അലർജി പരസ്യങ്ങൾ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

” നിന്റെ ഭർത്താവിനും കുട്ടികൾക്കുമൊക്കെ
സുഖമാണോ? “

” സുഖക്കുറവൊന്നുമില്ല, അങ്ങനെ
പോകുന്നു”

” കുട്ടികൾ ഇപ്പോൾ എത്രയിലാ
പഠിക്കുന്നത്? “

” മൂത്തയാൾ അഞ്ചിൽ, ഇളയ ആൾ രണ്ടാം ക്ലാസിൽ. എന്റെ വിശേഷങ്ങളൊക്കെ അവിടെ നിൽക്കട്ടെ. ഞാൻ ഇതുവരെ ചോദിക്കാതിരുന്ന ഒരു കാര്യമുണ്ട്. നമ്മൾ പിരിഞ്ഞതിനു ശേഷം കല്യാണം കഴിക്കണമെന്ന് ആഗ്രഹം തോന്നിയ ഒരു പെണ്ണിനെയും ശ്രീ ഇതുവരെ കണ്ടുമുട്ടിയില്ലേ? “

” വിവാഹം എന്ന ആശയം, ഒരു സമൂഹ ജീവിതഘടനയുടെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല എന്നതാണ് സത്യം.”

” എല്ലാവർക്കും ഈ ഫിലോസഫി
ദഹിക്കില്ല മാഷേ”

” ദഹിക്കുന്നവർക്ക് ദഹിച്ചാൽ മതി”

” ആ പഴയ അലർജി-ആസ്തമ പ്രശ്നം ശ്രീക്ക് ഇപ്പോഴും ഉണ്ടോ? “

” ചില സീസണുകളിൽ ബുദ്ധിമുട്ടാണ്. , ഇപ്പോൾ കുറച്ച് കൂടുതലാണ്”

” രണ്ടുദിവസം മുമ്പ് പത്രത്തിൽ ഒരു പരസ്യം കണ്ടിരുന്നല്ലോ, അലർജി ടെസ്റ്റിനെകുറിച്ച്. അതൊന്ന് ചെയ്യാൻ പാടില്ലേ”

” പത്രത്തിന്റെ ഫ്രണ്ട് പേജ് നിറഞ്ഞുനിൽക്കുന്ന ആ പരസ്യം ഞാനും കണ്ടിരുന്നു. അതൊരു ആളെ പറ്റിക്കൽ ഏർപ്പാടാണെന്നാണ് അറിഞ്ഞത്.”

” അതെന്താ? “

” നാട്ടിൽ വേറെ എവിടെയും ഇല്ലാത്ത പുതിയതായി വന്ന 6000 രൂപയുടെ ചില ടെസ്റ്റുകൾ ചെയ്താൽ മാത്രമേ അലർജിക്ക് ചികിത്സ ഉള്ളൂ എന്ന ധ്വനിയുള്ള ആ പരസ്യം കണ്ടപ്പോൾ തന്നെ അതിൽ അവിശ്വസനീയത തോന്നിയിരുന്നു. ഒരു സീനിയർ ഡോക്ടർ ആ ലാബുകാരുമായി സംസാരിച്ചു ആ വാദങ്ങളെ പൊളിക്കുന്ന വോയിസ്‌ ക്ലിപ്പ് ഇന്നലെ വാട്സാപ്പിലും കിട്ടി.”

” അലർജി കണ്ടുപിടിക്കാൻ ടെസ്റ്റ് ഒന്നും ഇല്ലെന്നാണോ? “

” എന്റെ സന്തതസഹചാരിയായ ഈ അസുഖത്തെക്കുറിച്ച് ഞാൻ കുറെ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ടെസ്റ്റുകൾക്ക് അലർജി ചികിത്സയിൽ ഒരു പരിധിയിൽ കൂടുതൽ പ്രാധാന്യം ഇല്ല എന്നതാണ് ശരി. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് അലർജി ഉണ്ടാകുന്നത് എന്നതാണ് കാരണം.”

” അലർജി പൂർണമായും മാറില്ലേ? “

” മിക്കവർക്കും ചില സീസണുകളിൽ മാത്രമാണ് അലർജി ആസ്തമ ഉണ്ടാവുന്നത്. ആ സമയത്ത് മാത്രം മരുന്നുകൾ ഉപയോഗിച്ചാൽ മതി. എന്നെപ്പോലെ ചിലർക്ക് വർഷത്തിൽ ഏതാണ്ട് എല്ലാ ദിവസങ്ങളിലും ഈ പ്രശ്നങ്ങൾ ഉണ്ടാകും. അതിനു തുടർച്ചയായി മരുന്നുകൾ വേണ്ടിവരും. ദീർഘകാല ആശ്വാസവും ശാശ്വത പരിഹാരവുമൊക്കെ കിട്ടുന്ന ഇമ്യൂണോ തെറാപ്പി ഒക്കെ പ്രചാരത്തിൽ വന്നുതുടങ്ങിയിട്ടുണ്ട്”

” ഹോമിയോ, ആയുർവേദം, ഇതൊക്കെ നോക്കിയിരുന്നോ?”

” ഇത്രയും കാലത്തിനിടെ ഞാൻ ഈ വക സാധനങ്ങളെല്ലാം പലതവണ പരീക്ഷിച്ചിട്ടുണ്ട്. എനിക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. മരുന്നു കഴിച്ചാലും ഇല്ലെങ്കിലും കുറച്ചു ദിവസം കഴിയുമ്പോൾ സ്വാഭാവികമായും അലർജി മാറിനിൽക്കും. ചിലർക്ക് വർഷങ്ങളോളം പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നു വരാം. ആ സമയത്താണ് ഈ വക മരുന്നുകൾ നിർത്തുന്നത് എങ്കിൽ അത് ആ മരുന്നിന്റെ ഫലം കൊണ്ടാണെന്ന് അനുഭവസാക്ഷ്യം പറയും. അതു കേട്ട് കുറെ പേർ വീണ്ടും ഈ ചികിത്സകളിലേക്ക് പോകും. പരസ്യം കണ്ട് വിശ്വസിച്ചു, ശാശ്വത പരിഹാരം കിട്ടും എന്ന് കരുതി, പരസ്യത്തിൽ കാണുന്ന മരുന്നുകളൊക്കെ വർഷങ്ങളായി കഴിക്കുന്നവർ ഉണ്ട്. ഇതൊക്കെ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ആർക്കുമറിയില്ല. ‘ഞങ്ങളുടെ മരുന്ന് കഴിച്ചാൽ അലർജി നിശേഷം മാറും’ എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ അത് ഉടായിപ്പാണെന്ന് ഉറപ്പിക്കാം.
ആ വിഷയം വിടാം. നമുക്കൊന്നു
നടന്നാലോ”

” നടക്കാം. ഇവിടെ രണ്ടു വഴികളില്ലേ… ഏതിലെ നടക്കണം? “

” അതെ, ഇവിടെ രണ്ടു വഴികളുണ്ട്. വലത്തോട്ടുള്ള വരമ്പിലൂടെ ഇളം കാറ്റുകൊണ്ട്, വയൽ പണിക്കാരുടെ കൊച്ചു വർത്തമാനങ്ങളും കേട്ട്, ചെറു മീനുകളെയും കണ്ട്, ചളി ചവിട്ടി അമർത്തി നടന്നു പോകാം. ഇടത്തോട്ടുള്ള ഇടവഴിയിലൂടെ ആണെങ്കിൽ ആരും കാണാതെ തൊട്ടുരുമ്മി കൈകോർത്തുപിടിച്ച് നടക്കാം. ഏതു വഴി പോകണമെന്ന് നിനക്ക് തീരുമാനിക്കാം.”

” ശ്രീ തന്നെ പറഞ്ഞാൽ മതി.”

” നീ പറഞ്ഞോളൂ. അഥവാ ഞാൻ പറയുന്ന ഉത്തരം നിനക്ക് സ്വീകാര്യമല്ലെങ്കിൽ നിന്റെ വിഷമം ഞാൻ കാണേണ്ടി വരും.”

” ഏതു വഴിയും എനിക്ക് സമ്മതം”

” എങ്കിൽ ഞാൻ പറയാം. ഇടവഴിയിലൂടെ ആണെങ്കിൽ നാം എങ്ങനെയാണ് നടക്കാൻ ഉദ്ദേശിച്ചിരുന്നത്, അതേപോലെ ഈ വയൽവരമ്പിലൂടെ നടക്കാം.”

                - dr jithesh 
              ( 22/10/2019)

 342 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo