ശ്രീ.എം.ന് സർക്കാർ ഭൂമി കൊടുത്ത തീരുമാനം റദ്ദാക്കുക

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ശ്രീ.എം.ന് സർക്കാർ ഭൂമി കൊടുത്ത തീരുമാനം റദ്ദാക്കുക.

( ടി.കെ. രവീന്ദ്രനാഥ് )

ശ്രീ.എം. എന്ന പേരിൽ പ്രശസ്തനായ ആത്മീയ പ്രചാരകന് യോഗാ പരിശീലന കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന ഹൌസിംഗ് ബോഡിൻ്റെ തിരുവനന്തപുരത്തുള്ള 4 ഏക്കർ ഭൂമി 10 വർഷത്തേയ്ക്ക് പാട്ടത്തിന് കൊടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വിമർശനം ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നത് ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന സാമൂഹിക വിമർശകനും നിയമജ്ഞനുമായ അഡ്വ: ഹരീഷ് വാസുദേവനാണ്.
ഭൂരഹിതരായ ആദിവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും 3 സെൻ്റ് ഭൂമി പോലും നൽകാൻ കഴിയാതിരിക്കുമ്പോഴാണ് RSS അനുകൂലിയായ ഒരു സ്വകാര്യ വ്യക്തിക്ക് യോഗ പഠിപ്പിക്കാൻ 4 ഏക്കർ 10 വർഷത്തെ പാട്ടത്തിന് നൽകുന്നത്. 10 വർഷത്തെ പാട്ടത്തിന് നൽകുന്ന ഭൂമി ഒരിക്കലും തിരിച്ചു കിട്ടില്ല. യോഗാ പരിശീലന കേന്ദ്രം നടത്താൻ മുന്നോട്ടുവന്നിട്ടുള്ള ശ്രീ.എം.ന് യോഗയിൽ
വേണ്ടത്ര യോഗ്യതയില്ല.
അത്തരം കേന്ദ്രത്തിന് അനുമതി കൊടുക്കുമ്പോൾ അതിന് യോഗ്യതയുള്ളയാൾക്കായിരിക്കണം കൊടുക്കേണ്ടത്. ഇതൊക്കെയാണ് അഡ്വ: ഹരീഷ് വാസുദേവൻ്റെ വിമർശനം. ആർ.എസ്.എസ്. പക്ഷത്തു നിൽക്കുന്ന ഒരാൾക്ക് ഇടതുപക്ഷ സർക്കാർ എന്തിനാണ് ഇങ്ങിനെ ഒരു അനർഹമായ ആനുകൂല്യം ചെയ്തു കൊടുക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഇടതുപക്ഷ അനുഭാവികളിൽ നിന്നു തന്നെ ഉയർന്നു വരും. ഇതിന് മറുപടിയെന്ന രീതിയിൽ CPM നേതാവ് പി.ജയരാജൻ്റെ ഒരു ഫേയ്സ്ബുക്ക് പോസ്റ്റ് കാണുകയുണ്ടായി.

ശ്രീ.എം. RSS അനുകൂലിയല്ല തികഞ്ഞ മതേതര ആത്മീയവാദിയാണ്. മുസ്ലിം തീവ്രവാദികളാണ് എം.നെ ആർ.എസ്.എസ്. പക്ഷപാതിയായി ചിത്രീകരിക്കുന്നത്. ജയരാജൻ പറയുന്നു. അതിൻ്റെ ഉദ്ദേശ്യവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വർഗ്ഗീയ കലാപം സൃഷ്ടിച്ച് കേരളീയ സമൂഹത്തിൽ നുഴഞ്ഞു കയറാനുള്ള RSS ശ്രമത്തെ ചെറുത്തത് CPM ആയിരുന്നു. ഇത് തുടർച്ചയായ CPM – RSS സംഘട്ടനങ്ങൾക്ക് ഇടയാക്കി. രണ്ടു ഭാഗത്തും ജീവൻ നഷ്ടപ്പെട്ടത് അധ്വാനിക്കുന്ന വർഗ്ഗത്തിൽപ്പെട്ടവർക്കായിരുന്നു. ഇതിന് ഒരു അറുതി വരണമെന്ന ബോധം രണ്ടു പക്ഷത്തുമുണ്ടായി. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചകൾക്ക് വേണ്ടത്ര ഫലമുണ്ടായില്ല. ഒടുവിൽ RSS ആവശ്യപ്പെട്ടതനുസരിച്ച് യോഗാചാര്യനായ ശ്രീ.എം. ചർച്ചയ്ക്ക് മധ്യസ്ഥം വഹിച്ചു. അതിനു ശേഷവും കണ്ണൂരിൽ RSS – CPM സംഘട്ടനമുണ്ടായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ രണ്ട് സി.പി.എം.കാർ RSS കാരാൽ വധിക്കപ്പെട്ടു.
നാടിൻ്റെ നന്മ ലാക്കാക്കി സി.പി.എം-ആർ.എസ്.എസ്. സമാധാന ചർച്ച നടത്തിയതിനെ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി RSS – CPM ബാന്ധവമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. പി. ജയരാജൻ വിശദീകരിക്കുന്നു. മൌദൂദി ചാനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന
മീഡിയാ വൺ ആണ് ഈ വാർത്ത പ്രചരിപ്പിക്കുന്നത് എന്നതുകൊണ്ട് ജയരാജൻ്റെ നിരീക്ഷണം കഴമ്പുള്ളതാണെന്ന് പറയാം.

പക്ഷെ, ഹരീഷ് വാസുദേവനും മതേതര പക്ഷത്തു നിൽക്കുന്നവരും എതിർക്കുന്നത് ജയരാജൻ്റെ വിശദീകരണത്തിലടങ്ങിയ വിഷയത്തെയല്ല. ശ്രീ.എം. RSS – CPM സംഘട്ടനം ഇല്ലാതാക്കാൻ ശ്രമിച്ചതിനെ ആരും കുറ്റം പറയില്ല. ഇവിടെ വിമർശിക്കുന്നത് സർക്കാർ ഭൂമി ശ്രീ.എം.ന് നൽകുന്നതിനെയാണ്. രാഷ്ട്രീയ തന്ത്രത്തിൻ്റെ ഭാഗമായി ചെയ്യുന്ന ഒരു കാര്യം നിയമപരമായി ശരിയായിരിക്കണം. പാവപ്പെട്ടവൻ്റെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നു എന്ന ഖ്യാതി നേടിയ സർക്കാരാണിത് എന്ന കാര്യത്തിൽ തർക്കമില്ല.
എന്നാൽ ആ ഖ്യാതിക്ക് മങ്ങലേൽക്കുന്ന ഈ തീരുമാനം സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായിക്കൂടായിരുന്നു. ശ്രീ.എം. ഒരു ആത്മീയ പ്രവർത്തകനും യോഗ എന്നത് എന്തൊക്കെപ്പറഞ്ഞാലും ഒരു മതാത്മക വിഷയമായതിനാലും മത പ്രീണനം എന്ന ആരോപണം ഉയർന്നു വരും. ഭൂരഹിതരായ അനേകർ ഒരു തുണ്ട് ഭൂമിക്കായി ദാഹിച്ചു കഴിയുമ്പോൾ ഒരു അനാവശ്യത്തിന് (യോഗ ഒരു അന്ധവിശ്വാസമാണ് എന്ന ബോധ്യത്തിൽ) അയോഗ്യനായ ഒരു വ്യക്തിക്ക് 4 ഏക്കർ ഭൂമി കൊടുക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന് പറയാതെ വയ്യ. ഇതൊരു തെറ്റാണെന്ന് കണ്ട് തീരുമാനം പിൻവലിക്കണമെന്നാണ് പറയാനുള്ളത്.

ശ്രീ.എം.നെപ്പറ്റി രണ്ട് വാക്ക് പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. 1948 ൽ തിരുവനന്തപുരത്ത് ജനിച്ച ശ്രീ.എം. ൻ്റെ ശരിയായ പേര് മുംതാസ് അലി ഖാൻ എന്നായിരുന്നു. ചെറുപ്പത്തിൽ അമ്മുമ്മയിൽ നിന്ന് സൂഫി കഥകൾ കേട്ട അദ്ദേഹം പിന്നീട് ഹിന്ദു മതത്തിലെ വേദാന്തദർശനത്തിൽ ആകൃഷ്ടനായി. ചെറുപ്പത്തിൽത്തന്നെ പലതരത്തിലുള്ള മായക്കാഴ്ചകൾ താൻ കണ്ടതായി അദ്ദേഹം വിവരിക്കുന്നുണ്ട്. ഇല്ലാത്ത ഗുരുവിനെ വീട്ടുമുറ്റത്ത് കാണുക, തീഗോളം അടുത്തു വരുന്നതായി കാണുക എന്നിവയെപ്പററി അദ്ദേഹം പറയുന്നുണ്ട്. ഇക്കാരണത്താൽ ചിലർ തന്നെ ഭ്രാന്തനെന്ന് വിളിക്കാറുണ്ടെന്നും ശ്രീ.എം. പറയുന്നു. (നമ്മളറിയുന്ന പല ആത്മീയാചാര്യന്മാരും ഇങ്ങനെ വിഭ്രാന്തി (hallucinations) യുള്ളവരായിരുന്നു എന്നത് വസ്തുതയാണ്)

 399 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo