ഉപനിഷത്തുകള്‍ – യഥാര്‍ത്ഥ അര്‍ത്ഥം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

അദ്വൈതം, സാംഖ്യം, യോഗം etc. തത്വസിദ്ധാന്തങ്ങള്‍ പഠിച്ച് ഉയര്‍ന്ന തത്വചിന്തകള്‍ ശീലമാക്കുന്നവര്‍ക്കു മാത്രമേ വേദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാകൂ എന്ന് പറയാറുണ്ട്. എന്നാല്‍ സത്യത്തില്‍, വേദത്തിന്റെ പാരമ്പര്യം ഇന്നും അതുപോലെ പിന്തുടരുന്ന ഒരേയൊരു ശാഖ മാന്ത്രികതന്ത്രം ആണ് !! അതുകൊണ്ട്, വേദങ്ങളെ മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി പരിചയപ്പെടേണ്ടത് ഹൈന്ദവത്തിലെ മന്ത്രവാദഗ്രന്ഥങ്ങളെ ആണ്. എങ്ങനെയാണ് ഒരു മാന്ത്രികഗ്രന്ഥത്തിന്റെ structure എന്നു നോക്കാം. അത് ഏകദേശം ഇങ്ങനെയാണ് : –

  1. ആദ്യഭാഗം – : പ്രയോഗിക്കാനുള്ള മന്ത്രങ്ങള്‍ വിവരിക്കുന്നു. മന്ത്രങ്ങളുടെ ദേവതകളെ വിവരിക്കുന്നു.
  2. രണ്ടാംഭാഗം : – ആ മന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തേണ്ട വിവിധ ദേവതാ-ധ്യാനരീതികളും കര്‍മ്മങ്ങളും അവ ഓരോന്നിന്റെയും പ്രത്യേകഫലസിദ്ധികളും വിവരിക്കുന്നു.
  3. അവസാനഭാഗം : – അവസാനഭാഗത്തില്‍ പലപ്പോഴും സൃഷ്ടിക്രമം, മോക്ഷം തുടങ്ങിയ അല്‍പം ഫിലോസഫി ഉണ്ടാകാറുണ്ട്. മരണശേഷം സാധകനുണ്ടാകുന്ന പരലോകപ്രാപ്തിയും മറ്റും അവസാനഭാഗത്തില്‍ വിവരിക്കപ്പെടാറുണ്ട്.

വേദങ്ങളുടെ structure-ഉം ഇത് തന്നെ ആണ്. വേദങ്ങളുടെ ആദ്യഭാഗത്തെ സംഹിത എന്ന് പറയുന്നു. മന്ത്രഭാഗം എന്നും അത് അറിയപ്പെടുന്നു. സംഹിതയില്‍ വിവിധദേവതമാരെ സംബന്ധിച്ച മന്ത്രങ്ങള്‍ ആണ് ഉള്ളത്. വേദത്തിന്റെ രണ്ടാംഭാഗമായ ”ബ്രാഹ്മണ”ങ്ങളില്‍ സംഹിതയിലുള്ള മന്ത്രങ്ങള്‍ ഉപയോഗിച്ച് ചെയ്യേണ്ട കര്‍മ്മങ്ങളും ദേവതാരാധനകളും ധ്യാനരീതികളും അവയുടെ ഫലങ്ങളും വിശദീകരിക്കുന്നു. അവസാനഭാഗങ്ങളായ ആരണ്യകത്തിലും ഉപനിഷത്തിലും മന്ത്രപ്രയോഗവിധികളും കര്‍മ്മവിധാനങ്ങളും ധ്യാനങ്ങളും അവയുടെ ഫലങ്ങളും വിവരിക്കുന്നതോടൊപ്പം അല്‍പം ഫിലോസഫിയും കാണാന്‍ സാധിക്കും.

ചുരുക്കിപ്പറഞ്ഞാല്‍, വേദം ലക്ഷണമൊത്ത ഒരു ഒന്നാന്തരം മാന്ത്രികഗ്രന്ഥം ആണ്.

ആധുനിക സ്വാമിമാര്‍ വ്യാഖ്യാനഫാക്ടറിയില്‍ നിര്‍മ്മിച്ച ഉയര്‍ന്ന തത്വചിന്തകളൊന്നും യഥാര്‍ത്ഥത്തില്‍ വേദത്തില്‍ ഇല്ലെന്നതാണ് പച്ചപ്പരമാര്‍ത്ഥം. അല്‍പം ഉള്ളതിനെ ആയിരം ഇരട്ടിയാക്കി ചിത്രീകരിക്കുകയും അതിലില്ലാത്ത സ്വന്തം വാക്കുകളും ആശയങ്ങളും അതിലേക്ക് കൂട്ടിച്ചേര്‍ക്കുകയുമാണ് അവര്‍ ചെയ്യുന്നത്.

ഏറ്റവും പഴയ പ്രധാനപ്പെട്ട ഉപനിഷത്തുകള്‍ (Principal Upanishads ) എന്ന് പറയപ്പെടുന്നവ ആകെ 10 എണ്ണം മാത്രമാണ്. ബാക്കിയുള്ളവ പില്‍ക്കാലത്ത് എഴുതപ്പെട്ടവ ആണ്. നാമിവിടെ വിശകലനം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത് ഈ 10 ഉപനിഷത്തുക്കളെ ആണ്. ആരും കാര്യമായി ശ്രദ്ധിക്കാതെ കിടന്നിരുന്ന അവയ്ക്ക് ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചതിനുശേഷമാണ് പ്രസിദ്ധി ലഭിച്ചത്.

ഉപനിഷത്തുക്കളെ സംബന്ധിച്ച് നിലവിലുള്ള ചില തെറ്റിദ്ധാരണകള്‍ താഴെപ്പറയുന്നവയാണ് :

1) ഉപനിഷത് ഋഷിമാര്‍ക്ക് ബാഹ്യപ്രപഞ്ചത്തെ സംബന്ധിച്ച് ദിവ്യമായ അറിവുകള്‍ ഉണ്ടായിരുന്നു : ഋഷിമാര്‍ക്ക് ബാഹ്യപ്രപഞ്ചത്തെ സംബന്ധിച്ച ദിവ്യമായ അറിവുകള്‍ ഉണ്ടായിരുന്നു എന്ന വിശ്വാസം അന്നത്തെ കാലത്ത് നിലവിലുണ്ടായിരുന്നു. ഉദാഹരണത്തിന്, മനക്കണ്ണിലൂടെ ലഭിക്കുന്ന ദിവ്യമായ അറിവിലൂടെ ശരീരത്തെ അറിഞ്ഞയാളാണ് യഥാര്‍ത്ഥ ആയുര്‍വേദാചാര്യന്‍ എന്നായിരുന്നു അന്നത്തെ വിശ്വാസം. അതുപോലെ ഉപനിഷത് എഴുതിയ ഋഷിമാരും അവരുടെ ദിവ്യജ്ഞാനത്തിലൂടെ പ്രപഞ്ചഘടനയും പ്രപഞ്ചോല്‍പത്തിയും പ്രപഞ്ചത്തിന്റെ അടിസ്ഥാനതത്വങ്ങളും അറിഞ്ഞിരുന്നു എന്നായിരുന്നു പ്രാചീനവിശ്വാസം. അന്നത്തെ കാലഘട്ടങ്ങളില്‍ ഈ വിശ്വാസം ചോദ്യം ചെയ്യപ്പെട്ടില്ല. കാരണം, സ്വാഭാവികമായും പ്രപഞ്ചത്തെ സംബന്ധിച്ച് അജ്ഞരായ അന്നത്തെ ജനങ്ങള്‍ക്ക് ഋഷിമാരുടെ ഭാവനകളില്‍ ഉണ്ടായിരുന്ന ഭീമമായ തെറ്റുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അന്നവര്‍ പറഞ്ഞവയെല്ലാം ശുദ്ധമണ്ടത്തരങ്ങള്‍ ആയിരുന്നു എന്നു ഇന്നത്തെ അറിവുപയോഗിച്ച് നമുക്ക് വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്നു. അങ്ങിനെ, ഋഷിമാര്‍ക് ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്ന ദിവ്യമായ പ്രാപഞ്ചികവിജ്ഞാനം മുഴുവനും അവരുടെ അബദ്ധഭാവനകള്‍ മാത്രമായിരുന്നു എന്ന് സംശയാതീതമായി തെളിയുന്നു.

2) ഉപനിഷത്തുക്കളില്‍ ജീവന്മുക്തി (ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തനാകല്‍) എന്ന ആശയം ഉണ്ട് : ശങ്കരാചാര്യര്‍ ഉപനിഷത്തിനുമേല്‍ കെട്ടിവച്ചതും ഉപനിഷത്തുകളില്‍ ഒരിടത്തും ഇല്ലാത്തതുമായ ഒരു ആശയമാണ് ”ജീവന്മുക്തി”. ”പരലോകത്തില്‍” എത്തലാണ് ഉപനിഷത്തിലെ മോക്ഷം.

3) ലോകം മായ ആണ് അഥവാ അയഥാര്‍ത്ഥമാണ് : ശങ്കരാചാര്യര്‍ ഉപനിഷത്തിനുമേല്‍ കെട്ടിവച്ച മറ്റൊരു ആശയമാണ് ഇത്. ലോകം അയഥാര്‍ത്ഥമാണ് എന്ന് ഉപനിഷത്തില്‍ എവിടെയും പറയുന്നില്ല.
ലോകത്തില്‍ ജീവിക്കുമ്പോഴും മരണശേഷം പരലോകത്തില്‍ എത്തുമ്പോഴും ലഭിക്കേണ്ട സുഖമാണ് ഉപനിഷത്തിന്റെ ലക്ഷ്യം.

4) ഉപനിഷത്തുക്കളാണ് വേദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം : ഈ വാദത്തിന് വസ്തുനിഷ്ഠമായ യാതൊരു അടിസ്ഥാനവുമില്ല.

തുടര്‍പോസ്റ്റുകളില്‍ ഉപനിഷത്തുക്കളുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ സഹായകമായ ലളിതമായ ഉദ്ധരണികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഓരോ ഉപനിഷത്തുക്കളെയും വിശകലനം ചെയ്യുന്നു. ആദ്യമായി ഛാന്ദോഗ്യോപനിഷത്ത് ആണ് വിശകലനം ചെയ്യപ്പെടുക.

കൂടുതൽ അറിവിന്

 515 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

One thought on “ഉപനിഷത്തുകള്‍ – യഥാര്‍ത്ഥ അര്‍ത്ഥം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo