സെന്റ് അവെസ്ത

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പാഴ്സി മതസ്ഥാപകനായ സരതുഷ്ട്രരുടെ ഉപദേശങ്ങളടങ്ങിയ വിശുദ്ധഗ്രന്ഥം. ഇന്ത്യയിലെ പാഴ്സികളും പേര്‍ഷ്യയിലെ ഗാബറുകളും ഇതിനെ മുഖ്യ മതഗ്രന്ഥമായി കരുതുന്നു. ‘സെന്ത് അവെസ്ത’ എന്നും ഇതിനു പേരുണ്ട്. അവെസ്തന്‍ ഭാഷയിലാണ് ഇതു രചിച്ചിട്ടുള്ളത്.

ഇന്നു ലഭിക്കുന്ന ഗ്രന്ഥം മൂലഗ്രന്ഥത്തിന്റെ അപൂര്‍ണമായ ഒരു പതിപ്പു മാത്രമാകുന്നു; മൂലഗ്രന്ഥത്തിന് 1,200 അധ്യായങ്ങളുണ്ട്. 12,000 പശുത്തോല്‍ ചുരുളുകളില്‍ സുവര്‍ണ ലിപികളിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടതെന്ന് അറബി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 20 ലക്ഷം വചനങ്ങള്‍ ഉണ്ടത്രെ. മതപരമായ വസ്തുതകള്‍ക്കു പുറമേ വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം ഒരു വിജ്ഞാനകോശമാണെന്നു പറയാം. ദിന്‍കര്‍ട്ട് എന്ന പഹ്ലവി ഗ്രന്ഥവും റിവായത് എന്ന പേര്‍ഷ്യന്‍ ഗ്രന്ഥവും സെന്ത് അവെസ്തയുടെ ഉള്ളടക്കത്തെപ്പറ്റി സംശയാതീതമായ വെളിച്ചം നല്കുന്നു. ഇതില്‍ 21 നസ്കുകള്‍ (പുസ്തകങ്ങള്‍) അടങ്ങിയിട്ടുണ്ടായിരുന്നു. ഈ നസ്കുകളെ ഏഴു പുസ്തകങ്ങള്‍ വീതം, ഗാഥകള്‍ (Gatha group), ദാതിക് (Datik), ഹഠ മന്ത്രങ്ങള്‍ (Hadha Mantra group) എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. സ്വര്‍ണം പൂശിയ തകിടില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി സമര്‍ക്കണ്ടിലെ അഗ്നിക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്നു. ബി.സി. 330-ല്‍ അലക്സാണ്ടറുടെ ആക്രമണവേളയില്‍ പെഴ്സിപ്പോളീസ് നഗരത്തിലെ രാജകൊട്ടാരങ്ങള്‍ അഗ്നിക്കിരയായി. അതോടൊപ്പം ഈ ഗ്രന്ഥത്തിന്റെ പ്രതിയും നഷ്ടപ്പെട്ടു. സരതുഷ്ട്ര മതവിശ്വാസം ക്രമേണ ക്ഷയിച്ചുതുടങ്ങി. എ.ഡി. മൂന്നാം ശ.-ത്തില്‍ ശശനിവംശ സ്ഥാപകനായ അര്‍ദാശീര്‍പാവകാന്റെ നിര്‍ദേശപ്രകാരം ഛിന്നഭിന്നമായി കിടന്നിരുന്ന ‘അവെസ്ത’യുടെ പുനരുദ്ധാരണത്തിനുള്ള ശ്രമം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ പുത്രന്റെ ഭരണകാലത്തും ഈ ശ്രമം തുടര്‍ന്നു.

അലക്സാണ്ടറുടെ ആക്രമണത്തെക്കാള്‍ ഭീമമായ നഷ്ടമാണ് മുസ്ലിങ്ങളുടെ പേര്‍ഷ്യന്‍ ആക്രമണം സരതുഷ്ട്രമതത്തിനു വരുത്തിവച്ചത്. സരതുഷ്ട്രമതവിശ്വാസികളെ കഠിനശിക്ഷയ്ക്കു വിധേയരാക്കിയതുമൂലം പലരും മതം ഉപേക്ഷിക്കുകയോ തടവുശിക്ഷ വരിക്കുകയോ ചെയ്തു. ലഭ്യമായിരുന്ന സരതുഷ്ട്ര മതഗ്രന്ഥങ്ങള്‍ എല്ലാം തീവച്ചു നശിപ്പിച്ചു. പേര്‍ഷ്യയില്‍ കഴിഞ്ഞുകൂടിയ ചുരുക്കം ചില സരതുഷ്ട്രമതവിശ്വാസികളുടെയും ഇന്ത്യയിലേക്കു രക്ഷപ്പെട്ട പാഴ്സികളുടെയും ശ്രമഫലമായി സെന്ത് അവെസ്തയുടെ ചെറിയൊരു ഭാഗം സൂക്ഷിച്ചു വയ്ക്കാന്‍ കഴിഞ്ഞു. ഇവ കാലാകാലങ്ങളില്‍ പകര്‍ത്തിയെഴുതി പരിരക്ഷിച്ചതാണ് ഇപ്പോള്‍ ലഭിക്കുന്ന ഗ്രന്ഥം. ഇന്ത്യയില്‍ സൂക്ഷിച്ചിരിക്കുന്ന ഇതിന്റെ ആദ്യത്തെ കൈയെഴുത്തുപ്രതി തയ്യാറാക്കിയത് 13-14 നൂറ്റാണ്ടുകളിലാണ്. പേര്‍ഷ്യയില്‍ കണ്ടെത്തിയ കൈയെഴുത്തുപ്രതി 17-ാം ശ.-ത്തില്‍ തയ്യാറാക്കിയതും. എല്ലാ കൈയെഴുത്തുപ്രതികളും അപൂര്‍ണങ്ങളാണ്.

ഇന്നു ലഭ്യമായ അവെസ്തയില്‍ യാസ്ന (Yasna), ഗാഥകള്‍ (Gathas), വീസ്പരദ് (Visparad), യാഷ്തുകള്‍ (Yashts), ഉപഗ്രന്ഥങ്ങള്‍ (Minor texts), വെന്തീദാദ് (Vendidad), അപൂര്‍ണകൃതികള്‍ (Fragments) എന്നീ ഏഴു ഭാഗങ്ങള്‍ കാണുന്നു.

പൂജയില്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍, ‘പരാഹോം’ (Parahom) എന്ന പൂജാദ്രവ്യത്തിന്റെ നിര്‍മിതി, ഹോമവിധി എന്നിവയെപ്പറ്റി യാസ്നയില്‍ പ്രതിപാദിച്ചിരിക്കുന്നു. 72 അധ്യായങ്ങളുള്ള ഇതിനെ മൂന്നു തുല്യഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓര്‍മസ്ദ് തുടങ്ങിയ ദേവന്‍മാര്‍ക്കുള്ള സ്തുതിയാണ് ആദ്യഭാഗം.

സരതുഷ്ട്രരുടെ വചനങ്ങളും ഉപദേശങ്ങളും വെളിപാടുകളും അടങ്ങിയ പ്രാര്‍ഥനാഗാനങ്ങളാണ് ഗാഥകള്‍. മതാനുഷ്ഠാനങ്ങളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും മറ്റും വളരെ ചുരുക്കമായേ ഇതില്‍ പ്രതിപാദിക്കുന്നുള്ളു.

ഓര്‍മസ്ദും അഹ്രിമാനും തമ്മിലുള്ള സംഘട്ടനത്തെക്കുറിച്ച് സരതുഷ്ട്രര്‍ നല്കിയ ഉപദേശങ്ങള്‍, മനുഷ്യന് ഈ സംഘട്ടനത്തിലുള്ള പങ്ക്, ഈ സംഘട്ടനത്തില്‍ നന്മയുടെ പ്രതീകമായ ഓര്‍മസ്ദിന്റെ വിജയം, അന്ത്യന്യായവിധി, ഓര്‍മസ്ദിന്റെ രാജ്യം എന്നിവയെപ്പറ്റി വീസ്പരദില്‍ പ്രതിപാദിച്ചിട്ടുണ്ട്.

പുരാതന ഇറാനിലെ ദേവതകളെയും വീരപുരുഷന്മാരെയും പ്രകീര്‍ത്തിക്കുന്ന പ്രാര്‍ഥനാഗാനങ്ങള്‍ അടങ്ങിയതാണ് യഷ്തുകള്‍. ജലദേവതയായ അര്‍ദ്വീ സൂറാ അനാഹിതാ, നക്ഷത്രദേവതയായ തിഷ്ത്രിയ, പ്രകാശത്തിന്റെയും സത്യത്തിന്റെയും ദേവതയായ മിത്ര (സൂര്യദേവന്‍) എന്നീ ദേവതകള്‍ ഇവയില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

സൂര്യന്‍, ചന്ദ്രന്‍, ജലം, അഗ്നി തുടങ്ങിയവയെയും അവയുടെ ദേവതകളെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രാര്‍ഥനകള്‍ അടങ്ങിയതാണ് ഉപഗ്രന്ഥങ്ങള്‍.

ശുചീകരണം, വിവിധ തരത്തിലുള്ള പ്രായശ്ചിത്തങ്ങള്‍, ശിക്ഷകള്‍ എന്നിവ വിവരിക്കുന്നതാണ് വെന്തീദാദ്. ഇന്നു ലഭ്യമായിട്ടുള്ള വെന്തീദാദില്‍ 22 അധ്യായങ്ങളടങ്ങിയിട്ടുണ്ട്. അഹ്രിമാന്റെ സൃഷ്ടിയായ ദുഷിച്ച ലോകത്തെക്കുറിച്ച് ഇതിന്റെ പ്രഥമാധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. മനുഷ്യരാശിയെ മുഴുവന്‍ നശിപ്പിക്കാന്‍ തക്ക പ്രളയത്തെയും കൊടുങ്കാറ്റിനെയും അതില്‍നിന്നു മനുഷ്യരാശിയെ രക്ഷിക്കുന്നതിനുവേണ്ടി ഓര്‍മസ്ദ് യീമരാജാവിനു നല്കിയ നിര്‍ദേശങ്ങളെയും പ്രതിപാദിക്കുന്നതാണ് രണ്ടാം അധ്യായം. ലൗകികജീവിതത്തിലെ സുഖദുഃഖങ്ങളെക്കുറിച്ച് മൂന്നാം അധ്യായത്തിലും നിയമപരമായ കാര്യങ്ങളെക്കുറിച്ച് നാലിലും പ്രതിപാദിച്ചിരിക്കുന്നു. മരണം സംഭവിച്ച വീട്ടില്‍ പുല ആചരിക്കേണ്ട വിധം; നായയ്ക്കു നല്കേണ്ട സ്ഥാനം; മുറിച്ച തലമുടി, നഖം എന്നിവ നിക്ഷേപിക്കേണ്ട വിധം എന്നിവയാണ് 5 മുതല്‍ 17 വരെയുള്ള അധ്യായങ്ങളില്‍ വിവരിക്കുന്നത്. യഥാര്‍ഥ പുരോഹിതന് അയഥാര്‍ഥ പുരോഹിതനില്‍നിന്നുള്ള വ്യത്യാസത്തെ 18-ാം അധ്യായത്തിലും സരതുഷ്ട്രര്‍ക്കുണ്ടായ പ്രലോഭനങ്ങളെയും വെളിപാടുകളെയും 19-ലും വിവരിക്കുന്നു. 20-22 അധ്യായങ്ങള്‍ വൈദ്യശാസ്ത്രപരമാണ്.

മരണാനന്തരകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നവയാണ് അപൂര്‍ണ കൃതികള്‍.

ശശനിവംശകാലത്ത് പേര്‍ഷ്യയില്‍ അവെസ്തയുടെ പഹ്ലവി (Pahlavi) പതിപ്പ് തയ്യാറാക്കുകയുണ്ടായി. ഇതിന്റെ മിക്ക ഭാഗങ്ങളും ഇന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. 1200-നോടടുത്ത കാലത്ത് പഹ്ലവി പതിപ്പ് സരതുഷ്ട്രപുരോഹിതനായ ധവാലിന്റെ മകന്‍ നെരിയോസംഘന്‍ സംസ്കൃതഭാഷയിലേക്കു പരിഭാഷപ്പെടുത്തി. 19-ാം ശ.-ത്തില്‍ ഇതു ഗുജറാത്തി ഭാഷയിലേക്കും തര്‍ജുമ ചെയ്തിട്ടുണ്ട്.

അവെസ്തന്‍ഭാഷയ്ക്കു സംസ്കൃതവുമായി സാദൃശ്യമുണ്ടെങ്കിലും ചില വ്യത്യാസങ്ങളുമുണ്ട്. വലത്തുനിന്ന് ഇടത്തോട്ടാണ് അവെസ്തന്‍ഭാഷ എഴുതുന്നത്.

പാശ്ചാത്യലോകം ഈ ഗ്രന്ഥത്തെപ്പറ്റി അറിഞ്ഞുതുടങ്ങിയിട്ട് ഏതാണ്ട് രണ്ടു നൂറ്റാണ്ടു മാത്രമേ ആയിട്ടുള്ളു. ആന്‍ക്വെതില്‍ ദൂ പെറോണ്‍ എന്ന ഫ്രഞ്ചുകാരനാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. 1754 ന.-ല്‍ ഇദ്ദേഹം ഇന്ത്യയിലെത്തുകയും ഏഴു വര്‍ഷം പാഴ്സികളുടെ ഇടയില്‍ കഴിയുകയും ചെയ്തശേഷം യൂറോപ്പില്‍ തിരിച്ചെത്തി. പത്തു വര്‍ഷത്തെ പ്രയത്നഫലമായി അവെസ്ത ഫ്രഞ്ചുഭാഷയിലേക്ക് ഇദ്ദേഹം തര്‍ജുമ ചെയ്തു. സെന്ത് അവെസ്ത-ഉവ്റാഷ് ദെ സൊറാസ്റ്റര്‍ (Zend Avesta,Book of Zoroaster) എന്നാണ് ഈ ഗ്രന്ഥത്തിന്റെ പേര്.
Aradhana Raj

 326 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo