ഐ സി യു മരണ മുറിയോ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയെ പറ്റി വളരെ വസ്തുതാവിരുദ്ധമായ ഒരു വീഡിയോ ഇപ്പോൾ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. അതിനെ പറ്റി ഒന്നും എഴുതണ്ടാ എന്നുതന്നെ വിചാരിച്ചതാണ്. പക്ഷെ ഒരുപാടുപേർ വിളിച്ചും മെസേജയച്ചും ചോദിക്കുന്നതു കൊണ്ടു മാത്രം ചില കാര്യങ്ങൾ ചുരുക്കി പറയാമെന്ന് കരുതി.

ഒരു ക്രൈം സ്‌റ്റോറിയായിട്ടാണ് ഹരിഹരൻ എന്ന് പേരുള്ള, പഴയ ഒരു ജേണലിസ്റ്റെന്ന് അവകാശപ്പെടുന്ന ആൾ ആ വീഡിയോ ചെയ്തിരിക്കുന്നത്. കൊവിഡ് +ve ആയി പേ വാർഡിൽ കിടക്കാൻ വന്ന അദ്ദേഹത്തെ എന്തിനോ (എന്തിനാണെന്ന് അദ്ദേഹത്തിനുമറിയില്ല!!) ICU-വിൽ അഡ്മിറ്റിക്കുന്നത് തൊട്ടാണ് ‘കഥ’ തുടങ്ങുന്നത്.

പിന്നെ നിരന്തരം കൊലപാതകങ്ങളും പീഡനങ്ങളും അരങ്ങേറുകയാണ് കഥയിൽ. വയസായ ഒരു രോഗിയെ ബാത്റൂമിൽ പോകാൻ അനുവദിക്കാതെ പീഡിപ്പിക്കുന്നു. പുറത്തുള്ള ആരെയും ബന്ധപ്പെടാൻ അനുവദിക്കുന്നില്ല. രാത്രിയിൽ അവരെ വെൻ്റിലേറ്ററിൽ ഘടിപ്പിച്ച്, പീഡിപ്പിച്ച്, രാവിലെ കൊല്ലുന്നു. വെൻ്റിലേറ്റർ എങ്ങനെ പ്രവർത്തിപ്പിക്കണമെന്നറിയാത്ത, താൽക്കാലിക ജീവനക്കാരാണ് ആ കൊലപാതകം ചെയ്തത്. അതുകഴിഞ്ഞ് മറ്റൊരു രോഗിയെയും അതുപോലെ തന്നെ. അതിനിടയിൽ കഥാകാരൻ ‘ എങ്ങനെയോ ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു’ എന്നാണദ്ദേഹം പറയുന്നത്. മാത്രമല്ല, അഡ്മിറ്റായി അവിടുന്ന് ‘രക്ഷപ്പെടുന്ന’ അന്നുവരെ ഒരു ഡോക്ടറെപ്പോലും അദ്ദേഹം ICU-വിൽ കണ്ടിട്ടുമില്ല.

എന്തൊരു ‘വിശ്വസനീയമായ’ കഥ! ഷാഹി കബീർ എഴുതുമോ ഇങ്ങനൊരു ത്രില്ലർ. ഇതിന് മെഡിക്കൽ കോളേജധികൃതർ നിയമപരമായി ആക്ഷനെടുക്കേണ്ടതും ഗൂഢലക്ഷ്യങ്ങളോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കേസ് കൊടുക്കേണ്ടതുമാണ്. അവരെന്തെങ്കിലും ചെയ്യുമോന്നറിയില്ല. ഒഫീഷ്യൽ വിശദീകരണമെങ്കിലും ഉണ്ടാവും.

ഇതിൽ ഓരോന്നും വിശദീകരിച്ചെഴുതാൻ തൽക്കാലം വയ്യ. പലരും ചോദിച്ച ചിലകാര്യങ്ങൾ മാത്രം കുറിക്കാം.

  1. അദ്ദേഹം പറയുന്നപോലെ പൂർണ ആരോഗ്യമുള്ള ആളുകളെ കിടത്തുന്ന സ്ഥലമല്ല ICU-കൾ. സാമാന്യബോധമുള്ളവർക്കത് അറിയാമായിരിക്കും. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ മാത്രമേ അവിടെ പ്രവേശിപ്പിക്കൂ. അങ്ങനെയുള്ളവർക്ക് കൊടുക്കാൻ തന്നെ അവിടെ ബെഡ് തികയാറില്ലാ.
  2. ICU വിൽ അഡ്മിറ്റാവുമ്പോൾ അടിവസ്ത്രമുൾപ്പെടെ മാറ്റി, പുതിയ ഡ്രസ് ധരിപ്പിക്കുന്നത് ലോകം മൊത്തം ചെയ്യുന്ന കാര്യമാണ്. ICU Protocol അങ്ങനെയാണ്. താനൊരു മെഡിക്കൽ ജേണലിസ്റ്റായിരുന്നു എന്നദ്ദേഹം അവകാശപ്പെടുന്നുണ്ട്! അല്ലെങ്കിൽ തന്നെ അതിൽ അതിശയിക്കാനൊന്നുമില്ല.

3.ICU-വിൽ കിടക്കുന്ന രോഗികളെ ബാത്റൂമിൽ വിടാൻ പറ്റില്ല. മൂത്രം പോകാൻ ട്യൂബിട്ടിട്ടൊണ്ടാവും മിക്കവാറും എല്ലാർക്കും. അത് മൂത്രം പോകാൻ മാത്രമല്ല, ഓരോ മണിക്കൂറുമുള്ള മൂത്രത്തിൻ്റെ അളവറിയാനും കൂടിയാണ്. മലം പോകാൻ പാൻ/ ഡയപ്പർ തന്നെയാണാശ്രയം. അത് ബുദ്ധിമുട്ടാണ് രോഗിയെ സംബന്ധിച്ച്, പക്ഷെ വേറെ വഴിയില്ല. ഇദ്ദേഹം പറയുന്നപോലെ വീൽച്ചെയറിൽ ബാത്റൂമിലെത്തിച്ച്, അവിടെ വച്ച് രോഗി കൊളാപ്സ് ചെയ്താൽ ആരാണുത്തരവാദി?

  1. മാത്രമല്ല, ഇദ്ദേഹം പറഞ്ഞപോലെ ICU-വിനുള്ളിൽ രോഗി ബഹളം വയ്ക്കുന്നുണ്ടെങ്കിൽ, അവർക്ക് ആ സമയം പൂർണ സ്വബോധം ഉണ്ടായിരിക്കണമെന്ന് തന്നെയില്ല. ഒരു കാര്യം കൂടി മനസിലാക്കേണ്ടത്, ICU സ്റ്റാഫിനെ സംബന്ധിച്ച് രോഗിയെ ബാത്റൂമിൽ വിടുന്നതാണ് സൗകര്യം. അല്ലെങ്കിൽ അവർ തന്നെയാണ് ഈ മലവും മറ്റും ക്ലീൻ ചെയ്യേണ്ടത്. എന്നിട്ടും ബാത്റൂമിൽ വിടാത്തത് രോഗിയ്ക്ക് വേണ്ടിയാണ്.
  2. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ICU സ്റ്റാഫിന് വെൻ്റിലേറ്റർ പ്രവർത്തിപ്പിക്കാൻ അറിയില്ലാന്നാണ് അദ്ദേഹം പറയുന്നത്. അത് ശരിയാണെങ്കിൽ ഇത്രയും കാലം ആ ICU വിൽ അഡ്മിറ്റായ എല്ലാവരും മരിച്ചിട്ടുണ്ടാവണം.

6.പിന്നെ, ആരെങ്കിലും തോന്നുന്ന പോലെ വന്ന് വെൻ്റിലേറ്റർ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് പഠിപ്പിക്കുന്ന സ്ഥലമല്ല ICU. അവിടെ ഡ്യൂട്ടിയെടുക്കുന്നവർ പരിശീലനം കിട്ടിയവരും, ദിവസേന അത് പ്രവർത്തിപ്പിക്കുന്നവരുമാണ്. ICU മാനേജ്മെൻ്റ് ഒരാൾ ഒറ്റയ്ക്ക് ചെയ്യുന്ന ജോലിയുമല്ലാ. അതൊരു ടീം വർക്കാണ്. വെൻ്റിലേറ്ററുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാൻ ബയോമെഡിക്കൽ സ്റ്റാഫുമുണ്ട്. ഈ വെൻറിലേറ്ററുകളും മോണിറ്ററുകളും നിരന്തരം ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നവയുമാണ്. അതാണ് അദ്ദേഹം കേട്ടതും. ഇതൊന്നും അന്വേഷിക്കാതെ, വെറും കഥയെഴുതുന്ന ലാഘവത്തോടെ തള്ളിമറിച്ചാൽ യഥാർത്ഥ ജീവിതത്തിൽ കേൾക്കാൻ ഒട്ടും രസമുണ്ടാവില്ല. സിനിമയിൽ ഓക്കേ.

  1. ICU വിൽ എപ്പോഴും (24 hour) ഡോക്ടർമാർ ഉണ്ടാവും. പിന്നെ ഇദ്ദേഹത്തെ അത് ബോധ്യപ്പെടുത്താൻ PPE കിറ്റ് മാറ്റി വരാൻ അവർക്ക് സാധിച്ചിട്ടുണ്ടാവില്ല. ഡോക്ടർമാരാരും നോക്കാതെ തന്നെ, ചികിത്സിക്കാതെ ഇദ്ദേഹം രക്ഷപ്പെട്ടതിൽ അദ്ദേഹത്തിന് അത്ഭുതം തോന്നാത്തതിൽ എനിക്കൊട്ടും അത്ഭുതമില്ല.

ആ വീഡിയോ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നതും പൊലിപ്പിച്ചതുമായ വിവരങ്ങൾ മാത്രമാണെന്ന് ഒരുവിധം വിവരമുള്ളവർക്ക് മനസിലാവും. പിന്നെ, ഒരു സർക്കാർ ആശുപത്രിയെ പറ്റി ഇത്തരം കാര്യങ്ങൾ കേൾക്കാനായിരിക്കുമല്ലോ പൊതുജനത്തിനും താൽപ്പര്യം. അതുകൊണ്ട് സ്വാഭാവികമായും അതിന് റീച്ച് കൂടും. വൈകാരികമായി മാത്രം ചിന്തിക്കുന്നവർക്കും ഗൂഢലക്ഷ്യങ്ങൾ ഉള്ളവർക്കും ആഘോഷിക്കാൻ ഒരു വീഡിയോ. മനുഷ്യർക്കാർക്കും ഒരു ഗുണവുമുണ്ടാക്കാത്ത കുറേ തെറ്റിദ്ധാരണകൾ.

ആ വീഡിയോ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കരുതെന്നൊന്നും ഞാൻ പറയുന്നില്ല. അതും ഒരു രസമല്ലേ. പക്ഷെ, ഇത് വിശ്വസിക്കുന്നവർ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുമല്ലോ, കാരണം നിങ്ങൾക്കെങ്ങാനും രോഗം പിടിപെട്ടാൽ പിന്നെ ചികിത്സ ഈ ‘കൊലപാതകകേന്ദ്ര’ ത്തിലായിരിക്കുമെന്ന് മറക്കണ്ടാ.. അത്രയെങ്കിലും ഗുണം ആ വീഡിയോ കൊണ്ടുണ്ടാവട്ടെ..

മനോജ് വെള്ളനാട്

 384 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo