യതയിലേക്ക് നടന്നടുക്കുവാൻ , അഭിഭാഷക ആയി മാറുവാൻ അവളും അവളുടെ കുടുംബവും പിന്നിട്ട ദൂരം സാധാരണ ഒരാൾക്ക് ചിന്തിക്കാൻ കഴിയാത്ത അത്ര ദുർഘടം പിടിച്ചതായിരുന്നു.തെക്കൻ തിരുവിതാംകൂറിൽ നിലനിൽക്കുന്ന ജാതിവിവേചനവും അടിച്ചമർത്തലും അക്രമത്തിനും വിധേയരായിട്ടുള്ളവർ ആയിരുന്നു സുജിയും കുടുംബവും ഒരു രാത്രിവീട് ആക്രമിക്കപ്പെട്ടപ്പോൾ വീട്ടിൽ നിന്ന് എല്ലാവരും ഇറങ്ങിയോടിയപ്പോൾ അക്രമികളുടെ കല്ലു കൊണ്ടുള്ള എറികൊണ്ട് ഒരു രാത്രി മുഴുവൻ ബോധരഹിതയായി കിടക്കേണ്ടി വന്നിട്ടുണ്ട് അവൾക്ക്. മനുഷ്യാവകാശ പ്രവർത്തകനായായ രാജൻ അങ്കിളിനെ പോലുള്ളവർ കൃത്യ സമയത്ത് ഇടപെട്ട് ആ വിഷയത്തിൽ സുജിയേയും കുടുംബത്തേയും സഹായിച്ചിരുന്നു. സുജിയുടെ പഠന വിവരങ്ങൾ അന്വേക്ഷിച്ചു വിളിക്കുന്ന രാജൻ അങ്കിളിനെ ഇപ്പോഴും ഓർമ്മിക്കുന്നു. നന്നായി പഠിക്കണം നിയമത്തിൽ ഡോക്ട്രേറ്റ് എടുക്കണം എന്ന വലിയ സ്വപ്നം അവശഷിപ്പിച്ച് അവൾ കടന്നു പോകുമ്പോൾ അതിതീവ്ര വേദന നേരിടുന്നുണ്ട്.

വായിക്കുവാനും പഠിക്കുവാനും അവൾക്ക് വലിയ ഇഷ്ടമായിരുന്നു ഞാൻ ലൈബ്രറിയിൽ പോകുന്നു എന്ന് പറയുമ്പോൾ എന്നെക്കാൾ മുൻപ് റെഡിയായി പത്രം വായിച്ചു കൊണ്ട് കാത്തിരിക്കുന്ന അവളെ മറക്കുവാൻ ആകില്ല. ഹോസ്റ്റ്ലിലെ ഭക്ഷണ സമയം ഞങ്ങൾ ഒരുമിച്ചായിരുന്നു പോയിരുന്നത്. എൻ്റെ തൊട്ടടുത്ത് ഇരുന്നു ഭക്ഷണം കഴിച്ചിരുന്ന അവളെ മറക്കാനാകില്ല. പരീക്ഷക്ക് പഠിക്കുമ്പോൾ അവൾക്ക് പരീക്ഷ ഇല്ലെങ്കിലും എന്നോടൊപ്പം വന്ന് ഉറക്കമൊഴിഞ്ഞ് പഠിച്ചിരുന്ന അവളെ മറക്കാനാകില്ല. ക്ലാസ്സിലെ അറ്റൻസ് പോകാതിരിക്കാൻ രാവിലെ 8.30 am ആകുമ്പോഴെ റെഡിയായി ഇരിക്കുന്ന അവളെ വി ശേഷിപ്പിക്കുമ്പോൾ Adv. Suji. T.S,LL.B, LL. M എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും. അവളുടെ എൻട്രോൾ മെൻ്റിനും അവളുടെ കല്യാണത്തിനും പോകാനായില്ല.’ ജീവിതത്തിൽ വക്കീൽ ഗൗൺ അണിഞ്ഞ് കാണുവാൻ അവൾ ഒരുപ്പാട് ആഗ്രഹിച്ചിരുന്നു അതിന് വേണ്ടി അവളും കുടുംബവും നന്നായി കഠിനാദ്ധ്വാനം ചെയ്തിരുന്നു.സ്വപ്നങ്ങൾ ഉള്ള ഒരു സ്‌ത്രീയായിരുന്നു അവൾ, സാമൂഹ്യബോധമുള്ളവളായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് അമ്മയാകുക എന്നത് പക്ഷേ അവളോടൊപ്പം 7 മാസം ഗർഭത്തിലുള്ള കുഞ്ഞിനും ജീവൻ നഷ്ടമായി . അവളുടെ കുടുംബം നികത്താനാകാത്ത ഒരു നഷ്ടം അനുഭവിക്കുന്നുണ്ട്. എത്ര അഭിഭാഷകരാണ് ഈ മഹാമാരിയിൽ മരിച്ചു വീണത്?

കോവിഡ് മഹാമാരി മനുഷ്യ നിർമ്മിതമാണ് എങ്കിൽ എത്ര നിഷ്ക്കരുണമാണ് ഈ ദുർബല മനുഷ്യരെ കൊന്നുകളയുന്നത്? .ലക്ഷകണക്കിന് മനുഷ്യർ മരിച്ച് വീണിട്ടും വാക്സിൻ ഫ്രീയായി നൽകുകയോ Compulsory License നൽകി വാക്സിൻ ജനങ്ങൾക്ക് നൽകാതിരിക്കുന്ന ഇന്ത്യൻ ഗവൺമെൻ്റ് നടപടി അങ്ങേയറ്റം അപലനീയമാണ്. മനുഷ്യർ മരിച്ച് വീഴുമ്പോൾ മൾട്ടിനാഷണൽ മരുന്നു കമ്പനികളുടെ ആർത്തിക്ക് മുന്നിൽ എങ്ങനെ കണ്ണുമടച്ച് അധികാരികൾക്ക് നിൽക്കാൻ കഴിയുന്നു. Right to access to medicines എന്നത് ഇന്ത്യൻ യിലെ എല്ലാ പൗരൻമാർക്കുമുള്ള ജീവിക്കാനുള്ള അവകാശത്തിൻ്റെ ഭാഗമാണ്(Art.21 of the Indian Constitution),അത് നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

Adv Jessin Irina

 445 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo